ട്രാൻസിൽവേനിയ
ഹംഗേറിയൻ അതിർത്തിക്ക് സമീപമുള്ള റുമേനിയൻ ഭൂപ്രദേശമാണ് ട്രാൻസിൽവേനിയ. കർപ്പാത്തിയൻ പർവതനിരകളുടെ ഭാഗമായ ട്രാൻസിൽവേനിയൻ ആൽപ്സിനാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു ഉന്നത പർവതപ്രദേശമാണിത്. ട്രാൻസിൽവേനിയയെ, റുമേനിയയുടെ മറ്റു ഭാഗങ്ങളിൽനിന്ന് വേർതിരിക്കുന്ന ട്രാൻസിൽവേനിയൻ ആൽപ്സ് ഈ ഭൂപ്രദേശത്തെ ഒരു കോട്ടമതിൽപോലെ വലയം ചെയ്തിരിക്കുന്നു. തെക്ക് റ്റിർനാവ (Tirnava) പീഠഭൂമിയും വടക്ക് സോമെസ് (Somes) പീഠഭൂമിയും സ്ഥിതിചെയ്യുന്നു. മ്യൂറെസ് (Mures), ബിഷ്ട്രിറ്റ (Bistrita), ക്രിസ് (Cris), ഡാന്യൂബ് (Danube) എന്നിവയാണ് പ്രധാന നദികൾ. വിസ്തൃതി: 100,000 ച.കി.മീ. റുമേനിയൻ വംശജരാണ് ജനസംഖ്യയിൽ ഭൂരിഭാഗവും. മഗ്യാർസ് (Magyars) വിഭാഗമാണ് ഏറ്റവും വലിയ വംശീയ ന്യൂനപക്ഷം.
ജനങ്ങളുടെ പ്രധാന ഉപജീവനമാർഗം
[തിരുത്തുക]കൃഷിയാണ് ജനങ്ങളുടെ പ്രധാന ഉപജീവനമാർഗം. വിവിധയിനം ധാന്യങ്ങൾ, കിഴങ്ങുവർഗങ്ങൾ എന്നിവക്ക് പുറമേ പുകയിലയും ഇവിടെ കൃഷിചെയ്യുന്നുണ്ട്. ഉരുളക്കിഴങ്ങ്, നെല്ല്, ബീൻസ്, ചോളം എന്നിവയാണ് താഴ്വരപ്രദേശങ്ങളിലെ മുഖ്യവിളകൾ. കന്നുകാലി വളർത്തലും പ്രധാനം തന്നെ. ട്രാൻസിൽവേനിയയിലെ ഉന്നതസമതലപ്രദേശങ്ങളും പുൽമേടുകളും കന്നുകാലിവളർത്തലിനും പരിപാലനത്തിനും സഹായകമാണ്.
വ്യവസായം
[തിരുത്തുക]റുമേനിയയിലെ ഒരു പ്രധാന കാർഷികോത്പാദന മേഖലയായിരുന്ന ട്രാൻസിൽവേനിയ, രണ്ടാം ലോകയുദ്ധത്തോടെ ഒരു വ്യാവസായിക വിപണന കേന്ദ്രമായി വികസിപ്പിച്ചു. വൻതോതിലുള്ള ധാതുനിക്ഷേപങ്ങളുടെ കണ്ടെത്തലും ചൂഷണവുമാണ് ട്രാൻസിൽവേനിയയെ ദ്രുതഗതിയിലുള്ള വ്യാവസായികവിപ്ലവത്തിലേയ്ക്കു നയിച്ചത്. ഇരുമ്പ്, ലെഡ്, ലിഗ്നൈറ്റ്, മാംഗനീസ്, സൾഫർ, സ്വർണം, ഉപ്പ് തുടങ്ങിയ ഖനിജങ്ങൾക്കു പുറമേ പ്രകൃതിവാതകവും ഇവിടെനിന്ന് ഖനനം ചെയ്യുന്നു. നിരവധി ഇരുമ്പ്- ഉരുക്കു വ്യവസായശാലകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
മേഖലകൾ
[തിരുത്തുക]ഭരണ സൗകര്യാർഥം ട്രാൻസിൽവേനിയയെ ഏഴ് മേഖലകളായി വിഭജിച്ചിരിക്കുന്നു.
- മറാമ്യൂറെസ് (Maramures)
- ക്രിസാന (Crisana)
- ബനറ്റ് (Banat)
- ഹുനെഡോറ (Hunedora)
- ക്ലൂജ് (Cluj)
- ബ്രസോവ് (Brasov)
- മ്യൂറൈസ്-മഗ്യാർ (Mures-Magyar) സ്വയംഭരണ പ്രദേശം.
ക്ലൂജ് നപോകയാണ് (Cluj-Napoca) പ്രധാന നഗരം.
