ഉള്ളടക്കത്തിലേക്ക് പോവുക

ഇലന്തൂർ പടയണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്തനംതിട്ട ജില്ലയിലെ ഇലന്തൂർ ഭഗവതിക്കുന്ന് ദേവീക്ഷേത്രത്തിൽ നടക്കുന്ന അനുഷ്ഠാനകലയാണ് ഇലന്തൂർ പടയണി.

കുംഭമാസത്തിലെ ഭരണിനാളിൽ പടയണിക്ക് ചൂട്ടുവയ്ക്കുന്നു. മകയിരം നാളിൽ തപ്പ് കാച്ചിക്കൊട്ടുന്നതോടെ എട്ടുദിവസം നീണ്ടുനിൽക്കുന്ന പടയണി ആരംഭിക്കുന്നു. ഏഴുദിവസം വിവിധ കരകളിൽ നിന്നുള്ള കോലങ്ങൾ തുള്ളിയൊഴിയും. പടയണി പൂർണതയിൽ എത്തുന്നത് വലിയപടയണിയോടെ എട്ടാം ദിവസമാണ്.[1] ആൽ, പന, ഇലഞ്ഞി, പനച്ചി തുടങ്ങിയ വൃക്ഷക്കൊമ്പുകൾ കൂട്ടക്കോലങ്ങളോടൊപ്പം വനാന്തരീക്ഷം സൃഷ്ടിച്ച് കളത്തിൽ കാപ്പൊലിക്കുന്നത് വലിയ പടയണിയുടെ പ്രത്യേകതയാണ്. . എരിനാഗയക്ഷിയും കരിനാഗയക്ഷിയും രുദ്രമറുതയും വിശേഷാൽ കോലങ്ങളാണ്. ശ്രീദേവി പടയണിസംഘമാണ് പടയണിക്ക് നേതൃത്വം നൽകുന്നത്. അരക്കിയക്ഷിയാണ്ശിക്ഷയുടെ ദേവതയാണ് അരക്കിയക്ഷി. മറ്റു യക്ഷിക്കോലങ്ങളിൽനിന്ന്‌ തീർത്തും വ്യത്യസ്തയാണ്. അരക്കിയക്ഷി മറയ്ക്കുള്ളിലാണ് തുള്ളൽ ആരംഭിക്കുന്നത്, തുള്ളൽ ചടുലമാവുന്നതോടെ മറയ്ക്കുപുറത്തേക്കുവരുന്ന കോലഭാഗം ഭീകരമാകാറുണ്ട്.[2] എരിനാഗയക്ഷിക്ക് മറ്റ് യക്ഷിക്കോലങ്ങളിൽ നിന്ന് വ്യത്യസ്തമായി നാഗങ്ങളുടെ ചലനവും, കാൽ ചിലമ്പും കുരുത്തോല പാവാടയും നെഞ്ചുമാലയുമണിഞ്ഞ് മുറിയടത്ത നിന്നും മുറുക്കത്തിലേക്ക് കടക്കും.[3]


ഇലന്തൂർ കിഴക്ക് ഭഗവതികുന്നിലമ്മയുടെ മൂലസ്ഥാനമായ കാരയ്ക്കാട്ട് രക്ഷസ് നടയ്ക്കു സമീപത്തു നിന്നു ചൂട്ടുവെളിച്ചത്തിൽ താലപ്പൊലിയുടെയും അടവി വൃക്ഷ കൊമ്പുകളുടെയും അകമ്പടിയോടെ എത്തുന്ന കോലങ്ങളെ തപ്പുമേളത്തിന്റെ മൂർധന്യാവസ്ഥയിൽ കാപ്പൊലിച്ചു കളത്തിലേക്ക് ആനയിക്കും. കളരി വന്ദനത്തിനു ശേഷം ഉണരുന്ന കളത്തിലേക്ക് ആദ്യമെത്തുന്നതു വെളിച്ചപ്പാടാണ്. ശേഷം എല്ലാ കോലങ്ങളും ഒന്നിച്ച് ചുവടുവയ്ക്കുന്ന നിരത്തി തുള്ളൽ. അതിനുശേഷം കാർഷിക മഹോത്സവത്തിന്റെ സ്മരണകളുമായി പുലവൃത്തം കളത്തിലെത്തും. തുടർന്ന് ആയോധന അഭ്യാസത്തിന്റെ ചടുലമായ ചുവടുകളുമായി താവടി തുള്ളും. ശിവകോലം കളത്തിലെത്തുന്നതോടെ പാളക്കോലങ്ങളുടെ വരവായി. ഗണപതി, മറുത, രുദ്രമറുത, പക്ഷി, മാടൻ, സുന്ദരയക്ഷി, അരക്കിയക്ഷി, അന്തരയക്ഷി, മായയക്ഷി, എരിനാഗയക്ഷി, കാലൻ എന്നീ കോലങ്ങൾ ക്രമത്തിൽ തുള്ളി ഒഴിയും. അമ്മൂമ്മ, പരദേശി, കാക്കാരിശി എന്നീ വിനോദ രൂപങ്ങൾ ചിരിക്കാനും ചിന്തിപ്പിക്കാനുമായി ഇടവേളകളിൽ കളത്തിലെത്തും. അന്ധകാരത്തിനു മേൽ വെളിച്ചം ആധിപത്യം സ്ഥാപിക്കുന്ന സങ്കൽപത്തിൽ സൂര്യൻ കിഴക്ക് ഉദിക്കുമ്പോൾ കരദേവതയായ ഭൈരവിയും കാഞ്ഞിരമാലയും കളത്തിൽ തുള്ളും. തുടർന്നു പിഴകളെല്ലാം പൊറുത്തുകൊണ്ടേ, അനുഗ്രഹിക്ക ഭഗവതിയേ എന്നു കൊട്ടിപ്പാടി അടന്ത താളത്തിൽ മംഗളഭൈരവി തുള്ളും. സർവ ദോഷങ്ങളും തീർത്തു പൂപ്പട തുള്ളിക്കഴിഞ്ഞു ചൂട്ടുവച്ച്, വിളിച്ചിറക്കിയ കുന്നിലമ്മയെ വഞ്ചിപ്പാട്ടിന്റെയും ആർപ്പുവിളിയുടെയും അകമ്പടിയോടെ ശ്രീകോവിലിലേക്ക് ആനയിക്കുന്നതോടെ ഈ വർഷത്തെ പടേനിക്കു സമാപനമാകും.[4]


അവലംബം

[തിരുത്തുക]
  1. Daily, Keralakaumudi. "ഇലന്തൂർ പടയണി". Keralakaumudi Daily.
  2. "അന്തരയും കളമൊഴിഞ്ഞു;നാളെ ഇലന്തൂരിന്റെ വലിയ പടയണി". Newspaper (in ഇംഗ്ലീഷ്). 24 ഫെബ്രുവരി 2024.
  3. Daily, Keralakaumudi. "ഇലന്തൂരിന് അഞ്ചാം പടയണി രാവ്, നാഗചലനങ്ങളുമായി എരിനാഗയക്ഷിയെത്തും". Keralakaumudi Daily.
  4. "ആഘോഷപൂർണതയുടെ വല്യപടയണി ഇന്ന് ഇലന്തൂരിൽ". ആഘോഷപൂർണതയുടെ വല്യപടയണി ഇന്ന് ഇലന്തൂരിൽ.
"https://ml.wikipedia.org/w/index.php?title=ഇലന്തൂർ_പടയണി&oldid=4460010" എന്ന താളിൽനിന്ന് ശേഖരിച്ചത്