Jump to content

അജ്ഞാനകുഠാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അജ്ഞാനകൂഠാരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജോസഫ് ഫെന്നിന്റെ (ജീവിതകാലം:1785-1835; ക്രിസ്തുമതം സ്വീകരിച്ച ചെറുശ്ശേരി ചാത്തുനായർ) പ്രധാന കൃതിയാണ് അജ്ഞാനകുഠാരം. അജ്ഞാനകുഠാരം എന്നാൽ അജ്ഞാന കോടാലി എന്നർത്ഥം. കേരളത്തിലെ ജാതി വ്യവസ്ഥയെയാണ് അജ്ഞാനകുഠാരം എന്ന് ഉദ്ദേശിക്കുന്നതെന്ന് പോഞ്ഞിക്കര റാഫി നിരീക്ഷിക്കുന്നു.[1] ക്രിസ്തുമത പ്രചാരണാർഥം രചിച്ചിട്ടുള്ള ഒരു ഭാഷാഗാനമാണിത് (1835). ബാലൻമാർക്കുപോലും മനസ്സിലാകണമെന്ന ഉദ്ദേശ്യത്തോടെ ലളിതമായ ഭാഷയിലാണ് രചന. അന്യമതങ്ങളിലെ, പ്രത്യേകിച്ചും ഹിന്ദുമതത്തിലെ പല അനാചാരങ്ങളെയും അനുഷ്ഠാനങ്ങളെയും കവി ഇതിൽ നിശിതമായി വിമർശിച്ചിരിക്കുന്നു. അയിത്താചാരം, കെട്ടുകല്യാണം, ശുദ്ധികലശം തുടങ്ങിയവ അക്കൂട്ടത്തിൽപ്പെടും. ഈ വക അനാചാരങ്ങൾക്കു കാരണമായ അജ്ഞാനവൃക്ഷത്തെ വെട്ടിനീക്കുന്നതിനുള്ള ഒരു കോടാലിയായിട്ടാണ് ഈ കൃതി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതെന്ന് ഗ്രന്ഥനാമം സൂചിപ്പിക്കുന്നു. സത്യവേദം പഠിക്കാതെയും നിത്യജീവന്റെ വഴി ആരായാതെയും ക്രിസ്ത്യാനി എന്ന പേരും ധരിച്ച് നടക്കുന്ന നാമമാത്ര ക്രിസ്ത്യാനികളെ സാത്താന്റെ ഭക്തൻമാരായി ചിത്രീകരിക്കാനും ഇദ്ദേഹം മടിച്ചിട്ടില്ല. എഴുത്തച്ഛനെ അനുകരിച്ച് കൃതിയിൽ ഇടയ്ക്കിടെ ചില തത്ത്വോപദേശങ്ങളും നിബന്ധിച്ചിട്ടുണ്ട്. ഉദാ.

പ്രചാരണോദ്ദേശ്യത്തോടെ എഴുതപ്പെട്ടതാകയാൽ ഇതിന് കാവ്യഗുണം കുറയും; എങ്കിലും നല്ല ഒഴുക്കും ഫലിതവും ഉണ്ട്. ആദ്യകാലത്ത് ഇതിന് നല്ല പ്രചാരം ലഭിച്ചിരുന്നു. റവ. ഹെന്റി ബേക്കർ 1840-ൽ എഴുതിയ ഒരു കത്തിൽ ഈ കൃതിയെപ്പറ്റി ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു: മുമ്പ് ഈ മിഷനിൽപെട്ടിരുന്ന ഒരു നാട്ടുകാരൻ എഴുതിയ ഈ കവിതയ്ക്ക് ഏറ്റവും കൂടുതൽ പ്രചാരം ഉണ്ടായിരുന്നു. ഹിന്ദുമതത്തിന്റെ വൈകൃതങ്ങളെയും മോക്ഷസാധകത്വത്തിൽ യഹൂദ മുഹമ്മദു മതങ്ങളുടെ അപര്യാപ്തതയെയും വെളിപ്പെടുത്തുന്ന ഒരു കൃതിയാണിത് [2]. ഫാദർ ജെറാർഡ്, തകടിയേൽ മാത്തൻ ഇട്ടിയവിര എന്നിവരും അജ്ഞാനകുഠാരം എന്ന പേരിൽ കവിതകൾ രചിച്ചിട്ടുള്ളതായി ഭാഷാസാഹിത്യചരിത്രങ്ങളിൽ കാണുന്നു.

ഈ കവിതയിലെ ബാലകർ എന്ന അമൂർത്ത സങ്കല്പനത്തെ പറ്റി പോഞ്ഞിക്കര റാഫി പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.[1]

വിമർശനങ്ങൾ

[തിരുത്തുക]

ഈ ഗ്രന്ഥത്തെ ക്രിസ്തുമതനിരൂപണം എന്ന ഗ്രന്ഥത്തിൽ ചട്ടമ്പിസ്വാമികൾ നിശിതമായി വിമർശിച്ചിട്ടുണ്ട്. മിഷണറിമാർ "അജ്ഞാനകുഠാരം മുതലായ ദൂ‌ഷണപുസ്തകങ്ങളെ അച്ചടിപ്പിച്ച് പ്രസിദ്ധംചെയ്തുകൊണ്ട് സാധുക്കളും അജ്ഞന്മാരുമായ പുലയർ, ചാന്നാർ, പറയർ മുതലായ ഹിന്ദുക്കളുടെ മനസ്സിനെ തൊപ്പി, കുപ്പായം മുതലായതുകളെ കൊടുത്തു മയക്കി ഭേദിപ്പിച്ച് സ്വമതമാർഗ്ഗത്തിൽ ഏർപ്പെടുത്തി നരകത്തിനുപാത്രീഭവിപ്പിക്കുന്നു" എന്നായിരുന്നു വിമർശനം.[3]

അവലംബം

[തിരുത്തുക]
  1. 1.0 1.1 റാഫി, പോഞ്ഞിക്കര (1985). ചരിത്രമാനങ്ങൾ. കോട്ടയം: ഡിസി ബുക്ക്സ്. pp. 32–66.
  2. തിരു-കൊച്ചി ആംഗ്ളിക്കൻ സഭ, ഭാഗം 1 - പുറം 181
  3. https://ml.wikisource.org/wiki/%E0%B4%95%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%81%E0%B4%AE%E0%B4%A4%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%82%E0%B4%AA%E0%B4%A3%E0%B4%82/%E0%B4%AA%E0%B5%82%E0%B5%BC%E0%B4%B5%E0%B4%AA%E0%B5%80%E0%B4%A0%E0%B4%BF%E0%B4%95
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അജ്ഞാനകുഠാരം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അജ്ഞാനകുഠാരം&oldid=3612491" എന്ന താളിൽനിന്ന് ശേഖരിച്ചത്