Jump to content

ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഐ.എൻ.എസ്. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Indian Newspaper Society
ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി
രൂപീകരണം1939
Location
വെബ്സൈറ്റ്INS Official website

പത്രമാസികകളുടെ പ്രചാര കണക്കുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന സ്വതന്ത്ര ഏജൻസിയാണ് ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി (ഐ.എൻ.എസ്.) (Indian Newspaper Society). ഇന്ത്യൻ ആൻഡ് ഈസ്റ്റേൺ ന്യൂസ് പേപ്പർ സൊസൈറ്റി (ഐ.ഇ.എൻ.എസ്.) എന്നായിരുന്നു ആദ്യ പേര്. ലണ്ടൻ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. സ്റ്റേറ്റ്സ്മാൻ പത്രാധിപരായിരുന്ന ആർതർ മൂറായിരുന്നു ആദ്യ ചെയർമാൻ. പത്ര സ്വാതന്ത്ര്യത്തിനു വേണ്ടി നില കൊള്ളുന്ന ഐ.എൻ.എസ്. സ്ഥാപിക്കപ്പെട്ടത് 1930 ലാണ്. ഡൽഹിയിലാണ് ആസ്ഥാനം. ശൈലേഷ് ഗുപ്തയാണു ഇപ്പോഴത്തെ ചെയർമാൻ.

ഇന്ത്യയിലെ ന്യൂസ്‌പേപ്പർ ഉടമകളുടെ സംഘടനയെ ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി അഥവാ അഖിലേന്ത്യാ പത്രാധിപസംഘടന എന്നുവിളിക്കുന്നു. 1927 -ൽ ഇന്ത്യ, ബർമ(മ്യാൻമർ), സിലോൺ(ശ്രീലങ്ക) എന്നീ രാജ്യങ്ങളിലെ പത്രമുടമകൾ ചേർന്ന് ലണ്ടൻ ആസ്ഥാനമാക്കി ആരംഭിച്ച ഈ സ്ഥാപനം 1935 -ൽ ഇന്ത്യൻ ആൻഡ് ഈസ്റ്റേൺ ന്യൂസ് പേപ്പർ സൊസൈറ്റി (IENS) ആയി പുനഃസംഘടിപ്പിക്കപ്പെട്ടു. ഒരു പത്രം പ്രസിദ്ധീകരിക്കുന്നതു സംബന്ധിച്ച നിർമ്മാണപരമായ കാര്യങ്ങൾ ദ്രുതഗതിയിലും ഫലപ്രദമായും നിർവഹിക്കുന്നതിന് കൂട്ടായി തീരുമാനമെടുത്ത് പ്രവർത്തിക്കുന്നതിനുള്ള ഒരു കേന്ദ്ര സംഘടനയായിട്ടാണ് ഇത് രൂപകല്പനചെയ്യപ്പെട്ടിരിക്കുന്നത്. ന്യൂഡൽഹിയിലെ സ്റ്റേറ്റ്സ് മാൻ ഹൗസിൽ അന്നത്തെ സ്റ്റേറ്റ്സ്മാൻ എഡിറ്റർ ആർതർ മൂറിന്റെ അധ്യക്ഷതയിൽ 1939 ഫെബ്രുവരി 27-ന് സംഘടനയുടെ ഉദ്ഘാടനം നടന്നു. അന്ന് 14 പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളുടെ ഉടമകൾ ഇതിൽ സംബന്ധിച്ചിരുന്നു. സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ 1947-ൽ 11 അംഗങ്ങളുണ്ടായിരുന്നെങ്കിലും അംഗസംഖ്യ വർദ്ധിച്ചതോടെ ഇതിന്റെ എണ്ണവും പുതുക്കി. ഇന്ന് കുറഞ്ഞത് പതിനഞ്ചും കൂടിയത് അൻപതും ആയി ഇത് നിശ്ചയിച്ചിട്ടുണ്ട്. 1947-ൽ ബോംബെയിലും മഹാരാഷ്ട്രയിലും കർണാടകയിലും സൊസൈറ്റിയുടെ പ്രാദേശിക കമ്മിറ്റികൾ നിലവിൽ വന്നു. ഇപ്പോൾ ഈ സംഘടനയ്ക്ക് 14 പ്രാദേശിക കമ്മിറ്റികളുണ്ട്. ഇതിനു പുറമേ പരസ്യം, ന്യൂസ് പ്രിന്റ്, ബിൽഡിംഗ് ഫിനാൻസ്, വ്യാവസായിക ബന്ധവും നിയമകാര്യങ്ങളും പത്രസ്വാതന്ത്യ്രം, ടെക് നോളജിയും ആധുനികവൽക്കരണവും, പരസ്യദാതാക്കളുമായി കൂടിയാലോചന നടത്തൽ, പ്രസ്സ്, പീരിയോഡിക്കൽസ്, പ്രോജക്റ്റുകൾ, ഇവന്റ്സ്, ചെറുകിട-മീഡിയം പത്രങ്ങൾ എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് വെവ്വേറെ കമ്മിറ്റികളെയും നിയോഗിച്ചിട്ടുണ്ട്. 1988 ജനുവരിയിൽ സംഘടനയുടെ പേരിൽ നിന്നും ഈസ്റ്റേൺ ഒഴിവാക്കുകയും സംഘടനയുടെ നാമം ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി എന്നാക്കി പരിഷ്കരിക്കുകയും ചെയ്തു. 1999-2000-ൽ സൊസൈറ്റിയിലെ അംഗസംഖ്യ 709 ആയിരുന്നു.

