Jump to content

ടി. സുബ്രഹ്മണ്യൻ തിരുമുമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ടി. എസ്. തിരുമുമ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടി. സുബ്രഹ്മണ്യൻ തിരുമുമ്പ്
ജനനം(1906-06-12)ജൂൺ 12, 1906
മരണംനവംബർ 29, 1984(1984-11-29) (പ്രായം 78)
ദേശീയത ഇന്ത്യ
തൊഴിൽപൊതുപ്രവർത്തകൻ, സാഹിത്യകാരൻ
അറിയപ്പെടുന്നത്സ്വാതന്ത്ര്യസമരസേനാനി, ഗുരുവായൂർ സത്യാഗ്രഹത്തിൽ പങ്കെടുത്തയാൾ

കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റു് നേതാക്കളിലൊരാളും കവിയും സ്വാതന്ത്രസമരസേനാനിയുമായിരുന്നു താഴേക്കാട്ടു തിമിരിമനയിൽ സുബ്രഹ്മണ്യൻ തിരുമുമ്പ് എന്ന ടി. എസ്. തിരുമുമ്പ്(ജ. 12 ജൂൺ 1906 -മ. 29 നവംബർ 1984). ഉപ്പു സത്യാഗ്രഹത്തിലും ഗുരുവായൂർ സത്യാഗ്രഹത്തിലും പങ്കെടുത്തിരുന്നു. കർഷക സംഘം നേതാവായിരുന്നു.[1] ബ്രാഹ്മണനാടുവാഴി കുടുംബത്തിലാണ് ജനിച്ചതെങ്കിലും അതിന്റെ കെട്ടുപാടുകൾക്കിടയിൽ ആഴ്ന്നു പോകാതെ അദ്ദേഹം ദേശീയപ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ടു.

കോൺഗ്രസ്സിലൂടെ രാഷ്ട്രീയപ്രവേശനം നടത്തി. കേളപ്പന്റെ നേതൃത്വത്തിൽ പയ്യന്നൂരെത്തിയ ജാഥക്കു വേണ്ടി പാട്ടെഴുതി. നിയമലംഘനപ്രസ്ഥാനത്തിൽ പങ്കെടുത്ത് ജയിലിലടക്കപ്പെട്ടു. ജയിലിൽ പോയതോടുകൂടി ബന്ധുക്കൾ അദ്ദേഹത്തെ സമുദായത്തിൽ നിന്നും പുറത്താക്കി. ഗുരുവായൂർ സത്യാഗ്രഹത്തിൽ പങ്കെടുത്തു. രണ്ടാം ലോകമഹായുദ്ധത്തോടനുബന്ധിച്ച് പാർട്ടിക്ക് നിരോധനം വന്നപ്പോൾ തിരുമുമ്പ് അറസ്റ്റിലായി. 1948 ലെ പാർട്ടിയുടെ രണ്ടാം കോൺഗ്രസ്സോടുകൂടി തിരുമുമ്പ് പാർട്ടിയിൽ നിന്നും വിടപറഞ്ഞു. ഇ.എം.എസ്സ് തിരുമുമ്പിനെ പാടുന്ന പടവാൾ എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയം വിട്ട് ഭക്തിയിലേക്ക് തിരിച്ചുവന്ന തിരുമുമ്പ് 1984 ൽ 78-ആം വയസ്സിൽ അന്തരിച്ചു.

ജീവിതരേഖ

[തിരുത്തുക]

