ഉള്ളടക്കത്തിലേക്ക് പോവുക

സി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മടവൂർ സി എം അബൂബക്കർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സി.എം. മുഹമ്മദ്‌ അബൂബക്കർ മടവൂർ
പൂർണ്ണ നാമംസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർ മടവൂർ
ജനനം18 ആഗസ്റ്റ് 1929 (1348 റബ്ബിഉൽ അവ്വൽ 12)
മടവൂർ
മരണം1990 ഏപ്രിൽ 30 (1411 ശവ്വാൽ 4)
കോഴിക്കോട്
ദേശീയതഇന്ത്യൻ
കാലഘട്ടംആധുനികം
Regionമടവൂർ
പ്രസ്ഥാനംസൂഫിസം
Sufi orderനഖ്ശബന്ദിയ്യ, ഖാദിരിയ്യ
ഗുരുമുഹ്യിദ്ദീൻ സാഹിബ്
സ്വാധീനിച്ചവർ
  • കുഞ്ഞി മാഹിൻ കോയ മുസ്ലിയാർ

കേരളത്തിലെ മുസ്‌ലിങ്ങളിൽ സുന്നി വിഭാഗത്തിലെ ഒരു പ്രധാന പണ്ഡിതനും പ്രമുഖ സൂഫിവര്യനുമായിരുന്നു സി. എം. മടവൂർ എന്ന് പൊതുവായി അറിയപ്പെടുന്ന ചിറ്റടിമീത്തൽ (സിഎം) മുഹമ്മദ്‌ അബൂബക്കർ മുസ്‌ലിയാർ [1]. ഇദ്ദേഹം സൂഫിസത്തിൽ ആകൃഷ്ടനായിരുന്നു [2][better source needed] ആറ് പതിറ്റാണ്ട് കാലത്തെ അതുല്യ ജീവിതം കൊണ്ട് ആത്മീയ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളായിരുന്നു സി. എം. മുഹമ്മദ് അബൂബക്കർ മുസ്‌ലിയാർ.[3] ഖുത്വുബുൽ ആലം ശൈഖുനാ എന്ന പേരിലും അദ്ദേഹം അനുയായികൾക്കിടയിൽ അറിയപ്പെടുന്നു. 1962ൽ സൌദി അറേബ്യയിലെ മക്കയിലേയ്ക്കു തീർത്ഥാടനത്തിന് പോയ അദ്ദേഹം പരിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിച്ചു. പിന്നീട് തിരിച്ചെത്തി തന്റെ കർമ്മ മണ്ഡലത്തിൽ പ്രവർത്തിക്കുകയും 1990-ൽ അന്തരിക്കുകയും മടവൂർ പള്ളിയിലെ ഖബറിസ്ഥാനിൽ അടക്കം ചെയ്യുകയും ചെയ്തു.

ജീവിതരേഖ

[തിരുത്തുക]

