Jump to content

ആലി മുസ്‌ലിയാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആലി മുസ്ലിയാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആലി മുസ്‌ലിയാർ
ആലി മുസ്‌ലിയാർ, കോയമ്പത്തൂർ ജയിലിൽ (1922)
ജനനം1864
മരണം1922 ഫെബ്രുവരി 17
സെൻട്രൽ ജയിൽ, കോയമ്പത്തൂർ
ദേശീയതഇന്ത്യ
അറിയപ്പെടുന്നത്സ്വാതന്ത്ര്യസമരം, ഖിലാഫത്ത് പ്രസ്ഥാനം[1]

ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ കേരളത്തിലെ മലബാർ കേന്ദ്രമാക്കി അരങ്ങേറിയ മാപ്പിള കലാപങ്ങൾക്ക് നേതൃനിരയിലുണ്ടായിരുന്ന[2] പ്രമുഖ ഖാദിരിയ്യ സൂഫിയും, ഇസ്ലാമിക പണ്ഡിതനുമായിരുന്നു[3] ആലി മുസ്‌ലിയാർ.

ജീവിത രേഖ

[തിരുത്തുക]

ബ്രിട്ടീഷ് രാജ് മദ്രാസ് പ്രവിശ്യയിലെ ഏറനാട് താലൂക്കിൽ (ഇപ്പോഴത്തെ മഞ്ചേരി നഗരസഭ) കിഴക്കേ അതിർത്തി ഗ്രാമമായ നെല്ലിക്കുത്ത് എരിക്കുന്നൻ പാലത്തും മൂലയിൽ ആലി മുസ്‌ലിയാർ 1864 ൽ ജനിച്ചു. മലബാറിലെ പ്രമുഖ സൂഫി വര്യനായിരുന്ന സയ്യിദ് അലവിയുടെ പിന്തുടർച്ചക്കാരിൽ പെട്ട എരിക്കുന്നൻപാലത്ത് മൂലയിൽ കുഞ്ഞിമൊയ്തീൻ, മഖ്ദൂം കുടുംബത്തിൻറെ പിന്തുടർച്ചക്കാരിൽ പെട്ട ഒറ്റകത്ത് ആമിന എന്നിവരാണ് മാതാപിതാക്കൾ. മാതാവിൻറെ കുടുംബ വഴി അറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതരാലും, ഖാസിമാരാലും പ്രസിദ്ധമായിരുന്നു. മാതാമഹൻ ഒറ്റകത്ത് മമ്മദു മുസ്ലിയാർ മുടിക്കോട് ഖാസി(ന്യായാധിപൻ) യായി പ്രശസ്തിയാർജ്ജിച്ചിരുന്നു. [4].

മാതാപിതാക്കളിൽ നിന്നും അറിവ് കരസ്ഥമാക്കിയ ശേഷം നെല്ലികുത്ത് ഓത്തുപള്ളിയിലെ പ്രാഥമിക പഠനത്തിലൂടെ കിതാബുകൾ(മതഗ്രന്ഥങ്ങൾ), സർഫ്, നഹ്‌വ്(അറബി വ്യാകരണ ഗ്രന്ഥങ്ങൾ) എന്നിവയിൽ പ്രാവീണ്യം നേടി. പൊന്നാനി ദർസിൽ പത്തുവർഷകാലത്തെ ഉപരിപഠനത്തിലൂടെ തഫ്സീർ (ഖുർആൻ വ്യാഖ്യാനം), ഹദീസ്(പ്രവാചക ചര്യ), ഫിഖ്ഹ്, തസ്വവുഫ്‌, ഇൽമുൽ കലാം, ഇൽമുൽ മീക്കത്ത്, ഇൽമുൽ ഹഖാഇഖ്, ഇൽമുൽ നഹസ്, ഇൽമുൽ മആനി എന്നിവയിൽ അവഗാഹം നേടി. പൊന്നാനി വലിയ ജുമുഅത്ത് പള്ളി ദർസിൽ നിന്നും പൊന്നാനി വിളക്കത്തിരിക്കൽ കഴിഞ്ഞ് മുസ്ലിയാർ ആയ ശേഷം ദശാബ്ദക്കാലം നെല്ലിക്കുത്ത് പള്ളിയിലും, മമ്പുറം പള്ളിയിലും അധ്യാപനം, മമ്പുറം മഖാമിൻറെ പരിപാലനം എന്നിവ നിർവ്വഹിച്ചു. പിന്നീട് മക്കയിൽ ഹജ്ജ് തീർത്ഥാടനം നടത്തുകയും ഏഴ് വർഷക്കാലം മക്ക, മദീന മസ്ജിദുകളിൽ പഠനം നടത്തുകയും ചെയ്തു. കുഞ്ഞിക്കമ്മു മുല്ല, ഖാദിരിയ്യ സൂഫിയോഗി ശൈഖ് സൈനുദ്ദീൻ മുസ്ലിയാർ, സയ്യിദ് ഹുസൈൻ ഹബ്ശി, അല്ലാമാ സയ്യിദ് അഹ്മദ് സൈനി ദ്ദഹ്‌ലാൻ,ശൈഖ് മുഹമ്മദ് ഹിസ്ബുല്ലാഹി തുടങ്ങിയ വിശ്വ പ്രസിദ്ധ സൂഫികളും മഹാ പണ്ഡിതരുമായിരുന്നു ആലി മുസ്ലിയാരുടെ ഗുരുക്കന്മാർ. മക്കയിലെ പഠനത്തിന് ശേഷം കവരത്തിദ്വീപിൽ ഖാസി, മുദരിസ് എന്നീ ചുമതലകളിൽ വ്യാപൃതനായി.[5] [6]

ബ്രിട്ടീഷ് വിരുദ്ധ സമരരംഗത്ത്

[തിരുത്തുക]
ആലി മുസ്ലിയാർ സ്മാരകം. നെല്ലിക്കുത്ത്

പരമ്പരകളായി ബ്രിട്ടീഷ് വിരുദ്ധത കാത്തു സൂക്ഷിക്കുന്ന കുടുംബമായിരുന്നു ആലി മുസ്ലിയാരുടേത്. നെല്ലിക്കുത്ത്പയ്യനാട്ടു ഗുരുക്കൾ, മഞ്ചേരി ഹസ്സൻ (അത്തൻ)കുരിക്കൾ, ഇളംപുരളിശ്ശേരി ഉണ്ണിമൂപ്പൻ തുടങ്ങിയ ബ്രിട്ടീഷ് വിരുദ്ധ യോദ്ധാക്കൾ മുസ്ലിയാരുടെ ബന്ധു ജനങ്ങളായിരുന്നു. 1896-ലെ മഞ്ചേരി കാർഷിക കലാപത്തിൽ കൊല്ലപ്പെട്ടവരിൽ ഏറെ പേരും മുസ്ലിയാരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആയിരുന്നു. ആലി മുസ്ലിയാരിൽ ജന്മനായുള്ള ബ്രിട്ടീഷ് വിരോധം ആളിക്കത്താൻ ഇത്തരം സംഭവങ്ങൾ പ്രേരിതമായിത്തീർന്നു.[7].

