Jump to content

ആൾക്കൂട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആൾക്കൂട്ടം (നോവൽ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആൾക്കൂട്ടം
Cover
കർത്താവ്ആനന്ദ്
ഭാഷമലയാളം
സാഹിത്യവിഭാഗംനോവൽ

ആനന്ദിന്റെതായി പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ നോവലാണ് ആൾക്കൂട്ടം.മലയാള നോവൽ സാഹിത്യചരിത്രത്തിലെ ഒരു വഴിത്തിരിവായി കരുതപ്പെടുന്ന പ്രസ്തുത ഗ്രന്ഥം 1970-ൽ പ്രസിദ്ധീകരിക്കപ്പെട്ടു.[1]

മലയാള നോവൽ സാഹിത്യചരിത്രത്തിലെ ഒരു വഴിത്തിരിവായി കരുതപ്പെടുന്ന നോവൽ

“വിക്ടോറിയ ടെർമിനസ്സിലെ പ്ലാറ്റ്‌ഫോമുകളിലൊന്നിൽ ഒരു വണ്ടിവന്നു നിന്നു. താഴ് വരകളും മരുഭൂമികളും താണ്ടിയും നാട്ടിൻപുറങ്ങളെമറിച്ചും നഗരങ്ങളെതുളച്ചും ദിവസങ്ങളോളം കിതച്ചോടി വണ്ടി.  ഇപ്പോൾ ടെർമിനസ്സിലെ ബഫറുകളിൽ മുട്ടി അതു വിശ്രമിച്ചു.

വണ്ടിനിന്നതോടെ അതിന്റെ വാതിലുകളിൽക്കൂടിയും ജനലുകളിൽക്കൂടിയും മനുഷ്യർ ധിറുതിപിടിച്ചു പുറത്തു ചാടാൻതുടങ്ങി.  കരിയുംപൊടിയുംപറ്റി കറുത്ത മനുഷ്യർ.  ചിരിയും അമ്പരപ്പും മ്ലാനതയും അവരുടെ മുഖത്ത് ഇടകലർന്നു. ഭാഷയോ ആശയങ്ങളോ ഇല്ലാത്ത ഇരമ്പൽ.  വണ്ടിനിന്നപ്പോൾ അതിൽനിന്ന് അടർന്നുപോന്ന ആ ജീവിതത്തിന്റെ തുണ്ടുകൾ അതിന്റെ ചലനത്തെയും ശബ്ദത്തെയും ഏറ്റുവാങ്ങിയതുപോലെ; പക്ഷേ ലക്ഷ്യം കിട്ടാത്തതുപോലെ അവർ പ്ലാറ്റ്‌ഫോമിൽ നിന്നു തിളച്ചതേയുള്ളു….!”

ആനന്ദിന്റെതായി പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ നോവലാണ് ആൾക്കൂട്ടം. മലയാള നോവൽ സാഹിത്യചരിത്രത്തിലെ ഒരു വഴിത്തിരിവായി കരുതപ്പെടുന്ന ഈ നോവൽ 1970ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. അന്നുവരെയുണ്ടായിരുന്ന നോവൽസങ്കല്പത്തിനു മാറ്റം വരുത്തുന്നതായിരുന്നു ആനന്ദിന്റെ ഈ നോവൽ. അതുവരെ കഥാപാത്രങ്ങൾ എന്ന ചെറിയ സ്ഥലത്തുനിന്നും സമൂഹം എന്ന വിശാല ഇടത്തിലേക്ക് വികസ്വരമാകുന്ന നോവൽ ഘടനയായിരുന്നുണ്ടായിരുന്നത്. ഒരു കേന്ദ്രത്തിൽനിന്നും വിസ്തൃതിയിലേക്ക് ചലിക്കുന്ന തിരമാലകളുടെ ചക്രവ്യൂഹങ്ങൾ നോവലുകളുടെ പൊതു സ്വഭാവം ആയിരുന്നു. ഈ ഒരു അവസ്ഥയിലേക്കാണ് ആനന്ദിന്റെ നോവലുകൾ വരുന്നത്‌