1929ആഗസ്ത് 18-ൽ കോഴിക്കോട് ജില്ലയിലെ മടവൂർ ഗ്രാമത്തിൽ കളപ്പിലാവിൽ വീട്ടിൽ കുഞ്ഞി മാഹിൻ കോയ മുസ്ലിയാർ, ആയിശ ഹജ്ജുമ്മ ദമ്പതികളുടെ മകനായി മുഹമ്മദ് അബൂബക്കർ ജനിച്ചു. റബീഉൽ അവ്വൽ മാസം 12 ന് സ്വുബ്ഹി നമസ്കാരത്തിന്റെ സമയത്താണ് അദ്ദേഹം ജനിക്കുന്നത്. അദ്ദേഹത്തിന്റെ ജനനം മുൻകൂട്ടി പ്രവചിക്കപ്പെട്ടിരുന്നതായി പറയപ്പെടുന്നു. മാതാവ് ആയിശ ഹജ്ജുമ്മ ഗർഭിണിയായിരിക്കെ പിതാവ് കുഞ്ഞിമാഹിൻ കോയ മുസ്ലിയാർ ഹജ്ജിന് പോയിരുന്നു. ഹജ്ജ് നിർവ്വഹിക്കാനായി ഹറമിൽ എത്തിയ അദ്ദേഹത്തിന്, പിറക്കാൻ  പോവുന്ന മകൻ ഒരു മഹാനായി മാറുമെന്ന് സ്വപ്നസന്ദേശം ലഭിച്ചിരുന്നുവത്രേ. ഹജ്ജിന് ശേഷം നാട്ടിൽ മടങ്ങിയെത്തിയ അദ്ദേഹത്തിന്റെ പിതാവ് റബീഉൽ അവ്വൽ 12 ന് രാത്രിയിൽ മീലാദുന്നബി മജ്ലിസിൽ പ്രഭാഷണം നടത്തുകയായിരുന്നു. ആ സമയത്താണ് 'ഒരു മഹാന്റെ പിതാവായിരിക്കുന്നു' എന്ന വർത്തമാനം അദ്ദേഹത്തെ തേടിയെത്തിയത്. ഇത് കേട്ടപ്പോൾ ഹറമിൽ നിന്നുണ്ടായ സ്വപ്നദർശനം പിതാവിന് ഓർമ്മ വന്നു. മുഹമ്മദ് മുസ്ലിയാർ (ആദ്യ ഭാര്യയിലെ മകൻ) സൈനുദ്ദീൻ, ഫാത്വിമ, ആമിന, നഫീസ, റഹീമ എന്നിവരായിരുന്നു അദ്ദേഹത്തിന്റെ സഹോദരങ്ങൾ. പിന്നീട് അദ്ദേഹം താമസിച്ചിരുന്ന ചിറ്റടി മീത്തൽ എന്നതിൽ നിന്നാണ് സി.എം എന്ന ചുരുക്കപ്പേർ ലഭിക്കുന്നത്.

വിദ്യാഭ്യാസം

[തിരുത്തുക]

പ്രാഥമിക മതവിദ്യാഭ്യാസം സ്വപിതാവായ കുഞ്ഞി മാഹിൻ കോയ മുസ് ലിയാർ (റ) വിൽ നിന്നാണ് സ്വായത്തമാക്കിയത്. മടവൂർ, മങ്ങാട്, കൊടുവള്ളി, തളിപ്പറമ്പ്, കൊയിലാണ്ടി, വെല്ലൂർ എന്നീ സ്ഥലങ്ങളി പ്രശസ്ത പണ്ഡതന്മാരായിരുന്ന മോങ്ങം അവറാൻ മുസ്ലിയാർ, മലയമ്മ അബൂബക്കർ മുസ്ലിയാർ, വി,എം ഇമ്പിച്ചാലി മുസ്ലിയാർ, ഇ,കെ അബൂബക്കർ മുസ്ലിയാർ, കൊയിലാണ്ടി ഖാളി കുഞ്ഞുമുഹമ്മദ് മുസ്ലിയാർ- ഒതുക്കുങ്ങൽ, ശൈഖ് ആദം ഹസ്റത്, ശൈഖ് ഹസൻ ഹസ്റത് എന്നിവരുടെ കീഴിൽ വിവിധ വിഷയങ്ങളിൽ പാണ്ഡിത്യം നേടിയ അദ്ദേഹം 1959 ൽ വെല്ലൂർ ബാഖിയാത്തിൽ നിന്നും ബാഖവി ബിരുദം നേടി.

ആത്മീയ ഗുരുക്കന്മാർ

[തിരുത്തുക]

ആലുവായ് അബൂബക്കർ മുസ്ലിയാർ, ഹാമിദ് ചെറുകോയ തങ്ങൾ, മുഹ്യദ്ധീൻ സാഹിബ്‌, കക്കടിപ്പുറം അബൂബക്കർ മുസ്‌ലിയാർ, വേങ്ങര കോയപ്പാപ്പ, സൂഫി മുസ്ലിയാർ, എരമംഗലം സിയാ മുസ്ലിയാർ, വടകര മുഹമ്മദ്‌ ഹാജി, കോട്ടയം ജില്ലയിലെ ഞണ്ടാടിയിൽ അബൂബക്കർ മുസ്ലിയാർ തുടങ്ങിയവരെ അദ്ദേഹം തന്റെ ആത്മീയ ഗുരുക്കന്മാരായി കാണുന്നു.