ആലി മുസ്ലിയാർ കവരത്തി വിട്ടു ജന്മനാടായ ഏറനാട്ടിലേക്ക് തിരിച്ചു വരുന്നത് ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളാൽ പ്രക്ഷുബ്ധമായിരുന്ന മലബാറിൽ 1894 ൽ ജ്യേഷ്‌ഠൻ ബ്രിട്ടീഷുകാരാൽ വധിക്കപ്പെട്ട വാർത്ത അറിഞ്ഞാണ്. സഹോദരൻ മമ്മിക്കുട്ടിയെ തൻറെ ചുമതല ഏൽപ്പിച്ചായിരുന്നു ഈ മടങ്ങി വരവ്. [8] മുസ്‌ലിയാർ നാട്ടിലേക്ക് തിരിച്ചെത്തുന്നതിനു മുൻപ് സഹോദരൻ എരിക്കുന്നിൽ അബ്ദുല്ല ഹാജിയെ ബ്രിട്ടീഷ് സർക്കാർ നാടുകടത്തി. പൊടിയാട്, മേൽമുറി, തൊടികപ്പലം, തിരൂരങ്ങാടി നടുവിൽ പള്ളി എന്നിവിടങ്ങളിലെ അധ്യാപകവൃത്തിക്ക് ശേഷം 1907 ഇൽ തിരൂരങ്ങാടി കിഴക്കേ പള്ളിയിൽ പ്രധാന അധ്യാപകനായി ആലി മുസ്ലിയാർ ചുമതലയേറ്റെടുത്തു. ഇവിടം കേന്ദ്രമാക്കിയാണ് കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളുടെ അമരത്തേക്ക് അദ്ദേഹം ഉയർന്നു വരുന്നത്. ഏറനാട്ടിലെ പല നേർച്ചകളുടെയും അമരക്കാരനായി മാറിയ മുസ്ലിയാർക്ക് നിരവധി മുരീദ് അനുചരന്മാരെ ഈ പ്രദേശങ്ങളിൽ വളർത്തിയെടുക്കാനായി. [9] തിരൂരങ്ങാടിയിൽ വെച്ച് എം.പി. നാരായണ മേനോൻ, കട്ടിലശ്ശേരി മുസ്‌ലിയാർ എന്നിവരുമായുള്ള സൗഹൃദം കോൺഗ്രസിലേക്കും പിന്നീട് നിസ്സഹകരണ പ്രസ്ഥാനത്തിലേക്കും മുസ്ലിയാരെ കൊണ്ട് ചെന്നെത്തിച്ചു. ഗാന്ധിജിയും ഷൗക്കത്തലിയും പങ്കെടുത്ത കോഴിക്കോട് സമ്മേളനത്തിൽ ചെമ്പ്രശ്ശേരി തങ്ങൾ, വാരിയൻ കുന്നത്ത് എന്നിവരോടൊപ്പം പ്രതേക ക്ഷണിതാവായി സംബന്ധിക്കുകയും ഖിലാഫത്ത് സഭയുടെ ഏറനാട്ടിലെ ചുമതല ഏറ്റെടുക്കുകയും ചെയ്തു. ബ്രിട്ടീഷ്കാർക്കെതിരിലുള്ള സമാധാനപരമായ സമരപ്രവർത്തനങ്ങളിൽ വ്യാപൃതനായ അദ്ദേഹം പള്ളികളിൽ വെച്ച് നടത്തിയിരുന്ന പഠനക്ലാസുകൾ ബ്രിട്ടീഷ് വിരുദ്ധ ജനകീയ പ്രക്ഷോഭങ്ങൾക്ക് ജനങ്ങളെ സജ്ജരാക്കുന്നതായിരുന്നു[10].

സർക്കാർ വിരുദ്ധ സമരങ്ങളിൽ നിറസാന്നിധ്യമായി മാറിയ ആലി മുസ്ലിയാർക്ക് ആത്മീയ പുരോഹിതനായതിനാൽഎളുപ്പത്തിൽ ജനക്കൂട്ടത്തെ ആകർഷിക്കാൻ കഴിഞ്ഞിരുന്നു. കുഞ്ഞഹമ്മദ് ഹാജിയടക്കമുള്ള പല ഖിലാഫത്തുക്കാരും മുസ്ലിയാരുടെ ആത്മീയ ശിഷ്യന്മാരായിരുന്നു. ഭക്തിയാദരവോടെ മോയില്യാരുപ്പുപ്പ എന്നായിരുന്നു അദ്ദേഹത്തെ അനുയായികൾ വിളിച്ചിരുന്നത്. ആലി മുസ്ലിയാർ കടന്നു വരുന്ന സമയത്തു തക്ബീറുകൾ (ദൈവ കീർത്തനം) മുഴക്കുമായിരുന്നു. ഇതൊക്കെ കൊണ്ട് തന്നെ ആത്മീയത മറയാക്കി മുസ്ലിയാർ ബ്രിട്ടീഷ് വിരുദ്ധത പ്രചരിപ്പിക്കുകയായിരുന്നുവെന്നു കളക്ടർ വിലയിരുത്തുകയും പ്രദേശത്തെ സൂഫി പുണ്യളൻമാരുടെയും, രക്തസാക്ഷികളുടെയും ശവ കുടീരങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന നേർച്ച-പ്രാർത്ഥനകൾ, തീർത്ഥയാത്രകൾ, റാതെബുകൾ എന്നിവയ്ക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.[11] [12] വിലക്ക് ലംഘിച്ചു ചേരൂർ നേർച്ച അരങ്ങേറി. വൻ ജനാവലിയോടെ ശവകുടീരത്തിൽ പ്രാർത്ഥനകളും പ്രകീർത്തനങ്ങളും സംഘടിപ്പിച്ച മുസ്‌ലിയാർ എല്ലാ വെള്ളിഴാഴ്ചകളിലും ഇത് പതിവാക്കി. ഇതോടെ വിലക്ക് ധിക്കരിച്ചു പ്രാർത്ഥന സംഘടിപ്പിക്കുന്നവരെ കഠിന മുഷ്ടി ഉപയോഗിച്ച് നേരിടുമെന്ന് കളക്ടർ തോമസ് മുസ്ലിയാർക്ക് നോട്ടീസ് നൽകി. മുന്നറിയിപ്പ് തൃണവത്കരിച്ചു തടയാൻ ഒരുങ്ങിയ പോലീസുകാരനെ തള്ളി വീഴ്ത്തി ആലി മുസ്ലിയാരും അനുയായികളും ചേരൂർ മഖാമിലേക്ക് സിയാറത്തു യാത്ര നടത്തി. മലബാർ കലാപത്തിലെ ആദ്യ അക്രമണമായാണ് ചരിത്രകാരന്മാർ ഇതിനെ വിശേഷിപ്പിക്കുന്നത്.[13]

ലഹളയുടെ ആരംഭം

[തിരുത്തുക]
പുതുക്കി പണിത തിരൂരങ്ങാടി വലിയ പള്ളി

ജന്മിമാരുടെ കരപിരിവ് ഒഴിവാക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾക്ക് ആലി മുസ്ലിയാർ ശ്രമിക്കുന്നതറിഞ്ഞ ബ്രിട്ടീഷ് അനുകൂലികളായ ജന്മികൾ, കുടിയാന്മാർ സംഘടിക്കുന്നത് ആപത്താണെന്നു മനസ്സിലാക്കി സർക്കാരിലേക്ക് സഹായമഭ്യർത്ഥിച്ചു [14] . ഇതോടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പ്രദേശത്തെ മാപ്പിളമാരെ ബ്രിട്ടീഷ് സർക്കാർ വലിഞ്ഞു മുറുക്കി. കലാപ പ്രക്ഷുബ്ധമായ ഈ അന്തരീക്ഷത്തിലാണ് പൂക്കോട്ടൂർ തോക്ക് കേസ് സംഭവിക്കുന്നത്. അതിനോടടുത്ത നാളുകളിലാണ് വിലക്ക് ലംഘനം നടത്തി ആലി മുസ്‌ലിയാർ ചേരൂർ മഖാം സിയാറത്ത് നടത്തുന്നത്

നേർച്ചകൾ, സിയാറത്തുകൾ മൗലൂദുകൾ റാത്തീബുകൾ പോലുള്ള ആചാരാനുഷ്ടാനങ്ങൾ ബിട്ടീഷ് വിരുദ്ധതയ്ക്ക് ആക്കം കൂട്ടുന്നതിനാൽ ശവകുടീരങ്ങളിലും കല്ലറകളിലും നടത്തി വരുന്ന പ്രാർത്ഥന യാത്രകൾക്കും ആചാരങ്ങൾക്കും സർക്കാർ നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിരുന്നു.[15] [16] [17].

