Jump to content

രക്തസാക്ഷി ജസ്റ്റിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ജസ്റ്റിൻ മാർട്ടിയർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രക്തസാക്ഷി ജസ്റ്റിൻ
രക്തസാക്ഷി ജസ്റ്റിൻ
രക്തസാക്ഷി
ജനനംക്രി.വ.103[1]
ഫ്ലാവിയ നിയാപോലിസ്, ഇപ്പോൾ യോർദ്ദാൻ നദിയുടെ പടിഞ്ഞാറേ തീരത്തുള്ള നാബ്ലസ്
മരണം165
റോം, റോമാ സാമ്രാജ്യം
വണങ്ങുന്നത്റോമൻ കത്തോലിക്കാ സഭ
ആംഗ്ലിക്കൻ കൂട്ടായ്മ
പൗരസ്ത്യ ഓർത്തഡോക്സ് സഭ
ലൂഥറൻ സഭ
നാമകരണംപുരാതന കാലം
ഓർമ്മത്തിരുന്നാൾ1 ജൂൺ (റോമൻ കത്തോലിക്കാ സഭ, പൗരസ്ത്യ ഓർത്തഡോക്സ് സഭ, ആംഗ്ലിക്കൻ കൂട്ടായ്മ)
14 ഏപ്രിൽ (റോമൻ പഞ്ചാംഗം, 1882–1969)

ക്രിസ്തുവർഷം രണ്ടാം നൂറ്റാണ്ടിലെ(103-165) പ്രസിദ്ധനായ ക്രിസ്തീയപക്ഷവാദിയും(Christian Apologist) വിശുദ്ധനുമായിരുന്നു രക്തസാക്ഷി ജസ്റ്റിൻ. "കേസറിയായിലെ ജസ്റ്റിൻ", "ദാർശനികനായ ജസ്റ്റിൻ", "ഫ്ലാവിയസ് ജസ്റ്റിനസ്" എന്നീ പേരുകളും അദ്ദേഹത്തിനുണ്ട്. എടുത്തു പറയത്തക്ക ദൈർഘ്യമുള്ള ക്രിസ്തീയ പക്ഷവാദരചനകളിൽ ഏറ്റവും പുരാതനമായവ അദ്ദേഹത്തിന്റേതാണ്. സഭയിലെ പരമ്പരാഗത വിശ്വാസമനുസരിച്ച്, മാർക്കസ് ഔറേലിയസ് ചക്രവർത്തിയും ജൂനിയസ് റസ്റ്റിക്കസ് നഗരാധിപനും ആയിരിക്കെ, ക്രി.വ. 162-നും 168-നും ഇടയ്ക്ക് റോമിൽ അദ്ദേഹം രക്തസാക്ഷിയായി.

ജീവിതം

[തിരുത്തുക]

ജസ്റ്റിന്റെ ജീവിതത്തെക്കുറിച്ചു ലഭ്യമായ വിവരങ്ങൾ അധികവും അദ്ദേഹത്തിന്റെ തന്നെ രചനകളിൽ ഉള്ളതാണ്. ഇന്നത്തെ പലസ്തീനയിലെ നാബ്ലസിന്റെ സ്ഥാനത്തുണ്ടായിരുന്ന പുരാതന സെച്ചമിലെ ഫ്ലാവിയ നിയാപോലിസിലാണ് അദ്ദേഹം ജനിച്ചത്. താൻ ശമരിയ സമുദായാംഗാണെന്നാണ് ജസ്റ്റിൻ അവകാശപ്പെട്ടതെങ്കിലും അദ്ദേഹത്തിന്റെ പിതാവും പിതാമഹനും ഗ്രീക്കുകാരോ റോമാക്കാരോ ആയിരുന്നിരിക്കാം. പേഗൻ വിശ്വാസത്തിലാണ് അദ്ദേഹത്തെ വളർത്തിയത്. ജസ്റ്റിൻ ധനസ്ഥിതിയുള്ളവനായിരുന്നെന്നു കരുതാൻ ന്യയമുണ്ട്. തത്ത്വചിന്തയിൽ പരിശീലനം നേടി അദ്ദേഹം ക്രിസ്തുമതത്തിലേക്കു പരിവർത്തിതനായതിനെ തുടർന്ന് അതിനെ സത്യദർശനമായി കണക്കാക്കി ആ വിശ്വാസത്തിന്റെ പ്രചാരണത്തിനു ജീവിതം മാറ്റിവച്ചു. എങ്കിലും, തത്ത്വചിന്തയിൽ ശിക്ഷകന്റെ പരിശീലം നേടിയിരുന്ന അദ്ദേഹം ദാർശനികന്റെ കുപ്പായം അണിയുന്നതു തുടർന്നു.

