Jump to content

പയ്യന്നൂർപ്പാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പയ്യന്നൂർ പാട്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പഴക്കം കൃത്യമായി നിർണ്ണയിക്കപ്പെട്ടിട്ടില്ലാത്ത ഒരു പഴയ നാടൻപാട്ടാണ് പയ്യന്നൂർപ്പാട്ട്. ഡോ. ഗുണ്ടർട്ട് പയ്യന്നൂർ പ്രദേശങ്ങളിൽ നിന്നു് ഓലയിൽ പകർത്തിയെഴുതിച്ച ഈ പാട്ടിന് പയ്യന്നൂർപ്പാട്ട് എന്ന് പേരു നൽകുകയായിരുന്നു. ജർമ്മനിയിലെ ട്യൂബിങ്ങൻ സർവ്വകലാശാലാലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്ന ഗുണ്ടർട്ട് ശേഖരത്തിൽനിന്ന് ഡോ. സ്കറിയ സക്കറിയ ഈ കൃതി കണ്ടെടുത്ത് പ്രസിദ്ധീകരിക്കുന്നതോടെയാണ് പയ്യന്നൂർപ്പാട്ടിനെക്കുറിച്ചുള്ള ധാരണ പൂർണ്ണമാകുന്നത്. ഡോ. ഗുണ്ടർട്ട് മദ്രാസ് ജേണൽ ഓഫ് ലിറ്ററേച്ചർ ആൻഡ് സയൻസിൽ പയ്യന്നൂർപ്പാട്ടിന്റെ കഥ വിവരിക്കുകയും 16 വരികൾ ഉദ്ധരിക്കുകയും ചെയ്തിരുന്നു[1]. ഗുണ്ടർട്ട് ഉദ്ധരിച്ച 16 വരികളും ചില തിരുത്തലോടെ കേരളസാഹിത്യചരിത്രത്തിൽ ഉള്ളൂർ എടുത്തുചേർക്കുകയും കൃതിയുടെ പ്രാധാന്യം വ്യക്തമാക്കുകയും ചെയ്തു. ഗുണ്ടർട്ടിന്റെ ശേഖരത്തിലും ഈ കൃതിയുടെ 104 പാട്ടുകളേ ഉണ്ടായിരുന്നുള്ളൂ.

ശുദ്ധമലയാളത്തിന്റെ ഏറ്റവും പഴയ മാതൃകയായി ഗുണ്ടർട്ട് പയ്യന്നൂർപ്പാട്ടിനെ വിശേഷിപ്പിച്ചു. ഇതിന്റെ കാലം 13-ഓ 14-ഓ ശതകമായിരിക്കാമെന്ന് ഉള്ളൂർ ഊഹിക്കുകയും[2] മറ്റു പണ്ഡിതർ ഉള്ളൂരിനെ പിന്തുടർന്ന് ആ കാലഗണന സ്വീകരിക്കുകയുമായിരുന്നു. എതുക, മോന തുടങ്ങിയ പ്രാ‍സങ്ങൾ അനുഷ്ഠിച്ചിട്ടുള്ള ഈ കാവ്യം ലീലാതിലകത്തിനു മുൻപേയാണെന്നും ഒന്നുരണ്ടക്ഷരങ്ങൾ ദ്രമിഡസംഘാതാക്ഷരമല്ലാതെ കാണുന്നത് അബദ്ധമായിരിക്കണം എന്നും ഉള്ളൂരിന്റെ പാഠംവെച്ച് ഇളംകുളം കുഞ്ഞൻപിള്ള അഭിപ്രായപ്പെട്ടു. എന്നാൽ പയ്യന്നൂർപ്പാട്ട് പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ വാമൊഴിസാഹിത്യരൂപമായ ഈ കൃതിയുടെ കാലഗണന ക്ലേശകരമാണെന്ന് വ്യക്തമായി. വാമൊഴിസാഹിത്യത്തിന്റെ ഭാഷ കാലികമായ മാറ്റത്തിന് വിധേയമാ‍കുന്നതാണ്. കൃതിയിലെ അവ്യക്തമായ ചരിത്രവസ്തുതകളിൽനിന്ന് 16-ആം നൂറ്റാണ്ടിൽ രൂപപ്പെട്ടതായിരിക്കണം ഇതിന്റെ ചട്ടക്കൂട് എന്ന് എം.ജി.എസ്. നാരായണൻ പറയുന്നു[3].

കാവ്യഘടന

[തിരുത്തുക]

സാമാന്യമായി എട്ടു വരികളുൾക്കൊള്ളുന്ന (4 ഈരടി) 104 പാട്ടുകളാണ് ലഭ്യമായ പയ്യന്നൂർപ്പാട്ടിലുള്ളത്. ഇതിൽ ഒരു പാട്ട് ആവർത്തനമാണ്. നാലിലധികം ഈരടികളുള്ള 19 പാട്ടുകളുണ്ട്. ആറു പാട്ടുകളിൽ ഒൻപതു വരിയും രണ്ടു പാട്ടുകളിൽ ഏഴു വരിയും കാണാം. കാവ്യാരംഭത്തിൽ ആമുഖമായി ഒരു അഞ്ചടി ചേർത്തിരിക്കുന്നു. തോറ്റമ്പാട്ടുകളിൽ സാധാരണമാണ് അഞ്ചടികൾ. പാട്ടിന്റെ ഇതിവൃത്തസംബന്ധമായ സൂചനകൾ ഈ അഞ്ചടിയിൽ ഉൾച്ചേർന്നിരിക്കുന്നു. വടക്കൻപാട്ടുകളുടെ താളത്തിലാണ് ഈ കൃതി രചിച്ചിരിക്കുന്നതെന്ന് കരുതിയിരുന്നെങ്കിലും പഞ്ചചാമരം, കൃശമദ്ധ്യ, മല്ലിക, സ്വാഗത തുടങ്ങിയ വൃത്തങ്ങളോടൊക്കുന്ന പാട്ടുകളും ഇതിലുണ്ട്. തമിഴിലെ എതുക, മോന, അന്താദിപ്രാസം എന്നിവ പ്രായേണ ദീക്ഷിച്ചിരിക്കുന്നു.

