Jump to content

ആധുനിക മലയാളസാഹിത്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആധുനിക മലയാളം സാഹിത്യം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാശ്ചാത്യസാഹിത്യത്തിന്റെ സ്വാധീനം മൂലം മലയാളസാഹിത്യലോകത്ത് വന്ന മാറ്റങ്ങളെ ആധുനികസാഹിത്യമെന്നു വിവക്ഷിക്കുന്നു. കൊളോണിയൽ വിദ്യാഭ്യാസവ്യവസ്ഥകൾ മൂലം ശാസ്ത്ര-സാങ്കേതിക വിഷയങ്ങളുമായുള്ള ബന്ധം, ഗദ്യസാഹിത്യത്തിനു ലഭിച്ച പ്രാധാന്യം, നിഘണ്ടുക്കളുടേയ്യും വ്യാകരണഗ്രന്ഥങ്ങളുടേയും ആവിർഭാവം തുടങ്ങിയവ ആധുനികമലയാളസാഹിത്യത്തിന്റെ മുഖമുദ്രകളാണ്.

ചരിത്രം

[തിരുത്തുക]

കൊളോണിയൽ ഭരണകാലത്ത് യൂറോപ്യൻ ഭാഷകൾ പഠിക്കുവാനും പ്രസ്തുതഭാഷകളിലെ കൃതികൾ വായിക്കുവാനും ലഭിച്ച അവസരങ്ങൾ സാഹിത്യപരമായ ചില നവോത്ഥാനചിന്തകൾക്ക് വഴി തെളിച്ചു. നിഘണ്ടു, വ്യാകരണഗ്രന്ഥങ്ങൾ എന്നിവയുടെ ലഭ്യതയും, പ്രസിദ്ധീകരണ ഉപകരണങ്ങൾ, വാർത്താപത്രങ്ങൾ എന്നിവയുടെ ലഭ്യതയും ഈ വളർച്ചയ്ക്ക് സഹായകമായി വർത്തിച്ചു. കൊളോണിയൽ ഭരണകൂടങ്ങൾ നിഷ്കർഷിച്ച വിദ്യാഭ്യാസ വ്യവസ്ഥകൾ മൂലം ശാസ്ത്ര-സാങ്കേതിക വിഷയങ്ങളിൽ കൈവരിച്ച അറിവും, ദേശീയ അവബോധവും ആധുനിക മലയാള സാഹിത്യത്തിന്റെ ഗതി നിർണ്ണയിക്കുകയും ചെയ്തു.

തുടക്കം

[തിരുത്തുക]

ഗനു പ്രാധാന്യം കൈവന്നതായിരുന്നു ആധുനിക സാഹിത്യത്തിന്റെ മുഖമുദ്ര. [[തിരുവിതാംകൂർ മഹാരാജാവായിരുന്ന ആയില്യം തിരുനാൾ രാമവർമ്മയുടെ ഭാഷാശാകുന്തളം കാളിദാസ കൃതിയായ അഭിജ്ഞാനശാകുന്തളത്തിന്റെ സ്വതന്ത്ര വിവർത്തനമായിരുന്നു. പിൽക്കാലങ്ങളിൽ മലയാളസാഹിത്യം ഗദ്യത്തിലേക്ക് വഴിമാറിയൊഴുകുന്നതിന്റെ സൂചനയും തുടക്കവുമായിരുന്നു ഈ കൃതി. അന്യഭാഷകളിൽ നിന്നു സാഹിത്യസൃഷ്ടികൾ വിവർത്തനം ചെയ്യുന്ന രീതി രാമവർമ്മയുടെ കാലം മുതൽ ഇങ്ങോട്ട് വലിയ ഏറ്റക്കുറച്ചിലുകളില്ലാതെ തുടർന്നുപോരുന്നു. ആയില്യം തിരുനാളിന്റെ പിൻ‌ഗാമിയായിരുന്ന വിശാഖം തിരുനാൾ മഹാരാജാവായിരുന്നു മലയാളത്തിലെ ആദ്യകാല ഉപന്യാസലേഖകരിൽ ഒരാൾ. ബെഞ്ചമിൻ ബെയ്‌ലി, ജോസഫ് പീറ്റ് എന്നീ വിദേശീയരും പാശ്ചാത്യ ഉപന്യാസരീതികൾ അവലംബിച്ച് മലയാളഗദ്യശാഖയ്ക്ക് നിരവധി സംഭാവനകൾ നൽകിയിട്ടു

നിഘണ്ടുക്കൾ

[തിരുത്തുക]

