കുഞ്ഞായിൻ മുസ്ല്യാർ
ഇസ്ലാമിക ഭക്ത കവി കുഞ്ഞു മാഹിൻ | |
---|---|
പൂർണ്ണ നാമം | കുഞ്ഞു മാഹിൻ മുസല്യാർ |
ജനനം | പതിനെട്ടാം നൂറ്റാണ്ട് |
കാലഘട്ടം | മധ്യകാല കേരളം |
Region | ഇന്നത്തെ കേരളം സ്ഥിതി ചെയ്യുന്ന മലബാർ മേഖല |
വിഭാഗം | ഷാഫിഈ , ആഷ്അരി ), ഖാദിരിയ്യ |
പ്രധാന താല്പര്യങ്ങൾ | തത്വചിന്ത സൂഫിസം |
സൃഷ്ടികൾ | കപ്പ പാട്ട് (കപ്പൽ പാട്ട് )നൂൽ മദ്ഹ്, നൂൽ മാല |
കുഞ്ഞായിൻ മുസ്ലിയാർ(യഥാർത്ഥ പേര് കുഞ്ഞു മാഹിൻ മുസല്യാർ ). മാപ്പിള കവി, ഹാസ്യസാമ്രാട്ട്. പതിനെട്ടാം നൂറ്റാണ്ടിൽ തലശ്ശേരിയിൽ ജനിച്ച അറിയപ്പെട്ട മതപണ്ഡിതനും, ഖാദിരിയ്യ സൂഫി തലവനും[1], സാമൂഹ്യ പരിഷ്കർത്താവും കൂടിയായിരുന്നു കുഞ്ഞായിൻ മുസ്ലിയാർ. ജീവിതത്തിൽ ഹാസ്യവും രചനയിൽ തത്ത്വചിന്തകളും ഉൾചേർക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.
സാമൂതിരി രാജാവിന്റെ കൊട്ടാരം വിദൂഷകനായ മങ്ങാട്ടച്ചന്റെ സന്തത സഹചാരിയായിരുന്നു കുഞ്ഞായിൻ മുസ്ലിയാർ. തുർക്കിയിലെ സരസ സൂഫി പണ്ഡിതൻ നസ്രുദ്ദീൻ ഹോജ യുമായാണ് കുഞ്ഞായിൻ മുസ്ലിയാരെ ചരിത്രകാരന്മാർ താരതമ്യപ്പെടുത്തുന്നത്
ജീവിതരേഖ
[തിരുത്തുക]തലശ്ശേരിയിലെ സൈദാർ പള്ളിക്കടുത്ത് ചന്ദനംകണ്ടി തറവാട്ടിൽ മക്കറയിൽ വീട്ടിൽ ജനിച്ചു. എ.ഡി.1700 നടുത്താണ് ജനനമെന്ന് അദ്ദേഹത്തിന്റെ രചനകളിൽ നിന്നും അനുമാനിക്കുന്നു.[2] തലശ്ശേരി വലിയ ജുമാഅത്ത് പള്ളിദർസിൽ നിന്ന് പ്രഥമിക വിദ്യാഭ്യാസം നേടി. അക്കാലത്തെ മുസ്ലിം വിദ്യാഭ്യാസ ആസ്ഥാനമായിരുന്ന പൊന്നാനിയിൽ ആയിരുന്നു ഉപരിപഠനം. പൊന്നാനിയില് അന്നത്തെ മഖ്ദൂമായിരുന്ന നൂറുദ്ദീന്,അബ്ദുസ്സലാം മഖ്ദൂം എന്നവരുടെ അടുത്ത് നിന്ന് ഫിഖ്ഹീ വിജ്ഞാനം നേടി. ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തിന്റെ കുസൃതികളും വിനോദങ്ങളും നർമരസം തുളുമ്പുന്ന വർത്തമാനങ്ങളും സഹപാഠികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിരുന്നു. കഥാപാത്രമായി മാത്രം പ്രേക്ഷകർക്ക് തോന്നുമാറ് കുഞ്ഞായിൻ മുസ്ലിയാരുടെയും മങ്ങാട്ടച്ചന്റെയും പേരിൽ കഥകളായും പിന്നീട് ധാരാളം ഹാസ്യവർത്തമാനങ്ങൾ പ്രചരിച്ചിട്ടുണ്ട്.[3]
രചനകൾ
[തിരുത്തുക]കുഞ്ഞായിൻ മുസ്ലിയാർ പൊന്നാനിയിലുള്ള പഠന സമയത്തിനു ശേഷമാണ് പ്രസിദ്ധമായ കപ്പപ്പാട്ടിന്റെ പശ്ചാത്തലമൊരുങ്ങുന്നത്. അതിന്റെ പശ്ചാത്തലം ഇങ്ങനെ വിവരിക്കുന്നുണ്ട്. മുസ്ലിയാർ പൊന്നാനിയിൽ പഠിക്കുന്ന സമയത്ത് ഗുരുവായ നൂറുദ്ദീൻ മഖ്ദൂമിന്റെ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കാറുണ്ടായിരുന്നു. ഒരിക്കൽ മഖ്ദൂമിന്റെ ഭാര്യ മുസ്ലിയാരോട് ഉറങ്ങുന്നതിന് മുമ്പ് എന്താണ് ചൊല്ലേണ്ടതെന്ന് ചോദിച്ചു. രസികനായ കുഞ്ഞായിൽ ഏലാമാലെ എന്ന് ചൊല്ലുവാൻ പറഞ്ഞു. ഇതു ചൊല്ലുന്നതായി കേട്ട ദിവസം മഖ്ദും അന്വേഷിച്ചപ്പോഴാണ് കുഞ്ഞായിൻ പറ്റിച്ചതാണെന്ന് മനസ്സിലായത്. ഇതിന് ശേഷം കുഞ്ഞായനെ കണ്ടപ്പോൾ മഖ്ദും ചോദിച്ചു നീ മനുഷ്യനെ കപ്പലാക്കുകയാണോ എന്ന്. ഈ സംഭവത്തിന് ശേഷമാണ് കുഞ്ഞായിൻ മുസ്ലിയാർ മനുഷ്യനെ പായക്കപ്പലിനോടുപമിച്ച് തത്ത്വജ്ഞാന പരമായ കപ്പപ്പാട്ട് എന്ന ഖണ്ഡകാവ്യം രചിക്കുന്നത്.