എന്നാൽ ഇത്തരം നിയന്ത്രണങ്ങൾ തള്ളിക്കളഞ്ഞു 1921 ആഗസ്റ്റ് മാസം തീയതി ആലി മുസ്ലിയാരുടെ കാർമ്മികത്വത്തിൽ ഖദർ വസ്ത്രധാരികളായ മുന്നൂറ്- നാനൂറ് ഖിലാഫത്തു പ്രവർത്തകർ ഖിലാഫത്തു പ്രസ്ഥാനത്തിന്റെ വിജയത്തിനായി പ്രാർത്ഥിക്കാൻ മമ്പുറം കിഴക്കേ പള്ളിയിൽ നിന്നും, ആദ്യ കലാപങ്ങളിൽ കൊല്ലപ്പെട്ട ശുഹദാക്കളുടെ (രക്തസാക്ഷികളുടെ) ശവകൂടീരങ്ങളിലേക്ക് സിയാറത് (പ്രാർത്ഥനാ യാത്ര) നടത്തി. പ്രാർത്ഥന യാത്ര തടയാനൊരുങ്ങിയ പൊലീസുകാരെ തള്ളി വീഴ്ത്തിയായിരുന്നു തീർത്ഥാടനം.

സംഘാഗംങ്ങളിൽ ചിലർ ക്രോസ് ബെൽറ്റും, കത്തികളും ധരിച്ചവരായിരുന്നു.[18] ബ്രിട്ടീഷുകാർക്ക് നേരെ ലഹളക്കൊരുങ്ങും മുൻപ് ശവകുടീരങ്ങളിൽ പ്രാർത്ഥന നടത്തുക വിപ്ലവകാരികൾക്കിടയിൽ പതിവായിരുന്നു. ഇത്തരം മുൻകാല അനുഭവങ്ങൾ മൂലം സർക്കാരിനെതിരായ ലഹളയുടെ ആരംഭമാണെന്ന് തെറ്റദ്ധരിച്ച പോലീസ് സൂപ്രണ്ട് കല്കടർക്ക് റിപ്പോർട്ട് നൽകുകയും,[19] ആയുധങ്ങൾ സംഭരിച്ചു വെച്ചിട്ടുണ്ട് എന്ന ഊഹത്താൽ 1921 ആഗസ്റ്റ് 19 ാം തിയ്യതി മലബാർ കളക്ടർ തോമസ്, ഡി.എസ്.പി. ഹിച്ച്കോക്ക്, എ.എസ്.പി. ആമു എന്നിവരുടെ നേതൃത്വത്തിൽ വെള്ളപ്പട്ടാളക്കാർ തിരൂരങ്ങാടി കിഴക്കേപ്പള്ളി, ഒട്ടനേകം മാപ്പിള ഗൃഹങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. പൊറ്റയിൽ മുഹമ്മദ് ഹാജി, കോഴിശ്ശേരി മമ്മദ്, മൊയ്തീൻകുട്ടി എന്നിവരെ അറസ്റ്റു ചെയ്തു ചോദ്യം ചെയ്തെങ്കിലും ആയുധങ്ങൾ കണ്ടെടുക്കയോ കലാപ തെളിവുകൾ ലഭിക്കുകയോ ചെയ്തില്ല. ഇത് തോമസിൽ ഇച്ഛാഭംഗം വളർത്തി ഗവർണ്ണറുടെ പ്രതിനിധി ഇത്തരം റൈഡുകൾക് എതിരായിരുന്നു മാപ്പിളമാരെ പ്രകോപിപ്പിക്കാൻ ഇത്തരം എടുത്തു ചാട്ടങ്ങൾ വഴിവെക്കും എന്ന്ദ്ദേഹം കളക്ടർക്ക് മുന്നറിയിപ്പ് നൽകി. ഗവർണ്ണർക്ക് ഇത് സംബന്ധിച്ച വിവരങ്ങളും കൈമാറിയി. റെയ്ഡിൽ നിന്നും കളക്ടറും സംഘവും പിന്മാറിയെങ്കിലും ഭയന്ന പോലെ കാര്യങ്ങൾ കൈവിടാൻ തുടങ്ങി. പട്ടാളം ബൂട്ടിട്ട് കയറി തിരൂരങ്ങാടി കിഴക്കേ പള്ളി മലിനമാക്കിയെന്നും, മമ്പുറം മഖാം തകർത്തെന്നുമുള്ള വ്യാജ വാർത്ത മലബാറിലെങ്ങും പരക്കാൻ തുടങ്ങി ലഹളയുടെ ആരംഭം ഇത്തരം വ്യാജവാർത്തകളിൽ നിന്നുമായിരുന്നു.

1921 ആഗസ്റ്റ് 20 ാം തീയതിയാണ് കാര്യങ്ങൾ പൂർണ്ണമായും കൈവിട്ടു പോകുന്നത്. അറസ്റ്റിലായ നിരപരാധികളെ വിട്ടയക്കണം എന്നാവശ്യപ്പെട്ടു ആലി മുസ്ലിയാരുടെ നേതൃത്വത്തിൽ ഒരു സംഘം കളക്ടർക്ക് നിവേദനം നൽകാൻ എത്തി. വിട്ടയക്കാമെന്നു ഉറപ്പു നൽകിയ എ.എസ്.പി റൗളി നിവേദക സംഘത്തോട് ഇരിക്കാൻ ആവശ്യപ്പെട്ടു, ആജ്ഞ അനുസരിച്ചു ആൾകൂട്ടം ഇരുന്നയുടൻ അവരെ വെടിവെച്ചു കൊല്ലാൻ ഉത്തരവിട്ടു. വെടിവെപ്പിൽ 17 മാപ്പിളമാർ കൊല്ലപ്പെട്ടതോടെ അതിരൂക്ഷമായ പോരാട്ടം നടക്കുകയും റൗളിയും ഹെഡ്കോൺസ്റ്റബിൾ മൊയ്തീനും ഉൾപെടെ 7 പട്ടാളക്കാർക്ക് ജീവഹാനി സംഭവിക്കുകയും ബാക്കിയുള്ളവർ പിന്തിരിഞ്ഞോടുകയുമുണ്ടായി. ഈ സംഭവത്തോടെയാണ് മലബാറിൽ ഖിലാഫത്തു ലഹള പൊട്ടിപ്പുറപ്പെടുന്നത്.

സ്വാതന്ത്ര്യ പ്രഖ്യാപനം

[തിരുത്തുക]
1921ൽ സ്വയഭരണത്തിലായ (മലബാർ കലാപം നടന്ന) താലൂക്കുകൾ

തോമസ് എന്ന മലബാർ ജില്ല കളക്ടറുടെ നടപടികളാണ് മലബാറിലെങ്ങും കലാപം ആളിപ്പടരാൻ കാരണമായി തീർന്നത്. ചേരൂർ മഖാം പ്രാർത്ഥനയോടെ മലബാറിൽ ലഹളകൾക്ക് സാധ്യതയുണ്ടെന്ന കലക്ടർ റിപ്പോർട്ടിനെ തുടർന്ന് മദ്രാസ് ഗവർണറുടെ പ്രതിനിധി എ.എൻ നാപ് ഓഗസ്റ്റ് 13ന് മലബാർ സന്ദർശിച്ചിരുന്നു. ലഹളകൾക്ക് തടയിടാനായി മമ്പുറം പള്ളി മമ്പുറം മഖാം എന്നിവിടങ്ങളിൽ റൈഡും അറസ്റ്റും നടത്താനുള്ള തോമസിന്റെ നീക്കത്തെ വിഡ്ഢിത്തരമെന്നു നാപ് വിശേഷിപ്പിക്കുകയും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ക്ഷണിച്ചു വരുത്തുന്നതിൽ നിന്നും മാറിനിൽക്കണമെന്നു ഉപദേശിക്കുകയും ചെയ്തു. മദ്രാസിലേക്ക് ഉടൻ മടങ്ങിയ നാപ് തോമസ് എടുത്തു ചാട്ടക്കാരനാണെന്നും നിയന്ത്രിക്കണമെന്നും ഗവർണ്ണർക്ക് റിപ്പോർട്ട് നൽകുമ്പോയേക്കും റൈഡും അറസ്റ്റും നടന്നു കഴിഞ്ഞിരുന്നു. [20]

