ഞാറ്റുവേല
രാശിചക്രത്തിലെ ഒരു നക്ഷത്രഭാഗം കടന്നു പോകാൻ സൂര്യനു വേണ്ട കാലയളവാണു ഞാറ്റുവേല എന്ന് അറിയപ്പെടുന്നത്. ഞാറ്റുനില, ഞാറ്റില എന്നിങ്ങനെയും പേരുകൾ ഉണ്ട്. 27 ഞാറ്റുവേലകൾ ഉണ്ട്; അവയ്ക്ക് 27 നാളുകളുടെ (നക്ഷത്രങ്ങളുടെ) പേരാണ് നൽകിയിരിക്കുന്നത്. സൂര്യൻ ഏത് നക്ഷത്രത്തിന്റെ കൂടെ നിൽകുന്നുവോ ആ നക്ഷത്രത്തിന്റെ പേരിൽ ഞാറ്റുവേല അറിയപ്പെടുന്നു. സൂര്യൻ ഒരു നക്ഷത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നതിന്റെ ഞാറ്റുവേലപ്പകർച്ച എന്നോ ഞാറ്റുവേലപോക്ക് എന്നോ പറയുന്നു. ഒരു ഞാറ്റുവേല ശരാശരി 13 1/2 ദിവസത്തോളം നിൽകും. മലയാള മാസത്തിന്റെ പേരിലാണ് രാശികൾ അറിയപ്പെടുന്നത്.ആദ്യത്തെ രാശി മേടം രാശി ഏപ്രിൽ14or15നോ(മേടം1or2) ആരംഭിക്കും. ആദ്യത്തെ ഞാറ്റുവേല അശ്വതിയും അവസാനത്തെ ഞാറ്റുവേല രേവതിയും ആണ്. 365 ദിവസത്തെ 27 നക്ഷത്രങ്ങൾ കൊണ്ട് ഹരിക്കുബോഴാണ് ഒരു ഞാറ്റുവേലയുടെ കാലാവധി കിട്ടുന്നത്.
പേരിന്റെ പിന്നിൽ
[തിരുത്തുക]സൂര്യന്റെ മറ്റൊരു പേരായ njayarണ് പേരിന്റെ കാരണം. ഞായർ വേള എന്നതാണ് ഞായറ്റുവേള എന്നും ഞാറ്റുവേല എന്നുമായിത്തീർന്നത്. ഞാറ്റുനില, ഞാറ്റില, ഞായിറ്റുവേല എന്നിങ്ങനെയും പലയിടങ്ങളിൽ പേരുണ്ട്.[1]
ശാസ്ത്രം
[തിരുത്തുക]രാശിചക്രത്തെ 13°20‘ വീതമുള്ള തുല്യ നക്ഷത്രഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്. ഇതാണ് അശ്വതി, ഭരണി, കാർത്തിക, രോഹിണി, മുതലായ 27 നക്ഷത്രങ്ങൾ. സൂര്യൻ ഒരു ദിവസം ഏകദേശം ഒരു ഡിഗ്രി രാശിചക്രത്തിലൂടെ സഞ്ചരിക്കുന്നു. അപ്പോൾ 13°20‘ ഡിഗ്രി സഞ്ചരിക്കാൻ ഏകദേശം 13-14 ദിവസം വേണം. അതായത് ഒരു നക്ഷത്രഭാഗം കടന്നു പോകാൻ സൂര്യന് 13-14 ദിവസം വേണം. ഇതാണ് ഞാറ്റുവേല എന്ന പേരിൽ അറിയപ്പെടുന്നത്.[അവലംബം ആവശ്യമാണ്] ഉദാഹരണത്തിന് തിരുവാതിര ഞാറ്റുവേല എന്നു പറഞ്ഞാൽ അതിന്റെ അർത്ഥം സൂര്യൻ ഇപ്പോൾ തിരുവാതിര നക്ഷത്രഭാഗത്താണ് എന്നാണ്.
