Jump to content

അറയ്ക്കൽ ബീവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അറക്കൽ ബീവി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഏക മുസ്ലിംരാജവംശമായ അറയ്ക്കൽ രാജവംശത്തിലെ ഭരണാധിപയാണ്‌ അറയ്ക്കൽ ബീവി. അറയ്ക്കൽ രാജവംശം മരുമക്കത്തായ സമ്പ്രദായമാണ് ആചരിച്ചു പോന്നിരുന്നത്. കുടുംബത്തിലെ ഏറ്റവും പ്രായംകൂടിയ അംഗത്തെ, സ്ത്രീ ആയാലും പുരുഷനായാലും, കുടുംബത്തിന്റെ നായകത്വം ഏല്പിക്കുക എന്നതും ഈ സമ്പ്രദായത്തിന്റെ സവിശേഷതയാണ്. അങ്ങനെ അറയ്ക്കൽ രാജവംശത്തിൽ പല കാലങ്ങളിലും സ്ത്രീകളുടെ നേതൃത്വവും ഭരണവും ഉണ്ടായിട്ടുണ്ട്. ഏറ്റവും മൂത്ത അംഗം സ്ത്രീയാണെങ്കിൽ അവർ രാജ്യഭാരം ഏറ്റെടുക്കുകയായിരുന്നു പതിവ്. അവരെ വലിയ ബീവി എന്നു വിശേഷിപ്പിച്ചിരുന്നു. 1770-ൽ സുൽത്താന ജൂനുമ്മ ബീവിയായിരുന്നു കണ്ണൂരിലെ ഭരണാധിപ. മൈസൂർ-ഇംഗ്ലീഷ് യുദ്ധങ്ങളുടെ നിർണായകഘട്ടങ്ങളിലും അവർ തന്നെയായിരുന്നു ഭരണം നടത്തിയിരുന്നത്. എന്നാൽ സൈന്യങ്ങളുടെ നേതൃത്വവും ദൈനംദിന ഭരണവും കാര്യമായി നിയന്ത്രിച്ചുപോന്നിരുന്നത് ഇവരുടെ ഭർത്താവായ ആലിരാജാവായിരുന്നു. അറയ്ക്കൽ കുടുംബക്കാർ സ്ത്രീപുരുഷഭേദമില്ലാതെ കാരണവസ്ഥാനം അലങ്കരിച്ചിരുന്നു. ദായക്രമത്തിന്റെയും പിൻതുടർച്ചയുടെയും കാര്യങ്ങളിൽ മരുമക്കത്തായരീതിയാണ് അംഗീകരിച്ചിരുന്നത്. അറയ്ക്കൽ ബീവിയുടെ പരമ്പര ഇന്നും നിലവിലുണ്ട്.

ഏറ്റവും അവസാനത്തെ കണ്ണി ആദിരാജ സുൽത്താന സൈനബ 2006 ൽ 37-ാമത്തെ ബീവിയായി പദവിയേറ്റു, പിന്നീട് 2018 ജൂൺ 26 ന് മരണമടയുന്നത് വരെ പദവിയിൽ തുടർന്നു. ആദിരാജ സുൽത്താന സൈനബ ആയിഷാബി അറക്കൽ രാജവംശത്തിന്റെ അവസാന കണ്ണിയായിരുന്നു. [1]

അവലംബം

[തിരുത്തുക]
  1. A. Sreedhara Menon (1967). A Survey of Kerala History. Sahitya Pravarthaka Co-operative Society. p. 204.
  2. N. S. Mannadiar (1977). Lakshadweep. Administration of the Union Territory of Lakshadweep. p. 52.
  3. . Ke. Si. Māmmanmāppiḷa (1980). Reminiscences. Malayala Manorama Pub. House. p. 75.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അറയ്ക്കൽ ബീവി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അറയ്ക്കൽ_ബീവി&oldid=2835623" എന്ന താളിൽനിന്ന് ശേഖരിച്ചത്