Jump to content

ഓമനത്തിങ്കൾ കിടാവോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഓമനത്തിങ്കൾക്കിടാവോ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇരയിമ്മൻ‌തമ്പി

മലയാളത്തിലെ പ്രസിദ്ധമായ ഒരു താരാട്ടുപാട്ടാണ് ഓമനത്തിങ്കൾ കിടാവോ... എന്നു തുടങ്ങുന്ന ഗാനം. ഇരയിമ്മൻ തമ്പി; സ്വാതിതിരുന്നാളിനായി രചിച്ചതാണ് ഈ താരാട്ട്.[1]

ഓമനത്തിങ്കൾക്കിടാവോ- നല്ല കോമളത്താമരപ്പൂവോ
പൂവിൽ നിറഞ്ഞ മധുവോ- പരിപൂർണേന്ദു തൻറെ നിലാവോ
പുത്തൻ പവിഴക്കൊടിയോ- ചെറു തത്തകൾ കൊഞ്ചും മൊഴിയോ
ചാഞ്ചാടിയാടും മയിലോ - മൃദു പഞ്ചമം പാടും കുയിലോ
തുള്ളുമിളമാൻകിടാവോ - ശോഭ കൊള്ളുന്നോരന്നക്കൊടിയോ
ഈശ്വരൻ തന്ന നിധിയോ - പരമേശ്വരിയേന്തും കിളിയോ
പാരിജാതത്തിൻ തളിരോ - എൻറെ ഭാഗ്യദ്രുമത്തിൻ ഫലമോ
വാത്സല്യരത്നത്തെ വയ്പ്പാൻ - മമ വാച്ചൊരു കാഞ്ചനച്ചെപ്പോ
ദൃഷ്ടിക്കു വച്ചോരമൃതോ - കൂരിരുട്ടത്തു വച്ച വിളക്കോ
കീർത്തിലതയ്ക്കുള്ള വിത്തോ - എന്നും കേടു വരാതുള്ള മുത്തോ
ആർത്തിതിമിരം കളവാൻ - ഉള്ള മാർത്താണ്ഡദേവപ്രഭയോ
സുക്തിയിൽ കണ്ട പൊരുളോ - അതിസൂക്ഷ്മമാം വീണാരവമോ
വമ്പിച്ച സന്തോഷവല്ലി - തൻറെ കൊമ്പത്തു പൂത്ത പൂവല്ലി
പിച്ചകത്തിൻ മലർച്ചെണ്ടോ - നാവിനിച്ഛ നൽകുന്ന കൽക്കണ്ടോ
കസ്തൂരി തൻറെ മണമോ - ഏറ്റ സത്തുക്കൾക്കുള്ള ഗുണമോ
പൂമണമേറ്റൊരു കാറ്റോ - ഏറ്റം പൊന്നിൽ തെളിഞ്ഞുള്ള മാറ്റോ
കാച്ചിക്കുറുക്കിയ പാലോ - നല്ല ഗന്ധമെഴും പനിനീരോ
നന്മ വിളയും നിലമോ - ബഹുധർമങ്ങൾ വാഴും ഗൃഹമോ
ദാഹം കളയും ജലമോ - മാർഗഖേദം കളയും തണലോ
വാടാത്ത മല്ലികപ്പൂവോ - ഞാനും തേടിവച്ചുള്ള ധനമോ
കണ്ണിനു നല്ല കണിയോ - മമ കൈവന്ന ചിന്താമണിയോ
ലാവണ്യപുണ്യനദിയോ - ഉണ്ണിക്കാർവർണ്ണൻ തൻറെ കളിയോ
ലക്ഷ്മീഭഗവതി തൻറെ - തിരുനെറ്റിയിലിട്ട കുറിയോ
എന്നുണ്ണിക്കൃഷ്ണൻ ജനിച്ചോ - പാരിലിങ്ങനെ വേഷം ധരിച്ചോ
പദ്മനാഭൻ തൻ കൃപയോ - മുറ്റും ഭാഗ്യം വരുന്ന വഴിയോ

ചരിത്രം

[തിരുത്തുക]

തിരുവിതാംകൂർ രാജപദവിയിലിരുന്ന മഹാറാണി ഗൗരി ലക്ഷ്മിഭായിയുടെ നിർദ്ദേശാനുസരണം ശിശുവായിരുന്ന സ്വാതി തിരുന്നാളിനെ ഉറക്കാനായാണ് തമ്പി ഈ താരാട്ടുപാട്ട് ചിട്ടപ്പെടുത്തിയത്. രാജ്യം ദത്തപഹാരനയപ്രകാരം ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയിലേക്ക് കണ്ടു കെട്ടപ്പെടാതിരിക്കാൻ ഒരു ആൺ സന്തതിക്കായുള്ള രാജകുടുംബത്തിന്റെ കാത്തിരിപ്പിനൊടുവിലായിരുന്നു സ്വാതി തിരുന്നാളിന്റെ ജനനം. ഈ താരാട്ടിലെ വരികളിലെ "ഈശ്വരൻ തന്ന നിധിയോ", "ഭാഗ്യദ്രുമത്തിൻ ഫലമോ" എന്നീ പ്രയോഗങ്ങൾ ആ ഉത്കണ്ഠകളിൽ നിന്നുള്ള ആശ്വാസത്തെ കുറിക്കുന്നു..[2][3]

സംഗീതം

[തിരുത്തുക]

ഈ താരാട്ട് ആദ്യം കുറഞ്ചി രാഗത്തിലും ആദി താളത്തിലുമാണ് ചിട്ടപ്പെടുത്തിയത്. ഇത് മിക്കപ്പോളും നവാരോഗ് അല്ലെങ്കിൽ നീലാംബരി രാഗങ്ങളിലാണ് ആലപിക്കപ്പെടാറുള്ളത്.[1][2] ഈ താരാട്ടിൽ ഉറക്കം എന്ന വാക്ക് ഒരിക്കൽപ്പോലും ഉപയോഗിച്ചിട്ടില്ലെന്നുള്ളതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഈ രാഗത്തിന്റെ പ്രത്യേകതയിലാണ് ഈ താരാട്ടിലൂടെ ഉറക്കം വരുന്നത്.[4] നവരസങ്ങളുടെ പ്രകാശനത്തിനും സാധ്യതകൾ നൽകുന്ന ഈ താരാട്ട് നൃത്താവതരണത്തിനായും ധാരാളമായി ഉപയോഗിക്കപ്പെടുന്നു.[5]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Lullaby composed for Swathi: Omana Thingal". Retrieved 10 November 2012.
  2. 2.0 2.1 Narayanaswami, P P. "Omana Thingal Kidavo." Retrieved 10 November 2012.
  3. "Evocative rendition". The Hindu. February 22, 2008. Archived from the original on 2008-02-28. Retrieved 10 November 2012.
  4. Nair, A S. "A Royal Lullaby" (PDF). Archived from the original (PDF) on 2016-03-05. Retrieved 10 November 2012.
  5. "Expressive steps". The Hindu. March 2, 2012. Retrieved 10 November 2012.
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ഓമനത്തിങ്കൾക്കിടാവോ എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ഓമനത്തിങ്കൾ_കിടാവോ&oldid=3693276" എന്ന താളിൽനിന്ന് ശേഖരിച്ചത്