തുടക്കത്തിൽ സൊസൈറ്റി കാര്യദർശിയുടെ പേര് സെക്രട്ടറി എന്നായിരുന്നെങ്കിലും 1997-ൽ സെക്രട്ടറി ജനറൽ എന്ന് ഭേദഗതി ചെയ്തു. മാസിക, വാരിക തുടങ്ങിയ ആനുകാലികങ്ങളുടെ ഉടമകൾക്കും ഇതിൽ അംഗമാകാം. 1938-ൽ ലണ്ടനിലെ റോയിട്ടർ ന്യൂസ് ഏജൻസി വിഭാഗം പത്രങ്ങൾക്ക് ന്യൂസ് സർവീസ് നല്കിപ്പോന്നിരുന്നു. പിന്നീട് റോയിട്ടറിന്റെ ഭരണവ്യവസ്ഥകളിൽ മാറ്റം വന്നതോടെ ഈ സേവനം അസോസിയേറ്റഡ് പ്രസ് ഒഫ് ഇന്ത്യ (API) ഏറ്റെടുത്തു. തുടർന്ന് 1946-ൽ പ്രസ് ട്രസ്റ്റ് ഒഫ് ഇന്ത്യ (PTI) എന്ന പേരിൽ ഒരു സ്വതന്ത്രകമ്പനി ആരംഭിക്കാനും അതിന്റെ ഡയറക്ടർ ബോർഡിനെ നിശ്ചയിക്കാനും സൊസൈറ്റി തീരുമാനിച്ചു. പരസ്യ ഏജൻസികൾക്ക് അംഗീകാരം നൽകുന്നതിനുള്ള ചട്ടങ്ങൾ സൊസൈറ്റി നിർണയിക്കുകയും അവർക്ക് അനുവദിക്കേണ്ട കമ്മിഷൻ നിരക്കുകൾക്ക് വ്യവസ്ഥ ഉണ്ടാക്കുകയും ചെയ്തു. അക്രഡിറ്റഡ് പരസ്യ ഏജൻസികൾ നല്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്ന പത്രങ്ങൾക്ക് കമ്മിഷൻ കഴിച്ചുള്ള തുക കൃത്യമായി നൽകുന്നുണ്ടോ എന്ന് എല്ലാ മാസവും പരിശോധിക്കാനായി പ്രത്യേകം റിവ്യൂ കമ്മിറ്റികൾ ഏർപ്പെടുത്തിയിട്ടുണ്ട്. ന്യായമായ വിലയ്ക്ക് ന്യൂസ് പ്രിന്റ് പത്രങ്ങൾക്ക് കൃത്യമായി ലഭ്യമാക്കുക എന്ന പ്രധാനപ്പെട്ട ചുമതലയും സൊസൈറ്റിയിൽ നിക്ഷിപ്തമാണ്. ന്യൂസ് പ്രിന്റിന്റെ ഇറക്കുമതിക്കാര്യത്തിൽ പത്രമുടമകൾ നേരിടേണ്ടിവന്ന പല തടസ്സങ്ങളും ബുദ്ധിമുട്ടുകളും പരിഗണിച്ച് 1995 മേയ് മുതൽ ഈ ഉത്പന്നം ഓപ്പൺ ജനറൽ ലൈസൻസിന്റെ പരിധിയിൽ സർക്കാർ കൊണ്ടുവരികയും യഥാർഥ ഉപഭോക്താവിന് അത് ഇറക്കുമതി ചെയ്യാൻ അനുവാദം നല്കുകയും ചെയ്തു. ഇന്ത്യയിലെ 56 ന്യൂസ് പ്രിന്റ് മില്ലുകളിലായി 9.5 ലക്ഷം ടൺ പത്രക്കടലാസ് പ്രതിവർഷം ഉത്പാദിപ്പിക്കുന്നുണ്ട്. ഇവയും ന്യായവിലയ്ക്ക് പത്ര സ്ഥാപനങ്ങൾക്ക് ലഭ്യമാക്കാൻ സൊസൈറ്റി ബാധ്യസ്ഥമാണ്. ചാരിറ്റബിൾ സ്ഥാപനമായി രജിസ്റ്റർ ചെയ്തിട്ടുള്ള ഈ സൊസൈറ്റിയെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇതും കാണുക

[തിരുത്തുക]

അഖിലേന്ത്യാ പത്രാധിപസംഘടന

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]