ദേശാടകനായിരുന്ന ജസ്റ്റിൻ ഒടുവിൽ ഒരു ക്രിസ്തീയ ദാർശനികനായി റോമിൽ താമസമാക്കി. അവിടെ അദ്ദേഹം ക്രിസ്തീയദർശനത്തിന്റെ ഒരു പാഠശാല തുറന്നു. അസീറിയയിലെ നിസിബിസിൽ നിന്നുള്ള തേഷനും, ഏഷ്യാമൈനറിലെ സ്മിർനായിൽ നിന്നുള്ള ഇരണേവൂസും, യൂഫ്രട്ടീസ് താഴ്വരയിൽ നിന്നുള്ള തിയോഫിലസും എല്ലാം അവിടെ അദ്ദേഹത്തിന്റെ ശിഷ്യന്മാരായി.[2] സമർത്ഥമായ രണ്ടു രചനകളിൽ അദ്ദേഹം സാമ്രാട്ടിനു മുൻപിൽ ക്രിസ്തുമതത്തിൽ വിശ്വസിക്കുന്നതിനുള്ള ന്യായങ്ങൾ നിരത്തിവച്ചു. ക്രിസ്ത്യാനികൾ കൃത്യമായി നികുതി അടയ്ക്കുന്നവരും വിശ്വസ്തരായ പൗരന്മാരുമാണെന്നും അനുകമ്പാപൂർവം പെരുമാറിയാൽ അവർ രാഷ്ട്രത്തിനു മുതക്കൂട്ടാകുമെന്നും ജസ്റ്റിൻ വാദിച്ചു. ഏതാനും വർഷം തടസ്സമില്ലാതെ പ്രവർത്തിക്കാനായെങ്കിലും സംവാദകുതുകിയായ ജസ്റ്റിൻ ഏറെ ശത്രുക്കളെ നേടിയിരുന്നു. ഒടുവിൽ പ്രതിയോഗിയായ ദോഷദർശി ദാർശനികൻ ക്രെസൻസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മറ്റു ആറു പേർക്കൊപ്പം പിടികൂടപ്പെട്ട അദ്ദേഹത്തിനു വധശിക്ഷ നൽകി.[3]

റോമിൽ നിന്ന് ഏതാനും കിലോമീറ്റർ മാത്രം ദൂരെയുള്ള വിശുദ്ധ സ്നാപകയോഹന്നാന്റെ പള്ളിയിൽ അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം സ്ഥിതി ചെയ്യുന്നതായി പറഞ്ഞുവരുന്നു. 1882-ൽ ലിയോ 13-ആമൻ മാർപ്പാപ്പ, രക്തസാക്ഷി ജസ്റ്റിന്റെ തിരുനാളിലേക്കായി ഒരു കുർബ്ബാനയും ഒപ്പീസും എഴുതിയുണ്ടാക്കി.[4] ഫ്ലോറസിന്റെ രക്തസാക്ഷിപ്പട്ടികയിൽ ജസ്റ്റിന്റെ ചരമദിനമായി പറഞ്ഞിരുന്ന ദിവസത്തിന്റെ പിറ്റേന്ന്, ഏപ്രിൽ 14 അയിരുന്നു തിരുനാൾ നിശ്ചയിച്ചത്; എന്നാൽ ഈ അനുസ്മരണാദിനം പലപ്പോഴും പീഡാനുഭവവാരത്തിനുള്ളിൽ വന്നതിനാൽ, 1968-ൽ അത് ജൂൺ 1-ലേക്കു മാറ്റി. 9-ആം നൂറ്റാണ്ടു മുതലെങ്കിലും ബൈസാന്തിയ സഭയിൽ ജസ്റ്റിന്റെ തിരുനാൾ ആഘോഷിച്ചുവരുന്നതും ഈ ദിവസം തന്നെയാണ്.[5]