ആഗസ്സ്റ്റ് 19 ന് കളക്ടർ തോമസ് അസി മജിസ്ട്രേട് ഹിച്ച് കോക്ക്, മിലിട്ടറി കമാന്റർ, പോലീസ് സൂപ്രണ്ട് തുടങ്ങി 100 പോലീസുകാരും 70 സൈനികരുമടങ്ങുന്ന വലിയ വ്യൂഹം മമ്പുറം കിഴക്കേ പള്ളിയിൽ റൈഡ് നടത്തിയെങ്കിലും തോമസ് ആരോപിച്ചത് പോലെ ഒരൊറ്റ ആയുധവും അവിടെയുണ്ടായിരുന്നില്ല.[21] [22]

നാപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് ശ്രദ്ധകാട്ടി തോമസ് മമ്പുറം മഖാമിൽ കയറാതെ പുഴയുടെ മറുകരയിലുള്ള കിഴക്കേപ്പള്ളിയിലാണ് പരിശോധന നടത്തിയിരുന്നത്. മാപ്പിള പോലീസുകാരെയാണ് പള്ളിക്കുള്ളിൽ കയറ്റിയത്, കയറുന്നതിനു മുൻപ് ഷൂസുകൾ അഴിച്ചു മാറ്റിയിരുന്നു താനും. പള്ളിക്ക് യാതൊരു തരത്തിലുള്ള കേടുപാടുകളോ അനാദരിക്കലോ സംഘം നടത്തിയിരുന്നുമില്ല. ആയുധങ്ങളൊന്നും കണ്ടെടുക്കാതെ മടങ്ങേടി വന്നെങ്കിലും നാപ് കാട്ടിയ ദീർഘവീക്ഷണം പുലർത്താൻ തോമസ്സിനായിരുന്നില്ല. ഏറനാട്ടിലെ സിദ്ധനായിരുന്ന മമ്പുറം തങ്ങളുടെ ആസ്ഥാനമായ മമ്പുറം പള്ളിസമുച്ചയവും, ശവ കുടീരവും ആക്രമിക്കപ്പെട്ടെന്നും, പള്ളിയെ അനാദരിച്ചു പട്ടാളം ഷൂസിട്ടു കയറിയെന്നുമുള്ള വാർത്തകൾ നാടെങ്ങും പ്രചരിച്ചു. ഇത് എരിതീയിൽ എണ്ണയൊഴിച്ചതിന് സമാനമായിരുന്നു. തുടക്കത്തിൽ സമാധാനപരമായിരുന്ന പ്രക്ഷോഭം ഈ സംഭവങ്ങളോട് കൂടി പ്രക്ഷുബ്ധമാകാൻ തുടങ്ങി.

വ്യാജ വാർത്ത പ്രചരിച്ചതോടെ കലാപം പൊട്ടി പുറപ്പെട്ടു. സർക്കാർ കച്ചേരി കൊള്ളയടിച്ചു, പോലീസ് സ്റ്റേഷനുകൾ തകർത്ത് റൈൽപാളങ്ങളും വയർലെസ്സ് വയറുകളും മുറിച്ചു മാറ്റി. [23] [24] കലാപകാരികൾ രംഗത്തിറങ്ങിയതോടെ സൈനികർ പത്മവ്യൂഹത്തിൽ അകപ്പെട്ടു സൈനികരെ ലഹളക്കാരിൽ നിന്നും മോചിപ്പിച്ച കട്ടിലശ്ശേരി മുസ്ലിയാരും ആലി മുസ്ലിയാരും കലാപ സാധ്യത ഒഴിവാക്കാൻ അറസ്റ്റു ചെയ്തവരെ വിട്ടയക്കണമെന്നു കളക്ടർ തോമസിനോട് അഭ്യർത്ഥിക്കാൻ പോയ സമയത്തായിരുന്നു റൗളിയുടെ നേതൃത്വത്തിൽ വെടിവെപ്പ് ഉണ്ടാകുന്നതും അക്രമസക്തരായി മാപ്പിളമാർ സായുധകലാപം ആരംഭിക്കുന്നതും സൈന്യം പിന്തിരിഞ്ഞോടുന്നതും. ആഗസ്റ്റ് 21 ാം തിയ്യതി ലഹള കത്തി പടർന്നതോടു കൂടി നേരിടാനാവാതെ ബ്രിട്ടീഷ് മജിസ്‌ട്രേറ്റും പോലീസും പട്ടാളവും പ്രദേശത്തു നിന്നും പിൻ വാങ്ങി. കലാപകാരികൾ ഏറനാട്ടിലെ പോലീസ് സ്‌റ്റേഷൻ, സബ് മജിസ്‌ട്രേറ്റു കോടതി, സബ് രജിസ്ട്രാർ ആഫീസ്, തപാൽ ഓഫീസ്, അംശം കച്ചേരി തുടങ്ങി സകല സർക്കാർ സ്ഥാപനങ്ങളും അക്രമിക്കുകയും പലതും തീവെച്ച് നശിപ്പിക്കുകയും ചെയ്തു. ഇതോടെ ലഹളബാധിത പ്രദേശങ്ങൾ ഒന്നാകെ ഖിലാഫത്തുകാരുടെ നിയന്ത്രണത്തിലായി. പൊന്നാനി വള്ളുവനാട് ഏറനാട് കോഴിക്കോട് താലൂക്കുകൾ കേന്ദ്രീകരിച്ചു സ്വാതന്ത്ര്യ രാജ്യ പ്രഖ്യാപനം നടന്നു. ആലിമുസ്ലിയാർ പ്രഥമ ഭരണാധികാരിയായി ചുമതലയേറ്റെടുത്തു. [25][26].

കോൺഗ്രസ് അക്രമ സമരത്തെ തള്ളി പറയുകയും ഒഴിഞ്ഞു മാറുകയും ചെയ്തതോടെ മറ്റ് അധികാര കേന്ദ്രങ്ങളുടെ അഭാവത്തിൽ അദ്ദേഹം നേരിട്ട് രാജ്യകാര്യങ്ങൾ നോക്കാൻ തുടങ്ങി. സ്വയം ഖലീഫയായി പ്രഖ്യാപിച്ചു. ഏതാനും ആഴ്ച ഖലീഫയായി അദ്ദേഹം നിലകൊണ്ടു. അദ്ദേഹത്തിനു രണ്ടര ലക്ഷത്തോളം അനുയായികൾ അനുസരണ പ്രതിജ്ഞ ചെയ്തതായും അറുപതിനായിരത്തോളം കേഡർ വളണ്ടിയർമാർ ഉണ്ടായിരുന്നതായും പറയപ്പെടുന്നു.

ആലിമുസ്‌ലിയാർ തന്റെ ഹ്രസ്വമായ ഭരണം ആരംഭിച്ചത് സർക്കാർ അനുകൂലികളായ നാലകത്തു കുഞ്ഞിപ്പോക്കർ, ആളുവളപ്പിൽ കുഞ്ഞഹമ്മദ് എന്നിവരെ പിടികൂടി വിചാരണ നടത്തി ശിക്ഷിച്ചുകൊണ്ടാണ്. ബ്രിട്ടീഷ് അനുകൂലികളായ ജന്മിമാരും ശിക്ഷിക്കപ്പെട്ടവരിൽ പെടുന്നു. 1921 ആഗസ്റ്റ് 21 ാം തിയ്യതി അദ്ദേഹത്തിന്റെ സേനാവ്യൂഹം തിരൂരിലെത്തി വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പും പിടിച്ചെടുത്തു. ഖിലാഫത്ത് പ്രക്ഷോഭകരുമായി ഉണ്ടാക്കിയ ഉടമ്പടി പ്രകാരം പോലീസും പട്ടാളവും ഈ ആയുധങ്ങൾ സുരക്ഷിതമായ ഒരു സ്ഥലത്ത് സൂക്ഷിക്കുന്നതിന് കൊണ്ടുപോകുകയായിരുന്നു.