ഹെർമൻ ഗുണ്ടർട്ട് എന്ന ജെർമൻ പാതിരിയുടെ പരിശ്രമഫലമായി മലയാളത്തിൽ ആദ്യത്തെ നിഘണ്ടുവും വ്യാകരണഗ്രന്ഥവും സൃഷ്ടിക്കപ്പെട്ടു. ഈ സൃഷ്ടികളെ മാതൃകയാക്കി മലയാളത്തിൽ നിരവധി പ്രമാണഗ്രന്ഥങ്ങളും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ പ്രസിദ്ധീകൃതമായി. പി. ഗോവിന്ദപിള്ളയുടെ ഭാഷാചരിത്രം പ്രസിദ്ധപ്പെടുത്തിയതും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലാണ്

ആധുനിക സാഹിത്യത്തിന്റെ വ്യക്താക്കൾ

[തിരുത്തുക]

ആയില്യം തിരുനാൾ രാമവർമ്മയുടെ ഭാഷാശാകുന്തളം അദ്ദേഹത്തിന്റെ മരണാനന്തരം പ്രസിദ്ധീകരിച്ച കേരളവർമ്മ വലിയ കോയിത്തമ്പുരാൻ ആധുനിക സാഹിത്യത്തിന്റെ വ്യക്താവായി നിലകൊണ്ടിരുന്നു. കാളിദാസകവിയുടെ അഭിജ്ഞാനശാകുന്തളവും (1882 -ൽ പൂർത്തിയാക്കിയത്), വോൺ ലിംബർഗിന്റെ അക്ബറും വിവർത്തനം ചെയ്ത്, ഒരേ സമയം സംസ്കൃത സാഹിത്യത്തിന്റെയും പാശ്ചാത്യ സാഹിത്യത്തിന്റേയും രീതികൾ അവലംബിക്കുക വഴി അദ്ദേഹം ആധുനിക മലയാളസാഹിത്യത്തിന്റെ അടിത്തറപാകുകയാണുണ്ടായത്. വിദ്യാവിനോദിനി മാസികയുടെ സി.പി.അച്യുതമേനോന്റെയും, മലയാള മനോരമയിലെ കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെയും സഹകരണത്താൽ മലയാളം സാഹിത്യത്തിന്റെ ഉന്നമനത്തിനായി നിരവധി കാര്യങ്ങൾ ചെയ്യുവാൻ കേരളവർമ്മയ്ക്ക് കഴിയുകയുണ്ടായി. വറുഗീസ് മാപ്പിളയുടെ ഭാഷാപോഷിണി മാസികയും സഭയും കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയുടെ രചനയ്ക്ക് വേദിയായി. വിദ്യാവിനോദിനി, ഭാഷാപോഷിണി, അപ്ഫൻ തമ്പുരാൻ തുടക്കമിട്ട രസികരഞ്ജിനി എന്നീ മാസികകളുടെ ആവിർഭാവം സാഹിത്യനിരൂപണം എന്ന ഗൗരവമേറിയ സാഹിത്യസപര്യയ്ക്ക് തുടക്കം കുറിച്ചു. കെ.പി. അച്യുതമേനോനെ പോലെയുള്ള നിരൂപകരുടെ സാന്നിദ്ധ്യം മലയാളസാഹിത്യത്തിന്റെ ആധുനിക കാലത്തെ കുറേകൂടി കാര്യഗൗരവമുള്ളതാക്കുകയായിരുന്നു.