ജസ്റ്റിനെക്കുറിച്ചുള്ള സാക്ഷ്യങ്ങൾ

[തിരുത്തുക]

രണ്ടാം നൂറ്റാണ്ടിലെ മറ്റൊരു ക്രിസ്തീയലേഖകനും ജസ്റ്റിന്റെ ശിഷ്യനുമായിരുന്ന തേഷന്റെ(Tatian) "യവനരോടുള്ള പ്രഭാഷണം" (Oratio ad Graecos) എന്ന കൃതിയിലാണ് ജസ്റ്റിനെക്കുറിച്ചുള്ള ആദ്യത്തെ ലിഖിതസൂചന ഉള്ളത്. തേഷൻ, ജസ്റ്റിനെ "ഏറ്റവും ബഹുമാന്യനായ ജസ്റ്റിൻ" എന്നു പുകഴ്ത്തുകയും അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ഉദ്ധരിക്കുകയും ചെയ്യുന്നു. സന്ദേഹവാദിയായ ക്രെസൻസ് ജസ്റ്റിനെ കെണിയിൽ പെടുത്താൻ ശ്രമിച്ചെന്നും തേഷൻ പറയുന്നു. ജസ്റ്റിന്റെ രക്തസാക്ഷിത്വത്തെക്കുറിച്ചു പറയുന്ന ഇരണേവൂസ്(Irenaeus)[6] തേഷനെ അദ്ദേഹത്തിന്റെ ശിഷ്യനായി ചിത്രീകരിക്കുന്നു. ജസ്റ്റിന്റെ അഭിപ്രായങ്ങൾ രണ്ടിടത്ത് ഉദ്ധരിച്ചു ചേർക്കുന്ന ഇരണേവൂസ് [7] മറ്റു സ്ഥലങ്ങളിലും അദ്ദേഹത്തിന്റെ സ്വാധീനം പ്രതിഫലിപ്പിക്കുന്നു. "വാലന്റീനിയാനൂസിനെതിരെ" എന്ന കൃതിയിൽ തെർത്തുല്യൻ ജസ്റ്റിനെ ദാർശനികനും രക്തസാക്ഷിയും, ക്രിസ്തീയ പാഷണ്ഡികളുടെ ആദ്യത്തെ പ്രതിയോഗിയും എന്നു വിശേഷിപ്പിക്കുന്നു. റോമിൽ മറ്റു ആറു പേരോടൊപ്പം അദ്ദേഹത്തെ ചാട്ടവാറിനടിച്ച ശേഷം ശിരഛേദം ചെയ്യുകയാണുണ്ടായതെന്നും തെർത്തുല്യൻ പറയുന്നു.

Iustini opera, 1636

തന്റെ പ്രസിദ്ധമായ സഭാചരിത്രത്തിൽ കേസറിയായിലെ യൂസീബിയസ് ജസ്റ്റിനെക്കുറിച്ചു സാമാന്യം ദീർഘമായി എഴുതുകയും,[8] താഴെപ്പറയുന്ന കൃതികൾ അദ്ദേഹത്തിന്റേതായി പറയുകയും ചെയ്യുന്നു:

  • ഒന്നാം പക്ഷവാദം (അപ്പോളജി) അന്തോണിയസ് പയസ് ചക്രവർത്തിയേയും അദ്ദേഹത്തിന്റെ മക്കളേയും ഉദ്ദേശിച്ചുള്ളത്
  • രണ്ടാം പക്ഷവാദം - റോമിലെ സെനറ്റിനെ ഉദ്ദേശിച്ചുള്ളത്
  • "യവനരോടുള്ള പ്രഭാഷണം", യവനദാർശനികരുമായി അവരുടെ ദൈവങ്ങളുടെ സ്വഭാവത്തെക്കുറിച്ചുള്ള ചർച്ച
  • യവനരോടുള്ള ആഹ്വാനപരമായ പ്രഭാഷണം
  • "ദൈവത്തിന്റെ പരമാധികാരം" എന്ന പേരിലുള്ള ഒരു രചന: പേഗനുന്മാരും ക്രിസ്ത്യാനികളുമായ ചിന്തകന്മാരെ ഇതിൽ അദ്ദേഹം ആശ്രയിക്കുന്നു;
  • "സങ്കീർത്തകൻ" എന്നു പേരുള്ള ഒരു രചന;
  • "ആത്മാവിനെക്കുറിച്ച്" എന്ന പേരിൽ സ്കൊളാസ്റ്റിക് ശൈലിയിലുള്ള ഒരു രചന
  • "ടൈഫോയുമായുള്ള സംഭാഷണങ്ങൾ"

മേല്പറഞ്ഞ കൃതികളിൽ, പക്ഷവാദരചനകളും, ടൈഫോയുമായുള്ള സംവാദവും ഒഴിച്ചുള്ളവയുടെ ആധികാരികത പരക്കെ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷവാദരചനകൾ രണ്ടെണ്ണം ഉണ്ടെങ്കിലും ഇവയിൽ രണ്ടാമത്തേതിൽ ആദ്യത്തേതിലെ വാദങ്ങളുടെ ആവർത്തനം മാത്രമായതിനാൽ, അവയെ ഒരു കൃതിയായി പരിഗണിക്കുന്നതിൽ തെറ്റില്ല. ക്രിസ്ത്യാനികൾ ഈശ്വരനിഷേധികളും രാജ്യദ്രോഹികളുമാണെന്ന റോമൻ ഭരണകൂടത്തിന്റെ ആരോപണത്തെ തള്ളിപ്പറഞ്ഞുകൊണ്ടാണ് ജസ്റ്റിൻ ഒന്നാം പക്ഷവാദം ആരംഭിക്കുന്നത്. തുടർന്നദ്ദേഹം ക്രിസ്ത്യാനികളുടെ സദാചാരനിഷ്ഠയും മറ്റും ചൂണ്ടിക്കാട്ടി അവർ സ്വീകരിച്ച പുതിയ മതത്തിന്റെ മേന്മ സ്ഥാപിക്കാൻ ശ്രമിക്കുന്നു. ക്രിസ്തീയവിശ്വാസത്തെ പരമ്പരാഗതധാർമ്മികതയുമായി താരതമ്യപ്പെടുത്തി പേഗൻ വിശ്വാസം സാത്താന്റെ സൃഷ്ടിയാണെന്നു സ്ഥാപിക്കാനും ജസ്റ്റിൻ ശ്രമിക്കുന്നു. പഴയ പ്രവചനങ്ങൾ ക്രിസ്തുമതത്തിൽ പൂർത്തിയായി എന്ന വാദവും പുതിയ മതത്തിന്റെ പരമാർത്ഥതയ്ക്കു തെളിവായി അദ്ദേഹം ഉന്നയിക്കുന്നു.[9]"ടൈഫോയുമായുള്ള സംഭാഷണങ്ങൾ" എന്ന കൃതി എഫേസോസിൽ വച്ച് ടൈഫോ എന്ന യഹൂദനുമായി ജസ്റ്റിൻ നടത്തിയ സംവാദത്തിന്റെ രേഖയാണ്.