ഇതിവൃത്തം

[തിരുത്തുക]

പേരൂരിലെ ഒരു കുലീനകുടുംബത്തിൽ പിറന്ന നീലകേശിയാണ്‌ പയ്യന്നൂർപ്പാട്ടിലെ നായിക. അവൾ അഞ്ചാറു വിവാഹം ചെയ്തിട്ടും ഒരു ആൺകുരുപ്പിനെ കിട്ടിയില്ല. ഭിക്ഷുകിയായി ദേശാടനത്തിനിറങ്ങിയ അവൾ നടന്നുനടന്ന് ഏഴിമലയ്ക്കു സമീപം കച്ചിൽപട്ടണത്തിലെത്തി. അവിടത്തെ പ്രധാന വണിക്കായ നമ്പുച്ചെട്ടി (ചോമ്പുച്ചെട്ടിയെന്നും) അവളെ ഭാര്യയായി സ്വീകരിച്ചു. പേരൂരയ്യൻ കോവിലിൽ മൂന്നു രാപ്പകൽ പ്രാർത്ഥിച്ച് നേർച്ചയായി മാതുകൂത്തു കഴിപ്പിച്ചതിന്റെ ഫലമായി നീലകേശി ഗർഭം ധരിച്ചു. പുത്രലബ്ധിയിൽ സന്തോഷിച്ച് പ്രസവത്തിന്റെ നാല്പത്തിയൊന്നാം ദിവസം ചെട്ടി പയ്യന്നൂർമൈതാനത്ത് കൂത്തും സദ്യയും നടത്തി. കൂത്തിന്റെ ഘോഷം കേട്ട് അതുവഴി കപ്പലിൽ പോവുകയായിരുന്ന നീലകേശിയുടെ ആങ്ങളമാർ അവിടെയെത്തിച്ചേർന്നു. ക്ഷേത്രമതിലിൽ കയറിനിന്നുകൊണ്ട് ആഘോഷം കാണുകയായിരുന്ന അവരെ ചിലർ തടസ്സപ്പെടുത്തുകയും ആചാരലംഘനം ചുമത്തുകയുംചെയ്തു. തങ്ങൾ കൂലവാണിയരാണെന്നും നാട്ടുനടപ്പറിയാതെ ചെയ്തുപോയതാണെന്നും നമ്പുച്ചെട്ടിയോട് അവർ സമാധാനം പറഞ്ഞു. ചെട്ടി അവരിൽ ഒരുവന്റെ തലയിൽ വറ്റികൊണ്ടടിക്കുകയും തദനന്തരമുണ്ടായ കലഹത്തിൽ നീലകേശിയുടെ ആങ്ങളമാരെല്ലാം കൊല്ലപ്പെടുകയും ചെയ്തു. ഈ ദാരുണമായ വാർത്തയറിഞ്ഞ നീലകേശി ഭർത്താവിനേയും പുത്രനെയും ഉപേക്ഷിച്ച് വീണ്ടും ഭിക്ഷുകിയായിത്തീർന്നു.

മകൻ നമ്പൂതരിയരനെ ചെട്ടി നല്ലവണ്ണം വളർത്തി. അവൻ കപ്പൽപ്പണിയും കപ്പൽക്കച്ചവടവും പഠിച്ചു. കച്ചവടമർമ്മങ്ങൾ അച്ഛനിൽനിന്നും പഠിച്ച നമ്പൂതരിയരൻ കച്ചവടത്തിനായി കപ്പലിറക്കി. ഏഴിമലയുടെ വശത്തുള്ള പുഴയിലൂടെ പൂവെങ്കാപട്ടണം, പൊന്മല തുടങ്ങി പലയിടത്തും ചുറ്റി കപ്പൽ പൊന്നുംകൊണ്ട് കച്ചിൽപട്ടണത്തിൽ തിരിച്ചെത്തുന്നു. അവിടെ പാണ്ടികശാല കെട്ടി മാളികയിലിരുന്ന് ചതുരംഗം കളിക്കെ പ്രാകൃതവേഷത്തിൽ ഒരു സന്യാസിനിയെത്തി ഭിക്ഷ യാചിക്കുന്നു. താൻ പയ്യന്നൂരിൽ നടത്തുന്ന മായക്കൂത്ത് കാണാൻ വരിക എന്നതായിരുന്നു അവരുടെ ആവശ്യം. കൂത്ത് കാണാൻപോകുന്നതിൽനിന്ന് നമ്പുച്ചെട്ടി മകനെ വിലക്കുന്നു. താൻ കൂലവാണിയരെ കൊന്നതിന്റെ പ്രതികാരം ചെയ്യനാണ്‌ ഈ നീക്കം എന്നും കൂത്തിനു പോവുകയാണെങ്കിൽ താൻ മരിച്ചുകളയുമെന്നും ചെട്ടി പറയുന്നു. സമ്മതിച്ചാലും ഇല്ലെങ്കിലും താൻ പോകുമെന്നു പറയുന്ന തരിയരനോട് കോവാതലച്ചെട്ടിയോടും അഞ്ചുവണ്ണക്കാർ, മണിഗ്രാമക്കാർ, പട്ടണസ്വാമിയുടെ കുടുംബക്കാർ തുടങ്ങിയ കച്ചവടസംഘങ്ങളോടും നാലു നഗരത്തിലെയും കുലീനരായ തൊഴിലാളികളോടുമൊപ്പംവേഷപ്രച്ഛന്നനായി കൂത്തിനുപോകാൻ ചെട്ടി നിർദ്ദേശിക്കുന്നു. നിരവധി കച്ചവടസാമഗ്രികളോടെ ചെന്ന് മികച്ച കച്ചവടം നടത്തുന്നതിനായി പയ്യന്നൂരിൽ വിൽക്കുന്ന സാധനങ്ങളുടെ നീണ്ട വിവരണത്തോടെ പയ്യന്നൂർപ്പാട്ടിന്റെ ലഭിച്ചിട്ടുള്ള ഭാഗം അവസാനിക്കുന്നു.

അപൂർണ്ണമായ പയ്യന്നൂർപ്പാട്ടിലെ കഥയുടെ തുടർച്ച ഗന്ധർവ്വൻപാട്ട് എന്ന അനുഷ്ഠാനത്തിനുപയോഗിക്കുന്ന നീലകേശിപ്പാട്ടിൽ കാണാം. പ്രതികാരദാഹത്താൽ നീലകേശി നമ്പൂതരിയരനെ ചൂതിലും ചതുരംഗത്തിലും തോല്പിച്ച് വ്യവസ്ഥപ്രകാരം തലയറുത്തുകൊല്ലുന്നതാണ്‌ നീലകേശിപ്പാട്ടിലെ കഥ.

പയ്യന്നൂർപ്പാട്ട് - ഒരനുഷ്ഠാനകഥാഗാനം

[തിരുത്തുക]

പയ്യന്നൂർപ്പാട്ട് പ്രസിദ്ധീകൃതമായപ്പോഴാണ്‌ അത് ഒരു അനുഷ്ഠാനഗാനമായിരുന്നെന്നും പരമ്പരയാ സമുദായാംഗങ്ങൾ പഠിച്ചുവെക്കുന്നവയാണെന്നും മനസ്സിലാകുന്നത്. വണ്ണാന്മാരുടെ വണ്ണാൻകൂത്ത്, കെന്ത്രോൻപാട്ട്, കർക്കടകമാസത്തിൽ നടത്തിവരാറുള്ള കർക്കടോത്തി, ആടിവേടൻ തുടങ്ങിയ അനുഷ്ഠാനങ്ങളിൽ ഈ പാട്ടിന്റെ വിവിധ ഭാഗങ്ങൾ പാടിവരുന്നു. കാവുകളിൽ കളിയാട്ടത്തിന്റെ ഒടുവിൽ നടക്കുന്ന തെയ്യംപാടി കുടികൂടൽ / വെളക്കിരി ഉഴിയൽ എന്ന ചടങ്ങിൽ പയ്യന്നൂർപ്പാട്ടിന്റെ തുടക്കത്തിലെ അഞ്ചടിയിൽ ഏതാനും വരികൾ ഉരുവിടാറുണ്ട്.

പയ്യന്നൂർപ്പാട്ടും നീലകേശിപ്പാട്ടും

[തിരുത്തുക]

നീലകേശിപ്പാട്ടിന്‌ പയ്യന്നൂർപ്പാട്ടുമായുള്ള ബന്ധം സമർത്ഥിക്കുന്നത് പയ്യന്നൂർപ്പാട്ട് എഡിറ്റ് ചെയ്ത പി. ആന്റണിയാണ്‌. [4] കെന്ത്രോൻ പാട്ട് എന്ന അനുഷ്ഠാനത്തിന്റെ ഭാഗമായാണ്‌ വണ്ണാന്മാർ നീലകേശിപ്പാട്ട് പാടുന്നത്.

80 വരി മാത്രമേ നീലകേശിപ്പാട്ടിലുള്ളൂ. ഭിക്ഷയിരന്നു നടക്കുന്ന നീലകേശി മലയരികേ പോകുമ്പോൾ മലങ്കുറവനെ ചുട്ട ചുടല കാണുകയും അവിടന്ന് ഒരു തീക്കൊള്ളിയെടുത്ത് ചെഞ്ചാവൂരെ മാവിനോട് കൊണ്ടുചാരി 'ഇക്കുഴവി കാലൊടു തല കൊയ്യുംമുൻപ് തരിയരന്റെ തലയെനിക്കു പണയമാകണം' എന്ന് നിശ്ചയിക്കുകയും ചെയ്യുന്നു; കൂത്തിന്റെ കീർത്തികേട്ട് - പയ്യന്നൂർപ്പാട്ടിൽനിന്ന് വ്യത്യസ്തമായി - ഒരു ദാസന്റെ മാത്രം അകമ്പടിയോടെ എത്തിച്ചേരുന്ന തരിയരയനെ മായച്ചൂതും ചതുരംഗവും നിരത്തി വെല്ലുവിളിക്കുകയാണ്‌ നീലകേശി.

