ഒടുവിൽ കുഞ്ഞിക്കൃഷ്ണമേനോൻ
വെൺമണിപ്രസ്ഥാനത്തിലും പച്ചമലയാളപ്രസ്ഥാനത്തിലും ശ്രദ്ധേയമായ സംഭാവനകൾ നല്കിയ വ്യക്തിയാണ് ഒടുവിൽ കുഞ്ഞിക്കൃഷ്ണമേനോൻ. കവി, കഥാകൃത്ത്, നിരൂപകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലെല്ലാം അദ്ദേഹം പ്രസിദ്ധിനേടിയിരുന്നു.

ജീവചരിത്രം
[തിരുത്തുക]വടക്കാഞ്ചേരിക്കടുത്ത എങ്കക്കാട് എന്ന ഗ്രാമത്തിൽ കൊല്ലവർഷം 1045 തുലാം 15ന് (1869 ഒക്ടോബർ 26) തിരുവാതിര നക്ഷത്രത്തിൽ ജനിച്ചു. ആലത്തൂർ മനയ്ക്കൽ ദാമോദരൻ നമ്പൂതിരിപ്പാടാണ് അച്ഛൻ. ഒടുവിൽ കുഞ്ഞിക്കുട്ടിയമ്മയാണ് മാതാവ്. സാഹിത്യകാരന്മാരായ ആലത്തൂർ അനുജൻ(കൃഷ്ണൻ) നമ്പൂതിരിപ്പാട്, പാലിയത്ത് ചെറിയ കുഞ്ഞുണ്ണി അച്ഛൻ എന്നിവർ സഹോദരന്മാരാണ്. വടക്കാഞ്ചേരി ഗ്രാന്റ് സ്കൂൾ, തൃശ്ശിവപേരൂർ മിഷൻ സ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജിൽ എഫ്.എയ്ക്കു ചേർന്നു. തിരുവനത്തപുരം രാജകീയ കലാലയത്തിൽ നിന്നും 1898ൽ ബി.എ ബിരുദവും നേടി. ഭാഷാകവികളിലെ ആദ്യത്തെ ബി.എക്കാരനാണ് ഒടുവിൽ കുഞ്ഞിക്കൃഷ്ണ മേനോൻ[1]
ബിരുദം നേടുന്നതിനിടയിൽ കുറച്ചുകാലം അധ്യാപകനായും ജോലിനോക്കിയിരുന്നു. ഇദ്ദേഹത്തിന്റെ കാലമാവുമ്പോഴേക്കും ഒടുവിൽ തറവാട് സാമ്പത്തികമായി ക്ഷയിച്ചിരുന്നതിനാൽ, ജോലിചെയ്തും സുഹൃത്തുക്കളുടെ സഹാത്തോടെയുമാണ് ഇദ്ദേഹം പഠനംപൂർത്തിയാക്കിയത്. കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ പിന്തുണയും ലഭിച്ചിരുന്നു.
പഠനം പൂർത്തിയാക്കിയ ഉടൻതന്നെ എറണാകുളം ഹജൂർകച്ചേരിയിൽ ഗുമസ്തനായി സർക്കാര് ജോലിയിൽ പ്രവേശിച്ചു. തുടർന്ന് പടിപടിയായി ഉയർന്ന് തഹസിൽദാരായി. എറണാകുളം (കൊച്ചി സംസ്ഥാനം) തഹസീൽ മജിസ്ട്രേറ്റ് ആയിരിക്കെ 1091 ഇടവം 4ന് (1916 മേയ് 18) പ്രമേഹ രോഗം മൂലം അദ്ദേഹം അന്തരിച്ചു.
ഇട്ട്യാണത്ത് മൂകാംബിക അമ്മയായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യ ജീവിതപങ്കാളി. അവരുടെ മരണത്തിന് ശേഷം ആളത്ത് പുത്തൻ വീട്ടിൽ ചിന്നമ്മു അമ്മയെയും അവരുടെയും മരണത്തിനുശേഷം ആച്ചാട്ടിൽ കൊച്ചുകട്ടി അമ്മയെയും ഇദ്ദേഹം വിവാഹം ചെയ്തു. ഈ മൂന്ന് ദാമ്പത്യത്തിലുമായി മൂന്ന് പെൺമക്കളും ഒരു മകനുമാണ് ഇദ്ദേഹത്തിന് മക്കളായി ഉണ്ടായിരുന്നത്. ആദ്യത്തെ രണ്ട് ഭാര്യമാരുടെ അകാലചരമം ഇദ്ദേഹത്തെ മാനസികമായി തളർത്തിയിരുന്നു. സുഖകരമായ കുടുംബജീവിതം ഇദ്ദേഹത്തിനു് ലഭിച്ചിരുന്നില്ലെന്നുതന്നെ പറയാം. മാത്രമല്ല ജന്മനാ അന്ധനായ അനുജൻ ശങ്കരൻകുട്ടി മേനോനും ഇദ്ദേഹത്തിന്റെ സ്വകാര്യ വേദനയായിരുന്നു. തന്നെക്കാൾ പതിന്നാലു വയസ്സിന് ഇളയവനായ ശങ്കരൻകുട്ടി മേനോനെ പഠിപ്പിക്കുകയും കവിതയെഴുതാൻ പ്രോത്സാഹിപ്പിക്കുകയും മരണം വരെ കൂടെത്താമസിപ്പിക്കുകയും ചെയ്തു ഒടുവിൽ കുഞ്ഞിക്കൃഷ്ണ മേനോൻ.