1921 ആഗസ്റ്റ് 20ന് തിരൂരങ്ങാടിയില് വെച്ച് മാപ്പിളമാരോട് ഏറ്റുമുട്ടി ബ്രിട്ടീഷ് പട്ടാളം പിന്തിരിഞ്ഞോടിയപ്പോൾ ബ്രിട്ടനിലെ 'ലണ്ടൻ ടൈംസ്’ പത്രം നിരത്തിയ തലക്കെട്ട് ഇപ്രകാരമായിരുന്നു മലബാറിൽ ബ്രിട്ടന്റെ കാലം കഴിഞ്ഞു[27] ബ്രിട്ടീഷ് ഇന്ത്യയിലെ ഇന്റലിജന്സ് മേധാവി മോറിസ് വില്യംസ് കലാപത്തെ നേരിടുവാനായി മലബാറിലെത്തി ക്യാമ്പടിച്ചു. വെള്ളപ്പട്ടാളത്തിനു പിന്തിരിയേണ്ട അവസ്ഥ സംജാതമായപ്പോൾ ഒന്നാം ലോക മഹായുദ്ധത്തിൽ മികവ് തെളിയിച്ച കുപ്രസിദ്ധമായ ഗൂർഖ റെജിമെന്റിനെ ഏറനാട്ടിൽ ഇറക്കേണ്ടി വന്നതും അവർക്ക് കനത്ത തിരിച്ചടി നേരിട്ടതും ഇന്ത്യൻ സ്വന്ത്രത്യ സമരത്തിൽ ആദ്യത്തേതും അവസാനത്തേതുമായിരുന്നു.[28] സ്വദേശീയരുടെ കീഴിൽ ബ്രിട്ടീഷ് ഇന്ത്യയിൽ നിന്നും ഒരു ഭാഗം വേറിട്ട് സ്വാന്ത്ര്യ രാജ്യമായി മാറിയതും ആദ്യ സംഭവമായിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ബ്രിട്ടൻ നടത്തിയ ഏറ്റവും വലിയ സൈനിക നീക്കങ്ങളിലൊന്നായിരുന്നു മലബാർ കലാപവുമായി ബന്ധപ്പെട്ടു ഉണ്ടായത്.

ആറുമാസക്കാലം നീണ്ടു നിന്ന വിപ്ലവ ഭരണത്തിൽ ഒരാഴ്ചയാണ് ആലി മുസ്ലിയാരുടെ ഭരണ കാലയളവെങ്കിലും ബ്രിട്ടീഷ് രേഖകളിൽ ഒരു മാസം വരെ ആലി മുസ്ലിയാർ പ്രദേശത്തു ഭരണം നടത്തിയതായി പറയപ്പെടുന്നു[29] . ഇതിനിടെ കെ.പി. കേശവമേനോൻ, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, കെ.എം. മൗലവി സാഹിബ്, കെ.വി ഗോപാലകൃഷ്ണ മേനോൻ, പൊൻമാടത്തു മൊയ്തീൻ കോയ, കൊടുങ്ങല്ലൂർ ശേഖരമേനോൻ, ഇ. മൊയ്തീൻ മൗലവി, യു. ഗോപാലമേനോൻ, മാണിക്യത്ത് ഗോപാലമേനോൻ, കെ. മാധവമേനോൻ, ടി.വി ചന്തുക്കുട്ടി നായർ, എ.പി. മൊയ്തീൻ കോയ മധുരവനം ഗോവിന്ദക്കുറുപ്പ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രതിനിധി സംഘം ആലി മുസ്ലിയാരെ സന്ദർശിക്കുകയും ബ്രിട്ടീഷ് സർക്കാരിന് മുന്നിൽ കീഴടങ്ങാനാവിശ്യപ്പെടുകയും ചെയ്തു [30]. മുസ്‌ലിയാർ ഒന്നും പ്രതികരിച്ചില്ലെങ്കിലും ലവക്കുട്ടി, കുഞ്ഞലവി, ചെമ്പ്രശ്ശേരി തങ്ങൾ, വാരിയൻ കുന്നൻ എന്നിവർ ആ നിർദ്ദേശം തള്ളി കളഞ്ഞു. രജിസ്ട്രാർ എ പി കരുണാകര മേനോൻ ഗർഭിണിയായ തൻറെ ഭാര്യയും കുട്ടികളും ലഹള ബാധിത പ്രദേശത്ത് കുടുങ്ങിയിരിക്കുകയാണെന്നും പട്ടാളവും ലഹളക്കാരും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നതിനാൽ തനിക്ക് അവിടം പോകാൻ കഴിയുന്നില്ലെന്നുമുള്ള സങ്കടം മുസ്ലിയാരുമായി പങ്ക് വെച്ചു. ലവക്കുട്ടിയെയും സംഘത്തെയും അയച്ചു മേനോൻറെ ഭാര്യയേയും മക്കളെയും മഞ്ചക്കിൽ താങ്ങിയെടുത്ത് അവരുടെ ബന്ധു ഗൃഹത്തിലേക്ക് മുസ്‌ലിയാർ എത്തിച്ചു നൽകി. [31]

ബാംഗ്ലൂരിൽ നിന്ന് കൂടുതൽ പട്ടാളമെത്തുകയും കോഴിക്കോട് ,തിരൂർ, മലപ്പുറം എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചു തിരൂരങ്ങാടിയിലേക്കു സൈനിക നീക്കം നടത്തുകയും ചെയ്തു .ബ്രിട്ടീഷ് പട്ടാളത്തിന്റെ ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെടുന്നതിനുവേണ്ടി ഖിലാഫത്ത് അനുകൂലികൾ കലുങ്കുകൾ തകർത്തും മരങ്ങൾ മുറിച്ചിട്ടു മാർഗതടസ്സമുണ്ടാക്കിയെങ്കിലും ഫലം കണ്ടില്ല[32] .