ഇടക്കാലത്ത് വിവർത്തനം ചെയ്യപ്പെട്ട നാടകങ്ങളിലൂടെ മലയാള ഗദ്യസാഹിത്യം പുതിയ കളരികൾ തേടിയിരുന്നു, വേദികളുടെ സാങ്കേതികത്വം പുലർത്താതിരുന്ന ഈ നാടകങ്ങൾ ഭാഷയ്ക്ക് കാര്യമായ സംഭാവനകൾ ഒന്നും തന്നെ നൽകിയിരുന്നില്ല. കേരളവർമ്മയുടെ ഭാഗിനേയനായ ഏ.ആർ. രാജരാജവർമ്മയുടെ സാഹിത്യപ്രഭാവം മലയാളത്തിലെ നിയോക്ലാസിക് രചനാരീതികൾക്ക് അറുതി വരുത്തുകയും കാല്പനികതയ്ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ദിത്വീയാക്ഷരപ്രാസം പോലുള്ള കവനരീതികളോട് ഏ.ആർ കാണിച്ചിരുന്ന എതിർപ്പ് ആധുനിക സാഹിത്യത്തിൽ ലളിതവത്കരിക്കപ്പെട്ട കവനരീതികൾക്ക് തുടക്കം കുറിച്ചു. കെ.സി. കേശവപിള്ള നിയോക്ലാസിക്ക് രീതികൾ പിന്തുടർന്നിരുന്ന കവിയായിരുന്നെങ്കിലും പിൽക്കാലങ്ങളിൽ വന്ന ഖണ്ഡകാവ്യങ്ങൾക്ക് തുടക്കമെന്നോണം ‘ആസന്നമരണചിന്താശതകം’ എന്ന ലഘുകാവ്യവും അദ്ദേഹം രചിച്ചിട്ടുണ്ട്. കേസരി എന്നറിയപ്പെട്ടിരുന്ന വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ ഹാസ്യോദ്ദീപകമായ ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് ഗദ്യസാഹിത്യത്തിന്റെ വിവിധ തലങ്ങൾ മലയാളികൾക്ക് പരിചിതപ്പെടുത്തിക്കൊണ്ടായിരുന്നു.

നോവലുകൾ

[തിരുത്തുക]

ഗദ്യസാഹിത്യത്തിനു പരക്കെ ലഭിച്ച അംഗീകാരം കാല്പനികഭാവമുള്ള കൃതികൾ എഴുതുവാൻ സാഹിത്യകാരന്മാരെ പ്രേരിപ്പിച്ചിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കേരളത്തിലും നോവൽ എന്ന സാഹിത്യശാഖ പിറക്കുകയുണ്ടായി. ചരിത്രകാരന്മാരുടെ നിരീക്ഷണത്തിൽ ആംഗലേയ നോവൽ സാഹിത്യവുമായുള്ള പരിചയം മാത്രമല്ല, മലയാളത്തിൽ നോവലുകൾ പിറക്കുവാൻ കാരണമായി ഭവിച്ചത്, മറിച്ച് പതിനേഴ്, പതിനെട്ട് നൂറ്റാണ്ടുകളിൽ ഇംഗ്ലണ്ടിൽ നിലനിന്നിരുന്ന സാമൂഹ്യവ്യവസ്ഥിതികൾക്ക് സമാനമായ അന്തരീക്ഷം കൊളോണിയൽ ഭരണത്തിനുകീഴിലുള്ള കേരളത്തിലും ദൃശ്യമായിരുന്നു. ആ ദേശങ്ങളിൽ നോവലെഴുത്തിനെ സ്വാധീനിച്ച ഘടകങ്ങൾ; പ്രസാധന ഉപകരണങ്ങളുടെ ലഭ്യത, ജനങ്ങളിൽ പൊതുവെ കാണപ്പെട്ടിരുന്ന സാഹിത്യാഭിരുചി, ദേശീയതാവബോധം എന്നിവയെല്ലാം കേരളത്തിലും ദൃശ്യമായിരുന്നു.

ഒ. ചന്തു മേനോൻ എഴുതിയ ഇന്ദുലേഖയാണു്, മലയാളത്തിലെ 'ആദ്യത്തെ ലക്ഷണമൊത്ത നോവൽ' എന്നു പരക്കെ അറിയപ്പെടുന്നെങ്കിലും നോവൽ സാഹിത്യം എന്തെന്നുള്ളതിനു കൃത്യമായ നിർവചനങ്ങൾ ഇല്ലാതെ ഈ വസ്തുത അപൂർണ്ണമാണ്. പുരാണേതിഹാസ വിഷയങ്ങൾക്കല്ലാതെ ഗദ്യസാഹിത്യം ഉപയോഗിക്കുന്നതു തന്നെ ആ കാലഘട്ടത്തിൽ നോവൽ സാഹിത്യവുമായി ബന്ധപ്പെടുത്താവുന്ന വസ്തുതയായിരുന്നു. ആർച്ച് ഡീക്കൻ കോശിയുടെ പുല്ലേലികുഞ്ചു, ആയില്യം തിരുനാളിന്റെയും കേരളവർമ്മയുടെയും ഗദ്യസാഹിത്യത്തിലെ സ്വതന്ത്ര വിവർത്തനങ്ങൾ എന്നിവയെല്ലാം നോവലിന്റെ ഘടനയുമായി സാമ്യം പുലർത്തിയിരുന്നു. അപ്പു നെടുങ്ങാടിയുടെ കുന്ദലത ഈ ഒരു അവസരത്തിൽ എടുത്തുപറയേണ്ട ഒരു കൃതിയാണ്.ആദ്യകാല ബംഗാളി നോവലുകളോട് സാമ്യം പുലർത്തിയിരുന്ന കുന്ദലതയിലാണ് ചിരപരിചിതങ്ങളല്ലാത്ത പേരുകളും ബിംബങ്ങളും ആദ്യമായി ഉപയോഗിച്ചുകാണുന്നത്. ഇത്തരം പലവിധത്തിലുള്ള ഗദ്യസാഹിത്യസൃഷ്ടികൾ രചിക്കപ്പെട്ടിരുന്ന കാലത്താണ് ഒ.ചന്ദുമേനോൻ ഇന്ദുലേഖ എഴുതുന്നത്. പാശ്ചാത്യസാഹിത്യത്തിലെ നോവൽ രൂപങ്ങളുമായി ഏറെ സാമ്യം പുലർത്തിയിരുന്ന ഒരു കൃതിയായിരുന്നു ഇന്ദുലേഖ.