കാസർഗോഡ് ജില്ലയിൽ ചെറുവത്തൂരിൽ, താഴേക്കാട്ടു മനയിൽ കൊ.വ. 1081 ഇടവം 30 (1906 ജൂൺ 12) ന് ജനിച്ചു. പിതാവ് വൈക്കത്തുകാരൻ സുബ്രഹ്മണ്യൻ നമ്പൂതിരി, മാതാവ് പാപ്പിയമ്മ. അമ്മാവനിൽ നിന്ന് സംസ്കൃതവും കാവ്യശാസ്ത്രാദികളും പഠിച്ചു. പയ്യന്നൂർ ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം രാഷ്ട്രീയത്തിൽ പ്രവേശിച്ചു. ഉപരിപഠനത്തിന് മംഗലാപുരത്തോ, കോഴിക്കോടോ പോവാൻ താൽപര്യമുണ്ടായിരുന്നുവെങ്കിലും അമ്മാവന്മാരുടെ നിസ്സഹകരണം മൂലം അതിനു സാധിച്ചില്ല. കമ്മ്യൂണിസ്റ്റ് സഹയാത്രികയും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന പി. സി. കാർത്യായനിക്കുട്ടിയമ്മയാണു് ഭാര്യ. മക്കൾ ഭാരതിക്കുട്ടി, വേണുഗോപാലൻ, പൂർണ്ണചന്ദ്രൻ, പ്രസന്നകുമാരി, സുധാകരൻ, ലതാകുമാരി. വേണു ഗോപാലിന്റെ മക്കളാണു് വിജു വേണുഗോപാൽ എന്ന വിജു നമ്പ്യാർ (ഇപ്പോൾ സാഹിത്യരംഗത്ത് സജീവം) വൃന്ദാ ഗോപിനാഥ് [2] എന്നിവർ.

ലാലാലജ്പത് റായിക്ക് മർദ്ദനമേറ്റ സംഭവവും, പയ്യന്നൂരിൽ നടന്ന കോൺഗ്രസ്സ് സമ്മേളനവും തിരുമുമ്പിന്റെ ദേശഭക്തി ആളിക്കത്തിച്ചു. യതീന്ദ്രദാസിന്റെ രക്തസാക്ഷിത്വം തന്നെ വികാരതരളിതനാക്കി എന്ന് തിരുമുമ്പ് പിന്നീട് രേഖപ്പെടുത്തുകയുണ്ടായി. അദ്ദേഹം പതുക്കെ, കോൺഗ്രസ്സിന്റെ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി.[3]

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

ഭൂപ്രഭുക്കന്മാരായിരുന്ന താഴെക്കാട്ട് മനയിൽ നിന്നാണ് മലബാർ കർഷക വിമോചന പ്രസ്ഥാന രംഗത്തേക്ക് ടി.സുബ്രഹ്മണ്യൻ തിരുമുമ്പ് പ്രവേശിച്ചത്. മനയിലെ തന്നെ ഉണ്ണികൃഷ്ണൻ തിരുമുമ്പ്, ഹരിഹരൻ തിരുമുമ്പ് എന്നിവരും കർഷക പ്രസ്ഥാനത്തിൽ വളരെ സജീവമായി പ്രവർത്തിച്ചിരുന്നു.[4] 1923 മുതൽ ജീവിതകാലം മുഴുവനും രാഷ്ട്രീയപ്രവർത്തനങ്ങൾക്കായി ഉഴിഞ്ഞുവച്ചു. ഉപ്പു സത്യാഗ്രഹം, ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹം, സവർണജാഥ, മലബാർ സംയോജന പ്രക്ഷോഭം എന്നിവയിൽ പങ്കെടുത്തു. കോഴിക്കോട് നിന്ന് കെ. കേളപ്പന്റെ നേതൃത്വത്തിൽ ഉപ്പുസത്യാഗ്രഹത്തിന് പോയ സംഘത്തിൽ ഉണ്ടായിരുന്നു.[5] ഈ ജാഥയിൽ ആലപിച്ചതു തിരുമുമ്പ് രചിച്ച ദേശീയ ഗാനങ്ങളായിരുന്നു. നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്ത് ജയിലിലായി. ജയിൽവാസകാലത്ത് ധാരാളം ദേശീയ നേതാക്കളുമായി പരിചയപ്പെട്ടു. ഗാന്ധി-ഇർവിൻ സന്ധി പ്രകാരം തടവുകാരെ മോചിപ്പിച്ചപ്പോൾ തിരുമുമ്പും ജയിൽ മോചിതനായി.