ഒരു ഞാറ്റുവേല ശരാശരി പതിമൂന്നര ദിവസമാണ്. സവിശേഷമായ തിരുവാതിര ഞാറ്റുവേല പതിനഞ്ചു ദിവസമാണ്.[2]
ഞാറ്റുവേലയും കൃഷിയും
[തിരുത്തുക]കേരളീയർ ഞാറ്റുവേലക്കൊത്ത് കാർഷിക ചക്രം രൂപപ്പെടുത്തിയിട്ടുണ്ട്. കേരളീയരെ സംബന്ധിചച്ചിടത്തോളം ജ്യോതിശാസ്ത്രത്തിലും കാലാവസ്ഥാശാസ്ത്രത്തിലും പരിചയത്തിലും ഊന്നി ഒരു കൊല്ലം ലഭ്യമാകുന്ന മഴയുടെ വിതരണത്തെ ഏറ്റവും ശാസ്ത്രീയമായി നിർണ്ണയിച്ചതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഞാറ്റുവേല സങ്കല്പം.[1]
ഞാറ്റുവേലയിലെ മഴയുടെ പ്രത്യേകതകൾ പഴയചൊല്ലുകളിൽ നിന്ന് വ്യക്തമാക്കാവുന്നതാണ്. വേനൽ മഴ്യ്ക്കൊപ്പം ആദ്യ ഞാറ്റുവേലയായ അശ്വതി ഏപ്രിൽ പകുതിയോടെ തുടങ്ങും.[2]അശ്വതി, ഭരണി ഞാറ്റുവേലകളിൽ ഇടയ്ക്കിടക്ക് മഴ പെയ്യും.വിത്ത് ഭരണിയിലിടണം. രണ്ടു രാശികളിലായി ലഭിക്കുന്ന കാർത്തിക ഞാറ്റുവേലയിൽ പൊതുവെ മഴ ഉണ്ടാവാറില്ല. എങ്കിലും കാർത്തിക കാലിൽ കാക്കക്കാൽ നനഞ്ഞാൽ മുക്കാലിൽ മുക്കും എന്ന ചൊല്ലിൽ നിന്ന് മേടം രാശിയിൽ വരുന്ന കാർത്തിക ഞാറ്റുവേലയുടെ 1/4 രാശിയിൽ ചെറിയ മഴ പെയ്താൽ തന്നെ ഇടവം[അവലംബം ആവശ്യമാണ്] രാശിയിൽ വരുന്ന 3/4 രാശിയിൽ നല്ല മഴ ലഭിക്കുമെന്ന വിവരം ലഭിക്കുന്നു. രോഹിണി ഞാറ്റുവേലയോടെ കാലവർഷം വരവായി. രോഹിണിക്കിപ്പുറം അധികം വിത വേണ്ട. മകയീര്യം മദിച്ചു പെയ്യും എന്നും തിരുവാതിര ഞാറ്റുവേലയിൽ തിരിമുറിയാതെ മഴ പെയ്യുമെന്നും ചൊല്ലുണ്ട് തിരുവാതിര ഞാറ്റുവേലയിൽ നൂറ്റൊന്നു മഴയും നൂറ്റൊന്നു വെയിലും എന്ന ചൊല്ലുമുണ്ട്. തിരുവാതിര ഞാറ്റുവേലയുടെ തുടക്കത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഞാറ്റുവേലപ്പോക്കിനു നല്ല മഴലഭിക്കുമെന്നുമുള്ള തിരുവാതിരക്ക് ആദ്യം തെളിഞ്ഞാൽ പോക്കിനു മഴ എന്ന ചൊല്ലും പ്രസക്തമാണ്. പുണർതത്തിൽ പുകഞ്ഞ മഴയാണ്. പുണർതം പൂഴി തെറിപ്പിക്കും എന്നും ചൊല്ലുണ്ട്. അത്രയും വലിയ മഴയായിരിക്കുമത്രെ. ആയില്യം ഞാറ്റുവേലയിൽ നല്ലമഴലഭിക്കുമെന്നും അത് അത്തമാവുമ്പോഴേക്കും ശക്തമാകുമെന്നും പഴയ ചൊല്ലുകളിൽ നിന്ന് മനസ്സിലാക്കാം. തിരുവാതിര ഞാറ്റുവേല ഏറ്റവും കേമൻ എന്നാണ് കർഷകർ കരുതുന്നത്. ഏത് ചെടി നട്ടാലും എളുപ്പം വളരും. പ്ലാവിന്റെയും മാവിന്റേയും കമ്പ് വരെ പൊടിച്ചുവരുമത്രെ. ഈ ഞാറ്റുവേലക്ക് ഔഷധഗുണമുണ്ടെന്നാണ് വിശ്വാസം. കുരുമുളക് നടാനായി കർഷകർ തിരഞ്ഞെടുക്കുന്നത് ഈ സമയമാണ്. മകത്തിന്റെ പുറത്ത് എള്ളെറിഞ്ഞാൽ കുടത്തിനു പുറത്താണ് എണ്ണ. ചോതി ഞാറ്റുവേലയിലാണ് മഴ തീരുന്നത്.[2]ചോതി പെയ്താൽ ചോറുറച്ചു എന്നുമുണ്ട്
