Jump to content

നാരങ്ങാവെള്ളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നാരങ്ങാ വെള്ളം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നാരങ്ങാവെള്ളം
നാരങ്ങാവെള്ളവും നാരങ്ങ സോഡയും വിൽക്കുന്ന ഒരു കട, സ്ഥലം: ഋഷികേശ്

ചെറുനാരങ്ങയുടെ നീര് മുഖ്യ ചേരുവയായ ഒരു പാനീയം ആണ് നാരങ്ങാവെള്ളം (English:lemonade). ലോകത്തിന്റെ പല ഭാഗങ്ങളിൽ ഇത് പല രീതിയിലാണ് തയ്യാറാക്കപ്പെടുന്നത്.[1]

ഇന്ത്യയിൽ

[തിരുത്തുക]

നാരങ്ങ നീരിനെ വെള്ളമോ സോഡയോ ഉപയോഗിച്ച് നേർപ്പിച്ച് രുചിക്ക് ഉപ്പോ മധുരമോ ചേർക്കുന്നു. ഇത് പല രീതിയിൽ തയ്യാറാക്കാം.

നാരങ്ങാ വെള്ളം (മധുരം)

[തിരുത്തുക]

ഒരു നാരങ്ങയുടെ നീരിൽ ആവശ്യത്തിന് വെള്ളം ചേർത്ത് രുചിക്ക് ആവശ്യമായ പഞ്ചസാരയും ഒരു നുള്ള് ഉപ്പും ചേർത്ത് ഇളക്കിയാണ് സാധാരണയായി വീടുകളിൽ നാരങ്ങാവെള്ളം തയ്യാറാക്കുന്നത്.

ആവശ്യമെങ്കിൽ നാരകത്തിന്റെ ചെറിയ ഒരു ഇലയോ പുതിനയിലയോ കൂടി ചതച്ചിട്ട് ചേർക്കും.

ഉപ്പിട്ട നാരങ്ങ വെള്ളം

[തിരുത്തുക]

ഒരു നാരങ്ങയുടെ നീരിൽ ആവശ്യത്തിന് ഉപ്പും വെള്ളവും മാത്രം ചേർത്ത് ഇളക്കിയാണ് ഉപ്പിട്ട നാരങ്ങാവെള്ളം തയ്യാറാക്കുന്നത്. ആവശ്യമെങ്കിൽ നാരകത്തിന്റെ ചെറിയ ഒരു ഇലയോ പുതിനയിലയോ കൂടി ചതച്ചിട്ട് ചേർക്കും.

വെള്ളത്തിന്‌ പകരം സോഡയും ഉപയോഗിക്കാം. ഈ പാനീയം ഉപ്പ് സോഡാ, നാരങ്ങാ സോഡ എന്നീ പേരുകളിൽ അറിയപ്പെടുന്നു.

നാരങ്ങ സർബത്ത്‌

[തിരുത്തുക]

കേരളത്തിൽ സാധാരണയായി കടകളിൽ ലഭിക്കുന്ന സർബത്ത്‌ നിർമ്മിക്കുന്നത് ഒരു ചെറുനാരങ്ങയുടെ പകുതിയുടെ നീര് പിഴിഞ്ഞ് ഒരു വലിയ ഗ്ലാസ് തണുത്ത വെള്ളമോ സോഡയോ ചേർത്താണ്. മധുരത്തിനായി പഞ്ചസാരയോ നന്നാരി നീരോ ചേർക്കുന്നു. കൂടുതൽ തണുപ്പ് വേണമെങ്കിൽ രണ്ടോ മൂന്നോ ഐസ് കഷണങ്ങൾ കൂടി ചേർക്കുന്നു.

കുലുക്കി

[തിരുത്തുക]

കുലുക്കി - തെരുവുകളിൽ ലഭിക്കുന്ന കുടിക്കാൻ ഉപയോഗിക്കുന്ന പാനീയം. നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും ലഭിക്കുന്നു. നാരങ്ങയാണ് പ്രധാന ചേരുവ. കുലുക്കിത്തയ്യാറാക്കുന്നതിനാലാണ് ഇതിന് ഈ പേരു ലഭിച്ചത്.

നാരങ്ങാ സോഡ

[തിരുത്തുക]

ദാഹശമനത്തിന് ഉത്തമമായ പാനീയമാണിത്. ചെലവ് കുറഞ്ഞതും അതേ സമയം ആരോഗ്യത്തിന് നല്ലതുമാണ്. ഗ്യാസ് ട്രബിൾ, ദഹനക്കേട് തുടങ്ങിയ ഉദരസംബന്ധമായ അസ്വസ്ഥതകൾക്ക് നാരങ്ങാ സോഡ കുടിയ്ക്കുന്നത് ആശ്വാസമേകും.

ആവശ്യമായ സാമഗ്രികൾ

നാരങ്ങ, സോഡ, ഉപ്പ് / പഞ്ചസാര

ഉണ്ടാക്കേണ്ട വിധം

ആദ്യം നാരങ്ങ ഒരു ഗ്ലാസ്സിലേയ്ക്ക് പിഴിഞ്ഞെടുക്കുക. കുരു ഒഴിവാക്കുന്നതാണ് നല്ലത്. മുഴുവൻ നാരങ്ങ ആവശ്യമില്ലെങ്കിലും ഉണ്ടെങ്കിൽ സ്വാദേറും. ഉപ്പ് അല്ലെങ്കിൽ പഞ്ചസാര താല്പര്യമനുസരിച്ച് ഉപയോഗിക്കാവുന്നതാണ്. ആവശ്യത്തിന് ഉപ്പ്/പഞ്ചസാര ചേർത്ത ശേഷം ഗ്ലാസ്സിലേയ്ക്ക് സോഡ ഒഴിച്ച് നന്നായി ഇളക്കുക. ഉപ്പും പഞ്ചസാരയും രണ്ടും ഉപയോഗിച്ച് തയ്യാറാക്കുന്ന രീതിയും ഉണ്ട്. സോഡ തണുത്തതാകണമെന്ന് നിർബന്ധമില്ലെങ്കിലും തണുപ്പുണ്ടെങ്കിൽ നല്ലതാണ്.


അവലംബം

[തിരുത്തുക]
  1. "Fuljar Soda Making Recipe".
"https://ml.wikipedia.org/w/index.php?title=നാരങ്ങാവെള്ളം&oldid=3937567" എന്ന താളിൽനിന്ന് ശേഖരിച്ചത്