ഫിഫ ലോകകപ്പ് സമ്മാനം
ഇതുവരെ രണ്ട് സമ്മാനകപ്പുകളാണ് ഫിഫ ലോകകപ്പ് ഫുട്ബോളിനായി നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഫിഫയുടെ സ്ഥാപകരിലൊരാളായ യൂൾ റിമെയുടെ ഓർമ്മക്കായുള്ള യൂൾ റിമെ കപ്പും, പുതിയതായി നിർമ്മിച്ച ഇപ്പോഴത്തെ കപ്പും. മൂന്ന് ലോകകപ്പുകൾ നേടി യൂൾ റിമെ കപ്പ് 1970-ൽ ബ്രസീൽ സ്വന്തമാക്കിയതിനെത്തുടർന്നാണ് ഇന്നത്തെ ലോകകപ്പ് നിർമ്മിച്ചത്.
യൂൾ റിമെ കപ്പ്
[തിരുത്തുക]
ഒന്നാം ലോകമഹായുദ്ധമേൽപ്പിച്ച സാമ്പത്തികപ്രഹരത്തിൽ യൂറോപ്പ് തകർച്ചയിലായിരിക്കുമ്പോഴാണ് 1929-ൽ ആദ്യത്തെ ലോകകപ്പ് പ്രഖ്യാപിക്കപ്പെട്ടത്. യൂൾ റിമെയായിരുന്നു ഇതിന്റെ സംഘാടകൻ. ഉറുഗ്വെയിൽ നടത്താനായി നിശ്ചയിച്ച ലോകകപ്പിൽ പങ്കെടുക്കാൻ യൂറോപ്യൻ രാജ്യങ്ങൾ വിസമ്മതിച്ചു. ലോകമഹായുദ്ധത്തിന്റെ കെടുതികളിൽനിന്ന് കരകയറാതെ ആഘോഷങ്ങളിൽ പങ്കെടുക്കേണ്ടതില്ലെന്നായിരുന്നു അവയുടെ നിലപാട്. ഫുട്ബോൾ ലോകസമാധാനത്തിന് എന്ന ആശയവുമായി, യൂറോപ്പിലെ എല്ലാ രാജ്യങ്ങളോടും ലോകകപ്പിൽ പങ്കെടുക്കാൻ റിമെ അഭ്യർത്ഥിച്ചു. അഭ്യർത്ഥനയ്ക്ക് ഫലമുണ്ടായി. യൂറോപ്പിൽനിന്ന് മൂന്ന് രാജ്യങ്ങളടക്കം മൊത്തം പതിമൂന്ന് രാജ്യങ്ങൾ പങ്കെടുത്ത ആദ്യത്തെ ലോകകപ്പ് 1930-ൽ ഉറുഗ്വെയിൽ അരങ്ങേറി.
ഫ്രഞ്ചുകാരനായ പ്രസിദ്ധ ശിൽപ്പി ആബേൽ ലാഫ്ലേവറാണ് സ്വർണ്ണം കൊണ്ടുള്ള ഈ കപ്പ് രൂപകൽപന ചെയ്‌തത്. 35 സെന്റീമീറ്റർ ഉയരവും 3.6 കിലോഗ്രാം തൂക്കവുമുണ്ടായിരുന്ന ഈ കപ്പ് ഇന്ദ്രനീലക്കല്ലും സ്വർണ്ണവും വെള്ളിയും ചേർത്താണ് ഉണ്ടാക്കിയത്. ആദ്യമായി ഈ കപ്പ് നേടിയത് ആതിഥേയരായ ഉറുഗ്വേ തന്നെയായിരുന്നു. വിക്റ്ററി എന്നും ലോകകപ്പ് എന്നായിരുന്നു ഈ കപ്പിനെ ആദ്യം വിളിച്ചിരുന്നത്. ഫുട്ബാളിനും ഫിഫയ്ക്കും യൂൾ റിമെ നൽകിയ സംഭാവനകളെ കണക്കിലെടുത്ത് 1946-ൽ ഈ കപ്പിന് യൂൾ റിമെ കപ്പ് എന്ന പേരിട്ടു.
ഈ കപ്പിനെ ചുറ്റിപ്പറ്റി രസകരമായ കഥകൾ ഏറെയുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഫിഫ പ്രസിഡന്റായിരുന്ന ഒട്ടോറിനോ ബറാസ്സി അക്രമികളുടെ കയ്യിൽനിന്ന് ഈ കപ്പിനെ രക്ഷിച്ച കഥ പ്രസിദ്ധമാണ്. പാദരക്ഷകൾ സൂക്ഷിക്കുന്ന പെട്ടിയിലിട്ട് സ്വന്തം കിടക്കയുടെ അടിയിലൊളിപ്പിച്ചാണ് ബറാസീ കപ്പ് അക്രമികളുടെ കയ്യിൽപ്പെടാതെ സൂക്ഷിക്കുകയായിരുന്നു.