1921 ആഗസ്റ്റ് 30- ാം തിയ്യതി അസ്തമയയത്തോടെ അത്യാധുനിക ആയുധ സജ്ജരായ ഒരു വൻസേനാ വ്യൂഹം തിരൂരങ്ങാടി കിഴക്കേ പള്ളി വളഞ്ഞു. ഇൻസ്‌പെക്ടർ ജനറൽ ആർമിറ്റേജ്, പോലീസ് സൂപ്രണ്ട് ഹിച്ച് കോക്ക്, ഡെപ്യൂട്ടി സൂപ്രണ്ട് ആമു സാഹിബ്, ലഫ്റ്റനൻറ് റാഡ് ക്ലിഫ് എന്നിവർ നേതൃത്വം നൽകിയ പോലീസ് സൈനിക ബറ്റാലിയനുകൾ, മേജർ ഹോപ് നയിച്ച രണ്ട് ബറ്റാലിയൻ ഡോർസെറ്റ് റെജിമെൻറ്, കേണൽ ഹംഫ്രിയുടെ നേതൃത്വത്തിൽ ഉള്ള സൈനിക സംഘം എന്നിവയുൾപ്പെടെ സംയുക്ത ഓപ്പറേഷനായിരുന്നു അത്. പള്ളിയുടെ മുകളിലത്തെ നിലയിൽ ആലി മുസ്ലിയാരും നൂറോളം അനുയായികളും ഉണ്ടായിരുന്നു. വെള്ളക്കൊടി പിടിച്ചു കീഴടങ്ങാൽ മുസ്ലിയാരോട് സൈന്യം ആവശ്യപ്പെട്ടു. രാവിലെ മറുപടി നൽകാമെന്ന് പള്ളിയിൽ നിന്നും അറിയിപ്പുണ്ടായി. പള്ളിക്കും ചുറ്റും പീരങ്കികൾ സ്ഥാപിച്ചു സൈന്യം കാത്തിരുന്നു. ഹദ്ദാദ് റാത്തീബ് ചൊല്ലി ചീരണി വിളമ്പി മുസ്ലിയാരും കൂട്ടരും പ്രാർത്ഥന നടത്തി.[33] പ്രഭാത നമസ്കാരത്തോടെ സൈന്യം വെടിവെക്കുകയും പള്ളിയിൽ ഉള്ളവർ കീഴടങ്ങാൻ കൂട്ടാക്കാതെ പ്രത്യാക്രമണം നടത്തുകയും ചെയ്തു. വൈകുന്നേരം വരെ പോരാട്ടം നീണ്ടു നിന്നു ഇതോടെ ക്ഷമ കേട്ട സൈന്യം പീരങ്കികൾ ഉപയോഗിച്ച് പള്ളി തകർക്കുമെന്ന് മുന്നറിയിപ്പ് നൽകി. പള്ളി തകരുന്നത് ഒഴിവാക്കാൻ ആലിമുസ്ലിയാരടക്കം 38 പേർ പട്ടാളത്തിന് മുന്നിൽ കീഴടങ്ങി.[34] 24 മാപ്പിളമാർ കൊല്ലപ്പെട്ട കിഴക്കേ പള്ളി വെടിവെപ്പിൽ ആർമി ഓഫീസർ വില്യംസ് അടക്കം 6 പേർ കൊല്ലപ്പെട്ടുവെന്ന് കാണാമെങ്കിലും[35] ബ്രിട്ടീഷ് സൈനികരിൽ എത്രപേർ മരിച്ചുവെന്ന യഥാർത്ഥ കണക്കുകൾ വ്യക്തമല്ല. ആക്രമണങ്ങൾ ഉണ്ടാകുമെന്ന ഭീതിയിൽ അറസ്റ്റിലായവരെ ഉടനെ തന്നെ കോഴിക്കോട്ടേക്ക് കൊണ്ട് പോയി. ആലിമുസ്ലിയാരെ കോഴിക്കോട്ടുവെച്ച് സ്പെഷ്യൽ ട്രൈബ്യൂണൽ വിചാരണ നടത്തി. ബ്രിട്ടീഷ് ചക്രവർത്തിക്കെതിരായി യുദ്ധത്തിലേർപ്പെട്ടു വെന്നതായിരുന്നു അദ്ദേഹത്തിൽ ആരോപിക്കപ്പെട്ട കുറ്റം. വിചാരണയെ നിസ്സംഗതയോടെ നേരിട്ട മുസ്ലിയാരും കൂട്ടരും സർക്കാർ നൽകിയ ബാലകൃഷ്ണ മേനോൻ എന്ന അഭിഭാഷകനെ നിരാകരിച്ചു. നവംബർ 2 തിയ്യതി ജെ ഡബ്ള്യു ഹ്യോഗസ്റ്റിന്റെ കീഴിലുള്ള പാനൽ അദ്ദേഹമടക്കം പത്തു പേരെ വധശിക്ഷക്ക് വിധിച്ചു, ബാക്കിയുള്ളവരെ നാടുകടത്തി. [36].

ബാക്കിയുള്ള ഖിലാഫത് പ്രവർത്തകരിൽ ലവക്കുട്ടി പരിക്ക് കാരണം മരണപ്പെട്ടു. കുഞ്ഞലവിയാകട്ടെ വലിയോറയിൽ നടന്ന പോരാട്ടത്തിൽ രക്തസാക്ഷിത്വം വരിച്ചു. സീതിക്കോയ തങ്ങളും, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും, ചെമ്പ്രശ്ശേരി തങ്ങളും,കൊന്നാര തങ്ങളും പിടിയിലായി. ഇവരെ വിചാരണ ചെയ്തു പരസ്യമായി വെടിവെച്ചുകൊന്നു. ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് എന്നീ താലൂക്കുകളിലെ 110 ഗ്രാമങ്ങളിൽ സൈന്യം തേർവാഴ്ച നടത്തി. പന്തീരായിരത്തോളം മാപ്പിളമാർ ഈ സൈനിക നീക്കത്തിൽ കൊലചെയ്യപ്പെട്ടു. ആയിരകണക്കിന് ആളുകളെ ആന്തമാൻ ദ്വീപുകളിലേക്ക് നാടുകടത്തി. എണ്ണമറ്റ മാപ്പിളമാർ ജയിൽവാസത്തിന് വിധേയരായി. യുദ്ധച്ചെലവ് ഈടാക്കുന്നതിന് വേണ്ടി സർക്കാർ മാപ്പിളമാർക്ക് കൂട്ടപ്പിഴയിട്ടു.

വധശിക്ഷയ്ക്ക് വിധിച്ച ആലി മുസ്ലിയാരെ കോയമ്പത്തൂരിലേക്ക് കൊണ്ട് പോയി. ജനക്കൂട്ടത്തിന്റെ ആക്രമണം ചെറുക്കാനും, പുണ്യാളനായ മുസ്ലിയാരുടെ ഖബറിടം തീർത്ഥാടന കേന്ദ്രമാകുന്നത് ഒഴിവാക്കാനുമായിരുന്നു അത്.

1922 ഫെബ്രുവരി 2 പുലർച്ചെ കോയമ്പത്തൂർ സെൻട്രൽ ജയിലിൽ വെച്ച് ആലി മുസ്ല്യാരെയും പന്ത്രണ്ട് അനുയായകളെയും തൂക്കിലേറ്റി.[37][38] തൂക്കിലേറ്റുന്നതിനു തൊട്ടു മുൻപാണ് മുസ്ലിയാരെ അധികാരികൾ വിവരമറിയിച്ചത്. മന്ദഹാസത്തോടെ തലകുലുക്കിയ മുസ്‌ലിയാർ വുളു എടുക്കാൻ വെള്ളം ആവിശ്യപ്പെടുകയും നമസ്കരിക്കുകയും ചെയ്തു. തുടർന്ന് വധ ശിക്ഷ നടപ്പാക്കി.[39] ഒരു വിഭാഗം ചരിത്രകാരന്മാർ പ്രദേശവാസികളെ ഉദ്ധരിച്ചു രേഖപ്പെടുത്തിയത് മുസ്‌ലിയാർ ദൈവത്തിന് സാഷ്ടാംഗം ചെയ്യുമ്പോഴാണ് മരണപ്പെട്ടതെന്നും പക തീർക്കുവാനായി മൃതദേഹത്തെയാണ് ബ്രിട്ടീഷ് സൈന്യം തൂക്കിലേറ്റിയത് എന്നുമാണ്. [40] എന്നാൽ ബ്രിട്ടീഷ് രേഖകൾ അദ്ദേഹത്തെ ജീവനോടെ തൂക്കിലേറ്റി എന്നാണ് വിവരിക്കുന്നത്.[41] കോയമ്പത്തൂരിലെ മലയാളികൾ മലബാർ മുസ്ലിം അസോസിയേഷൻ രൂപീകരിച്ച്‌ തൂക്കിലേറ്റപ്പെട്ടവരുടെ മൃതദേഹങ്ങൾ ഏറ്റു വാങ്ങി, കോയമ്പത്തൂർ സുൽത്താൻപേട്ടയിലെ മുസ്‌ലിം ശ്മശാനത്തിൽ അവരുടെ മൃതദേഹങ്ങൾ ഖബറടക്കി. 1958 ൽ കോയമ്പത്തൂരിൽ അവർക്കായി ഒരു സ്മാരകം പടുത്തുയർത്തപ്പെട്ടു.

