ക്രിസ്തീയ വിവാഹം


ക്രിസ്തീയ കാഴ്ച്ചപ്പാടിൽ ദൈവിക സൃഷ്ടികർമ്മത്തിൽ പങ്കാളികളാവുകയും പരസ്പരം സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്തു കൊണ്ട് തങ്കൾക്ക് ഉണ്ടാകുന്ന മക്കളെ ക്രിസ്തുമതം അനുശാസിക്കുന്ന മാർഗ്ഗത്തിൽ വളർത്തി മരണം വരെ വേർപിരിയാൻ ആവാത്ത വിധം ബന്ധിപ്പിക്കുന്ന കൂദാശയാകുന്നു ക്രിസ്തീയ വിവാഹം. പ്രായപൂർത്തിയായ പുരുഷനും സ്ത്രീക്കും സമൂഹത്തിന്റേയും മതത്തിന്റെയും അവരുടെ ബന്ധു ജനങ്ങളുടേയും അനുവാദത്തോടെ ഒന്നിച്ചു ജീവിക്കാനുള്ള മാതാചാരപ്രകാരമുള്ള ചടങ്ങാണ് ക്രിസ്തീയ വിവാഹം. വിവിധ ക്രൈസ്തവ സഭകളുടെ ആരാധനക്രമങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നതുപോലെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളും വ്യത്യസ്തമാണ്. പ്രദേശികമായ വ്യത്യാസവും കൂടിചേരുമ്പോൾ ഓരോ സഭയിലും വിവാഹം ഒന്നിനൊന്ന് വ്യത്യാസപ്പെട്ടിരിക്കുന്നു. ഏറിയ പങ്കു വിവാഹങ്ങൾക്കും മതപരമായ ചടങ്ങുകൾ ഉൾപ്പെട്ടിരിക്കുന്നു. വിവാഹമെന്നത് വധുവരന്മാരെ ദൈവം യോജിപ്പിച്ച് ഭാര്യഭർത്താക്കന്മാരാക്കുന്ന വിശുദ്ധ ചടങ്ങായി ക്രൈസ്തവ സഭകൾ കരുതുന്നു. ക്രിസ്തീയ വിവാഹ ചടങ്ങുകൾ ആരാധനാലയങ്ങളിൽ പുരോഹിതന്റെ ആശീർവാദത്തോടെയാണ് പൂർത്തികരിക്കുന്നത്. വിവാഹമെന്നത് വൈദികവൃത്തിപോലെ പവിത്രമാണെന്നും ക്രിസ്തുവിന് ലോകത്തിലും സഭയിലും നിർവഹിക്കാനുള്ള ദൗത്യം സ്ത്രീയും പുരുഷനും വിവാഹ ഉടമ്പടിയിലൂടെ ഏറ്റെടുക്കുകയും തങ്ങളിലൂടെ പൂർത്തീകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു എന്നതാണ് ക്രൈസ്തവ സഭകളുടെ കാഴ്ചപ്പാട്.
മിക്ക എപ്പിസ്കോപ്പൽ സഭകളും വിവാഹത്തെ കൂദാശകളിലൊന്നായി ഉൾപ്പെടുത്തിയിരിക്കുന്നു. കത്തോലിക്കാ സഭയിൽ വിവാഹത്തിന് മുന്നോടിയായി മനഃസമ്മതം എന്ന ഒരു ചടങ്ങു കൂടിയുണ്ട്. ഇന്ന് വിവാഹപൂർവ കൗൺസിലിംഗ് പല സഭകളിലും നിര്ബന്ധമാണ്. മറ്റു പല സമുദായങ്ങളും ഈ രീതി അനുകരിച്ചു തുടങ്ങിയിട്ടുണ്ട്. ചിലയിടങ്ങളിൽ പോസ്റ്റ് മാര്യേജ് കൗൺസിലിംങും ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്. പുരോഹിതന്മാർ, മാനസിക ആരോഗ്യ വിദഗ്ദർ, ഡോക്ടർമാർ തുടങ്ങിയ നയിക്കുന്ന ക്ലാസുകൾ ഇതിന്റെ ഭാഗമാണ്. വധുവിന്റെയും വരന്റെയും പൂർണ്ണ സമ്മതം ഇതിലൂടെ ഉറപ്പ് വരുത്തുന്നു. താലി, മന്ത്രകോടി, മോതിരം എന്നിവ കേരളത്തിലെ ക്രിസ്തീയ വിവാഹങ്ങളിൽ കണ്ടുവരുന്നു. വിവാഹശേഷം വധുവരന്മാരും സാക്ഷികളും പള്ളിയുടെ രേഖകളിൽ ഒപ്പ് വെയ്ക്കുന്നതോടെ പള്ളിയുടെ നിയന്ത്രണത്തിലുള്ള ചടങ്ങുകൾ അവസാനിക്കുന്നു. വിവാഹവുമായി ബദ്ധപ്പെട്ട സൽക്കാരങ്ങളിലും അതിന് മുൻപും പ്രാദേശികമായ വിവിധ ചടങ്ങുകളുണ്ട്. മധുരം കൊടുക്കുക, പൂമാല അണിയിക്കുക, നിലവിളക്ക് കൊളുത്തുക, കളഭം തൊടുക, അമ്മ വധുവരന്മാരുടെ നെറ്റിയിൽ കുരിശ് വരച്ച് മാലയിട്ട് വീട്ടിലേക്ക് കയറ്റുക, വൈനും കേക്കും നൽകുക തുടങ്ങിയവ.