ചരിത്രം
[തിരുത്തുക]ആദ്യകാലത്ത് ഡാഷിയ (Dacia) എന്ന പേരിലറിയപ്പെട്ടിരുന്ന ട്രാൻസിൽവേനിയ എ.ഡി. 106-ൽ റോമിന്റെ പ്രവിശ്യയായി മാറി. റോമൻ കാലഘട്ടത്തിനുശേഷം (271) നിരവധി നാടോടി വർഗങ്ങൾ ഇവിടെ ഭരണം നടത്തിയിട്ടുണ്ട്. 9-ആം നൂറ്റാണ്ടിന്റെ ഒടുവിൽ ഹംഗറിക്കാരായ മാഗ്യാർ വംശജർ ട്രാൻസിൽവേനിയയിൽ എത്തുകയും തുടർന്ന് 1003-ൽ സ്റ്റീഫൻ ഒന്നാമൻ ട്രാൻസിൽവേനിയയെ ഹംഗറിയുടെ ഭാഗമാക്കി മാറ്റുകയും ചെയ്തു. 15-ആം നൂറ്റാണ്ടുവരെ ഈ നില തുടർന്നു. 16-ആം നൂറ്റാണ്ടിലെ തുർക്കികളുടെ ഹംഗറി ആക്രമണത്തെത്തുടർന്ന് ട്രാൻസിൽവേനിയ ഹംഗറിയുടെ ഭരണത്തിൽനിന്നും വിട്ടുമാറി. തുർക്കിയിലെ ഓട്ടോമാൻ സാമ്രാജ്യത്തിനു കീഴിലെ ആഭ്യന്തര ഭരണസ്വാതന്ത്ര്യമുള്ള പ്രദേശമായി ഇത് കുറേക്കാലം നിലനിന്നു. 17-ആം നൂറ്റാണ്ടിൽ ട്രാൻസിൽവേനിയയിൽ അഭിവൃദ്ധിയുടെ കാലമായിരുന്നു. 17-ആം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ കാർലോവിറ്റ്സ് സന്ധിയിലൂടെ (1699) ട്രാൻസിൽവേനിയ ഹാപ്സ്ബർഗുകളുടെ ഭരണത്തിലായി. അടുത്ത നൂറ്റാണ്ടായപ്പോഴേക്കും ഹംഗറിയുമായി ചേരാനുള്ള താത്പര്യം ട്രാൻസിൽവേനിയയിലെ ഒരു വിഭാഗം പ്രകടിപ്പിക്കുകയുണ്ടായി. തുടർന്ന് ആസ്ട്രിയ-ഹംഗറി സംയുക്തഭരണം നിലവിൽ വന്നതോടെ (1867) ട്രാൻസിൽവേനിയ ഹംഗറിയുടെ ഭാഗമായി മാറുകയും ചെയ്തു. 19-ആം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ട്രാൻസിൽവേനിയയിൽ റുമേനിയൻ ദേശീയതയുടെ മുന്നേറ്റം ശക്തമായി. ഒന്നാം ലോകയുദ്ധാനന്തരം ട്രിയനൻ ഉടമ്പടിയിലൂടെ (1920) ട്രാൻസിൽ വേനിയ റുമേനിയയുടെ ഭാഗമായിത്തീർന്നു. ഹംഗറി ഈ തീരുമാനത്തിനെതിരായിരുന്നു. ഇരു ദേശീയതകളും (ഹംഗറി, റുമേനിയ) തമ്മിൽ സ്പർധ നിലനിൽക്കാനും ഇത് കാരണമായി. രണ്ടാം ലോകയുദ്ധകാലത്ത് അച്ചുതുണ്ട് ശക്തികൾ 1940-ൽ ട്രാൻസിൽവേനിയയുടെ മൂന്നിൽ രണ്ടോളം ഭാഗം ഹംഗറിക്കു നൽകി. എങ്കിലും യുദ്ധാനന്തരം ഇത് റുമേനിയയ്ക്കു തിരിച്ചുകിട്ടി. 1947 ഫെബ്രുവരിയിൽ ട്രാൻസിൽവേനിയ റുമേനിയയുടെ ഭാഗമായി രൂപാന്തരപ്പെട്ടു. 1980-കളുടെ അവസാനം ഇവിടെ ഹംഗേറിയൻ - റുമേനിയൻ വംശീയകലാപങ്ങളും ഉണ്ടായിട്ടുണ്ട്.
പുറംകണ്ണികൾ
[തിരുത്തുക]- http://www.romaniatourism.com/transylvania.html
- http://www.transylvaniacounty.org/
- http://www.transy.edu/
- http://www.turism.ro/english/transylvania.php Archived 2007-05-20 at the Wayback Machine
- http://www.independent.co.uk/travel/europe/the-complete-guide-to-transylvania-1264495.html
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ട്രാൻസിൽവേനിയ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |