ഉള്ളടക്കത്തിലേക്ക് പോവുക

അപ്പുണ്ണി തരകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നമ്പ്യാരത്ത് അപ്പുണ്ണി തരകൻ
അപ്പുണ്ണി തരകൻ
ജനനം (1928-08-03) ഓഗസ്റ്റ് 3, 1928  (96 വയസ്സ്)
ദേശീയതഇന്ത്യ
തൊഴിൽകഥകളി ഉടുത്തൊരുക്കൽ കലാകാരൻ
ജീവിതപങ്കാളിപാർവ്വതി
കുട്ടികൾ3
മാതാപിതാക്കൾകുഞ്ഞൻ തരകൻ
കുട്ടി പെണ്ണമ്മ

ഉടുത്തൊരുക്കലെന്ന കഥകളിയിലെ "വസ്ത്രാലങ്കാരം" നിർവഹിക്കുന്ന കേരളീയനായ കലാകാരനാണ് മാങ്ങോട് നമ്പ്യാരത്ത് അപ്പുണ്ണി തരകൻ (മരണം : 23 ജനുവരി 2025). 'അണിയറത്തമ്പുരാൻ' എന്ന് അറിയപ്പെട്ടിരുന്ന ഇദ്ദേഹം കഥകളിയിലെ അണിയറകലാകാരന്മാരുടെ പ്രധാനാചാര്യൻ കൂടിയാണ്. കഥകളി ആചാര്യന്മാരായ ഗുരു കുഞ്ചുക്കുറുപ്പ്, കവളപ്പാറ നാരായണൻനായർ, കോപ്പൻ നായർ, കലാമണ്ഡലം കൃഷ്ണൻനായർ, വാഴേങ്കട കുഞ്ചുനായർ, ഗുരു ചാത്തുപ്പണിക്കർ, കീഴ്പടം കുമാരൻ നായർ, കലാമണ്ഡലം രാമൻകുട്ടിനായർ, കലാമണ്ഡലം പദ്മനാഭൻ നായർ, കലാമണ്ഡലം ഗോപി, സദനം കൃഷ്ണൻകുട്ടി തുടങ്ങി നിരധി കഥകളി ആചാര്യന്മാരെ ഉടുത്തുകെട്ടിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

കുഞ്ഞൻ തരകന്റെയും കുട്ടി പെണ്ണമ്മയുടെയും മകനായി, 1928 ഓഗസ്റ്റ് 3 ന് പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിക്കടുത്തു മാങ്ങോട് ജനനം.[1] നാലാം ക്ളാസിൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ഉപജീവനമാർഗം തേടി വാഴേങ്കട ക്ഷേത്രത്തിലെത്തി.[2] അക്കാലത്ത് കഥകളിയുടെ അണിയറപ്രവർത്തകരിൽ പ്രശസ്തനായിരുന്ന, സഹോദരി കുഞ്ഞിമാളു അമ്മയുടെ ഭർത്താവ് കൊല്ലങ്കോട് ശങ്കരൻ എന്നറിയപ്പെട്ടിരുന്ന പാമ്പത്ത് ശങ്കരന്റെ അടുത്ത് നിന്ന് ഉടുത്തൊരുക്കൽ പഠിച്ചു.[1] ഒളപ്പമണ്ണ മനയിലെ കളിയോഗത്തിൽ അണിയറക്കാരനായാണു തുടക്കം.[1] പതിനെട്ടാം വയസ്സിൽ സ്വതന്ത്രമായി ജോലി തുടങ്ങി.[2]