സുറിയാനി പാരമ്പര്യത്തിലുള്ള സഭകളിൽ
[തിരുത്തുക]
കേരളത്തിൽ പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിലുള്ള സിറോ മലബാർ, കൽദായ എന്നീ സഭകളിലും പാശ്ചാത്യ സുറിയാനി പാരമ്പര്യത്തിലുള്ള സിറോ മലങ്കര, യാക്കോബായ, ഓർത്തഡോക്സ്, മാർത്തോമ്മാ, തൊഴിയൂർ എന്നീ സഭകളിലും വിവാഹം ഏഴു കൂദാശകളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. വിവാഹത്തിന്റെ പ്രധാന കാർമ്മികൻ കശ്ശീശാ, എപ്പിസ്കോപ്പാ മുതലായ പുരോഹിതസ്ഥാനീയരായിരിക്കും. പള്ളികളിൽ മദ്ബഹായുടെ മുൻപിൽ നിന്നുകൊണ്ടാണ് വിവാഹം നടത്തുന്നത്. വിവാഹ കൂദാശ രണ്ട് ഭാഗങ്ങളായാണ് ഈ സഭകളിൽ നടത്തുന്നത്;
- മോതിരംവാഴ്‌വ്
- കിരീടംവാഴ്‌വ്
മോതിരംവാഴ്‌വ്
[തിരുത്തുക]വിവാഹനിശ്ചയത്തിന്റെ അടയാളമായി പുരോഹിതസ്ഥാനീയൻ ത്രിത്വനാമത്തിൽ 2 മോതിരങ്ങളെ വാഴ്ത്തി അത് വരന്റെയും, വധുവിന്റെയും അണിവിരലിൽ അണിയിക്കുന്ന ചടങ്ങാണിത്. വിവിധ പ്രത്യേക പ്രാർത്ഥനകളും, ഗീതങ്ങളും ഈ ചടങ്ങിൽ ആലപിക്കുന്നു.
കിരീടംവാഴ്‌വ്
[തിരുത്തുക]വിവാഹ കൂദാശയുടെ ഏറ്റവും പ്രധാന ഭാഗമാണിത്. കിരീടംവാഴ്‌വിന്റെ ശുശ്രൂഷാമദ്ധ്യേ പൗലോസ് ശ്ലീഹായുടെ ലേഖനവും, വി. ഏവൻഗേലിയോനും വായിക്കപ്പെടുന്നു. ഈ ഭാഗത്തിന്റെ അവസാനമായി കുരിശോടുകൂടിയ ആശീർവദിച്ച സ്വർണമാല വരന്റെയും, വധുവിന്റെയും ശിരസ്സിൽ മൂന്ന് പ്രാവശ്യം വീതം കിരീടത്തിന്റെ ആകൃതിയിൽ ആഘോഷിച്ച് സ്ഥാപനഗീതം ചൊല്ലുന്നു. വധൂവരന്മാരെ കുടുംബത്തിന്റെ രാജാവും, രാജ്ഞിയുമായി അവരോധിക്കുന്നുവെന്ന സൂചനയിലാണ് ഈ ചടങ്ങ് രൂപപ്പെട്ടത്[അവലംബം ആവശ്യമാണ്].