ജയിൽവാസം അനുഭവിച്ചതുകാരണം തിരുമുമ്പിനേയും സഹോദരനേയും മനയിൽ നിന്നും പുറത്താക്കി. ഒരു ചെറിയ പുര വാടകക്കെടുത്ത് തദ്ദേശീയരായ കുട്ടികളെ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കുവാൻ തുടങ്ങി. ഈ സമയത്താണ് ഗുരുവായൂർ സത്യാഗ്രഹത്തെക്കുറിച്ചാലോചിക്കാൻ കെ.പി.സി.സി കൂടുന്നത്, അതിൽ പങ്കെടുക്കാൻ കേളപ്പന്റെ ക്ഷണം ലഭിച്ചു. സമരത്തിന്റെ മുന്നോടിയായി കണ്ണൂരിൽ നിന്നും ഗുരുവായൂരിലേക്ക് ഒരു ജാഥ നയിക്കാൻ കേളപ്പൻ തിരുമുമ്പിനോട് ആവശ്യപ്പെട്ടു. 1931 ഒക്ടോബർ 21-ന് ഗുരുവായൂർ സത്യാഗ്രഹത്തിനായിട്ടുള്ള ജാഥയെ നയിച്ചത് തിരുമുമ്പായിരുന്നു.[6] ജാഥ ഗുരുവായൂരിലെത്തിയ പിറ്റേന്നു മുതൽ സത്യാഗ്രഹം ആരംഭിച്ചു. ഒരു ദിവസം സത്യാഗ്രഹപന്തലിൽ നിന്നും മടങ്ങുന്ന വഴി പോലീസ് അറസ്റ്റ് ചെയ്തു. മുൻപെങ്ങോ എഴുതിയ ഒരു കവിതയുടെ പേരിലായിരുന്നു അറസ്റ്റ്. രണ്ടാഴ്ചത്തെ റിമാൻഡിനു കോടതി വിധിച്ചുവെങ്കിലും, ഈ അറസ്റ്റിനെതിരേ രാജ്യവാപകമായ പ്രക്ഷോഭങ്ങൾ അരങ്ങേറി. പക്ഷേ വിധി തിരുമുമ്പിനെതിരായിരുന്നു. അദ്ദേഹത്തെ ജയിലിലടച്ചു. ജയിലിൽ നിന്നും സ്വഭവനത്തിലേക്കു പോകാതെ ഗുരുവായൂരിലേക്കാണ് അദ്ദേഹം പോയത്.[7] അപ്പോഴേക്കും ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം സത്യാഗ്രഹം അവസാനിപ്പിച്ചിരുന്നു, എന്നാൽ ക്ഷേത്രപ്രവേശനത്തിനനകൂലമായി പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനായി സംഘടിപ്പിച്ച കാൽനട ജാഥയുടെ അമരത്ത് തിരുമുമ്പായിരുന്നു.

കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക്

[തിരുത്തുക]

വിവാഹശേഷം രാഷ്ട്രീയത്തിൽ നിന്നും മാറിനിന്നെങ്കിലും, പിന്നീട് സജീവമായി രംഗത്തെത്തുകയായിരുന്നു. അക്കാലത്താണ് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി മലബാറിൽ വേരുറപ്പിക്കുന്നത്. തന്റെ പാത ഇതു തന്നെയാണെന്ന് തിരുമുമ്പ് ഉടൻ തിരിച്ചറിഞ്ഞു. എ.വി.കുഞ്ഞമ്പുവിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട അഭിനവ ഭാരത് യുവസംഘത്തിൽ അംഗമായി. ബക്കളത്തും, കോഴിക്കോട്ടും നടന്ന കോൺഗ്രസ്സ് സമ്മേളനത്തിൽ പങ്കെടുത്തു. 1939 ൽ രണ്ടാം ലോകമഹായുദ്ധം തുടങ്ങിയപ്പോൾ യുദ്ധവിരുദ്ധ പ്രസംഗങ്ങൾ നടത്തി എന്ന കുറ്റം ചാർത്തി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ജയിലിലും, ബെല്ലാരി ജയിലിലുമായിരുന്നു തടവുവാസം.[8] പാർട്ടിയുടെ നിരോധനം നീങ്ങിയപ്പോൾ 1948 വരെ മുഴുവൻ സമയ കമ്മ്യൂണിസ്റ്റുകാരനായി പ്രവർത്തിച്ചു. പാർട്ടിക്കു പണം പിരിക്കുവാൻ വേണ്ടി സിലോണിലേക്കു സന്ദർശനം നടത്തി.