കേരളത്തിലെ പ്രമുഖ പണ്ഡിതൻമാരിൽ ഒരാളായിരുന്ന കെ.സി. അബ്ദുല്ലക്കുട്ടി മുസ്‌ലിയാർ ആലി മുസ്ലിയാരുടെ മകനും, പ്രമുഖ ചരിത്രകാരനും പണ്ഡിതനുമായ നെല്ലിക്കുത്ത് മുഹമ്മദ് മുസ്‌ലിയാർ പൗത്രനുമാണ്[42] ഹാഷിയത്തുൽ തുഹ്ഫത്തുൽ ഇഖ്‌വാൻ ഫീ ഇൽമിൽ ബലാഖ, ശറഹു തുഹ്ഫത്തുൽ വർദ്ദിയ്യ ഫിന്നഹ്‌വ് എന്നീ മത ഗ്രന്ഥങ്ങൾ ആലി മുസ്ലിയാരുടെ തൂലികയാൽ രചയിതമായവയാണ്. [43]

യുദ്ധ തടവുകാരായ മാപ്പിളമാർ

വിവാദങ്ങൾ

[തിരുത്തുക]

ഒട്ടേറെ വിവാദങ്ങൾക്കു വഴി മരുന്നിട്ട കലാപമായിരുന്നു ആലി മുസ്‌ലിയാർ നേതൃത്വം നൽകിയ മലബാർ കലാപം ഈ കലാപത്തിന് ശേഷമാണ് മുസ്ലിം സമുദായത്തിൽ പരിഷ്ക്കരണ വാദികൾ ഉദയം ചെയ്യുന്നത്. കലാപപ്രവർത്തനങ്ങൾ മുസ്ലിം സമുദായത്തെ പിന്നോട്ട് നയിച്ചെന്നു അവർ ആരോപിച്ചായിരുന്നു അവരുടെ രംഗ പ്രവേശനം. മലബാർ ഗെസ്റ്റും അത്തരം വാദങ്ങളെ പിന്തുണയ്ക്കുന്നു . ഇവരുടെ അത്യന്തം അപകടകരമായ പ്രവൃത്തികൾ കാരണം ഒരു നൂറ്റാണ്ട് പിന്നിലേക്ക് മുസ്‌ലിം സമുദായം അധഃപതിച്ചുപോയതായി ‘മലബാർ ഗസ്റ്റ്’ ചൂണ്ടിക്കാട്ടുന്നുണ്ട് .

കലാപത്തിന് ശേഷമുണ്ടായ പരിണതി ഫലങ്ങൾ താങ്ങാനാവാതെ യാഥാസ്ഥിതിക പണ്ഡിതരും സൂഫികളും പിന്നീട് ബ്രിട്ടീഷ് സർക്കാരുമായി രഞ്ജിപ്പിലെത്തിയതും ശ്രദ്ധേയമാണ് . പതിനായിരക്കണക്കിന് അനാഥരുടെയും വിധവകളുടെയും പ്രശ്നത്തിന് പരിഹാരം കാണുകയെന്നത് അവരെ സംബന്ധിച്ചയിടത്തോളം അസാധ്യമായിരുന്നു . ഇതോടെ അടഞ്ഞ മത പാഠശാലകളും ,പുതിയ അനാഥ ശാലകളും മറ്റും തുറക്കാനായി ബ്രിട്ടീഷ് സർക്കാരുമായി അല്പകാലം കലാപവിരുദ്ധമായി നിന്ന് കൊണ്ട് തന്നെ ആവുന്ന വിധം അനീതിക്കെതിരെ പോരാടി ഉദാഹരണത്തിന് ഉപ്പു സത്യാഗ്രഹത്തിലും മറ്റും പങ്കെടുത്തു , കോൺഗ്രസ് നേതാവായ കെ.എം. മൗലവി ഇങ്ങനെ അനുസ്മരിക്കുന്നു. ആഗസ്റ്റ് 2 മുതൽ 29 വരെ തിരൂരങ്ങാടിയിലേയും സമീപപ്രദേശങ്ങളിലെയും ഹിന്ദുക്കൾ ആലിമുസ്‌ലിയാരുടെ പൂർണ്ണനിയന്ത്രണത്തിലായിരുന്നു. എന്നാൽ ആലി മുസ്‌ലിയാരും അനുയായികളും കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നനിലയിൽ പ്രവർത്തിച്ചിരുന്നില്ല. അവർ ഹിന്ദു സഹോദരന്മാരെയും അവരുടെ സ്വത്തുക്കളെയും എന്തുവിലകൊടുത്തും സംരക്ഷിച്ചു. 1921 ഒക്ടോബർ 11 ാം തിയ്യതി ബ്രിട്ടീഷ് ഗവൺമെന്റിന്റെ പബ്ലിസിറ്റി ബ്യൂറോ പുറത്തിറക്കിയ ലഘുലേഖയിൽ ആലിമുസ്‌ലിയാരെക്കുറിച്ച് ഇങ്ങനെയാണ് പറഞ്ഞിരിക്കുന്നത്: ലഹളബാധിത പ്രദേശങ്ങളിൽ സർക്കാരിന്റെ പ്രവർത്തനം താൽക്കാലികമായി തടസ്സപ്പെട്ടിരിക്കുന്നതിനാൽ മുസ്‌ലിംകൾ സ്വരാജ് കൈവന്നതായി പ്രഖ്യാപിക്കുകയും ആലിമുസ്‌ലിയാരാണ് തങ്ങളുടെ രാജാവെന്ന് വിളംബരം നടത്തുകയും ചെയ്തു. അവർ ഖിലാഫത്ത് പതാക ഉയർത്തുകയും ഏറനാടും വള്ളുവനാടും ഖിലാഫത്ത് പ്രവിശ്യകളായി പ്രഖ്യാപിക്കുകയും ചെയ്തു എന്നാണ് .

വസ്തുതകൾ എന്ത് തന്നെയായാലും ആലി മുസ്ലിയാരോ മറ്റു ഖിലാഫത്ത് നേതാക്കളോ നേരിട്ട് ഇത്തരം ഹിന്ദു വിരുദ്ധ കലാപം നടത്തിയതിനു യാതൊരു തെളിവുമില്ല എന്നത് സുവ്യക്തമത്രെ. അവർ ശിക്ഷിച്ചിരുന്നതിൽ ഭൂരിഭാഗവും ചേക്കുട്ടി സാഹിബിനെ പോലെയുള്ള ബ്രിട്ടീഷ് അനുകൂലികളായ മാപ്പിളമാരെയായിരുന്നു, നമ്പൂതിരിമാരും നായന്മാരുമായ ജന്മികളും ശിക്ഷിക്കപ്പെട്ടു എന്നതും വാസ്തവമെത്രെ[44].ഹിന്ദുക്കളായ ഒരു പാട് ആളുകൾ ഖിലാഫത് സേനയിൽ പ്രവർത്തിച്ചിരുന്നതായും ചൂണ്ടിക്കാട്ടപ്പെടുന്നു[45] . മത പരമായ കലാപമെങ്കിൽ അതെങ്ങിനെ സംഭവിക്കും എന്നും ചോദ്യമുയരുന്നു. എന്നിരുന്നാലും ഖിലാഫത്തു പ്രവർത്തകർ ചിലയിടങ്ങളിൽ ഹിന്ദുക്കളെ വക വരുത്തിയതായും , കൊള്ളയടിച്ചതായും കാണാം . ഇതിനു രണ്ടു കാരണങ്ങളാണ് ചരിത്രകാരന്മാർ പറയുന്നത്

ഒന്ന്; പ്രദേശത്തെ ജന്മികൾ നമ്പൂതിരിമാരായ ഹിന്ദുക്കളായിരുന്നു അവരാകട്ടെ ബ്രിട്ടീഷ് അനുകൂലികളും ആയിരുന്നു [46], മാപ്പിളമാർ ഭൂരി ഭാഗവും കുടിയാന്മാരും ബ്രിട്ടീഷ് വിരുദ്ധരുമാണ്[47] ഈയൊരു ആശയ വൈരുദ്ധ്യം ആക്രമണങ്ങൾക്കു പ്രചോദിതമായിരുന്നേക്കാം. രണ്ടാമത്തെ ഘടകം ഏറനാട്ടിലെ മാപ്പിളമാർ ഏറെയും കീഴ് ജാതിക്കളായ പുലയ -പറയ- മുക്കുവ- ചെറുമ വിഭാഗങ്ങൾ ജന്മികളുടെ പീഡനത്തിൽ നിന്നും രക്ഷ നേടാൻ മതം മാറിയവരാണ്[48]. നൂറ്റാണ്ടുകളായി അടക്കി വെച്ച പക അവസരമൊത്തു വന്നപ്പോൾ വിനിയോഗിച്ചിരിക്കാം.

ഇവയും കാണുക

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. Salahudheen, O P. Anti_European struggle by the mappilas of Malabar 1498_1921 AD (PDF). p. 8. Archived from the original (PDF) on 2020-06-10. Retrieved 10 നവംബർ 2019.
  2. Muhammed Rafeeq, T. Development of Islamic movement in Kerala in modern times (PDF). Abstract. p. 3. Archived from the original (PDF) on 2020-04-07. Retrieved 14 നവംബർ 2019.
  3. DICTIONARY OF MARTYRS INDIA’S FREEDOM STRUGGLE (1857-1947) Volume 5 (PDF). MINISTRY OF CULTURE, GOVERNMENT OF IDNIA AND INDIAN COUNCIL OF HISTORICAL RESEARCH. 2018. p. 7. Archived from the original (PDF) on 23 August 2021. Retrieved 23 August 2021. {{cite book}}: |archive-date= / |archive-url= timestamp mismatch; 22 ഓഗസ്റ്റ് 2021 suggested (help)
  4. പ്രബോധനം വാരിക, 2010 നവംബർ 13[പ്രവർത്തിക്കാത്ത കണ്ണി]
  5. പ്രതിരോധത്തിൻറെ വേരുകൾ,പേജ് 49, സൈനുദ്ദീൻ മന്ദലാംകുന്ന്.തേജസ് പബ്ലിക്കേഷൻ,കോഴിക്കോട്
  6. തേജസ് ദിനപത്രം ശേഖരിച്ചത്ഫിബ്രുവരി 17 ഞായർ
  7. ആലി മുസ്‌ലിയാർ വിപ്ലവകാരിയായ മതപണ്ഡിതൻ ഡോ. കെ.ടി ജലീൽ
  8. മുഹമ്മദ് റഫീഖ്. Development of Islamic movement in Kerala in modern times (PDF). Islahi Movement. p. 115. Retrieved 24 ഒക്ടോബർ 2019.
  9. ആലി മുസ്‌ലിയാർ ദേശ വ്യവഹാരങ്ങൾക്കും ബ്രിട്ടീഷ് ആഖ്യാനങ്ങൾക്കുമിടയിൽ ശിഹാബ് പൂക്കോട്ടൂർ
  10. ദ മാപ്പിള റെബല്ലിയൻ;പുറം 45 "The Mapilla Rebellion : 1921-1922". Retrieved 2015-10-06. {{cite web}}: Check |url= value (help)
  11. As related in the Judgment in Case No. 7/2 I, quoted by Gopalan Nair, Moplah Rebellion, p. I9
  12. Hitchcock, Malabar Rebellion, p. 29
  13. Hitchcock, Malabar Rebellion, p. 29
  14. Mitaz>sdi (Calicut), 7 February I92I, cited in Report of English Papers examinedby the Criminal Investigation Department, Madras, and on Vernacular PapersExamined by the Translations to the Government of Madras (hereafter noted as Newspaper :Reports), No. 8 of I92I, pp. 230-I.
  15. As related in the Judgment in Case No. 7/2 I,
  16. Gopalan Nair, Moplah Rebellion, p. I9,
  17. Hitchcock, Malabar Rebellion, p. 29
  18. As related in the Judgment in Case No. 7/2 I, quoted by Gopalan Nair
  19. Hitchcock, Malabar Rebellion, p. 29
  20. G.R.F Thottenham, Mappilla Rebellion 1921-22,p.33
  21. മലബാർ കലാപം എം ഗംഗാധരൻ p.121.
  22. K.K.Muhammad Abdul Kareem,1921 le Khilafat Lahalayum Ali Musaliyarum(Mal)
  23. Telegram from the personal Assistant to the Collector of Malabar, dated 20th August,1921, cited inG.R.F. Tottenham,op.cit.,p.54
  24. Telegram from the District Magistrate, Malabar, dated 21st August 1921, cited inG.R.F.Tottenham,op.cit.,p.54
  25. 8 Letter from Thomas to the Government of Madras, dated Calicut, August I6,
  26. C. Gopalan Nair. Moplah Rebellion, 1921. p. 76. Retrieved 28 ജനുവരി 2020. He became a Khilafat leader, on the introduction of the Khilafat movement, was installed as khilafat King on the 22nd August 1921 at the Jamat Mosque
  27. മലബാർ കലാപം എം ഗംഗാധരൻ p.122
  28. http://www.kerala.gov.in -> History -> Malabar Rebellion
  29. March 7, I922. I.O.R.: L/P&J/6/I769x item589I (I92I).
  30. . p. Kesava Menon, 'Crusading for a Cause,' in I92I Movement: Reminiscen
  31. മലബാർകലാപം, കെ. മാധവൻ നായർ, മാതൃഭൂമി ബുക്സ്
  32. Rawlinson Report, p. 5
  33. ഒരു മാപ്പിള ഗറില്ലയുടെ ഡയറിക്കുറിപ്പുകൾ/ചരിത്രരേഖ/ അബ്ബാസ് കാളത്തോട്/ ശേഖരിച്ചത് 31st August 2015
  34. പ്രതിരോധത്തിൻറെ വേരുകൾ പേജ് 50-51, സൈനുദ്ദീൻ മന്ദലാംകുന്ന്.തേജസ് പബ്ലിക്കേഷൻ ,കോഴിക്കോട്
  35. ALI MUSLIYAR SCHOLAR TURNED FREEDOM FIGHTER-MALABAR.Hussain Randathani.page:8
  36. Rawlinson Report, pp. 3-4; Gopalan Nair, Moplah Rebellion, pp. 36-7, 76. In a brief biography of the rebel leader, it is claimed that he died a natural death, on February I7, I922, before the sentence was executed. K. A. Mohamed, sAli Musaliar,' Charitham, No. 4 (October-December I97 I )n p. I I 2.
  37. കെ. മാധവൻ, നായർ. മലബാർ കലാപം. മാതൃഭൂമി ബുക്സ്. p. 193. Retrieved 29 ജൂൺ 2019.
  38. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-07-17. Retrieved 2012-08-29.
  39. Gopalan Nair, Moplah Rebellion, pp:36-37
  40. കെ എ മുഹമ്മദ്, ആലി മുസ്‌ലിയാർ ചരിത്രം 1971. p 112
  41. rawlinson report pp 3-4
  42. [1]
  43. മലയാളത്തിലെ മഹാരഥന്മാര്- നെല്ലിക്കുത്ത് മുഹമ്മദലി മുസ്ലിയാര്, ഇര്ഷാദ് ബുക്ക് സ്റ്റാള്, കോഴിക്കോട്
  44. A Short History of the Peasant Movement in Lerala (Bombay: People's Publishing House, I 943), p* I v
  45. madras Mail, December I 7, I 92 I, p. 7, and December I 9, I 92 I, p. 7. 99 Report on Malabar ASairs, August I 8, I 92 I, in Tottenham, Mapilla Rebellion, p 34
  46. Highlights on Moplah Rebellion in Malabar (1921)!
  47. Madras Mail, August I, I92In p. 6. In that same issue, the Msal related Sa curious story . . . of a Walluvanad jenmi who, having lost a brass vessel, adopted the device of indemnifying himself by fining all his tenants in sums equivalent to the value of the stolen article.'
  48. Innes, Malabar, p. 26.
"https://ml.wikipedia.org/w/index.php?title=ആലി_മുസ്‌ലിയാർ&oldid=3964234" എന്ന താളിൽനിന്ന് ശേഖരിച്ചത്