ഒരോ വിളയ്ക്കും അനുയോജ്യമായ ഞാറ്റുവേലകളേയും ഏറ്റവും പ്രായോഗികമായും തിരിച്ചറിഞ്ഞിരുന്നു. ചാമയ്ക്ക് അശ്വതി ഞാറ്റുവേലയും പയർ, ചെറുപയർ, ഉഴുന്ന്, തുവരപ്പരിപ്പ് എന്നിവക്ക് രോഹിണി ഞാറ്റുവേലയും അമര, കുരുമുളക്, തെങ്ങ് എന്നിവക്ക് തിരുവാതിര ഞാറ്റുവേലയും എള്ളിനു മകം ഞാറ്റുവേലയും ഉത്തമമാണ്.[3] അത്തത്തിൽ വാഴ നടാം.ഫലവൃക്ഷങ്ങളുടെ വിത്തുകൾ നടുന്നതിനും കൊമ്പൊടിച്ചുകുത്തി മുളപ്പിക്കുന്ന എല്ലാ ചെടികൾക്കും തിരുവാതിര ഞാറ്റുവേലയാണ് ഏറ്റവും ഉത്തമം. നെൽ കൃഷിക്കും ഇത്തരത്തിൽ ഞാറ്റുവേല സമയങ്ങൾ കൃഷിഗീതയിൽ പ്രസ്താവിച്ചു കാണുന്നു. ഭരണി ഞാറ്റുവേലയിൽ മത്തൻ, കുമ്പളം, കയ്പ, വെണ്ട എന്നിവയുടെ വിത്തു കുത്താം.[2]
ഐതിഹ്യങ്ങളിൽ
[തിരുത്തുക]തിരുവാതിര ഞാറ്റുവേലയും കുരുമുളകുമായുള്ള അഭേദ്യമായ ബന്ധം ഐതിഹ്യങ്ങളിൽ പരാമർശിതമാണ്. പണ്ട് സാമൂതിരിയുടെ കാലത്ത് വാസ്കോ ഡ ഗാമ യൂടെ നേതൃത്വത്തിൽ പറങ്കികൾ കുരുമുളക് തൈകൾ പോർത്തുഗലിലേക്ക് കൊണ്ടുപോവാൻ സാമൂതിരിയോട് അനുവാദം ചോദിച്ചു. ചോദിച്ച അളവിൽ സാമൂതിരി അവർക്ക് തൈകൾ നൽകുകയും ചെയ്തു. ഇത് കണ്ട് ഭയന്ന മാങ്ങാട്ടച്ചൻ പറങ്കികൾ കുരുമുളക് കൊണ്ടുപോയാലുണ്ടാകുന്ന ഭവിഷത്ത് അറിയിച്ചപ്പോൾ സാമൂതിരി അവരോട് പറഞ്ഞത് ശ്രദ്ധേയമാണ്" അവർ നമ്മുടെ കൂരുമുളക് തിരിയൽകളേ കൊണ്ട് പോകൂ നമ്മുടെ തിരുവാതിര ഞാറ്റുവേല കൊണ്ട് പോകില്ലല്ലോ"
ചൊല്ലുകൾ
[തിരുത്തുക]- ചോതി വർഷിച്ചാൽ ചോറ്റിനു പഞ്ഞമില്ല.
- അത്തം ഇരുണ്ടാൽ ഓണം വെളുക്കും
- അതിരാവിലെ പെയ്യുന്ന മഴ വേഗം തോറും
- ചെമ്മാനം കണ്ടാൽ അമ്മാനം മഴയില്ല
- നട്ടുച്ചക്ക് പെയ്താൽ എട്ടുച്ചക്ക് പെയ്യും
- മുതിരക്കു മൂന്നു മഴ
- വിരിപ്പ് നട്ടുണങ്ങണം മുണ്ടകൻ നട്ടുമുങ്ങണം
- ഞാറ്റുവേലപ്പകർച്ച് വിത്തു പാകാ
- കുംഭത്തിൽ പെയ്താൽ കുപ്പയിലും മാണിക്കം
- മീനത്തിൽ മഴ പെയ്താൽ മീങ്കണ്ണീനും ദണ്ണം
- പൂയം ഞാറ്റുവേലയിൽ പുല്ലും പൂവണിയും
പരാമർശങ്ങൾ
[തിരുത്തുക]- ↑ 1.0 1.1 സുജിത്കുമാർ, സി.കെ. (1999) [2008]. കൃഷിമലയാളം (പ്രഥമ പതിപ്പ് ed.). കണ്ണൂർ: അക്ഷര സംസ്കൃതി.
{{cite book}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); Cite has empty unknown parameters:|month=
,|chapterurl=
,|origdate=
, and|coauthors=
(help); Unknown parameter|origmonth=
ignored (help) - ↑ 2.0 2.1 2.2 2.3 പേജ് 48-50, മഴ ഞാറ്റുവേലയിലെ കൃഷി- കവിത കണ്ണൻ, ആചെപ്പ് റിപ്പോർട്ട് ജൂലൈ2013
- ↑ കൃഷിഗീത
അത്തം ഇരുണ്ടാല് ഓണം വെളുക്കും എന്നു പറയുന്നത് ചിങ്ങത്തിലെ നാളിന്റെ കാര്യമാണ്~, ഞാറ്റുവേലയുടേതല്ല .