വടക്കേ മലബാറിൽ കമ്യൂണിസ്റ്റു പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന കർഷകസമരങ്ങൾക്കു പ്രേരകശക്തിയായത് തിരുമുമ്പാണ്. പല കാലങ്ങളിലായി ഏഴ് കൊല്ലക്കാലം രാഷ്ട്രീയത്തടവുകാരനായി. അനാചാരങ്ങളോടും അനീതികളോടും ഇദ്ദേഹം നിർദയം പ്രതികരിച്ചു. സ്വാതന്ത്യലബ്ധിക്കു ശേഷം (1948 മുതൽ) രാഷ്ട്രീയ രംഗങ്ങളിൽ നിന്നു പിന്മാറി കുടുംബകാര്യങ്ങളിലേക്കും ആധ്യാത്മികതയിലേക്കും ശ്രദ്ധതിരിച്ചു. നിരന്തരമായ ദേവ്യുപാസനയും പുരാണപാരായണവും ആണ് ഇദ്ദേഹത്തെ തികഞ്ഞ ഭക്തനാക്കി മാറ്റിയത്.

സാഹിത്യ സംഭാവനകൾ

[തിരുത്തുക]

പത്ത് വയസ്സു മുതൽ ശ്ലോകങ്ങൾ എഴുതിത്തുടങ്ങിയ തിരുമുമ്പ് പതിമൂന്നാമത്തെ വയസ്സിൽ ഏഴ് സർഗങ്ങളുള്ള മാർക്കണ്ഡേയ പുരാണം എന്ന കാവ്യം രചിച്ചു. പതിനാലാമത്തെ വയസ്സിൽ രചിച്ച ശ്രീകരൻ ആണ് ആദ്യത്തെ പ്രസിദ്ധീകൃത കൃതി. യുവഭാരതത്തിൽ പ്രസിദ്ധീകരിച്ച 'ധർമ പരീക്ഷണം' എന്ന കവിത ജയിൽശിക്ഷ നേടിക്കൊടുത്തെങ്കിലും ഗാന്ധിജിയുടെ അഭിനന്ദനത്തിന് ഇദ്ദേഹത്തെ അർഹനാക്കി. തുടർന്ന് വികാസം, വന്ദേമാതരം, നവോത്ഥാനം, സത്യകാഹളം, ഭാരതി, പൂരക്കളിപ്പാട്ടുകൾ എന്നിവ രചിച്ചു. സുബ്രഹ്മണ്യ ഭാരതിയുടെ ദേശഭക്തിഗാനങ്ങളുടെ പരിഭാഷയാണ് വന്ദേമാതരം. കിരാതാർജുനീയത്തിന്റെ കർത്താവായ ഭാരവിയുടെ കഥയാണ് ഭാരവിയിൽ പ്രതിപാദിച്ചിരിക്കുന്നത്. രാഷ്ട്രീയപ്രചാരണോദ്ദേശ്യത്തോടെ രചിച്ച കവിതകളാണ് വികാസത്തിലും സത്യകാഹളത്തിലും ഉള്ളവ. വികാസത്തിലെ 'സംഘടിക്കുവിൻ' എന്ന ദേശാഭിമാന കവിതയിൽ ആർഷ സംസ്കാരത്തോടുള്ള ആദരവ് പ്രകടമായി കാണാം. ഇവയ്ക്കു പുറമേ പ്രകടമായ രാഷ്ട്രീയസ്വഭാവമുള്ള പൂരക്കളിപ്പാട്ടുകൾ, കോൽക്കളിപ്പാട്ടുകൾ, കൈകൊട്ടിക്കളിപ്പാട്ടുകൾ എന്നിവയും രചിച്ചിട്ടുണ്ട്. മേൽപറഞ്ഞവയ്ക്കു പുറമേ ശ്രീദേവിഭാഗവതം, ശ്രീശങ്കര ദിഗ്വിജയം, ദേവീമാഹാത്മ്യം, ശ്രീമദ് ഭാഗവതം മുതലായവ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്.

ശ്രീദേവിഭാഗവതം

[തിരുത്തുക]

പന്ത്രണ്ടു സ്കന്ധങ്ങളിലായി 318 അധ്യായങ്ങളും 18000 ശ്ലോകങ്ങളുമുള്ള ശ്രീദേവീഭാഗവതം കേവലം 10 മാസം കൊണ്ടാണ് വൃത്താനുവൃത്തമായി പരിഭാഷപ്പെടുത്തിയത്. മൂലശ്ലോകങ്ങളുടെ ആശയങ്ങൾക്ക് കോട്ടം തട്ടാതെയും ആവശ്യമായിടത്ത് കൂടുതൽ മിഴിവു നല്കിയുമാണ് പരിഭാഷ നിർവഹിച്ചിരുന്നത്. പരിഭാഷയുടെ ആദ്യപതിപ്പ് 1961-ലും രണ്ടാമത്തെ പതിപ്പ് 1970-ലും പ്രസിദ്ധം ചെയ്യപ്പെട്ടു.

കവിതക്കേസ്

[തിരുത്തുക]

ഉപ്പു സത്യാഗ്രഹ സമയത്ത് അറസ്റ്റു ചെയ്യപ്പെട്ട തിരുമുമ്പ് ജയിലിൽ വച്ച് 'കഴിഞ്ഞ ധർമ്മ യുദ്ധത്തിന്റെ നിരീക്ഷണം' എന്ന പേരിൽ ഒരു കവിത എഴുതിയിരുന്നു. അത് ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തു വന്നയുടനെ ടി.ആർ. കൃഷ്ണസ്വാമിഅയ്യരുടെ 'യുവഭാരതം' വാരികയിൽ പ്രസിദ്ധീകരിച്ചു. ഈ കവിതയിൽ രാജ്യദ്രോഹ കുറ്റമുണ്ടെന്ന് കണ്ടെത്തിയ സർക്കാർ തിരുമുമ്പിനെയും പത്രാധിപരെയും പ്രിന്റർ നാരായണൻ നായരെയും അറസ്റ്റ് ചെയ്തു. പത്രങ്ങൾ ഈ കേസ് പ്രമാദമായി ആഘോഷിച്ചു. യു. ഗോപാലമേനോനായിരുന്നു തിരുമുമ്പിന്റെ വക്കീൽ.

ഈ വരികളിലെ "തിണ്ടാടി" എന്ന പദമാണ് ബ്രിട്ടീഷുകാരെ പ്രകോപിപ്പിച്ചത്.[9] തിരുമുമ്പിനെതിരേ വിദേശ ഭരണാധികാരികൾ തട്ടിപ്പടച്ചുണ്ടാക്കിയ 'കവിതക്കേസിൽ' അദ്ദേഹത്തിനു വേണ്ടി സാക്ഷി പറഞ്ഞത് മഹാകവി കുട്ടമ്മത്തായിരുന്നു.[10]

ചില വരികൾ

[തിരുത്തുക]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • ദേവീഭാഗവത വിവർത്തനത്തിന് കേരള സാഹിത്യ അക്കാദമിയുടെ പാരിതോഷികം
  • ശൃംഗേരി ശങ്കരാചാര്യർ 'വിദ്യാരത്നം' എന്ന സ്ഥാനം നല്കി
  • 'ഭക്തകവിതിലകം' എന്ന ബഹുമതിയും ലഭിച്ചിട്ടുണ്ട്.

സമീപകാല പ്രശസ്തി

[തിരുത്തുക]

2011 ഏപ്രിൽ മാസത്തിൽ കേരളത്തിൽ നിയമസഭാ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അപ്പോഴത്തെ മുഖ്യമന്ത്രി ആയിരുന്ന വി.എസ്. അച്യുതാനന്ദൻ തിരുമുമ്പിന്റെ കവിത ഉദ്ധരിച്ചിരുന്നു.[11][12]

ടി.എസ്.തിരുമുമ്പ് സ്മാരക സാംസ്കാരിക സമുച്ചയം

[തിരുത്തുക]

തിരുമുമ്പിന്റെ പേരിൽ കാസർകോട് ജില്ലയിലെ മടിക്കൈയിൽ 50 കോടിയോളം മുടക്കി കേരള സർക്കാർ സംസ്കാരിക സമുച്ചയം നി‍മ്മിക്കുന്നുണ്ട്.

ആരോപണങ്ങളും വിവാദവും

[തിരുത്തുക]

കാസർകോട് ജില്ലയിലെ മടിക്കൈയിൽ നിർമ്മിക്കുന്ന സംസ്കാരിക സമുച്ചയം ‘ഒറ്റുകാരനുള്ള സ്മാരക’മെന്ന് മറ്റൊരു മുതിർന്ന കമ്യൂണിസ്റ്റ് നേതാവായിരുന്ന കെ.മാധവന്റെ മകൻ അജയകുമാർ കോടോത്ത് ആരോപണമുന്നയിച്ചു. ‘ഗാന്ധിയൻ കമ്യൂണിസ്റ്റിനൊപ്പം അര നൂറ്റാണ്ട്’ എന്ന പുസ്തകത്തിലായിരുന്നു ആരോപണം. 1948 ഫെബ്രുവരി 28 മുതൽ മാർച്ച്‌ 6 വരെ നടന്ന രണ്ടാം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ കൊൽക്കത്തയിലേക്കു നിയോഗിക്കപ്പെട്ടവരായിരുന്നു കെ.മാധവനും ടി.എസ്. തിരുമുമ്പും. കെ.മാധവനു സായുധ കലാപം എന്ന കൊൽക്കത്ത തീസിസ് നിർദേശത്തോടു പുർണമായും യോജിപ്പുണ്ടായിരുന്നില്ല. എന്നാൽ ടി.എസ്. തിരുമുമ്പാകട്ടെ തുടക്കത്തിൽ പൂർണമായും കൊൽക്കത്ത തീസിസ് അംഗീകരിക്കുകയും ചെയ്തിരുന്നു. പാർട്ടി കോൺഗ്രസ് കഴിഞ്ഞു തിരികെയെത്തിയ തിരുമുമ്പ് ആദൂർ പൊലീസ് ഔട്ട്പോസ്റ്റ് ആക്രമിക്കാനുള്ള പദ്ധതികളും ചർച്ച ചെയ്തിരുന്നു. ഇതിനു തൊട്ടുപിന്നാലെ അദ്ദേഹം 1948 മേയ് 21 ന് ചെറുവത്തൂർ പൊലീസിൽ കീഴടങ്ങി. കെ.എ. കേരളീയനും സി.എച്ച്.കണാരനും ചേർന്നു മലബാറിൽ നടത്താൻ തയാറാക്കിയ സായുധ കലാപത്തിന്റെ വിശദാംശങ്ങളും കാസർകോട് താലൂക്ക് സായുധ കലാപത്തിലൂടെ മോചിപ്പിച്ചു കമ്യൂണിസ്റ്റ് സെൽ ഭരണം നടപ്പാക്കുന്നതിനുള്ള പദ്ധതിയുടെ ‘ബ്ലൂ പ്രിന്റും’ കെ.മാധവന്റെ പക്കലുണ്ടെന്നുമുള്ള വിവരങ്ങൾ തിരുമുമ്പ് പൊലീസിനെ അറിയിച്ചുവെന്നാണു നെഹ്റു കോളജ് മുൻ അധ്യാപകനും ചരിത്രകാരനും ഇടതു സഹയാത്രികനും കെ.മാധവന്റെ മകനുമായ അജയകുമാർ കോടോത്ത് ‘ഗാന്ധിയൻ കമ്യൂണിസ്റ്റിനൊപ്പം അര നൂറ്റാണ്ട്’ എന്ന പുസ്തകത്തിൽ ആരോപിച്ചത്. എഗ്‌മോറിലെ തമിഴ്നാട് ആർക്കൈവ്സിൽ നിന്ന് ശേഖരിച്ച തിരുമുമ്പിന്റെ സറണ്ടർ സ്റ്റേറ്റ്മെന്റ് രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു അജയകുമാർ കോടോത്തിന്റെ ആരോപണം. ‘പൊലീസിനു മുൻപിൽ കീഴടങ്ങുമ്പോൾ ഒപ്പിട്ടു നൽകിയ ഈ സറണ്ടർ സ്റ്റേറ്റ്മെന്റിന്റെ അടിസ്ഥാനത്തിലാണു പഴയ മദ്രാസ് സംസ്ഥാനത്തു മാത്രമല്ല, ഇന്ത്യയിലുടനീളം കമ്യൂണിസ്റ്റ് പാർട്ടി നിരോധിക്കേണ്ടതാണെന്നു കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് തമിഴ്നാട് ചീഫ് സെക്രട്ടറി ശുപാർശ നൽകിയത്. പിന്നാലെ കമ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചു. [13]