ഒ.ചന്തു മേനോൻ മലയാളത്തിലെ സുപ്രധാന നോവൽ സാഹിത്യകാരനായിരുന്നുവെങ്കിൽ അദ്ദേഹത്തിനു പതിനൊന്നു വർഷം ഇളയതായ സി.വി. രാമൻപിള്ളയുടെ രാമരാജാബഹദൂർ മഹത്തരമായ ഒരു നോവലായിരുന്നു. പ്രാദേശികജനജീവിതങ്ങളിൽ നിന്നു ഇതിഹാസശൈലിയിൽ നോവലെഴുതുന്ന കല ആദ്യമായി പരീക്ഷിച്ചതും വിജയിപ്പിച്ചെടുത്തതും മലയാളത്തിൽ സി.വി. രാമൻപിള്ളയായിരുന്നു. മലയാളം സംസാരഭാഷയിൽ ജാതി/പ്രദേശ വ്യതിയാനങ്ങൾ കൂടി അദ്ദേഹം തന്റെ ഗദ്യസാഹിത്യങ്ങളിൽ സൂക്ഷ്മം ഉപയോഗിച്ചതായി കാണുന്നു.

കാല്പനികത

[തിരുത്തുക]

ആംഗലേയ സാഹിത്യത്തിലെ പ്രണയകവിതകളുമായി വന്നുപോയ സമ്പർക്കം മലയാളസാഹിത്യത്തിൽ കാല്പനികത വളർത്തുവാൻ തക്കവണ്ണം പ്രസക്തമായിരുന്നു. ഈ വിഭാഗത്തിൽ ഏറ്റവും ആദ്യം ശ്രദ്ധിക്കപ്പെട്ടതാകട്ടെ വി.സി.ബാലകൃഷ്ണപ്പണിക്കരുടെഒരു വിലാപം’ എന്ന കാവ്യമാണു്. മലയാളകവിതയിൽ നവോത്ഥാനത്തിന്റെ തുടക്കക്കാരനായ കുമാരനാശാനാകട്ടെ അതുവരെ മലയാളത്തിൽ കാണാതിരുന്ന സർഗാത്മകതയോടെ കവിതകൾ എഴുതിയ സാഹിത്യകാരനായിരുന്നു. നിത്യമായ ആത്മീയ അവബോധം ആശാന്റെ കവിതകളെ മലയാളം സാഹിത്യത്തിലെ നവോത്ഥാനകാലഘട്ടത്തിന്റെ. മുഖമുദ്രകളാക്കി. നിയോക്ലാസിക്ക് രീതികളിൽ മഹാകാവ്യങ്ങൾ എഴുതാതിരുന്ന കുമാരനാശാൻ എഴുതിയത്രയും ഖണ്ഡകാവ്യങ്ങളായിരുന്നു. ഒരു വീണ പൂവ് (1907), നളിനി (1911), ലീല (1914), ചിന്താവിഷ്ടയായ സീത (1919), കരുണ (1923) എന്നീ കൃതികളെല്ലാം തന്നെ ആശാന്റെ കാവ്യാത്മകത വിളിച്ചോതുന്നവയാണു്. ശ്രീനാരായണഗുരുവുമായിട്ടുള്ള സമ്പർക്കവും മദ്രാസ്, ബാംഗ്ലൂർ, കൽക്കത്ത എന്നീ നഗരങ്ങളിലുള്ള താമസവും കുമാരനാശാനു കുറേകൂടി വ്യക്തമായ ജീവിതദർശനങ്ങൾ നൽകിയെന്നും കവിതയിൽ അവ വേണ്ടവണ്ണം പ്രതിഫലിക്കുകയും ചെയ്തുവെന്നു നിരൂപകർ കരുതുന്നു.

കേരളവർമ്മ വലിയ കോയിത്തമ്പുരാന്റെ ശിക്ഷണത്തിൽ വളർന്ന ഉള്ളൂർ പരമേശ്വര അയ്യർ എന്ന മഹാകവി ഉപരിപഠനത്തിനും അതുമൂലം പാശ്ചാത്യ സാഹിത്യ രൂപങ്ങളുമായി സമ്പർക്കത്തിനും കൂടുതൽ അവസരം ലഭിച്ച വ്യക്തിയായിരുന്നു. ഉമാകേരളം എന്ന നിയോക്ലാസിക്ക് രീതിയിലുള്ള മഹാകാവ്യമാണു് ഉള്ളൂരിനെ പ്രശസ്തനാക്കിയതു്. അദ്ദേഹത്തിനു ലഭ്യമായ വിദ്യാഭ്യാസം കൈമുതലാക്കി കേരളസാഹിത്യചരിതം എന്ന സാഹിത്യപഠനഗ്രന്ഥവും ഉള്ളൂരിനു എഴുതാൻ കഴിഞ്ഞിട്ടുണ്ടു്. മഹാകവിത്രയത്തിൽ കാല്പനികത ഏറ്റവും കുറവ് രചനകളിൽ ദൃശ്യമാക്കിയിരിക്കുന്നതും ഒരു പക്ഷേ ഉള്ളൂരായിരിക്കും.

മഹാകവികളിൽ വള്ളത്തോൾ നാരായണമേനോനായിരുന്നു കൂടുതൽ ജനകീയനായ കവി. അനാചാരങ്ങൾക്കെതിരെയും ദേശീയോദ്ഗ്രഥനത്തിനായും അദ്ദേഹം കവിതകൾ എഴുതിയപ്പോൾ പിൽക്കാലങ്ങളിൽ വന്ന സാഹിത്യകാരന്മാരെ എളുപ്പം സ്വാധീനിക്കുവാൻ അദ്ദേഹത്തിനായി. വള്ളത്തോളിന്റെ സുഹൃത്തുകൂടിയായ നാലപ്പാട്ട് നാരായണമേനോന്റെ കൃതികളിലാണു് വള്ളത്തോളിന്റെ സ്വാധീനം ഏറെ ദൃശ്യമാകുന്നത്. എങ്കിൽ തന്നെയും നാരായണമേനോന്റെ കണ്ണുനീർതുള്ളി എന്ന വിലാപകാവ്യം റൊമാന്റിസത്തിലേക്കും ആശാന്റെ സ്വാധീനത്തിലേക്കുമാണ് വിരൽ ചൂണ്ടുന്നത്. പൊതുവെ ഈ കാലഘട്ടത്തിലെ മഹാകവികൾ എല്ലാവരും തന്നെ നിയോക്ലാസിക്ക് കവിതകൾ എഴുതി പിന്നീട് കാല്പനികതയിലും റിയലിസത്തിലും കവിതകൾ എഴുതിയവരായിരുന്നു.

ജി.ശങ്കരക്കുറുപ്പ് എന്ന കവിയാകട്ടെ ഉള്ളൂരിന്റെയും വള്ളത്തോളിന്റെയും ക്ലാസ്സിസിസ്റ്റ് കാവ്യസപര്യയ്ക്ക് സമാനമായ രീതിയിൽ സാഹിത്യം കൈകാര്യം ചെയ്തിരുന്നു. ബംഗാളി കവിയായ രബീന്ദ്രനാഥ ടാഗോറിന്റെ വീക്ഷണങ്ങൾ ശക്തമായി സ്വാധീനം ചെലുത്തിയിരിക്കുന്ന ജി.ശങ്കരക്കുറുപ്പിന്റെ കവിതകൾ 1930കളിൽ മലയാളം സാഹിത്യലോകത്തു വേറിട്ടുനിന്നിരുന്നവയായിരുന്നു. പി. കുഞ്ഞിരാമൻ നായരും, ബാലാമണിയമ്മയും വള്ളത്തോളിന്റെ കാവ്യശൈലിയിൽ ആകൃഷ്ടരായിരുന്ന ഭാഷാകവികളായിരുന്നു. പി.കുഞ്ഞിരാമൻ നായരുടെ കവിതകളിൽ കേരളീയഭൂസൗന്ദര്യം വഴിഞ്ഞൊഴുകുമ്പോൾ ബാലാമണിയമ്മ നിയോക്ലാസിക്ക് കവനരീതിയിൽ വിഭീഷണനെ കുറിച്ചും, മഹാബലിയെ കുറിച്ചുമെല്ലാം കവിതകൾ എഴുതി പ്രശസ്തിനേടിയിരുന്നു.

