കോടതിയലക്ഷ്യം
കോടതിയോ, നിയമ നിർമ്മാണസഭയോ പോലുള്ള പൊതു അധികാരസ്ഥാനങ്ങളുടെ പദവിയേയോ, അധികാരത്തെയോ, വിശ്വാസ്യതയേയോ ഇടിച്ചുതാഴ്ത്തുന്ന തരത്തിലോ, അവയുടെ ഉത്തരവുകളയോ, നടപടികളെയോ, നിയമങ്ങളേയോ ബോധപൂർവ്വം ലംഘിക്കുന്ന തരത്തിലോ ആരെങ്കിലും പെരുമാറുന്നതിനെ കോടതി അലക്ഷ്യമായി കണക്കാക്കുന്നു. ഇത് കോടതി വിധികൾ അനുസരിക്കാതിരിക്കലോ, കോടതിയെത്തന്നെ എതിർക്കലോ ആകാം. [1]
കോടതി ഉത്തരവുകളെ ലംഘിക്കുകയോ, ഉത്തരവുകളെ മാനിക്കാതിരിക്കുകയോ, തെളിവ് സംബന്ധമായ രേഖകളിൽ കൃത്രിമം കാട്ടുകയോ, കോടതിനടപടികളെ തടസ്സപ്പെടുത്തുകയോ ചെയ്യുന്നത് കോടതിയലക്ഷ്യത്തിന്റെ പരിധിയിൽ വരുന്നു. കോടതിയെ അധിക്ഷേപിക്കുന്നതോ, അപഹസിക്കുന്നതോ, അധികാരത്തെ ചോദ്യം ചെയ്യുന്നതോ ആയ വ്യക്തികളുടെയോ, സ്ഥാപനങ്ങളുടെയോ വാക്ക്, പെരുമാറ്റം, പ്രയോഗം, എഴുത്ത് തുടങ്ങിയവ കോടതി അലക്ഷ്യമായി കണക്കാക്കാം. കോടതിയ്കെതിരായതോ, വിചാരണാ നടപടിക്കെതിരായതോ ആയ ഇത്തരം പെരുമാറ്റങ്ങൾ, സമൂഹമദ്ധ്യത്തിൽ കോടതിയെ താഴ്ത്തിക്കെട്ടുന്നതും നീതിനിർവ്വഹണത്തെ തടസ്സപ്പെടുത്തുന്നതും നീതിനിഷേധത്തിനിടയാക്കുന്നതുമാണ് എന്ന വാദത്തിൽ നിന്നാണ് കോടതിയലക്ഷ്യം എന്ന നിയമ സങ്കല്പം ഉരുത്തിരിഞ്ഞിട്ടുള്ളത്. നീതിനിർവ്വഹണത്തിനായുള്ള കോടതികളുടെ അധികാരവും ശക്തിയും ഉറപ്പുവരുത്താൻ കോടതി അലക്ഷ്യ നടപടികൾ സ്വീകരിക്കാനും കോടതിയലക്ഷ്യം കാട്ടുന്നവരെ ശിക്ഷിക്കാനും ഉള്ള അധികാരം ന്യായാധിപന്മാർക്ക് ഉണ്ടാവണം എന്നു കരുതപ്പെടുന്നു. [2]
കോടതി ഉത്തരവുകളെ മാനിക്കാത്തതിനേയോ, നടപ്പാക്കതിനെയോ സിവിൽ കോടതിയലക്ഷ്യം എന്നും കോടതിയുടെ അധികാരവും പദവിയും ഇടിച്ചു താഴ്ത്തുന്നതരത്തിലുള്ള പരാമർശങ്ങളോ പെരുമാറ്റങ്ങളോ നടത്തുന്നതിനെ ക്രിമിനൽ കോടതിയലക്ഷ്യം എന്നും പറയുന്നു. കോടതി അലക്ഷ്യം സംബന്ധിച്ച് ഓരോ രാജ്യത്തും പ്രത്യേകം നിയമങ്ങൾ നിലനിൽക്കുന്നു.
ഇന്ത്യയിലെ കോടതിയലക്ഷ്യ നിയമം
[തിരുത്തുക]കോടതിയലക്ഷ്യ നിയമം 1971 ആണ് ഇന്ത്യയിൽ കോടതി അലക്ഷ്യ നടപടികളെ സംബന്ധിച്ച നിയമം. ഇതു പ്രകാരം കോടതി അലക്ഷ്യത്തെ സിവിൽ കോടതിയലക്ഷ്യമെന്നും ക്രിമിനൽ കോടതിയലക്ഷ്യമെന്നും തിരിച്ചിരിക്കുന്നു. ഈ നിയമപ്രകാരം ഒരാൾ കോടതി അലക്ഷ്യം നടത്തിയെന്ന് തെളിയിക്കപ്പെട്ടാൽ, അയാളെ ആറുമാസം വരെ തടവിനും പരമാവധി 2000 രൂപവരെ പിഴയും ചുമത്താവുന്നതാണ്. തന്റെ പ്രവൃത്തിയിൽ ഉത്തമബോധ്യത്തോടെ ക്ഷമ പറയുന്നപക്ഷം അയാളെ കുറ്റവിമുക്തനാക്കുവാനും ഈ നിയമം കോടതികൾക്ക് അധികാരം നൽകുന്നു. സിവിൽ കോടതിയലക്ഷ്യം ചെയ്തുവെന്ന് ബോധ്യപ്പെട്ടാൽ ഈ ശിക്ഷകൾക്കുപുറമേ ആറുമാസത്തിൽ കുറയാത്ത കാലത്തേക്ക് അയാളെ സിവിൽ ജയിലിൽ അയയ്ക്കുന്നതിനും നിയമത്തിൽ വ്യവസ്ഥയുണ്ട്. [3]
സിവിൽ കോടതിയലക്ഷ്യം
[തിരുത്തുക]കോടതി വിധികളോടുള്ള അനാദരവോ അനുസരണയില്ലായ്മയോ ആണ് ഈ വിഭാഗത്തിൽ വരുന്നത്.
ക്രിമിനൽ കോടതിയലക്ഷ്യം
[തിരുത്തുക]കോടതിയെയോ, ജഡ്ജ് മാരെ വ്യക്തിപരമായോ അപമാനിക്കുകയൊ;അനാദരവ് പ്രകടിപ്പിക്കുകയോ ചെയ്യുന്നത് ഈ വിഭാഗത്തിൽ പെടുന്നു.
അവലംബം
[തിരുത്തുക]- ↑ thefreedictionary.com, retrieved 2011 നവംബർ 08
{{citation}}
: Check date values in:|accessdate=
(help) - ↑ wisegeek.com, retrieved 2011 നവംബർ 08
{{citation}}
: Check date values in:|accessdate=
(help) - ↑ Contempt of Court Act, retrieved 2011 നവംബർ 08
{{citation}}
: Check date values in:|accessdate=
(help)
പുറംകണ്ണികൾ
[തിരുത്തുക]vakilno1.com Archived 2011-11-11 at the Wayback Machine