തെള്ളിയൂർക്കാവ് പടയണി
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിലെ തടിയൂർ തെള്ളിയൂർക്കാവ് ദേവീക്ഷേത്രത്തിൽ അനുഷ്ഠിക്കുന്ന കലാരൂപമാണ് തെള്ളിയൂർക്കാവ് പടയണി. [1][2] . ധനുമാസത്തിലാണ് പടയണി നടത്തപ്പെടുന്നത്. മധ്യതിരുവിതാംകൂറിലെ ഭഗവതി ക്ഷേത്രങ്ങളിൽ പടയണിക്കാലം തുടങ്ങുന്നത് തെള്ളിയൂർകാവിൽ നിന്നാണ്.
പടയണി
[തിരുത്തുക]പടയണിയിൽ അവതരിപ്പിക്കുന്ന പ്രധാന കോലങ്ങൾ ഗണപതിക്കോലം, കുതിര, ഭൈരവിക്കോലം, സുന്ദരയക്ഷിക്കോലം, അരകി യക്ഷി, മറുത, പക്ഷി, കാലമാടൻ, കാലൻകോലം എന്നിവ. ധനുമാസം അഞ്ചാം തീയ്യതി ചൂട്ടുവയ്ക്കും. കളമെഴുതിപ്പാട്ടിനുശേഷം രാത്രി ഒൻപത് കഴിഞ്ഞ് പച്ചത്തപ്പിൽ ദീപകൊട്ടിയാണ് ചടങ്ങ് തുടങ്ങുക. നിലവിളക്കിൽനിന്ന് ചൂട്ടുകറ്റയിലേക്ക് ദീപം പകർന്ന് ആർപ്പോ, ഇയ്യോ വിളിയോടെ പടയണി കലാകാരന്മാരും ഭക്തരും ചേർന്ന് ക്ഷേത്രത്തിന് വലംവെയ്ക്കും. നാട്ടാരും മുറിക്കാരും വന്നിട്ടുണ്ടോ എന്ന് ഉറക്കെ ചൊല്ലി ചൂട്ടുവയ്ക്കട്ടെ എന്ന് മൂന്ന് വട്ടം അനുവാദം ചോദിച്ചാണ് ചൂട്ടുവയ്പ്.[3] ധനു ഏഴിനു ചൂരൽ അടവിയും, പത്തിനു വലിയപടയണിയും നടക്കും. കാളിയുടെ പീഠവും വാളും പ്രതിഷ്ഠിച്ച കോവിലിനുമുന്നിൽ പടയണിക്കളത്തിലാണ് അനുവാദം ചൊല്ലി പാരമ്പര്യ അവകാശി ചൂട്ടുവെയ്ക്കുക. പിന്നീട് പുലനൃത്തം. അസ്ഥിമാല ചൂടുമതിൽനാഥനായ തമ്പുരാന്റെ..... എന്നിങ്ങനെ അക്ഷരമാലാ ക്രമത്തിലുള്ള പാട്ടും വിളവെടുപ്പ് ഉത്സവഗീതങ്ങളുമെല്ലാം നിറഞ്ഞതാണ് തെള്ളിയൂർ പടയണിയിലെ പുലവൃത്തം. മര ഉരലിനു മുകളിൽ കത്തിച്ചു വച്ച നിലവിളക്കിനു ചുറ്റുമാണ് വൃത്താകൃതിയിൽ നിന്നുള്ള പടയണി കലാകാരന്മാരുടെ ചുവടുകൾ. പാട്ടിന് കൈമണിയാണ് താളം. ഇതിനനുസരിച്ച് ഒറ്റ, മുക്കണ്ണി, മുറുക്കം എന്നീ രീതികളിൽ ചുവടുകൾ മുന്നേറും.[4] ഗണപതി, പിശാച് കോലങ്ങൾ അരങ്ങേറും. ശനിയാഴ്ച ഗണപതി, പക്ഷി, യക്ഷി, മാടൻ, മറുത എന്നീ പഞ്ചകോലങ്ങളാണ് പ്രധാനം. പന്ത്രണ്ട് കാളത്തലകളുള്ള തൊഴുവയും തേരിന്റെ ഭാഗങ്ങളായ ദശാവതാരം, രുഗ്മിണീസ്വയംവരം, ദാരുശില്പങ്ങൾ പടയണിക്കളത്തിൽ ഇറക്കി വയ്ക്കും. ക്ഷേത്രസന്നിധി വിട്ട് സ്വല്പം അകലെയായി പാട്ടമ്പലത്തിന്റെ മുറ്റത്താണ് അടവിയും പടയണിയും നടക്കുന്നത്. ഭൈരവി പ്രാചീനകലാസംഘമാണ് പടയണികളരിക്കും, പടയണിക്കും നേതൃത്വം നൽകുന്നത്. പിഴകളെല്ലാം പൊറുക്കണമെന്ന വായ്ത്താരിയുമായി മംഗളകോലം ആടുന്നതോടെ പടയണിക്കളത്തിലെ ചൂട്ടണയും. പിന്നീട് ഇരുജീവതകളും ക്ഷേത്രത്തിലേക്ക് തിരികെ എഴുന്നള്ളും. വൈകീട്ട് നാൽപ്പത്തിയൊന്നാം കളമെഴുതിപ്പാട്ട് നടത്തി പാട്ടമ്പലനട അടയ്ക്കുന്നതോടെ ആ വർഷത്തെ പടയണി ഉത്സവം സമാപിക്കും.[5] [6]
അവലംബം
[തിരുത്തുക]- ↑ "തെള്ളിയൂർക്കാവ് പടയണി ചൂട്ടുവെപ്പ് ഇന്ന്". Newspaper (in ഇംഗ്ലീഷ്). 19 ഡിസംബർ 2024.
- ↑ "PADAYANI GRAMAM – A RESPONSIBLE TOURISM INITIATIVE" (in ഇംഗ്ലീഷ്). 2008-08-12. Retrieved 2025-02-16.
- ↑ "തെള്ളിയൂർക്കാവ് പടയണി: ചൂട്ടുവയ്പ്പ് ഇന്ന്". തെള്ളിയൂർക്കാവ് പടയണി: ചൂട്ടുവയ്പ്പ് ഇന്ന്.
- ↑ "പുലവൃത്തമാടി തെള്ളിയൂർക്കാവ്; പടയണിക്കളം നിറഞ്ഞ് ഭക്തർ". പുലവൃത്തമാടി തെള്ളിയൂർക്കാവ്; പടയണിക്കളം നിറഞ്ഞ് ഭക്തർ.
- ↑ "തെള്ളിയൂർക്കാവ് വലിയ പടയണി ഇന്ന്". Newspaper (in ഇംഗ്ലീഷ്). 24 ഡിസംബർ 2024.
- ↑ "തെള്ളിയൂർക്കാവ് വലിയ പടയണി ഇന്ന്". Newspaper (in ഇംഗ്ലീഷ്). 24 ഡിസംബർ 2024.