അവലംബം

[തിരുത്തുക]
  1. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 280. ISBN 81-262-0482-6. ടി.എസ്.തിരുമുമ്പ്
  2. "ഫ്രീഡം ഫൈറ്റർ കാർത്ത്യായനി ഡെഡ്". ദ ഹിന്ദു. 10-ഏപ്രിൽ-2010. {{cite web}}: Check date values in: |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  3. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 281. ISBN 81-262-0482-6. ടി.എസ്.തിരുമുമ്പ്-ആദ്യകാല ജീവിതം
  4. "തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത്". തദ്ദേശസ്വയംഭരണ വകുപ്പ് കേരള. Archived from the original on 2016-03-04. Retrieved 05-സെപ്തംബർ-2013. {{cite web}}: Check date values in: |accessdate= (help)
  5. "'മാതൃഭൂമി' ദിനപത്രത്തിന്റെ ജനനവും ഉപ്പുസത്യാഗ്രഹവും". മാതൃഭൂമി. Archived from the original on 2011-11-13. Retrieved 2011-10-31.
  6. "എ സത്യാഗ്രഹി റിമംബേഴ്സ്". ദ ഹിന്ദു. 29-ജനുവരി-2006. Archived from the original on 2013-05-28. Retrieved 2011-10-31. {{cite web}}: Check date values in: |date= (help)
  7. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 283. ISBN 81-262-0482-6. ടി.എസ്.തിരുമുമ്പ്-ഗുരുവായൂർ സത്യാഗ്രഹം
  8. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 285. ISBN 81-262-0482-6. ടി.എസ്.തിരുമുമ്പ്-കമ്മ്യൂണിസ്റ്റ്
  9. കാർത്ത്യായനികുട്ടി അമ്മ (2006). തിരുമുമ്പിനൊപ്പം. ചിന്ത പബ്ളിഷേഴ്സ്. p. 71.
  10. പവനൻ (1980). മഹാകവി കുട്ടമ്മത്ത് ജീവിതവും കൃതികളും. നാഷണൽ ബുക്ക് സ്റ്റാൾ. p. 61.
  11. "രാഹുൽ ഈസ് ആൻ അമുൽ ബേബി - വി.എസ്.അച്യുതാനന്ദൻ". ടൈംസ് ഓഫ് ഇന്ത്യ. 11-ഏപ്രിൽ-2011. Archived from the original on 2011-11-03. Retrieved 2011-10-31. {{cite web}}: Check date values in: |date= (help)
  12. "രാഹുൽ ആൻ അമുൽ ബേബി". ദ ഹിന്ദു. 11-ഏപ്രിൽ-2011. Archived from the original on 2011-08-30. Retrieved 2011-10-31. {{cite web}}: Check date values in: |date= (help)
  13. https://web.archive.org/web/20220703112745/https://www.manoramaonline.com/news/sunday/2022/06/19/ts-thirumump-communist-leader.html
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടി.എസ്. തിരുമുമ്പ് (1906 - 84) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.