“ക്ലിലോ ബീദേ ദ് മോറാൻ
മെൻ ശ്മായോ സോആ വ്നോഹേസ്
ല്ഹസ്നോ യോഏ ക്ലീലോ
ദ്കൊഹ്-നോ സോഏമ് ബ്റീശേ”
വിവാഹത്തിന്റെ അവസാനമായി വരൻ വധുവിന്റെ കഴുത്തിൽ മിന്നുകെട്ടുകയും, തലയിൽ മന്ത്രകോടി ഇടുകയും ചെയ്യുന്നു.
പെന്തക്കോസ്ത് സഭകളിൽ
[തിരുത്തുക]മുഖ്യധാരാ പെന്തക്കോസ്ത് സഭകളിലെ വിവാഹങ്ങൾക്ക് അംഗീകരിക്കപ്പെട്ടതും എഴുതപ്പെട്ടതുമായ ഒരു ക്രമം പൊതുവെ ഇല്ലങ്കിലും അലിഖിതമായ ഒരു ശൈലി അവർ പിന്തുടരുന്നുണ്ട്. അടുത്തകാലത്തായി എല്ലാ ശുശ്രൂഷകളുടെയും ഓർഡർ എഴുതിയ പുസ്തകങ്ങൾ ശുശ്രൂഷ സഹായി, pastors handbook, തുടങ്ങിയ പേരിൽ ലഭിക്കുന്നുണ്ട്. പെന്തക്കോസ്ത് ആരാധനാലയങ്ങളിലും, ഓഡിറ്റോറിയങ്ങളിലുമെല്ലാം ഇവർ വിവാഹം നടത്താറുണ്ട്. വിവിധ പ്രാർത്ഥനകൾ, വിവാഹത്തിന്റെ പ്രാധാന്യം വിവരിക്കുന്ന പ്രസംഗങ്ങൾ, വേദപുസ്തകപരമായി കുടുംബങ്ങൾ അനുഷ്ഠിക്കേണ്ട ഉപദേശങ്ങൾ,വിവാഹത്തിനായി മാത്രം ആലപിക്കുന്ന പാട്ടുകൾ തുടങ്ങിയവയെല്ലാം ക്രമമായി ചേർത്ത ശൈലി ആണ് പെന്തക്കോസ്ത് സഭകളിലെ വിവാഹങ്ങളിൽ കാണാറുള്ളത്. പാസ്റ്ററൽ ഓഡിനേഷൻ ഉള്ള സീനിയർ പാസ്റ്ററാണ് വിവാഹത്തിന്റെ മുഖ്യകാർമ്മികത്വം വഹിക്കുന്നത്. ഹസ്തദാനം നൽകി ദൈവനാമത്തിൽ, വിവാഹം ആശിർവദിക്കുന്ന പാസ്റ്റർ പറഞ്ഞു കൊടുക്കുന്ന പ്രതിജ്ഞവാചകങ്ങൾ ഏറ്റുപറഞ്ഞു വധുവരന്മാർ തമ്മിൽ ചെയുന്ന ഉടമ്പടിയാണ് വിവാഹത്തിന്റെ മുഖ്യ ഭാഗം, തുടർന്ന് സഭയുടെ വിവാഹ രജിസ്റ്ററിൽ അവരും സാക്ഷികളും കാര്മീകനും ഒപ്പുവെച്ചാണ് വിവാഹം നടത്തപെടുന്നത് . മിന്നുകെട്ടൽ, മോതിരമിടൽ ആദിയായ ആചാരങ്ങളെന്നും മുഖ്യധാരാ പെന്തക്കോസ്ത് സഭകളിൽ കണ്ടുവരുന്നില്ല.
മറ്റ് സഭകളിൽ
[തിരുത്തുക]- ലത്തീൻ കത്തോലിക്കാ
- ക്നാനായ
- സി.എസ്.ഐ
- ബാപ്റ്റിസ്റ്റ്
- ലൂഥറൻ
ചിത്രശാല
[തിരുത്തുക]-
മന്ത്രകോടി ആശിർവദിക്കുന്നു
-
മോതിരം അണിയിക്കുന്നു
-
മിന്ന് കെട്ടുന്നു
-
കൈകൾ ചേർത്ത് ആശീർവദിക്കുന്നു
-
നിലവിളക്ക് കൊളുത്തുന്നു
-
വിവാഹ റജിസ്റ്ററിൽ ഒപ്പ് വെയ്ക്കുന്നു
-
വിവാഹ സത്ക്കാരത്തിന്റെ ഭാഗമായുള്ള മണ്ഡപം
-
താലിമാല ആശീർവദിക്കുന്നു