'ഞാൻ തോറ്റുവെങ്കിലെന്റെ മുല പണയം
നീ തോറ്റുവെങ്കിൽ നിന്റിതൊരു തല പണയം'

എന്ന വ്യവസ്ഥയോടെ തരിയരനെ ചൂതിൽ തോല്പിച്ച് കുത്തിക്കൊന്ന് കുടൽമാല ധരിക്കുന്നു, അവൾ. ആ വേഷത്തിൽ തമ്മപ്പൻ(ശിവൻ) കോവിലിൽ എത്തുന്ന അവളോട് കൂലവാണിയപ്പകയുള്ള നീ എന്റെ ശ്രീകൈലാസം തീണ്ടി അശുദ്ധമാക്കരുതെന്നും, വടവന്യതീർത്ഥത്തിൽപോയി കുളിച്ച് ശുദ്ധിവരുത്തണമെന്നും നിർദ്ദേശിക്കുന്നു. അവ്വിധം ചെയ്ത താപസി ദിവ്യക്കരുവായി, നീലകേശിത്തെയ്യമായി മാറുകയാണ്‌ നീലകേശിപ്പാട്ടിൽ.

നീലകേശിക്ക് കാളീസങ്കല്പവുമായും കേരളത്തിലെ അമ്മദൈവാരാധനയുമായും ഉള്ള ബന്ധം പണ്ഡിതർ എടുത്തുപറഞ്ഞിട്ടുള്ളതാണ്‌. ദാരികനെ കൊന്ന കാളിയാണോ നീലകേശി എന്ന് നാട്ടറിവുപണ്ഡിതനായ ഡോ. എം.വി. വിഷ്ണുനമ്പൂതിരി സംശയിക്കുന്നു[5]. ദാരികനെ കൊല്ലാൻ കാളിയും താപസിയായിട്ടാണ്‌ പോയതെന്ന് പല പാട്ടുകളിലും പറയുന്നുണ്ട്. പയ്യന്നൂർപ്പാട്ടിൽ താപസിയുടെ വേഷത്തിലെത്തുന്ന നീലകേശി 'വെള്ളിമാമലയ്ക്കൊരു പൊന്മകൾ', 'ചെമ്പിടെയോന്മകൾ' എന്നൊക്കെ പരിചയപ്പെടുത്തുന്നുണ്ട്. കെന്ത്രോൻ പാട്ടിലെ നീലകേശി മാടായിക്കാവിലച്ചി തന്നെ എന്ന് പഴമക്കാർ വിശ്വസിക്കുന്നു.

പയ്യന്നൂർപ്പാട്ടിന്റെ ഭാഷ

[തിരുത്തുക]

വാമൊഴിക്കൊപ്പിച്ച് എഴുതപ്പെട്ട പയ്യന്നൂർപ്പാട്ടിൽ അക്ഷരങ്ങളുടെ നീട്ടലും കുറുക്കലും സർവ്വസാധാരണമായിക്കാണുന്നു. താളത്തിന്റെ അവ്യവസ്ഥയും പദങ്ങളുടെ അന്വയക്ലേശവും അടക്കം ഭാഷാപരമായ വൈകല്യങ്ങൾ നിരവധിയാണ്. എകാര ഒകാരങ്ങളുടെ ദീർഘരൂപങ്ങൾ എഴുത്തിൽ നിലവിലില്ലാതിരുന്നതിനാൽ അവ ഹ്രസ്വചിഹ്നംകൊണ്ടുതന്നെ രേഖപ്പെടുത്തിയിരിക്കുന്നു. അകാരത്തിന്റെ എകാരച്ഛായയെ എകാരചിഹ്നംകൊണ്ട് രേഖപ്പെടുത്തിയിരിക്കുന്നു (ഉദാ:അങ്ങനെ, അമെരപതി, കല്പെന, നകെരം). വാമൊഴിഭേദങ്ങളിൽ പൊതുവേ കാണുന്ന സ്വരവിനിമയങ്ങളും വ്യഞ്ജനവിനിമയങ്ങളും വർണ്ണാഗമങ്ങളും വർണ്ണലോപങ്ങളും പയ്യന്നൂർപ്പാട്ടിലുണ്ട്.

ഉദാ:-

  1. നീട്ടൽ , കുറുക്കൽ - ദെവാകെൾ (ദേവകെൾ), അനാമൂകവെൻ (ആനമുകവെൻ), ഗണപാതി (ഗണപതി)
  2. ഇ > അ വിനിമയം - ദെക്ഷണ (ദെക്ഷിണ)
  3. ഇ > എ വിനിമയം - ന്ദിരർ (ഇന്ദിരർ)
  4. ഉ > ഇ വിനിമയം - ചതിരങ്കം (ചതുരങ്കം), പെണ്ണിങ്ങൾ (പെണ്ണുങ്ങൾ), ആയിധം (ആയുധം)
  5. വ > ബ വിനിമയം - ബാഴ്‌ക (വാഴ്‌ക), ളെർപട്ടണം (വളർപട്ടണം), രം (വരം),
  6. ക > വ വിനിമയം - കോതർമ്മരും (കോതവർമ്മരും), പകിഴം (പവിഴം)
  7. മ > ന വിനിമയം - നുപ്പത്തുരണ്ടും (മുപ്പത്തുരണ്ടും)
  8. വ > മ വിനിമയം - നിർത്തു (നിവർത്തു)
  9. ട > ഷ വിനിമയം - പഷ്‌ണം (പട്ടണം)
  10. സ്വരാഗമം - മന്തിരി (മന്ത്രി), വാഴിക (വാഴ്‌ക)
  11. വ്യഞ്ജനാഗമം - യിഷ്ടം (ഇഷ്ടം), യിതിൽ (ഇതിൽ), യൂൺ (ഊൺ)
  12. വ്യഞ്ജനലോപം - അരൻ,