അൻപതാം വയസ്സിൽ കേരള കലാമണ്ഡലത്തിൽ സ്ഥിരം ജീവനക്കാരനായി, 1984 ൽ വിരമിച്ചു.[1] കലാമണ്ഡലം അധ്യക്ഷനായിരുന്ന കവി ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിന്റെ സഹായത്തിലായിരുന്നു അപ്പുണ്ണി തരകന് കലാമണ്ഡലത്തിൽ ജോലി ലഭിക്കുന്നത്.[3] അതുവരെ അണിയറക്കാരൻ എന്ന തസ്തിക കലാമണ്ഡലത്തിൽ ഉണ്ടായിരുന്നില്ല.[3] കോട്ടയ്ക്കൽ പിഎസ്‍വി നാട്യസംഘം, ഇരിങ്ങാലക്കുട ഉണ്ണായി വാര്യർ സ്മാരക കലാനിലയം, പേരൂർ സദനം കഥകളി അക്കാദമി എന്നിവിടങ്ങളിലും പ്രധാന അണിയറക്കാരനായിരുന്നു.[1] 1953 ൽ കേരള സംസ്ഥാന സ്കൂൾ കലോത്സവം ആരംഭിച്ചത് മുതൽ തുടർച്ചയായി 55 വർഷം അപ്പുണ്ണി തരകൻ സ്കൂൾ കുട്ടികളെ കലോൽസവത്തിനായി കഥകളിവേഷം കെട്ടിച്ചിട്ടുണ്ട്.[3][4]

പുരസ്കാരങ്ങളും അംഗീകാരങ്ങളും

[തിരുത്തുക]
  • മികച്ച അണിയറ കലാകാരനുള്ള കേരള കലാമണ്ഡലം പുരസ്കാരം 2021[1]
  • കേരള കലാമണ്ഡലം മുകുന്ദരാജ പുരസ്കാരം[2]
  • കലാമണ്ഡലം കൃഷ്ണൻ നായർ അവാർഡ്[1]
  • കേരള സംഗീത നാടക അക്കാദമി അവാർഡ്[2]
  • മാങ്ങോട് ദേശം നൽകിയ വീരശൃംഖല[2]
  • വെള്ളിനേഴി ഒളപ്പമണ്ണ മന പ്രത്യേക അവാർഡ്[1]
  • കോഴിക്കോട് തോടയത്തിന്റെ അവാർഡ്[1]

കുടുംബം

[തിരുത്തുക]

അദ്ദേഹത്തിനും ഭാര്യ പരേതയായ പാർവ്വതിക്കും കൂടി ഉണ്ണിക്കൃഷ്ണൻ, ശിവരാമൻ, മോഹനൻ, പരേതനായ ശങ്കരനാരായണൻ എന്നീ മക്കൾ ഉണ്ട്.[3] ശിവരാമൻ കേരള കലാമണ്ഡലത്തിൽ അധ്യാപകനാണ്.[2] ഇളയമകൻ മോഹനൻ ഉടുത്തൊരുക്കൽ കലാകാരനാണ്.[2]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 1.8 "അരങ്ങിൽ വേഷങ്ങൾ തിളങ്ങാൻ അണിയറയിൽ അപ്പുണ്ണിത്തരകൻ". ManoramaOnline.
  2. 2.0 2.1 2.2 2.3 2.4 2.5 2.6 ഡെസ്ക്, വെബ് (21 ജനുവരി 2016). "ഒരു വേഷത്തിൻെറ കഥ; അപ്പുണ്ണി തരകൻെറയും | Madhyamam". www.madhyamam.com.
  3. 3.0 3.1 3.2 3.3 "പ്രവാസലോകം നൽകിയ ആദരവിന്റെ ആഹ്ലാദത്തിൽ അപ്പുണ്ണി തരകൻ". Mathrubhumi (in ഇംഗ്ലീഷ്). Archived from the original on 2021-12-13. Retrieved 2021-12-13.
  4. "The 'Aniyara' artist of Kathakali". The New Indian Express.
"https://ml.wikipedia.org/w/index.php?title=അപ്പുണ്ണി_തരകൻ&oldid=4433556" എന്ന താളിൽനിന്ന് ശേഖരിച്ചത്