വിലയിരുത്തൽ

[തിരുത്തുക]

ക്രിസ്തീയ പക്ഷവാദത്തിൽ അഭിരമിച്ചപ്പോഴും ജസ്റ്റിൻ തത്ത്വചിന്ത കൈവിട്ടില്ല. യവനദർശനത്തെ ക്രിസ്തീയസത്യങ്ങളുടെ പൂർവദർശനമായി കണ്ട അദ്ദേഹം, ക്രൈസ്തവവും ക്രൈസ്തവേതരവുമായ സംസ്കാരങ്ങളെ സമന്വയിപ്പിക്കാൻ ശ്രമിച്ചവരുടെ ദീർഘശൃംഖലയിലെ ആദ്യത്തെ കണ്ണിയാവുന്നു. യേശുവിൽ പ്രകടമായ ദൈവവചനം, നീതി, നിത്യജീവൻ എന്നിവയിലുള്ള വിശ്വാസത്തിലൂന്നിയ ക്രിസ്തീയത, ഏകദൈവവിശ്വാസത്തിലുറച്ച പഴയ ദർശനങ്ങളിൽ ഒരളവു വരെ പ്രവചിക്കപ്പെട്ടിട്ടുള്ളതാണെന്ന് അദ്ദേഹം വാദിച്ചു. ക്രിസ്തുധർമ്മത്തെ യുക്തിയിൽ പൊതിഞ്ഞ് അവതരിപ്പിച്ച ജസ്റ്റിൻ രക്ഷയുടെ ധർമ്മം എന്ന നിലയിൽ അതിനു വലിയ പ്രാധാന്യം നൽകിയില്ല. ബൗദ്ധികമായ സത്യങ്ങൾ സംവാദത്തിലൂടെ സ്ഥാപിക്കാനുള്ള ഈ ശ്രമത്തിനിടെ, ദൈവവുമായുള്ള പാപിയുടെ രമ്യപ്പെടൽ, യേശു വഴിയുള്ള ലോകത്തിന്റെ രക്ഷ എന്നിവയിലൂന്നിയ പരമ്പരാഗത ക്രിസ്തീയതയെ അദ്ദേഹം അവഗണിക്കുന്നതായി തോന്നിയേക്കാം. എന്നാൽ അഭ്യസ്തവിദ്യരായ 'പേഗൻ' (പുറജാതിയ) സമൂഹത്തെ അവരുടെ ബൗദ്ധികനിലപാടിൽ നിന്നു ബോദ്ധ്യപ്പെടുത്താനുള്ള ശ്രമമായി ഇതിനെ കാണാവുന്നതാണ്. യഹൂദനായ ടൈഫോയുമായുള്ള സംവാദത്തിൽ ജസ്റ്റിൻ അവലംബിക്കുന്നത് മറ്റൊരു നിലപാടാണ്. രക്ഷകപ്രതീക്ഷയിൽ കഴിയുന്ന ഒരു യഹൂദനുമായുള്ള ആ ചർച്ചയിൽ, ക്രിസ്തുധർമ്മം വെളിപാടിന്റെ മതമായി കാണപ്പെടുന്നു. പക്ഷവാദങ്ങളിലെന്നതിനേക്കാൾ, ആദിമക്രിസ്തീയതയുമായി പൊരുത്തമുള്ള വാദങ്ങളാണ് ടൈഫോയുമായുള്ള സംവാദത്തിൽ കാണുന്നത്. റബൈനിക രചനകളുമായി പിൽക്കാലങ്ങളിലെ യഹൂദവിരുദ്ധലേഖകർ കാട്ടിയതിനേക്കാൾ ഗാഢമായ പരിചയവും ഈ കൃതിയിൽ ജസ്റ്റിൻ പ്രകടമാക്കുന്നു.[9]