1966-ൽ ഇംഗ്ലണ്ടിൽ പ്രദർശനത്തിന് വെച്ചിരുന്ന ഈ കപ്പ് കാണാതായിരുന്നു. എന്നാൽ പിക്കിൾസ് എന്ന പേരുള്ള ഒരു പോലീസ് നായയുടെ സഹായത്തോടെ പോലീസ് കപ്പ് കണ്ടെത്തി. കപ്പ് ഒരു മരത്തിനടിയിൽ കുഴിച്ചിട്ടിരിക്കയായിരുന്നു.
1970-ൽ മൂന്നാം വട്ടം ലോകകപ്പ് നേടി, ബ്രസീൽ, യൂൾ റിമേ കപ്പ് എന്നെന്നേക്കുമായി സ്വന്തമാക്കി. റിയോ ഡീ ജെനീറോയിലെ ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷന്റെ ആസ്ഥാനത്ത് പ്രദർശിപ്പിച്ചിരുന്ന ഈ കപ്പ് 1983 ഡിസംബർ 19-ന് മോഷ്ടിക്കപ്പെട്ടു. പിന്നീട് ഈ കപ്പ് കണ്ടെടുക്കാനായില്ല. കൈക്കലാക്കിയവർ കപ്പ് ഉരുക്കി സ്വർണ്ണമാക്കി മാറ്റുകയായിരുന്നുവെന്ന് പറയപ്പെടുന്നു. നിരാശരായ ബ്രസീൽ ഫുട്ബോൾ അസോസിയേഷൻ റിമെ കപ്പിനെ അനുകരിച്ച് വേറൊരു കപ്പുണ്ടാക്കി പ്രശ്‌നം പരിഹരിച്ചു.[1]
പുതിയ കപ്പ്
[തിരുത്തുക]1970-ൽ മെക്‌സിക്കോയിൽ നടന്ന ലോകകപ്പിൽ ബ്രസീൽ റിമെ കപ്പ് സ്വന്തമാക്കിയതിനെത്തുടർന്ന്, ഫിഫ പുതിയ കപ്പ് ഉണ്ടാക്കാനാരംഭിച്ചു. ഏഴ് രാജ്യങ്ങളിൽനിന്നായി 53 ശിൽപ്പികളാണ് കപ്പ് ഡിസൈനുമായി ഫിഫയെ സമീപിച്ചത്. ഇറ്റലിക്കാരനായ ശിൽപ്പി സിൽവിയോ ഗസാനികയെയാണ് കപ്പുണ്ടാക്കുന്നതിനായി ഫിഫ തിരഞ്ഞെടുത്തത്.
വിജയാനന്ദത്തിന്റെ സമ്മർദ്ദത്തിൽ സർപ്പാകൃതിയിലുള്ള രൂപങ്ങളായി ഭൂഗോളത്തിന്റെ നേരെ കൈനീട്ടുന്ന രണ്ട് കായികതാരങ്ങളെയാണ് ശിൽപ്പി സിൽവിയോ ഗസാനിക കാപ്പിൽ കൊത്തിയിരിക്കുന്നത്. 18 കാരറ്റ് സ്വർണ്ണത്തിൽ പണിതീർത്തിരിക്കുന്ന ഈ കപ്പിന് 36.5 സെന്റീമീറ്റർ ഉയരവും 6.175 കിലോഗ്രാം തൂക്കവുമുണ്ട്.
ഇപ്പോഴത്തെ കപ്പ് ഫിഫയ്ക്ക് അവകാശപ്പെട്ടതാണ്. ലോകകപ്പിൽ വിജയിക്കുന്ന രാജ്യങ്ങൾക്ക് ഈ കപ്പ് അടുത്തലോകകപ്പ് വരെയേ കൈവശം വെക്കാൻ അവകാശമുള്ളൂ. ഫിഫയെ തിരിച്ചേൽപ്പിക്കുന്ന കപ്പിന് പകരമായി കപ്പിന്റെ ഒരു മാതൃക രാജ്യങ്ങൾക്ക് ലഭിക്കും. സ്വർണ്ണം പൂശിയ ഈ മാതൃക രാജ്യങ്ങൾക്ക് സ്വന്തമായി കൈവശം വെക്കാം.
അവലംബം
[തിരുത്തുക]- ↑ Associated Press (2006). "Trophy as filled with history as Cup". CNN. Retrieved 5 July 2006.