കൊല്ലങ്കോട് (കന്യാകുമാരി)
കൊല്ലെങ്കോട് | |
---|---|
municipality | |
Coordinates: 8°18′00″N 77°07′21″E / 8.30000°N 77.12250°E | |
Country | ഇന്ത്യ |
District | കന്യാകുമാരി |
(2001) | |
• ആകെ | 34,322 |
• Official | തമിഴ്, മലയാളം |
സമയമേഖല | UTC+5:30 (IST) |
PIN | 629160 |
വാഹന റെജിസ്ട്രേഷൻ | TN75 |
അറബിക്കടലിന്റെ തീരത്ത് സമുദ്രനിരപ്പിൽ സ്‌ഥിതി ചെയ്യുന്ന ഒരു ചെറു പട്ടണമാണ് കൊല്ലങ്കോട്. ത്രിവേണി സംഗമത്തിന് സാക്ഷ്യം വഹിക്കുന്ന കന്യാകുമാരി ജില്ലയിൽ, കന്യാകുമാരി മുനമ്പിൽ നിന്നും 62 കിലോമീറ്ററും, ജില്ലാ ആസ്ഥാനമായ നാഗർകോവിലിൽ നിന്നും 41 കിലോമീറ്ററും വടക്കും, കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തിനു 37 കിലോമീറ്റർ തെക്കും മാറിയാണ് കൊല്ലങ്കോടിന്റെ സ്ഥാനം. 33 വാർഡുകൾ അടങ്ങിയതാണ് കൊല്ലങ്കോട് മുനിസിപ്പാലിറ്റി. ഊരമ്പിൽ നിന്നും തുടങ്ങി പുന്നമൂട്ടുക്കട, കച്ചേരിനട, സിലുവപുരം, കല്ലുവെട്ടാങ്കുഴി, കണ്ണനാഗം, കാക്കവിള, ഇളം പാലമുക്ക്, മഞ്ഞത്തോപ്പ്, മേടവിളാകം, കിരാത്തൂർ, നിദ്രവിള, ഏഴുദേശം, വൈക്കല്ലൂർ,കാഞ്ഞാമ്പുറം,കലിംഗരാജപുരം, എന്നീ സ്ഥലങ്ങളും, വള്ളവിള, മാർത്താണ്ഡൻ തുറ,നീരോടി എന്നീ തീരദേശപ്രദേശങ്ങളും ഉൾപ്പെട്ടതാണ് കൊല്ലങ്കോട് മുനിസിപ്പാലിറ്റി. കൊല്ലങ്കോട്,ഏഴുദേശം എന്നീ ടൗൺ പഞ്ചായത്തുകളെ സംയോജിപ്പിച്ചുകൊണ്ട് 2022 ലാണ് കൊല്ലങ്കോട് മുനിസിപ്പാലിറ്റി രൂപീകരിച്ചത്.
ചരിത്രം
[തിരുത്തുക]ഇന്നത്തെ തിരുവനന്തപുരം ജില്ലയിലെ പൂവ്വാർ മുതൽ കന്യാകുമാരി ജില്ലയിലെ തേങ്ങാപ്പട്ടണം വരെ ഉള്ള കടലോര പ്രദേശം കലിംഗരാജപുരം എന്ന പേരിൽ അറിയപ്പെട്ടിരുന്നു.
കലിംഗ യുദ്ധത്തിൽ പരാജയപ്പെട്ട ചിലർ അഭയംതേടി ഇവിടെ വന്നു ചേർന്നു . അന്ന് ഇവിടത്തെ മഹാരാജാവ് അവർക്ക് താമസിക്കാനുള്ള സ്ഥലം ഈ പ്രദേശത്തു അനുവദിച്ചു നൽകി. അതിനുശേഷം ഈ പ്രദേശം 'കലിംഗരാജപുരം' എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.ഇവർ തങ്ങളുടെ കുല ദൈവമായ കാളിയെ ആരാധിച്ചിരുന്നുവത്രെ. പിന്നീട് ഈ പ്രദേശത്ത് ഉണ്ടായ ശക്തമായ കടൽ ക്ഷോഭം കാരണം ഈ പ്രദേശം മുഴുവൻ മണ്ണിനടിയിൽ അകപ്പെട്ടു.കൊല്ലങ്കോടിനടുത്തുള്ള ഒരു സ്ഥലം ഇപ്പോഴും കലിംഗരാജപുരം എന്നറിയപ്പെടുന്നുണ്ട്. അവരുടെ കുല ദൈവമായിരുന്ന കാളിയാണു ഇപ്പോൾ കൊല്ലങ്കോട് വാണരുളുന്ന ശ്രീ ഭദ്രകാളി ദേവി എന്നും പറയുന്നുണ്ട്.ശ്രീ പട്ടം ജി രാമചന്ദ്രൻ നായർ രചിച്ച 'തിരുവനന്തപുരത്തിന്റെ ഇതിഹാസം' എന്ന പുസ്തകത്തിലാണ് ഇതിനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്.