പൊതുജീവിതം

[തിരുത്തുക]

വിദ്യാഭ്യാസം പൂർത്തിയാക്കി സ്വന്തം നാടായ മടവൂർ ഗ്രാമത്തിൽ മടങ്ങിയെത്തിയ അദ്ദേഹം ഗ്രാമത്തിലെ പള്ളിയിൽ ദർസിന് തുടക്കമിടുകയും മടവൂർ പള്ളിയിലെ മുദരിസ്, ഖത്വീബ്, ഖാളി തുടങ്ങിയ ചുമതലകൾ നിർവ്വഹിക്കുകയും ചെയ്തിരുന്നു. ബിദ് അത്തുകാരെ പടയ്ക്കു പുറത്തു നിർത്തിയിരുന്ന ഈ മഹാൻ മുമ്പ് ഗ്രാമത്തിലെ പണക്കാരനായ ഒരു ബിദ് അത്തുകാരന്റെ മകളെ വിവാഹം ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നവെങ്കിലും വിവാഹം ചെയ്തു കൊടുക്കാത്തതിന്റെ പേരിൽ നാട്ടിൽ പല പ്രശ്നങ്ങളുമുണ്ടായിരുന്നു. പക്ഷേ ശത്രുക്കളോട് ഒരു അനുരഞ്ജനത്തിനും അദ്ദേഹം തയ്യാറായിരുന്നില്ല. ഒരു യഥാർത്ഥ ഖാളിയുടെ ചുമതല എന്താണെന്ന് ശൈഖുനാ മടവൂർ നിവാസികളെ കാണിച്ചു കൊടുത്തു. മടവൂരിൽ ദർസ് നടത്തുന്ന കാലത്ത് 1962 ശവ്വാൽ 14 ന് അമ്മാവൻ അബൂബക്കർ ഹാജിയുടെ മകളായ സൈനബയെ അദ്ദേഹം വിവാഹം ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ ദാമ്പത്യ ജീവിതം ക്ഷണികമായിരുന്നു.

നഖ്ശബന്ദിയ്യ സൂഫി ധാരയുമായി അടുത്ത അദ്ദേഹം, 1962-ൽ ഹജ്ജ് യാത്ര നടത്തി എന്നാണ് പറയപ്പെടുന്നത്. തിരികെ എത്തിയതിനുശേഷം തുടർന്ന് വിവിധ പ്രദേശങ്ങളിൽ അലഞ്ഞുനടന്ന സി.എം, മനോനില തെറ്റിയ നിലയിലാണ് കോഴിക്കോട് തിരിച്ചെത്തുന്നത്[4].[അവലംബം ആവശ്യമാണ്]

മക്കയിലേയ്ക്കുള്ള യാത്ര

[തിരുത്തുക]

മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർ ഹജ്ജ് നിർവ്വഹിക്കുവാൻ മക്കയിലേയ്ക്ക് ഒരു ഐതിഹാസിക യാത്ര നടത്തിയിരുന്നു. മദീനാ പള്ളിയിൽ റൗളാ ശരീഫ് സിയാറത്ത് ചെയ്യുന്നതിനിടയിൽ ശൈഖുനാ വീണുപോകുകയും പതിനാലാം രാവിലെ ചന്ദ്രനേക്കാൾ തിളക്കമാർന്ന ഒരു മനുഷ്യൻ അദ്ദേഹത്തെ സമീപിക്കുന്നത് നാട്ടുകാരനായി ഒരു ഹാജിയാർ അത്ഭുതത്തോടെയാണ് ദർശിച്ചത്. പിന്നീട് ശൈഖുനാ ഈ ഹാജിയാരോട് തന്റെ അടുക്കലെത്തിയ ആൾ ആരെന്നറിയുമോ എന്ന് ചോദിച്ചു. "അത് മൂഹമ്മദ് നബി റസൂലുല്ലാഹി (സ്വ) ആയിരുന്നുവെന്ന സത്യം അദ്ദേഹം നാട്ടുകാരനോട് വെളിപ്പെടുത്തി. ഈ സംഭവങ്ങളെല്ലാം മദീനയിൽവച്ച് നേരിട്ടു കണ്ട മഹാനാണ് വലിയുല്ലാഹി ഉമറുൽ ഖാദിരി (റ). ഈ മഹാനും അപ്പോൾ അവിടെ സന്നിഹിതനായിരുന്നു.