ദ്രമിഡസംഘാതാക്ഷരനിബദ്ധമല്ല പയ്യന്നൂർപ്പാട്ട്. നിരവധി സംസ്കൃതപദങ്ങൾ പയ്യന്നൂർപ്പാട്ടിൽ തത്സമരൂപത്തിൽ പ്രത്യക്ഷപ്പെടുന്നു. എങ്കിലും തമിഴിന്റെ സ്വാധീനം പ്രകടമാണ്. ആരിയച്ചിതവ് വന്ന രൂപങ്ങളും പുരുഷഭേദനിരാസം, സ്വരസംവരണം ഇവ സംഭവിക്കാത്ത രൂപങ്ങളും ധാരാളമുണ്ട്. പ്രാകൃതപദങ്ങളും നിരവധിയാണ്. കന്നട ഭാഷയുടെ സ്വാധീനം ശബ്ദതലത്തിൽ പ്രകടമാണ് (വ > ബ വിനിമയം മുതലായവ ).

മലബാർ മലയാളത്തിന്റെ, വിശേഷിച്ച് പയ്യന്നൂർപ്രദേശങ്ങളിൽ വ്യവഹാരത്തിലുള്ള വാമൊഴിയുടെ വ്യാകരണസവിശേഷതകൾ പയ്യന്നൂർപ്പാട്ടിൽ പ്രകടമാണ്. ഉദാ: പ്രതിഗ്രാഹികാപ്രത്യയം = അ - നിന്ന (നിന്നെ), വീണതിന (വീണതിനെ), അവര (അവരെ) .ഉത്തരകേരളത്തിൽമാത്രം പ്രചാരത്തിലുള്ളതും പ്രാചീനവുമായ ഏറെ പദങ്ങളും ശൈലികളും പയ്യന്നൂർപ്പാട്ടിൽ കാണാം. ഉദാ:- പൈക്കം (ഭിക്ഷ), ആത്തിയം (നുണ), ഒരം(നിറം-ഉറപ്പ്), നിച്ചൽ (നിത്യം), ഇല്ലത് (ഉള്ളത്), പിണി (ദുർദ്ദേവത-ബാധ), നിട്ടോട്ടം ഓടുക

പയ്യന്നൂർപ്പാട്ടിലെ ഭാ‍ഷ അന്നത്തെ നിലവാരപ്പെട്ട ഭാഷയല്ല, ഒരു വർഗ്ഗഭാഷയാണെന്നും വൈശ്യജാതിയുടെ സംഭാഷണത്തിൽ സുലഭമായ തമിഴ്ക്കലർപ്പും ഞ്ച-ന്ത രൂപങ്ങളുമാണ് ഇവിടെ കാണുന്നതെന്നും അക്ഷരശൂന്യരായ സാധാരണർ പാടിപ്പഴകിയതാകയാൽ ഗ്രാമ്യത അതേപടി നിലനിൽക്കുന്നുവെന്നും ഗുപ്തൻ നായർ വിലയിരുത്തുന്നു[6].

പാട്ടിലെ പരാമർശങ്ങൾ

[തിരുത്തുക]

പയ്യന്നൂർപ്പാട്ടിൽ പരാമർശിക്കുന്ന കാര്യങ്ങളെക്കാൾ പരാമർശിക്കാത്ത കാര്യങ്ങളാണ്‌ ഗവേഷകരെ കൗതുകപ്പെടുത്തുന്നത്. പ്രസിദ്ധമായ സുബ്രഹ്മണ്യസ്വാമിക്ഷേത്രം, ബ്രാഹ്മണഗ്രാമങ്ങളിൽ ഒന്നായ പയ്യന്നൂരിലെ നമ്പൂതിരിമാർ ഇവയൊന്നും പാട്ടിൽ പരാമർശിക്കപ്പെട്ടിട്ടേയില്ല. നായന്മാർ തീയന്മാർ എന്നിവരെപ്പറ്റിയും പരാമർശമില്ല. പോർത്തുഗീസ് പദങ്ങളോ കച്ചവടച്ചരക്കുകളോ ഒന്നും ഇല്ല. പീരങ്കിയെക്കുറിച്ച് പറയുന്നില്ല. എന്നാൽ ഇവയൊന്നും പാട്ടിന്റെ കാലത്ത് ഉണ്ടായിരുന്നില്ലെന്ന് പറയാനാവില്ല.

