ഈറ്റില്ലം
പഴയ കാലത്ത് തറവാടുകളിൽ പ്രസവത്തിനായി ഉപയോഗിച്ചിരുന്ന മുറിയാണ് ഈറ്റില്ലം അഥവാ ഗർഭഗൃഹം. കിഴക്കോട്ട് അഭിമുഖമായി നിർമ്മിക്കുന്ന തറവാടുകളിൽ അടുക്കളയോടു ചേർന്ന് പടിഞ്ഞാറുഭാഗത്തായി നാലുകെട്ടിൽ നിന്നും പ്രവേശിക്കാൻ സാധിക്കും വിധമാണ് ഈറ്റില്ലം നിർമ്മിക്കുന്നത്.[1] ഇവിടെ സാധാരണയിൽ നിന്നും വ്യത്യസ്തമായി പൊക്കം കുറഞ്ഞ കട്ടിൽ ഒരുക്കിയിരിക്കുന്നു. കാഞ്ഞിരത്തിന്റെ തടിയും പലകയും കൊണ്ടാണ് ഈ കട്ടിൽ നിർമ്മിക്കുന്നത്. ഈ കട്ടിലിനെ തട്ടുപടി എന്നു വിളിക്കുന്നു. നാലു വട്ടക്കാലുകളാണ് ഈ കട്ടിലിനുള്ളത്. ഈ വട്ടക്കാലുകൾ മുകൾഭാഗത്ത് ഒരു കുഴിവട്ടത്തിൽ അവസാനിക്കുന്നു. അല്പം പരന്ന് താഴ്ചയുള്ള ഈ കുഴിയിൽ ഗുളികയോ മറ്റ് അവശ്യ വസ്തുക്കളോ നിക്ഷേപിക്കുന്നു.
ഗർഭിണികൾക്ക് അനായസേന കയറിയിറങ്ങാനാണ് കട്ടിൽ ഉയരം കുറച്ച് നിർമ്മിക്കുന്നത്.[1] (പ്രസവകാലത്ത് ഗർഭിണികളും അല്ലാത്ത സമയങ്ങളിൽ മുത്തശ്ശിമാരും ഈ മുറിയും കട്ടിലും ഉപയോഗിക്കുന്നു) ആയുർവ്വേദ വിധിപ്രകാരം കാഞ്ഞിരത്തടി കൊണ്ടുള്ള കട്ടിലിൽ ഉറങ്ങുന്നത് ആരോഗ്യത്തിന് നല്ലതാണെന്നു കരുതുന്നു. ഈ മുറിയിൽ തന്നെയാണ് തൊട്ടിൽ ഒരുക്കുന്നത്.