[4] ആദ്യകൃതി നൂൽ മദ്ഹ് എന്ന ഭക്തിഗാനം ആണ്. ഹിജ്‌റ 1151 ൽ എഴിതിയതാണിത്. തമിഴ് കലർന്ന പ്രാചീന ഭാഷാശൈലിയിലുള്ള ഈ കൃതിയിൽ 15 ഇശലുകളുള്ള 666 വരികളുണ്ട്. പ്രവാചകൻ മുഹമ്മദ് നബി (സ) യോടുള്ള അതിരറ്റ സ്‌നേഹത്തിന്റ പ്രകാശനവും പുകഴ്തലുമാണിതിലെ ഇതിവൃത്തം.മൂന്നാമത്തെ രചനയായ നൂല്മാല സൂഫി ഗുരു ശൈഖ് മുഹ്യുദ്ദീന് ജീലാനിയുടെ അപദാനങ്ങള് വാഴ്ത്തുന്ന കൃതിയാണ്. മുയ്ഹുദ്ദീന് മാല ക്ക് ശേഷമുള്ള മുഹ്യുദ്ദീൻ ഭക്തി കാവ്യമാണ് 15 രീതികളിലായി 666 ഈരടികളുള്ള നൂല് മദ്ഹ്. [5] മാപ്പിളകവി എന്നതോടൊപ്പം മതപണ്ഡിതനും പരിഷ്‌കർത്താവുമായിരുന്ന കുഞ്ഞായിൻ മുസ്ലിയാർ മുസ്ലിംകൾക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ചടങ്ങുനിൽക്കൽ പോലുള്ള ആചാരത്തെ ശക്തമായി എതിർത്തു.
മുസ്ലിയാരുടെ പേരിലെ കൃതികൾ
[തിരുത്തുക]- മങ്ങാട്ടച്ചനും കുഞ്ഞായിൻ മുസ്ലിയാരും
- കുഞ്ഞായിൻ മുസ്ലിയാരും കൂട്ടുകാരും
- രസിക ശിരോമണി കുഞ്ഞായിൻ മുസ്ലിയാരും മങ്ങാട്ടച്ചനും
- കുഞ്ഞായന്റെ കൃതികൾ
തലശ്ശേരിയിൽ വെച്ച് അന്തരിച്ച കുഞ്ഞായിൻ മുസ്ലിയാരെ തലശ്ശേരിയിലെ പഴയ ജുമുഅത്ത് പള്ളിയിൽ സംസ്‌കരിച്ചു.
അധിക വായനക്ക്
[തിരുത്തുക]- അറബി മലയാള സാഹിത്യ ചരിത്രം -ഒ. അബു പേജ് 81
- മുസ്ലിംകളും കേരള സംസ്കാരവും പേജ് 78 - പി.കെ. മുഹമ്മദ് കു്ഞ്ഞി
- സർവവിജ്ഞാനകോശം 7 - 511
- ഇസ്ലാം വിജ്ഞാന കോശം പേജ് 277
- http://www.islamonlive.in/story/2014-09-30/1412075618-4022623 Archived 2014-11-05 at the Wayback Machine.
- http://risalaonline.com/2012/12/12/862 Archived 2017-04-28 at the Wayback Machine.
കുറിപ്പുകൾ
[തിരുത്തുക]കപ്പപ്പാട്ടിനെ (കപ്പൽ പാട്ട്) നെ പറ്റി പാശ്ചാത്യപണ്ഡിതനും ദ്രാവിഡ ഭാഷാ ഗവേഷകനുമായ എ.സി. ബർണൽ രേഖപ്പെടുത്തിയിട്ടുണ്ട്.
"The Kappalpattu or ship song is one much if favour and deservely so.."
(Specimence of south indian Dialects)
എന്ന് രേഖപ്പെടുത്തിയതായി കാണാം. [6]
അവലംബം
[തിരുത്തുക]- ↑ കപ്പപ്പാട്ടും നൂല് മദ്ഹും. കെ കെ മുഹമ്മദ് അബ്ദുല് കരീം
- ↑ ഹിജ്‌റ 1303 ൽ പ്രസിദ്ധീകരിച്ച് കപ്പപ്പാട്ടിന്റെ ആമുഖത്തിൽ നിന്ന്
- ↑ മഹത്തായ മാപ്പിള സാഹിത്യപാരമ്പര്യം - സി.എൻ. അഹ്മദ് മൗലവി, കെ.കെ. മുഹമ്മദ് അബ്ദുൽ കരീം പേ്ജ് 162
- ↑ കപ്പപ്പാട്ടും നൂൽ മദ്ഹും - കെ.കെ. മുഹമ്മദ് അബ്ദുൽ കരീം
- ↑ ഡോ. പി. സക്കീര് ഹുസൈന് ; നൂല്മദ്ഹ്: കവിതയും കാലവും. മഹാകവി മോയിന്കുട്ടി വൈദ്യര് മാപ്പിള കലാ അക്കാദമി, കൊണ്ടോട്ടി
- ↑ വിജ്ഞാനകോശം വാള്യം 8/141