പയ്യന്നൂർപ്പാട്ടിൽ പരാമർശവിധേയമായ ശ്രദ്ധേയമായ സംഗതികൾ താഴെ നൽകുന്നു:

സ്ഥലങ്ങൾ

[തിരുത്തുക]

കച്ചിൽപട്ടണം, പേരൂർ, പാഴി (പഴയങ്ങാടി[7]), രാമേശ്വരം(രാമ തെരു[8]), പഴെന്നൂർ തെരു (പയ്യന്നൂർ തെരു), ഏഴി (ഏഴിമല), നന്തി, വടകര, മാടയേഴി(മാടായി), വളർപട്ടണം(വളപട്ടണം), പൂവെങ്കാപട്ടണം(വെങ്ങര[8]), നായെൻനഗരി, പൊന്മല തുടങ്ങി നിരവധി സ്ഥലങ്ങളെ പയ്യന്നൂർപ്പാട്ടിൽ പരാമർശിക്കുന്നു.

പയ്യന്നൂർപ്പാട്ടിൽ ഒരിടത്തേ പയ്യന്നൂർ എന്ന ശബ്ദം ഉപയോഗിച്ചിട്ടുള്ളൂ. പഴയന്നൂർ, പഴെന്നൂർ എന്നൊക്കെയാണ് പരാമർശം. പയ്യന്നൂരിന്റെ പഴയ പേർ പഴയന്നൂർ എന്നായിരുന്നു എന്ന് ഇത് സൂചിപ്പിക്കുന്നു. പഴയൻ എന്ന മൂഷികരാജാവിന്റെ പേരുമായി ബന്ധപ്പെട്ടതാകാം ഈ പേര്.[3]

കൃതിയിൽ പരാമർശിക്കുന്ന പേരൂർ തൃശ്ശൂർ (തൃശ്ശിവപേരൂർ‍) ആണോയെന്ന് ഗുണ്ടർട്ടും[1] കോയമ്പത്തൂരിനടുത്തുള്ള പേരൂരാണോ എന്ന് ഗുപ്തൻ നായരും[6] സംശയിച്ചു. ‘പേരൂർ നഗരി’, ‘പേരൂരയ്യൻ പെരുംകോവിൽ’ എന്നീ പരാമർശങ്ങളായാണ് പേരൂർ പ്രത്യക്ഷപ്പെടുന്നത്. രണ്ടിടത്തും ശിവക്ഷേത്രങ്ങളുണ്ട്. എന്നാൽ എരമത്തിനടുത്തുള്ള പേരൂൽ ആണ് പയ്യന്നൂർപ്പാട്ടിലെ പേരൂർ എന്ന് ഡോ.ടി. പവിത്രൻ‍ സ്ഥാപിക്കുന്നു.[8] ഇവിടുത്തെ പേരൂൽ ശിവക്ഷേത്രമാണ് കഥയിൽ പരാമർശിക്കുന്ന അയ്യൻകോവിൽ. പാട്ടിൽ പരാമർശിക്കുന്ന കൂത്ത് അവിടെ മുൻപ് നേർച്ചയായി നടത്തിയിരുന്നു എന്നും അദ്ദേഹം പറയുന്നു. (ഏഴിമല രാജവംശത്തിന്റെ സ്ഥാപകനായ ഇരാമകുടമൂവൻ കുറച്ചുകാലം എരമത്തു താമസിച്ച് ഭരണം നടത്തിയിരുന്നു.)

കച്ചിൽപട്ടണം ഏഴിമലയ്ക്കടുത്തുള്ള ഒരു പുരാതന തുറമുഖനഗരം എന്ന് ഗുണ്ടർട്ടിന്റെ നിഘണ്ടുവിൽ രേഖപ്പെടുത്തിയിരിക്കുന്നു. കച്ചിൽപട്ടണം കവ്വായി ആണോ എന്ന് അദ്ദേഹം സംശയിക്കുന്നു. [9] മാടായിക്കു സമീപമുള്ള അടുത്തിലയ്ക്കടുത്താവാം ഈ പട്ടണമെന്നും അടുത്തില എന്ന സ്ഥലനാമം അടുത്ത കച്ചിലയുടെ രൂപമാറ്റമാണെന്നും അടുത്തില ചാലിയരുടെ ഒരു കേന്ദ്രമാണെന്നും ടി.കെ.കെ. പൊതുവാൾ വ്യക്തമാക്കിയിട്ടുണ്ട്.[10]

സാമൂഹികജീവിതം

[തിരുത്തുക]

വാണിയസമുദായത്തിന്റെ ഇതിഹാസമാണ്‌ പയ്യന്നൂർപ്പാട്ട് എന്നുപറയാം. കൂലവാണിയരാണ്‌ ഇതിലെ പ്രധാനവിഭാഗം. കടൽത്തീരവാണിജ്യം നടത്തുന്നവരാണിവർ. തമിഴ്-കർണ്ണാടക വർത്തകപ്രമാണിമാരെയോ അവരുടെ പിൻ‌ഗാമികളെയോ ആണ് ചെട്ടി(സംസ്കൃതം: ശ്രേഷ്ഠി) എന്ന പദംകൊണ്ട് സാധാരണ വിവക്ഷിക്കുന്നത്. വാണിയരിൽപ്പെടുന്ന സമുദായമാണ്‌ ചാലിയരും. കപ്പൽക്കച്ചവടക്കാരായ വളഞ്ചിയർ ഇവരിൽ ഒരു വിഭാഗമാണ്‌. ഇവർ തന്നെയാകണം കൂലവാണിയരും‍. മറ്റൊരു വിഭാഗമായ ഓടങ്കയ്യർ നെയ്ത്തുകാരാണ്‌‍. തഞ്ചാവൂരിൽനിന്ന് കുടിയേറിയവരാണിവർ എന്ന് കരുതുന്നു. അടുത്തില-പഴയങ്ങാടി ഭാഗങ്ങൾ ഇവരുടെ പ്രധാനകേന്ദ്രമാണ്‌. വാണിയരുടെ കച്ചവട സാമർത്ഥ്യം 35-ആം പാട്ടിൽ തെളിയുന്നുണ്ട്:

ആശാരിമാരാണ്‌ മറ്റൊരു വിഭാഗം. വാണിയരും ആശാരിമാരും ഉപയോഗിക്കുന്ന പ്രയോഗങ്ങളും ഉപകരണങ്ങളും പാട്ടിൽ പരാമർശിച്ചിട്ടുണ്ട്.

വപ്പുരവർ, ചോനകർ, ചോഴിയർ, പാണ്ടിയർ, മരയ്ക്കാന്മാർ തുടങ്ങിയവരാണ്‌ പയ്യന്നൂർപ്പാട്ടിൽ സൂചിതമായ മറ്റു ജനവിഭാഗങ്ങൾ. വപ്പുരവർ കപ്പൽപ്പണിക്കാരായ മുസ്ലീം മതക്കാരാണ്‌. ചോനകർ മാപ്പിളമാരും, മരയ്ക്കാന്മാർ മുസ്ലീങ്ങളായ കപ്പൽപ്പടയാളികളുമാണ്‌. പാണ്ടിയർ പാണ്ടി(കെട്ടുവള്ളം) തുഴയുന്നവരും ചോഴിയർ ബൗദ്ധപാരമ്പര്യമുള്ള ചോയി എന്ന ജാതിക്കാരുമാകാം; പാണ്ഡ്യ - ചോള ദേശക്കാരെ കുറിക്കുന്ന പദവുമാകാം[8].

വാണിജ്യം

[തിരുത്തുക]

യഹൂദശാസനത്തെക്കുറിച്ച് എഫ്.ഡബ്ല്യൂ. എല്ലിസ് എഴുതിയ പ്രബന്ധത്തിന്‌ അനുബന്ധമായി അഞ്ചുവണ്ണം എന്ന സംജ്ഞ വിശദീകരിക്കാൻ 'മദ്രാസ് ജേണൽ ഒഫ് ലിറ്ററേച്ചർ ആൻഡ് സയൻസ്' (1844)-ൽ എഴുതിയ കുറിപ്പിലാണ്‌ ഗുണ്ടർട്ട് പയ്യന്നൂർപ്പാട്ടിനെ വിവരിക്കുന്നത്. കുടിയേറ്റക്കാരായ നാലു വണികസംഘങ്ങളിൽ (നാലു ചേരി) പെട്ട അഞ്ചുവണ്ണവും മണിഗ്രാമവും ഏഴിമലയ്ക്ക് വടക്കും നിലനിന്നിരുന്നു എന്ന് പയ്യന്നൂർപ്പാട്ട് തെളിയിക്കുന്നതായി ഗുണ്ടർട്ട് എഴുതുന്നു.[1] പട്ടണസ്വാമികൾ, വളഞ്ചിയർ തുടങ്ങിയ വണികസംഘങ്ങളെയും പയ്യന്നൂർപ്പാട്ടിൽ പരാമർശിക്കുന്നുണ്ട്. വളഞ്ചിയരുടെ സംഘത്തിൽപ്പെട്ടവരാണ്‌ നമ്പുച്ചെട്ടിയും മകനും എന്നും അവരുടെ നേതാവാണ്‌ കോവയിലെ തലച്ചെട്ടിയെന്നും ടി.കെ.കെ. പൊതുവാൾ ഊഹിക്കുന്നു. പതിന്നാലുകിരിയക്കാരായ തോഴർ ചാലിയസംഘങ്ങളും അതിൽ നാലുനഗരക്കാർ പട്ടുവം, അടുത്തില, വെള്ളൂർ, നീലേശ്വരം എന്നിവിടങ്ങളിലെ സംഘങ്ങളുമാണ്‌.

പ്രാചീനകാലത്ത് മലബാർതീരത്ത് വാണിജ്യം എങ്ങനെ അഭിവൃദ്ധിപ്രാപിച്ചു എന്ന് പയ്യന്നൂർപ്പാട്ട് കാട്ടിത്തരുന്നു. കച്ചിൽപട്ടണത്തിലെ കപ്പൽനിർമ്മാണത്തെയും നാടുചുറ്റിയുള്ള കപ്പൽക്കച്ചവടത്തെയും വിവരിക്കുന്നുണ്ട് ഇതിൽ. 96 മുതൽ 104 വരെയുള്ള പാട്ടുകളിൽ വിവരിക്കുന്ന ചരക്കുകളുടെ നീണ്ട നിര പയ്യന്നൂർപ്പാട്ടിനെ ചരിത്രരേഖയാക്കുന്നു. ഇതിലെ ചരക്കുകൾ പലതും തിരിച്ചറിയാൻ കഴിഞ്ഞാൽ ഒരു വലിയ നേട്ടമായിരിക്കും.