സാഹിത്യജീവിതം
[തിരുത്തുക]കവിത, ചെറുകഥ, നോവൽ, പ്രഹസനം, നിരൂപണം തുടങ്ങി വിവധ സാഹിത്യരൂപങ്ങളിൽ അദ്ദേഹം കൃതികളെഴുതിയിരുന്നു. രാജസ്തുതികൾ, സ്തോത്രകൃതികൾ തുടങ്ങിയ സാമ്പ്രദായിക കാവ്യശൈലിയിതുടങ്ങി വെൺമണി പ്രസ്ഥാനം തുടങ്ങിവച്ച ശൈലീപരവും ഭാഷാപരവുമായ പുതുവഴിയിലൂടെ ആധുനിക സാഹിത്യ പ്രസ്ഥാനങ്ങളായ ചെറുകഥയിലും നോവലിലും എത്തിനിൽക്കുന്ന അനുക്രമമായ വളർച്ച ഇദ്ദേഹത്തിന്റെ സാഹിത്യത്തിൽ കാണാവുന്നതാണ്. ആദ്യകാല കൃതികളിലെ സംസ്കൃത പ്രഭാവം ക്രമേണ കുറഞ്ഞ് ആംഗലപ്രഭാവം കൂടിവരുന്നതു കാണാം. ഫലിതരസം തുളുമ്പുന്നവയാണ് ഒടുവിലിന്റെ മിക്ക കൃതികളും. 'ദ്രഷ്ടവ്യൻ' എന്ന പദം പ്രയോഗിക്കുവാൻ താൻ അധികാരിയല്ലെന്നും 'കാണവ്യൻ' എന്ന പദമാണ് തന്റെ സംസ്കൃത വ്യുല്പത്തിക്ക് ചേരുന്നതെന്നും തന്റെ സംസ്കൃത ജ്ഞാനത്തെ ഒടുവിൽ വിലയിരുത്തുന്നതിലും ഈ ഫലിതരസികത്വം കാണാം.
രാമരാജൻ എന്ന മാസികയുടെ പത്രാധിപർ എന്ന നിലയിൽ പത്രപ്രവർത്തനരംഗത്തും ഒടുവിൽ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.[2] മൂലൂർ എസ്. പദ്മനാഭപ്പണിക്കരുടെ കവിരാമായണത്തെ ആസ്പദമാക്കി അക്കാലത്തെ പത്രപംക്തികളിലൂടെ നടന്ന വാദപ്രതിവാദങ്ങളിൽ ഒടുവിൽ കുഞ്ഞിക്കൃഷ്ണ മേനോൻ പ്രധാന പങ്കുവഹിച്ചിരുന്നു. 1893ൽ കോഴിക്കോട്ടു നടന്ന ഭാഷാപോഷിണിസഭയിലെ കവിതാമത്സരത്തിൽ സമ്മാനം കിട്ടിയത് ഒടുവിലിനായിരുന്നു. ധാരാളം ഒറ്റശ്ലോകങ്ങളും ഇദ്ദേഹത്തിന്റെതായിട്ടുണ്ട്.
കൃതികൾ
[തിരുത്തുക]സ്തോത്രകൃതികൾ
[തിരുത്തുക]- ദേവീസ്തവം
- ആര്യാഗീതി
- ശ്രീസുബ്രഹ്മണ്യ സ്തോത്രം
ഖണ്ഡകൃതികൾ
[തിരുത്തുക]- വിനോദിനി
- ലക്ഷ്മീവിലാസശതകം
- ഒരു പൊല്ലീസ് ഇൻസ്പെക്ടരുടെ വധം
- ഒരു പതിവ്രതയുടെ കഥ
- കുംഭകോണയാത്ര - (പദ്യത്തിലുള്ള യാത്രാവിവരണം)
- മദിരാശി കടൽക്കര
- അപരാധിയായ അന്തർജനം
- ശ്രീമൂലവഞ്ചീദശകം
- മാടഭൂപാലമംഗളം
- വഞ്ചീശമംഗളം
- സാമൂതിരിപ്രശസ്തി
- അരിയിട്ടുവാഴ്ച