അലീഷ്യ വിറ്റ്
അലീഷ്യ (റോൺ) വിറ്റ് | |
---|---|
![]() Witt in 2014 | |
ജനനം | Alicia Roanne Witt ഓഗസ്റ്റ് 21, 1975 വോർസെസ്റ്റർ, മസാച്യുസെറ്റ്സ്, യു.എസ്. |
തൊഴിൽ(s) | നടി, ഗായിക-ഗാനരചയിതാവ്, പിയാനിസ്റ്റ് |
സജീവ കാലം | 1984–ഇതുവരെ |
വെബ്സൈറ്റ് | www |
അലിഷ്യ റോൺ വിറ്റ് (ജനനം: ഓഗസ്റ്റ് 21, 1975)[1] ഒരു അമേരിക്കൻ നടിയും ഗായികയും ഗാനരചയിതാവും പിയാനിസ്റ്റുമാണ്. ആദ്യമായി ഡേവിഡ് ലിഞ്ചിൻറെ ഡ്യൂൺ (1984) എന്ന ചിത്രത്തിൽ ഒരു ബാലതാരമായി ആലിയ അട്രെൈഡെസ് എന്ന കഥാപാത്രത്തെയും പിന്നീട് 1990 അദ്ദേഹത്തിൻറെ തന്നെ ടെലിവിഷൻ പരമ്പരയായ ട്വിൻ പീക്സിൽ അതിഥി താരമായും പ്രത്യക്ഷപ്പെട്ടതോടെയാണ് അവർ പ്രശസ്തിയിലേയ്ക്കുയരുന്നത്.
വിറ്റ് പിന്നീട് ഫൺ (1994) എന്ന സിനിമയിൽ ഒരു കുഴപ്പക്കാരിയായ കൌമാരക്കാരിയായി വേഷമിടുകയും നിരൂപകരുടെ മുക്തകണ്ഠമായ പ്രശംസ നേടുകയും ചെയ്തു. ശേഷം 1995 ൽ മിസ്റ്റർ ഹോളണ്ട്സ് ഓപ്പസ് എന്ന ചിത്രത്തിൽ ഒരു സംഗീത വിദ്യാർത്ഥിനിയായും 1998 ലെ അർബൻ ലെജെൻറ് എന്ന ഹൊറർ ചിത്രത്തിൽ ഒരു കോളജ് വിദ്യാർത്ഥിനിയായും വേഷമിട്ടു. അതിനുശേഷം കാമറൂൺ ക്രോവിൻറെ വാനില സ്കൈ (2001), ലാസ്റ്റ് ഹോളിഡേ (2006), 88 മിനിട്ട്സ് (2007) എന്ന ത്രില്ലർ സിനിമ എന്നിവയിലും അഭിനയിച്ചിരുന്നു. ദ വാക്കിംഗ് ഡെഡ്, ദ സോപ്രാനോസ്, നാഷ്വില്ലെ, ടു ആൻറ് എ ഹാഫ് മെൻ, ഫ്രൈഡേ നൈറ്റ് ലൈറ്റ്സ്, ലോ ആൻറ് ഓർഡർ: ക്രിമിനൽ ഇന്റന്റ്, സൈബിൽ, ജസ്റ്റിഫൈഡ് തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയങ്ങളായ വേഷങ്ങൾ ചെയ്തു. അഭിനയത്തോടൊപ്പം ഒരു സംഗീത പ്രതിഭ കൂടിയായിരുന്ന വിറ്റ് പ്രഗല്ഭയായ ഒരു പിയാനിസ്റ്റ്, ഗായിക, ഗാനരചയിതാവ് എന്നീ നിലകളിലും തൻറെ കഴിവുകൾ പ്രകടിപ്പിച്ചിരുന്നു. 2009 ൽ അവരുടെ സ്വന്തം പേരിലുള്ള ഒരു ആൽബം പുറത്തിറങ്ങിയിരുന്നു. ഹാൾമാർക്ക് ചാനലിന്റെ 10 ടെലിവിഷൻ ചിത്രങ്ങളിലും വാറ്റ് പ്രത്യക്ഷപ്പെട്ടിരുന്നു.
ജീവിതരേഖ
[തിരുത്തുക]1975 ഓഗസ്റ്റ് 21-ന് മസാച്ചുസെറ്റ്സിലെ വോർസെസ്റ്ററിൽ, ഡയാനെ (മുൻകാലത്ത്, പീട്രോ) എന്ന ജൂനിയർ ഹൈസ്കൂൾ വായനാ അധ്യാപികയുടേയും സയൻസ് അദ്ധ്യാപകനും ഫോട്ടോഗ്രാഫറുമായ റോബർട്ട് വിറ്റിന്റേയും മകളായി വിറ്റ് ജനിച്ചു. അവർക്ക് ഇയാൻ എന്ന പേരിൽ ഒരു സഹോദരനുമുണ്ട്. വളരെ ചെറുപ്പത്തിലേ അതിയായ ബുദ്ധിസാമർത്ഥ്യ കാട്ടിയിരുന്ന വിറ്റ് തന്റെ രണ്ടാമത്തെ വയസിൽ സംസാരിച്ചുതുടങ്ങുകയും നാലാമത്തെ വയസിൽ വായിച്ചുതുടങ്ങകയും ചെയ്തിരുന്നു. 1980 ൽ ബാലികയായിരുന്ന വിറ്റിന്റെ അഭിനയ നൈപുണ്യം സംവിധായകൻ ഡേവിഡ് ലിഞ്ച് തിരിച്ചറിഞ്ഞിരുന്നു. ദാറ്റ്സ് ഇൻക്രെഡിബിൾ എന്ന ടെലിവിഷൻ ഷോയിലെ 5 വയസുപ്രായം മാത്രമുള്ള ഈ ബാലികയുടെ ഷേക്സ്പിയറുടെ റോമിയോ ആൻറ് ജൂലിയറ്റ് വായന കേൾക്കാനിടയായ ഡേവിഡ് ആശ്ചര്യപരതന്ത്രനാകുകയും അവളുടെ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തികാകുന്നതിനു മുമ്പുതന്ന (14 വയസിൽ) തന്റെ സിനിമയിലും ടെലിവിഷൻ പരമ്പരകളിലും സഹകരിപ്പിക്കാൻ തുടങ്ങുകയും ചെയ്തിരുന്നു. ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ പിയാനോയിലെ പഠനം ദേശീയ തലത്തിൽ പൂർത്തിയാക്കുകയും ബിരുദം നേടുകയും ചെയ്തു.