Jump to content

ദ ഗ്രേറ്റ് ഡിക്ടേറ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ദ് ഗ്രേറ്റ് ഡിക്ടേറ്റർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദ ഗ്രേറ്റ് ഡിക്ടേറ്റർ
ചാർളി ചാപ്ലിനും പോലെറ്റ് ഗൊദ്ദാർദും ഗ്രേറ്റ് ഡിക്റ്റേറ്റർ എന്ന ചിത്രത്തിൽ.
സംവിധാനംചാർളി ചാപ്ലിൻ
Wheeler Dryden
നിർമ്മാണംചാർളി ചാപ്ലിൻ
രചനചാർളി ചാപ്ലിൻ
അഭിനേതാക്കൾചാർളി ചാപ്ലിൻ
Paulette Goddard
Jack Oakie
സംഗീതംചാർളി ചാപ്ലിൻ
Meredith Willson
വിതരണംUnited Artists
റിലീസിങ് തീയതിOctober 15, 1940
രാജ്യംഅമേരിക്ക
ഭാഷEnglish
Mock-German
ബജറ്റ്$2,000,000
സമയദൈർഘ്യം124 min.

ചാർലി ചാപ്‌ളിൻ സംവിധാനം ചെയ്ത ഒരു സിനിമയാണ് ദ ഗ്രേറ്റ് ഡിക്റ്റേറ്റർ. ഫാസിസത്തിനെതിരെയുള്ള മഹത്തായ കലാസൃഷ്ടികളൊന്നായി ഈ സിനിമയെ കണക്കാക്കുന്നു.

കഥാസംഗ്രഹം

[തിരുത്തുക]

ഒരു ഫാസിസ്റ്റ് എകാധിപതി. അയാൾെക്കാരു ഇരട്ടയുണ്ട്. പാവപ്പെട്ട ഒരു ബാർബർ . രണ്ടു വേഷത്തിലും ചാപ്‌ളിൻ തന്നെ പ്രത്യക്ഷപ്പെടുന്നു. അടിച്ചമർത്തപ്പെട്ട തോമാനിയയ്ക്കു മേൽ ഇരട്ടക്കുരിശിന്റെ നിഴൽ. രാപ്പകലന്യേ തെരുവുകളിൽ പട്ടാള ബൂട്ടുകളുടെ ശബ്ദം മാത്രം. രാത്രികളിൽ പട്ടാളക്കാരുടെ മൃഗീയമുഖങ്ങൾ ഓരോ മൂലയിലും തെളിഞ്ഞു വരുന്നു. പട്ടാളം, കോൺസൻട്രേഷൻ ക്യാംപുകൾ, ഏകാധിപതി -അങ്ങിങ്ങ് പിറുപിറുത്തു കേൾക്കുന്ന വാക്കുകൾ ഇവ മാത്രം. ദൂരെ മലമുകളിലെ കൊട്ടാരത്തിൽ തോമാനിയയിലെ എകാധിപതിയായ ഹൈങ്കൽ വസിക്കുന്നു.ലോകത്തേറ്റവും വെറുക്കപ്പെട്ട മനുഷ്യൻ. ലോകം കീഴടക്കലാണ് തന്റെ ജൻമലക്ഷ്യമെന്ന് കരുതുന്ന,ആര്യൻമാർമാത്രമുള്ള ഒരു പ്രപഞ്ചത്തിന്റെ പ്രഭുവായിത്തീരും താനെന്നു സ്വപ്നം കാണുന്ന ഭ്രാന്തൻ. ചുറ്റുപാടുമുള്ള മാറ്റങ്ങളെക്കുറിച്ചറിയാത്ത ഒരേ ഒരു വ്യക്തി ആ കൊച്ചു ബാർബറാണ്. അയാൾ തന്റെ ജൂതസങ്കേതം വിട്ടുപോയിട്ട് കാലമേറെയായിക്കഴിഞ്ഞിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിൽ പരിക്കേറ്റ അയാൾ വർഷങ്ങളോളം ദൂരെയെവിടെയോ ആശുപത്രിയിലായിരുന്നു.ചികിത്സ മതിയെന്നു തീരുമാനിച്ച അയാൾ ഒരു ദിവസം ഒളിച്ചോടി വീട്ടിലെത്തുന്നു. സന്തോഷപൂർവം അയാൾ വീണ്ടും തന്റെ ബാർബർ ഷാപ്പു ശരിയാക്കിയെടുക്കാനുള്ള ശ്രമത്തിലേർപ്പെടുന്നു. മാറാല അടിച്ചു മാറ്റുന്നു. തന്റെ പഴയ വരവുചെലവു കണക്കു പുസ്തകം പൊടിതട്ടിയെടുക്കുന്നു. ഈ ജൂത സങ്കേതത്തിൽ ആക്രമണം നടത്തുന്ന ഇരട്ടക്കുരിശുകാർ ഈ ബാർബറെയും നോട്ടം വെയ്ക്കുന്നു.അക്രമത്തിനിരയാവുന്നവരിൽ മാന്യനും വൃദ്ധനുമായ ജെക്കളും ഭാര്യയും ഉൾപ്പെടും.പിന്നെ ഹന്ന എന്ന സുന്ദരിയായ അലക്കുകാരിയും. പരിസരപ്രദേശങ്ങളിലെ വിഴുപ്പെല്ലാം അലക്കി വെളുപ്പിക്കുന്നവൾ. ജൂത കോളനി ഈ അടിയിൽ നിന്നു പതുക്കെ ഉണരുന്നു. ഒരു ഞായറാഴ്ച സായാഹ്നസവാരിക്കു ഹന്നയെ ബാർബർ എല്ലാ ധൈര്യവും സംഭരിച്ച് ക്ഷണിക്കുന്നു. തന്റെ വടി വീശി അവളോടൊപ്പം അഭിമാനപൂർവം നടക്കുന്ന ബാർബറെ കാണാൻ കോളനി നിവാസികളെല്ലാം പുറത്തെത്തിനോക്കുന്നു. ഒരല്പം നടന്നു കഴിയും മുൻപേ മരണവും സർവനാശവും പ്രഖ്യാപിക്കുന്ന ഏകാധിപതിയുടെ ഭ്രാന്തൻ ഉദ്‌ഘോഷണം ലൗഡ്‌സ്പീക്കറിലൂടെ കേട്ട് അവർ ഞെട്ടി നിന്നു പോകുന്നു. പുതിയൊരാക്രമണം. ഏകാധിപതിയെ ചെറുക്കാൻ ധൈര്യം കാണിച്ച ബാർബറെ അക്രമികൾ വേട്ടയാടുന്നു. കൊച്ചുഹന്ന അയാളെ തട്ടിൻ പുറത്ത് ഒളിപ്പിച്ചു.പക്ഷേ അയാളെ അവർ കണ്ടുപിടിക്കുന്നു.ഓടിച്ചിട്ടു പിടിക്കുന്നു.അയാൾ കോൺസട്രേഷൻ ക്യാംപിലെത്തിച്ചേരുന്നു. ഷൾട്ട്‌സ് എന്ന ഒരു സുഹൃത്തുമൊത്ത് ബാർബർ അവിടെ നിന്നു രക്ഷപ്പെടുന്നു. ഏകാധിപതിയുടെ ആസ്ഥാനകേന്ദ്രത്തിലൊരംഗമായിരുന്ന ഷൾട്ട്‌സ് മുഖത്തുനോക്കി സത്യം പറഞ്ഞതിനാൽ കോൺസട്രേഷൻ ക്യാംപിലെത്തിയ ഒരാളാണ്. ഏകാധിപതിയ്ക്കും ബാർബർക്കും ഛായയിലുള്ള സാമ്യം ആദ്യം കണ്ടെത്തുന്നത് ഈ സുഹൃത്താണ്.തടവുചാടി ഓസ്ട്രിയയിൽ എത്തിയപ്പോൾ പ്രതീക്ഷിക്കാത്ത സംഭവങ്ങൾ നടക്കുന്നു.ഏകാധിപതി ഓസ്ട്രിയ പിടിച്ചടക്കിയെന്നോ അയാളുടനെ അങ്ങോട്ടെഴുന്നെള്ളുമെന്നോ അവർ അറിഞ്ഞിരുന്നില്ല .എല്ലാവരും ആ കൊച്ചു ബാർബറെ ഏകാധിപതിയായി തെററിദ്ധരിക്കുന്നു.അയാളെ അവർ മൈക്രോഫോണുകൾക്ക് മുൻപിലേക്ക് വലിച്ചിഴയ്ക്കുന്നു. ചാപ്‌ളിൻ നടത്തുന്ന പ്രസംഗം ഫാസിസത്തിൻ കീഴിൽപ്പെട്ട് ദുരിതമനുഭവിക്കുന്ന എല്ലാ രാഷ്ട്രങ്ങളിലെയും ജനതയുടെ ശബ്ദമായി മാറുന്നു.

പ്രത്യേകതകൾ

[തിരുത്തുക]
  • ആദ്യമായി ചാപ്‌ളിൻ സ്വന്തം ശബ്ദത്തിൽ സംസാരിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഒരു പ്രത്യേകത. സ്വന്തം വാക്കുകളിലൂടെ,സ്വന്തം ആത്മാവിലൂടെ,ശരീരത്തിലൂടെ ചാപ്‌ളിൻ ഇവിടെ സ്വയം ആവിഷ്കരിക്കുന്നു.
  • നാസി പീഡനക്യാമ്പുകളുടെ യഥാർത്ഥഭീകരത അറിഞ്ഞിരുന്നെകിൽ തനിക്ക് ഒരിക്കലും ഈ സിനിമ ഉണ്ടാക്കാൻ ആവിലെന്നു ചാപ്ലിൻ 1964 -ലെ തന്റെ ആത്മകഥയിൽ പറയുന്നുണ്ട്.[1]

അണിയറപ്രവർത്തകർ

[തിരുത്തുക]
  • സംവിധാനം :ചാർലി ചാപ്‌ളിൻ
  • തിരക്കഥ:ചാർലി ചാപ്‌ളിൻ
  • അഭിനേതാക്കൾ: ചാർലി ചാപ്‌ളിൻ, റെജിനാൾഡ് ഗാർഡിനർ, പൗലെറ്റ് ഗൊദാർദ്

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ The Great Dictator എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


  1. Chaplin, Charlie (1964). My Autobiography. p. 392. Had I known of the actual horrors of the German concentration camps, I could not have made The Great Dictator, I could not have made fun of the homicidal insanity of the Nazis.
"https://ml.wikipedia.org/w/index.php?title=ദ_ഗ്രേറ്റ്_ഡിക്ടേറ്റർ&oldid=3805210" എന്ന താളിൽനിന്ന് ശേഖരിച്ചത്