രണ്ടാം നൂറ്റാണ്ടിലെ ക്രിസ്തീയസഭയെക്കുറിച്ചുള്ള പഠനത്തിൽ വിലപ്പെട്ട രേഖകളാണ് ജസ്റ്റിന്റെ രചനകൾ. പക്ഷവാദത്തിലെ ചില ഖണ്ഡങ്ങൾ, അക്കാലത്തെ സഭയിലെ പരസ്യാരാധനാമുറയേയും കൂദാശാവിധികളേയും സംബന്ധിച്ചാണ്. ദൈവശാസ്ത്രത്തിൽ തന്റേതായ വഴി കണ്ടെത്താൻ ശ്രമിച്ചപ്പോഴും, വിശ്വാസിയെന്ന നിലയിൽ സഭയുടെ പൊതുധാരയിൽ ചേർന്നു നിൽക്കൻ അദ്ദേഹം ശ്രമിച്ചുവെന്നാണ് ഇതു നൽകുന്ന സൂചന. പുതിയനിയമത്തിന്റെ ചരിത്രത്തെ സംബന്ധിച്ച പഠനത്തിലും ജസ്റ്റിന്റെ രചനകൾ അതിപ്രധാനമാണ്. ക്രിസ്തീയരചനകളുടെ ഒരു അംഗീകൃതസംഹിത അദ്ദേഹത്തിന് പരിചയമില്ലായിരുന്നു. യേശുവിന്റെ പഠനങ്ങളെക്കുറിച്ചറിയാനുള്ള സ്രോതസ്സായി ജസ്റ്റിൻ കണ്ടത് "അപ്പസ്തോലസ്മരണകൾ" ആണ്. അദ്ദേഹം ഇങ്ങനെ വിളിച്ചത് സമന്തരസുവിശേഷങ്ങളെ ആണെന്നു കരുതപ്പെടുന്നു. ഇവ പഴയനിയമത്തിലെ പ്രവചനഗ്രന്ഥങ്ങൾക്കൊപ്പം ആരാധനാശുശ്രൂഷകളിൽ വായിക്കപ്പെട്ടിരുന്നെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. പ്രതിയോഗികളുമായി ധാരണയിലെത്താൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന മനോഭാവമാണ് ജസ്റ്റിന്റെ രചനകളിൽ തെളിഞ്ഞുകാണുന്നത്. എഴുത്തുകാരനെന്ന നിലയിൽ പലപ്പോഴും അദ്ദേഹം വിരസനും ഏകാഗ്രത കുറഞ്ഞവനുമായി കാണപ്പെട്ടെങ്കിലും, ദൈവശാസ്ത്രത്തിലെ അദ്ദേഹത്തിന്റെ രുചികൾ വിശാലമായിരുന്നു.[9]

അവലംബം

[തിരുത്തുക]
  1. തോമസ് വിറ്റ്ലാ, യോഹന്നാന്റെ സുവിശേഷത്തിന്റെ വ്യാഖ്യാനം (1885), പുറം xl
  2. Early church.org.uk രക്തസാക്ഷി ജസ്റ്റിൻ
  3. വിൽ ഡുറാന്റ്, "സീസറും ക്രിസ്തുവും"(പുറം 611), സംസ്കാരത്തിന്റെ കഥ, മൂന്നാം ഭാഗം
  4. Catholic Encyclopedia: St. Justin Martyr
  5. Calendarium Romanum (Libreria Editrice Vaticana 1969), p. 94
  6. ഇരണേവൂസ്, "പാഷണ്ഡതകൾക്കെതിരെ", I:xxviii:1
  7. ഇരണേവൂസ്, "പാഷണ്ഡതകൾക്കെതിരെ" IV., vi. 2, V., xxvi. 2.
  8. കേസറിയായിലെ യൂസീബിയസ്, "സഭാചരിത്രം", iv. 18.
  9. 9.0 9.1 9.2 Love to Know Classic Encyclopedia(ബ്രിട്ടാണിക്കാ വിജ്ഞാനകോശത്തിന്റെ 1911-ൽ പ്രസിദ്ധീകരിച്ച 11-ആം പതിപ്പിനെ ആശ്രയിച്ചുള്ളത്) രക്തസാക്ഷി ജസ്റ്റിൻ
"https://ml.wikipedia.org/w/index.php?title=രക്തസാക്ഷി_ജസ്റ്റിൻ&oldid=4107853" എന്ന താളിൽനിന്ന് ശേഖരിച്ചത്