പിൽക്കാല ജീവിതം

[തിരുത്തുക]

പരിശുദ്ധ ഹജ്ജ് കർമ്മം കഴിഞ്ഞ് മടവൂരിൽ തിരിച്ചെത്തിയ ശൈഖുനാ യിൽ വന്ന മാറ്റങ്ങൾ ജന ദൃഷ്ടിയിൽ പെടാൻ തുടങ്ങി. അദ്ദേഹം ദർസ് വിദ്യാർത്ഥികളെ അവിടെ നിന്നും പറഞ്ഞയച്ചു. തുടർന്ന് നഖ്ശബന്ധിയാ ത്വരീഖത്തിന്റെ ശൈഖും മുറബ്ബിയും മുർശിദും ഖുത്വുബുമെന്ന നിലയിൽ ശൈഖ് മുഹ് യദ്ദീൻ സ്വാഹിബ് (പുലി മൊയ്‌തീൻ സാഹിബ്) ബഡ്ക്കൽ (റ) വിന്റെ തർബിയത്തിൽ അദ്ദേഹം ആത്മീയ ജീവിതം നയിച്ചു. "അന ഖുത്വുബുൽ ആലം , അന മുദബ്ബിറുൽ ആലം ( ഖുത്വുബുൽ ആലമായ ഞാനാണിത്, ലോകത്തെ നിയന്ത്രിക്കുന്നത് ഞാനാണ് ) എന്നൊക്കെ പിന്നീട് ശൈഖുനാ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട് . ആത്മീയ ജീവിതത്തിന്റെ പരകോടിയിലെത്തിയ ഖുത്വുബുൽ ആലം സി.എം. മടവൂർ നിരവധി ആളുകൾക്ക് ത്വരീഖത്ത് നൽകിയിട്ടുണ്ട്.

അനുയായികൾക്കിടയിൽ ഒരു മഹാനായി കരുതപ്പെടുന്ന ശൈഖുനായുടെ ജീവിതകാലത്ത് അനേകം ആളുകൾ മഹാന്റെ ദർശനത്തിനായി എത്താറുണ്ടായിരുന്നു. നീറുന്ന പ്രയാസങ്ങൾ അനുഭവിക്കുന്നവർ, മാറാവ്യാധിയുള്ളവർ എന്നിവരെല്ലാം ശൈഖുനാ യുടെ ഒരു വാക്കു കൊണ്ടും നോട്ടം കൊണ്ടും സുഖപ്പെട്ടതായി അനുഭവസ്ഥർ പറയുന്നു. വഹാബികൾ, മൗദൂദികൾ തുടങ്ങിയ പ്രസ്ഥാനങ്ങളെ ശൈഖുനാ അതിനിശിതമായി ഭാഷയിൽ വിമർശിക്കുകയും എതിർക്കുകയും ചെയ്തിരുന്നു. ബിദ്അത്തുകാരോട് യാതൊരു വിധ വിട്ടുവീഴ്ചക്കും സൗഹാർദ്ദത്തിനും അദ്ദേഹം തയ്യാറായിരുന്നില്ല. അദ്ദേഹം പലപ്പോഴും ഇങ്ങനെ പറയാറുണ്ടായിരുന്നു :

"എൻറെ തിരുമൊഴികൾ ലോകത്തെമ്പാടും പ്രശസ്തമാകും..!"