സാമ്പത്തികം
[തിരുത്തുക]മത്സ്യബന്ധനം, കൃഷി എന്നിവയാണ് പ്രധാന വരുമാനമാർഗങ്ങൾ. പരമ്പാഗത തൊഴിലുകളിൽ നിന്നുമാറി, സമീപത്തുള്ള തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾ, ടെക്നോപാർക്ക്, തുമ്പയിലെ വി.എസ്.എസ്.സി, നാഗർകോവിൽ നഗരത്തിലെ സർക്കാർ ഓഫീസുകൾ എന്നിവയിലും തൊഴിൽ ചെയ്യുന്നവർ ധാരാളമുണ്ട്.
കാലാവസ്ഥ
[തിരുത്തുക]ഉഷ്ണമേഖലയിലുള്ള പ്രദേശമായതിനാൽ കാലാവസ്ഥയിൽ ഋതുഭേതങ്ങൾക്കൊത്ത് വലിയ മാറ്റങ്ങൾ സംഭവിക്കുന്നില്ല. താപനില വർഷം മുഴുവനും 21 ഡിഗ്രിക്കും 34 ഡിഗ്രിക്കും ഇടയിൽ ആയിരിക്കും. മഴക്കാലത്ത് ആർദ്രത ഉയർന്ന് 90 ശതമാനം വരെ എത്താറുണ്ട്.
രാഷ്ട്രീയവും ഭരണ സംവിധാനവും
[തിരുത്തുക]തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ, കിള്ളിയൂർ താലൂക്കിൽ ഉൾപ്പെട്ട മുനിസിപ്പാലിറ്റി യാണ് കൊല്ലങ്കോട്.ഭാരതീയ ജനതാ പർട്ടി, മാർക്സിസ്റ്റ് പാർട്ടി, ഇന്ത്യൻ നേഷണൽ കോൺഗ്രസ് എന്നീ ദേശീയ പാർട്ടികളും എ.ഐ.എ.ഡി.എം.കെ,ഡി.എം.കെ , ഡി.എം.ഡി.കെ എന്നീ തമിഴ് പ്രാദേശിക പർട്ടികളും ഇവിടെ തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നുണ്ട്.കൊല്ലങ്കോട് മുനിസിപ്പാലിറ്റി രൂപീകൃതമായതിനു ശേഷം 2022 ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ഡി.എം.കെ - കോൺഗ്രസ് സഖ്യം അധികാരത്തിൽ വന്നു. ഡി.എം.കെ യിലെ ശ്രീമതി. റാണി ചെയർ പേർസനായും, കോൺഗ്രസ്സിലെ ശ്രീമതി. ബേബി വൈസ് ചെയർ പേർസനായും തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ കക്ഷി നില:DMK - 10,CPI(M) - 10, INC - 6, BJP - 5, AIADMK - 1
ഗതാഗതം
[തിരുത്തുക]തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസുകൾ നാഗർകോവിൽ, മാർത്താണ്ഡം, കളിയിക്കാവിള, പാറശ്ശാല, തിരുവനന്തപുരം, മധുര, ചെന്നൈ എന്നീ സ്ഥലങ്ങളിലേക്കു സർവീസ് നടത്തുന്നു. കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസുകൾ തിരുവനന്തപുരം, എറണാകുളം, നെയ്യാറ്റിൻകര എന്നീ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്നു.കെ. എസ്. ആർ. ടി. സി. യുടെ തിരുവനന്തപുരം സിറ്റി രാജധാനി സർക്കുലർ ബസുകളും കൊല്ലങ്കോടിലൂടെ കടന്നു പോകുന്നു. 8 കിലോമീറ്റർ അകലെയുള്ള പാറശ്ശാലയാണ് അടുത്തുള്ള റെയിൽവേ സ്‌റ്റേഷൻ. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം 40 കിലോ മീറ്റർ അകലെയാണ്.
