Jump to content

പന്നിശ്ശേരി നാണുപിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പന്നിശ്ശേരി നാണു പിള്ള എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കഥകളി, സംസ്കൃതം, തർക്കശാസ്ത്രം, വേദാന്തം തുടങ്ങിയ രംഗങ്ങളിൽ അപാരമായ ജ്ഞാനവും പരിചയസമ്പത്തും ആർജ്ജിച്ച ഒരു പണ്ഡിതനായിരുന്നു പന്നിശ്ശേരി നാണു പിള്ള (1886-1943). നിഴൽക്കുത്ത് എന്ന കഥകളി എഴുതി ചിട്ടപ്പെടുത്തിയത് അദ്ദേഹമായിരുന്നു.

ചട്ടമ്പി സ്വാമികളുടെ ശിഷ്യനായിരുന്ന നീലകണ്ഠതീർത്ഥപാദസ്വാമിയുടെ ശിഷ്യനായിരുന്നു പന്നിശ്ശേരി. പിൽക്കാലത്ത് ചട്ടമ്പി സ്വാമികളിൽ നിന്നും അദ്ദേഹം വേദാന്തപാഠങ്ങൾ സ്വീകരിച്ചിട്ടുണ്ട്.

ജീവിത രേഖ[തിരുത്തുക]

കരുനാഗപ്പള്ളി മരുതൂർക്കുളങ്ങര പന്നിശ്ശേരി വീട്ടിൽ പത്മനാഭക്കുറുപ്പിന്റേയും ഭവാനിയമ്മയുടേയും മകനായി 1885 ൽ ജനനം.[1] പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം സംസ്കൃതത്തിലും ഇംഗ്ലീഷിലും പ്രാവീണ്യം നേടി. പിന്നീട് ശ്രീനീലകണ്ഠശാസ്ത്രികളിൽ നിന്ന് വേദാന്തദർശനങ്ങളും ശ്രീ ചട്ടമ്പിസ്വാമികളിൽ തർക്കശാസ്ത്രവും പഠിച്ചു. അതോടൊപ്പം കഥകളിയും അഭ്യസിച്ചു.

ലക്ഷ്മിക്കുട്ടിയമ്മയെ വിവാഹം കഴിച്ച അദ്ദേഹത്തിന് ശ്രീനിവാസക്കുറുപ്പ്, തങ്കമ്മ എന്നീ മക്കളുണ്ടായി.[1]

1942 ൽ പന്നിശ്ശേരി നാണുപ്പിള്ള ദിവംഗതനായി.

സാഹിത്യ സംഭാവനകൾ[തിരുത്തുക]

പന്നിശ്ശേരി നാണുപ്പിള്ളയുടെ നിഴൽക്കുത്ത് എന്ന ആട്ടക്കഥ കഥകളി രംഗത്ത് ധാരാളം പ്രചാരം സിദ്ധിച്ചിട്ടുള്ള കൃതിയാണ്‌.[1] അദ്ദേഹം രചിച്ച കഥകളിയെ സംബന്ധിച്ചുള്ള ഒരു പ്രാമാണിക ഗ്രന്ഥമായ കഥകളി പ്രകാരം എന്ന ഗ്രന്ഥം A Guide to Kathakali രചിക്കുന്നതിന് എ.ഡി. ബോളണ്ട് ഉപയോഗപ്പെടുത്തിയിട്ടുണ്ട്.[1]

ചട്ടമ്പി സ്വാമികൾ തമിഴിലും സംസ്കൃതത്തിലുമായി എഴുതിയ ആദിഭാഷ എന്ന ഗ്രന്ഥം മലയാളത്തിലേക്കു തർജ്ജമ ചെയ്തത് പന്നിശ്ശേരി നാണു പിള്ളയാണെന്നു കരുതപ്പെടുന്നു. സൂര്യശതകം എന്ന സംസ്കൃത കൃതിയുടെ മലയാള പരിഭാഷ നിർവ്വഹിച്ചതും അദ്ദേഹമാണ്.[2] മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ജീവചരിത്രഗ്രന്ഥമായ നീലകണ്ഠതീർഥപാദ ചരിത്രസമുച്ചയം ഗുരുവായ നീലകണ്ഠതീർത്ഥപാദസ്വാമിയെക്കുറിച്ച് നാണുപിള്ളയും ശ്രീവർദ്ധനത്ത് കൃഷ്ണപിള്ളയും ചേർന്ന് രചിച്ചതാണ്. ചട്ടമ്പിസ്വാമിയുടെ മരണത്തെത്തുടർന്ന് ഒരു വിലാപം എന്ന കാവ്യവും അദ്ദേഹം രചിച്ചിട്ടുണ്ട്.[3]

ഭദ്രകാളീവിജയം, പാദുകപട്ടാഭിഷേകം, ശങ്കരവിജയം എന്നിവയാണ് മറ്റ് രചനകൾ.[1] വനവാസത്തിന് പോയ രാമൻ്റെ പാദുകം സിംഹാസനത്തിൽ വെച്ച് പൂജിച്ച രാമായണത്തിലെ കഥ പറയുന്ന പാദുക പട്ടാഭിഷേകം 1940 കളിൽ സ്കൂൾ തലത്തിൽ മലയാളം പാഠപുസ്തകത്തിലും സംസ്കൃത പഞ്ചമത്തിലും പാഠ്യവിഷയമായിരുന്നു.[4]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 "പന്നിശ്ശേരി നാണുപിള്ള | കഥകളി.ഇൻഫൊ | Kathakali.info | കളിയറിവുകളുടെ തിരമൊഴി | The internet Kathakali hangout". 2020-12-25. Archived from the original on 2020-12-25. Retrieved 2020-12-26.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "Oachira Sankarankutty Navodhana narthakan". 2020-12-25. Archived from the original on 2020-12-25. Retrieved 2020-12-26.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "ടഗോറിന് സംസ്കൃതത്തിലൊരു കത്ത്". Retrieved 2020-12-26.
  4. "പന്നിശ്ശേരി നാണുപിള്ളയുടെ പാദുക പട്ടാഭിഷേകം കഥകളി വീണ്ടും അരങ്ങിലെത്തുന്നു | Karunagappalli". 2020-12-26. Archived from the original on 2020-12-26. Retrieved 2020-12-26.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=പന്നിശ്ശേരി_നാണുപിള്ള&oldid=3776769" എന്ന താളിൽനിന്ന് ശേഖരിച്ചത്