ആചാരങ്ങളും വിശ്വാസങ്ങളും

[തിരുത്തുക]

പയ്യന്നൂർപ്പാട്ടിൽ കാര്യമായി പരാമർശിക്കുന്ന ഒരു ആചാരമാണ്‌ കൂത്ത്. ചാക്യാന്മാരുടെ കൂത്തല്ല - വണ്ണാൻകൂത്ത്, മലയിക്കൂത്ത് പോലുള്ള തെയ്യം അനുഷ്ഠാനവുമായി ബന്ധപ്പെട്ട കൂത്തുകളെയാണ്‌ ഇത് സൂചിപ്പിക്കുന്നത്. ഉത്തരമലബാറിലെ ചില ക്ഷേത്രങ്ങളിലും കാവുകളിലും ഈ അനുഷ്ഠാനം ഇന്നും നിലനിൽക്കുന്നു. കുട്ടികൾ ഉണ്ടാവാനും അനൈശ്വര്യങ്ങൾ നീങ്ങാനുമാണ്‌ വണ്ണാൻകൂത്ത് നടത്തുന്നത്. പേരൂരയ്യൻകോവിലിൽ മാതുകൂത്ത് നേർന്നിട്ടാണ്‌ നീലകേശിക്ക് സന്താനമുണ്ടാകുന്നത്. കൂത്ത് എന്ന പദം നാടകം, നൃത്തം, തെയ്യം, വണ്ണാൻകൂത്ത്, വേണിയർകൂത്ത്, ദൈവക്കൂത്ത്, സ്ത്രീക്കൂത്ത് എന്ന് നിരവധി അർത്ഥതലങ്ങളിൽ പയ്യന്നൂർപ്പാട്ടിൽ ഉപയോഗിക്കുന്നു. പുളികുടി, പുല(ഇവിടെ വാലായ്മ എന്ന അർത്ഥത്തിലാണ്‌ പുല ഉപയോഗിച്ചിരിക്കുന്നത്.), അഞ്ചാംനീർ കുളിക്കുക തുടങ്ങിയ ആചാരങ്ങളും പാട്ടിൽ പരാമർശിച്ചിരിക്കുന്നു.

ഇവ കൂടി കാണുക

[തിരുത്തുക]
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ പയ്യന്നൂർപ്പാട്ട് എന്ന താളിലുണ്ട്.

കുറിപ്പുകൾ

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. 1.0 1.1 1.2 Gundert, Dr. Hermann (April1844). "The Legend f Payyanur". Madras journal of Literature and Science - No 31. {{cite journal}}: Check date values in: |date= (help)
  2. പരമേശ്വരയ്യർ, ഉള്ളൂർ എസ്. കേരളസാഹിത്യചരിത്രം - വാല്യം 1. തിരുവനന്തപുരം: കേരളസർവ്വകലാശാല.
  3. 3.0 3.1 നാരായണൻ, എം.ജി.എസ്. (ഒക്ടോബർ 2006). "പയ്യന്നൂർപ്പാട്ടിന്റെ പശ്ചാത്തലവിചാരം". താപസം ചാതുർമാസിക. 2 (2). ചങ്ങനാശ്ശേരി: താരതമ്യപഠനസംഘം: 240–251.
  4. ആന്റണി, പി. (2000) [ആദ്യപതിപ്പ്:1993]. "പയ്യന്നൂർപ്പാട്ട്". In ആന്റണി, പി (ed.). പയ്യന്നൂർപ്പാട്ട്: പാഠവും പഠനങ്ങളും. കോട്ടയം: കേരളപഠനകേന്ദ്രം & ഡി.സി. ബുക്സ്. pp. 51–60.
  5. വിഷ്ണുനമ്പൂതിരി, എം.വി. (1982). വണ്ണാനും കെന്ത്രോൻപാട്ടും. കോട്ടയം: സാഹിത്യപ്രവർത്തകസഹകരണസംഘം. {{cite book}}: Cite has empty unknown parameter: |coauthors= (help)
  6. 6.0 6.1 എസ്., ഗുപ്തൻ നായർ (2000) [ആദ്യപതിപ്പ്:1993]. "പയ്യന്നൂർപ്പാട്ട്: ഒറ്റനോട്ടത്തിൽ". In ആന്റണി, പി (ed.). പയ്യന്നൂർപ്പാട്ട്: പാഠവും പഠനങ്ങളും. കോട്ടയം: കേരളപഠനകേന്ദ്രം & ഡി.സി. ബുക്സ്.
  7. പവിത്രൻ, ടി. (1994). "നറവും പാഴിയും". ചിറയ്ക്കൽ ടി. സ്മാരകഗ്രന്ഥം.
  8. 8.0 8.1 8.2 8.3 പവിത്രൻ‍, ടി. (ഒക്ടോബർ 2006). "പയ്യന്നൂർപ്പാട്ടും സംസ്കാരവും". താപസം ചാതുർമാസിക. 2 (2). ചങ്ങനാശ്ശേരി: താരതമ്യപഠനസംഘം: 284–312. {{cite journal}}: zero width joiner character in |authorlink= at position 1 (help)
  9. ഗുണ്ടർട്ട്, ഗുണ്ടർട്ട്. മലയാളം-ഇംഗ്ലീഷ് നിഘണ്ടു.
  10. പൊതുവാൾ‍, ടി.കെ.കെ. (1983 നവംബർ 27). "പയ്യന്നൂർപ്പാട്ടും വളഞ്ചിയരും". മാതൃഭൂമി ആഴ്ചപ്പതിപ്പ്. {{cite journal}}: Check date values in: |date= (help); Text "pages" ignored (help); zero width joiner character in |authorlink= at position 1 (help)

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പയ്യന്നൂർപ്പാട്ട്&oldid=3773088" എന്ന താളിൽനിന്ന് ശേഖരിച്ചത്