ആഖ്യാനത്തിൽ നോവൽ പിന്തുടർന്നു വന്ന ഈ യാത്രയുടെ നേരേ വിപരീതദിശയിൽ സഞ്ചരിക്കാനാണ് ആനന്ദ് ശ്രമിച്ചത്. നോവലിന്റെ വ്യക്തികേന്ദ്രിതമോ കുടുംബകേന്ദ്രിതമോ ആയ ഘടനയിൽനിന്നും വിടുതി നേടി വൈവിധ്യം നിറഞ്ഞ സമൂഹത്തെ ഒരേയൊരു ആഖ്യാനകേന്ദ്രമാക്കി എന്നതാണ്ആനന്ദ് ചെയ്ത മാറ്റം. അതായത്, രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും പ്രശ്‌നങ്ങൾ മുഖ്യമായി നിൽക്കുകയും അതിന്റെ സ്വാധീനത്തിൽ കഴിയേണ്ടിവരുന്ന വ്യക്തികൾ കഥാപാത്രങ്ങളാവുകയും ചെയ്യുന്നത് ആനന്ദിന്റെ നോവലുകളിൽ കാണാം. നോവലിന്റെ അകത്തേയ്ക്ക് കടക്കാൻ വിപുലമായ ഈ മേഖലയെക്കുറിച്ചുള്ള സാമാന്യ ബോധം ഉണ്ടായിരിക്കണം. ആൾക്കൂട്ടത്തിന്റെ രചനാവേളയെക്കുറിച്ച് പറയുന്ന ഒരു സന്ദർഭത്തിൽ ആനന്ദ് ഇക്കാര്യം വ്യക്തമാക്കുന്നത് ഇങ്ങനെയാണ്. ‘മനുഷ്യജീവിതത്തെ ആകെ ഉൾക്കൊള്ളുന്ന ഒരു ആശയം ഫിലോസഫി എന്നു പറയാൻ ഭയമാണ് കുറെ നാളായി ഞാൻ തട്ടിയും മുട്ടിയും നോക്കിക്കൊണ്ടിരിക്കുന്നു. നഷ്ടപ്പെട്ടു പോകാതിരിക്കാൻ, അതിനെ ഈയിടെ ഒരു ലേഖനത്തിന്റെ രൂപത്തിലാക്കാൻ ശ്രമിച്ചു. ആൾക്കൂട്ടം അതിന്റെ ഒരു വശമേ ആകുന്നുള്ളൂ.”

സമൂഹത്തെ പൊതുവെ ബാധിക്കുന്ന രാഷ്ട്രീയ ദാർശനിക പ്രശ്‌നങ്ങളെ മുഖ്യമാക്കി നിറുത്തുകയും അത് നിരന്തരം അലട്ടുന്ന ഒരുകൂട്ടം മനുഷ്യരെ അവതരിപ്പിക്കുകയുമാണ് ആനന്ദ് ചെയ്തത്. ഒന്നിലധികം കഥാതന്തുക്കളെ പിരിച്ചുകെട്ടിയാണ് ആനന്ദ് ‘ആൾക്കൂട്ടം‘ നിബന്ധിച്ചിരിക്കുന്നത്. ഒരു കഥ ജോസഫിന് രാധയോടു തോന്നുന്ന താൽപര്യമാണ്. മറ്റൊന്ന് ലളിതയോടു സുനിലിനു തോന്നുന്ന സ്‌നേഹമാണ്. പ്രേമിന്റെ കഥ മൂന്നാമത്തേത്. നാലാമത്തേത് സുന്ദറിന്റെ കഥയാണ്. പിന്നെയുമുണ്ട് ഉപകഥകൾ… പ്ലോട്ടുകളുടെ ബാഹുല്യത്തിലും ഇതു മറ്റു നോവലുകളെക്കാൾ മുന്നിട്ടു നിൽക്കുന്നതാണ്. കെ പി അപ്പൻപറഞ്ഞതുപോലെആൾക്കൂട്ടത്തിന്റെ തിരക്കിൽ ശ്വാസംമുട്ടിമരിക്കാൻ വിധിക്കപ്പെട്ടവരുടെ യാതനകൾ അപഗ്രഥിച്ച് അസ്തിത്വവ്യഥ്യയുടെ നീങ്ങിപ്പോകാത്ത നിത്യാധിപത്യത്തെക്കുറിച്ച് ആനന്ദ് തയ്യാറാക്കിയ വിപുലമായ രേഖകളാണ് ആൾക്കൂട്ടം…


അവലംബം

[തിരുത്തുക]
  1. ആനന്ദ് (2010) ആൾക്കൂട്ടം, ഡി.സി.ബുക്സ്, കോട്ടയം,
"https://ml.wikipedia.org/w/index.php?title=ആൾക്കൂട്ടം&oldid=3241265" എന്ന താളിൽനിന്ന് ശേഖരിച്ചത്