ജനവിഭാഗങ്ങൾ
[തിരുത്തുക]100 % സാക്ഷരത നേടിയ കൊല്ലങ്കോട് പഞ്ചായത്തിന്റെ ജനസംഖ്യ 40000-ന് മുകളിലാണ്. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം മതവിഭാഗങ്ങളിലെ ജനങ്ങൾ ഇവിടെ വസിക്കുന്നു. മലയാളം, തമിഴ് ഭാഷകൾ സംസാരിക്കുന്നു.
സംസ്കാരം
[തിരുത്തുക]പഴയ തിരുവിതാംകൂറിന്റെ ഭാഗമായ ഇവിടുത്തെ ജനങ്ങൾ തിരുവിതാംകൂർ സംസ്കാരം പിന്തുടരുന്നു.കൊല്ലങ്കോട് തൂക്കമാണ് പ്രാദേശികമായി ഏറ്റവും പ്രധാനപ്പെട്ട ആഘോഷം. ഓണം, ക്രിസ്തുമസ്, റംസാൻ, ഈസ്റ്റർ തുടങ്ങിയ ആഘോഷങ്ങളും പ്രാധാന്യത്തോടെ കൊണ്ടാടുന്നു.
വിദ്യാഭ്യാസം
[തിരുത്തുക]പ്രധാന സ്കൂളുകൾ
[തിരുത്തുക]- ഗവ: ഹയർ സെക്കൻഡറി സ്കൂൾ, കൊല്ലങ്കോട്
- ശ്രീദേവി ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കൊല്ലങ്കോട്
- എ.ബി.സി. മെട്രിക്.ഹയർ സെക്കൻഡറി സ്കൂൾ, കൊല്ലങ്കോട്
- ശ്രീവിദ്യാദിരാജ മെട്രിക്.ഹയർ സെക്കൻഡറി സ്കൂൾ, കൊല്ലങ്കോട്
- ഡോ:അംബേദ്‌കർ സി.ബി.എസ്.ഇ. സ്കൂൾ,കൊല്ലങ്കോട്
- സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ, കൊല്ലങ്കോട്
ഇവക്കു പുറമേ പന്ത്രണ്ടോളം പ്രൈമറി സ്കൂളുകളും ഒരൂ ടീച്ചേഴ്‌സ് ട്രെയിനിംഗ് സ്കൂളും ഇവിടെയുണ്ട്.
4 കിലോ മീറ്റർ അകലെയുള്ള തൂത്തൂർ കോളേജിനെയാണ് ഇവിടുത്തെ വിദ്യാർത്ഥികൾ ഉന്നതപഠനത്തിനായി ആശ്രയിക്കുന്നത്.
മാധ്യമങ്ങൾ
[തിരുത്തുക]എല്ലാ പ്രമുഖ മലയാളം, തമിഴ്, ഇംഗ്ലീഷ് ദിനപത്രങ്ങളുടെയും, തിരുവനന്തപുരം, നാഗർകോവിൽ എഡിഷനുകൾ ഇവിടെ ലഭ്യമാണ്. കേബിൾ ടെലിവിഷൻ സർവീസും ഇവിടെ ലഭ്യമാണ്.കൂടാതെ പ്രാദേശികമായി ഓൺലൈൻ മാധ്യമങ്ങളും, കേബിൾ ചാനലുകളും കൊല്ലങ്കോട്ടിൽ പ്രവർത്തിക്കുന്നു.
പുറത്തുനിന്നുള്ള കണ്ണികൾ
[തിരുത്തുക]- https://youtube.com/channel/UCSLVS6yw3PIQPpbhIRXq6uA Kollemcode Online YouTube channel
- http://www.kollemcodedevi.com/ Archived 2019-07-06 at the Wayback Machine. - കൊല്ലങ്കോട് ദേവീ ക്ഷേത്രം
- http://www.vallavilai.com/ Archived 2006-11-18 at the Wayback Machine. - വള്ളവിള - കൊല്ലങ്കോടിലെ ഒരു തീരദേശഗ്രാമം
- http://www.kanyakumari.tn.nic.in/ Archived 2021-01-25 at the Wayback Machine. - കന്യാകുമാരി ജില്ലയുടെ വെബ് വിലാസം
- http://www.Kollem-code.blogspot.com/ - കൊല്ലങ്കോട് -ഐശ്വര്യ സമ്പന്നമായ ഒരു ഗ്രാമം