ഇടപ്പള്ളികവികൾ എന്നറിയപ്പെട്ടിരുന്ന രണ്ടു കവികളുടെ സാന്നിദ്ധ്യം മലയാളത്തിന്റെ സാഹിത്യചരിത്രത്തിൽ റൊമാന്റിസിസത്തിന്റെ പുതിയകാലഘട്ടത്തിന്റെ തുടക്കമായിരുന്നു. ഇവർ ഇടപ്പള്ളി രാഘവൻപിള്ള, ചങ്ങമ്പുഴ കൃഷ്ണപിള്ള എന്ന സതീർഥ്യരായിരുന്നു. രാഘവൻ പിള്ളയുടെ മണിനാദം 1930കളിൽ ഉണ്ടായിരിക്കുന്ന ഏറ്റവും പ്രശസ്തമായ കാവ്യമായി കരുതപ്പെടുന്നു. ചങ്ങമ്പുഴയുടെ ബാഷ്പാഞ്ജലി, രമണൻ എന്നീ കാവ്യങ്ങളും കേരളസാഹിത്യ ചരിത്രത്തിൽ സ്ഥാനം നേടിയ കൃതികളാണ്. ഇതിൽ തന്നെ രമണൻ എന്ന കൃതിയ്ക്ക് കൈവന്ന അസാധാരണമായ പ്രചാരം ഇന്നും നിരൂപകശ്രദ്ധ നേടുന്ന ഒരു വസ്തുതയാണ്. 1948 ചങ്ങമ്പുഴയുടെ മരണശേഷം മലയാളകവിതയിൽ റൊമാന്റിസിസത്തിന്റെ പ്രഭാവം അസ്തമിച്ചിരുന്നു. ഇടശ്ശേരി ഗോവിന്ദൻ നായർ എന്ന കവിയുടെ പ്രാദേശികവും സാമൂഹികവുമായ വികാരങ്ങൾ ഉൾക്കൊണ്ടുള്ള കവിതകൾ പുറത്തുവന്നതും ഈ കാലഘട്ടത്തിനു ശേഷമാണ്. വള്ളത്തോളിന്റെ പ്രഭാവം പ്രകടമായിക്കാണുന്ന വൈലോപ്പിള്ളി ശ്രീധരമേനോൻ ചങ്ങമ്പുഴയുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന കവിയാണെങ്കിലും റൊമാന്റിസിസം സ്വാധീനിച്ചിട്ടില്ലാത്ത കവിയാണ്. ലളിതസുന്ദരമായ ഭാഷയിൽ വൈലോപ്പിള്ളി എഴുതിയ മാമ്പഴം എന്ന കവിത നിയോക്ലാസിസത്തിൽ നിന്നും റൊമാന്റിസിസത്തിൽ നിന്നുമെല്ലാം അകന്നു കവിതയ്ക്ക് ശോഭനമായൊരു ഭാവിയുണ്ടെന്നു വെളിപ്പെടുത്തുന്ന ഒന്നായിരുന്നു. രമണന്റെയും ചങ്ങമ്പുഴയുടെയും കാലത്തിനുശേഷം മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട കവിതകൾ ഒന്നും തന്നെ റൊമാന്റിസിസത്തോടു ചേർന്നു നിൽക്കുന്നവയായിരുന്നില്ല. എൻ.വി. കൃഷ്ണവാര്യർ (നീണ്ട കവിതകൾ), അക്കിത്തം അച്ച്യുതൻ നമ്പൂതിരി (ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം), ഒളപ്പമണ്ണ (നങ്ങേമക്കുട്ടി) എന്നീ കവികളെല്ലാം ഇടശ്ശേരി തുടങ്ങിയ സാമൂഹികപ്രസക്തിയുള്ള കവിതകളുടെ വക്താക്കളായിരുന്നു.

"https://ml.wikipedia.org/w/index.php?title=ആധുനിക_മലയാളസാഹിത്യം&oldid=3905523" എന്ന താളിൽനിന്ന് ശേഖരിച്ചത്