قُطْبُ العَالَمْ سِي يَم وَلِيُّ اللّهِ المَدَوُورِي رَضِيَ اللهُ عَنْهُ

(19-04-1990 ഏപ്രിൽ 30 ന് വെള്ളിയാഴ്ച്ച (1411 ശവ്വാൽ 4) ഇടിയങ്ങര പടന്നപ്പള്ളിപ്പറമ്പ് മമ്മൂട്ടി മൂപ്പന്റെ വീട്ടിൽവച്ച് അന്തരിച്ച അദ്ദേഹത്തിന്റെ മൃതദേഹം കോഴിക്കോട് മടവൂരിലെ പിതാവ് ശൈഖ് കുഞ്ഞി മാഹിൻ കോയ മുസ് ലിയാർ (റ) വിന്റെ മഖ്ബറയുടെ അടുത്തുള്ള മഖ്ബരയിൽ ആചാരവിധികളോടെ അടക്കം ചെയ്തു.

സിഎം അബൂബക്കർ മുസ്ലിയാരുടെ മരണ ആണ്ടിനോട് അനുബന്ധിച്ച് എല്ലാവർഷവും ഇവിടെ ഉറൂസ് നടന്നുവരുന്നു.[5][6][7] ഏപ്രിൽ മാസത്തിലാണ് ഉറൂസ് നടത്തപ്പെടുന്നത്. ഉറൂസിനോട് അനുബന്ധിച്ചു നടക്കുന്ന വിവിധ പരിപാടികളിൽ പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്നു.[8][9] മഖാം സിയാറത്ത്, കൊടിയുയർത്തൽ. ഓത്തിടൽ, ഉലമാ സംഗമം, മജ്ലിസുന്നൂർ, സ്വലാത്ത് വാർഷികം, അനുസ്മരണ സമ്മേളനം, ഉസ്ര സംഗമം, ദിക്ർ ദുആ സമ്മേളനം, സ്വലാത്ത്, മതപ്രസംഗം, തുടങ്ങിയ വിവിധ പരിപാടികളാണ് ഉറൂസിനോടനുബന്ധിച്ച് നടത്തപ്പെടുന്നത്. സമാപന ദിവസം വൈകുന്നേരത്തോടെ നടക്കുന്ന അനദാനത്തോടെയാണ് ഉറൂസ് സമാപിക്കുന്നത്.

ബഹുമതികൾ

[തിരുത്തുക]

തിരുമൊഴികൾ

[തിരുത്തുക]

കറാമത്തുകൾ

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. "Madavoor C.M Valiyullahi Makham Shareef, Madavoor Po, Narikkuni, Via, Calcut, Kerala, 673585". Archived from the original on 2023-01-09. Retrieved 2023-01-09.
  2. ബാഖവി, ടി കെ അബ്ദുർറഹ്മാൻ. "സി എം വലിയുല്ലാഹിയെന്ന അഭയ കേന്ദ്രം". Retrieved 2023-01-09.
  3. ഡെസ്‌ക്, വെബ്. "ശൈഖുനാ മടവൂർ (ഖ. സി)". Retrieved 2025-01-21.
  4. സൂഫികളുടെ പാത. പേജ്‌ 62-63.സെയ്‌തുമുഹമ്മദ്‌ നിസാമി
  5. ഡെസ്ക്, വെബ് (2022-05-06). "മടവൂർ സി.എം മഖാം ഉറൂസ് ഇന്നു തുടങ്ങും | Madhyamam". Retrieved 2023-01-09.
  6. "മടവൂർ സി.എം മഖാം ഉറൂസ് ഇന്നു തുടങ്ങും | Madhyamam". 2022-05-11. Archived from the original on 2022-05-11. Retrieved 2023-01-09.{{cite web}}: CS1 maint: bot: original URL status unknown (link)
  7. "Kerala Kaumudi Newsdaily". Archived from the original on 2023-01-09. Retrieved 2023-01-09.{{cite web}}: CS1 maint: bot: original URL status unknown (link)
  8. "മടവൂർ സിഎം മഖാം ശരീഫ് ഉറൂസ് മുബാറക് ഇന്നുതുടങ്ങും".
  9. "മടവൂർ സി.എം.മഖാം ഉറൂസിന് തുടക്കം".