Jump to content

നക്ഷത്രം (ജ്യോതിഷം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മലയാളം നക്ഷത്രങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നക്ഷത്രം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ നക്ഷത്രം (വിവക്ഷകൾ) എന്ന താൾ കാണുക. നക്ഷത്രം (വിവക്ഷകൾ)

പ്രാചീനഭാരതീയ ജ്യോതിശാസ്ത്രത്തിലും ജ്യോതിഷത്തിലും ഒരു നക്ഷത്രം എന്നത് ഒരുകൂട്ടം നക്ഷത്രങ്ങളെ സൂചിപ്പിക്കുന്നു. ഓരോ നക്ഷത്രഗണവും അവയിലെ പ്രധാനപ്പെട്ട നക്ഷത്രത്തിന്റെ അല്ലെങ്കിൽ നക്ഷത്രങ്ങളുടെ പേരിൽ അറിയപ്പെടുന്നു. ഈ നക്ഷത്രങ്ങളെ അടിസ്ഥാനമാകി ക്രാന്തിവൃത്തത്തെ 27ഓ 28ഓ ആയി തിരിച്ചിരിക്കുന്നു. ഓരോ നക്ഷത്രവും ക്രാന്തിവൃത്തത്തിന്റെ ഓരോ വിഭാഗത്തെ സൂചിപ്പിക്കുന്നു. ചന്ദ്രന്റെ പരിക്രമണ സമയം 27.3 ദിവസമാണ്. അതുകൊണ്ട് ഒരു നക്ഷത്രത്തിൽക്കൂടി കടന്നുപോകുന്നതിന് ചന്ദ്രൻ ഏകദേശം ഒരു ദിവസം എടുക്കുന്നു. ചന്ദ്രൻ നിലവിൽ ഏതു നക്ഷത്രത്തിന്റെ മേഖലയിലൂടെ കടന്നുപോകുന്നുവോ ആ ദിവസത്തെ ആ നക്ഷത്രത്തിന്റെ പേരിലുള്ള നാൾ ആയും കണക്കാക്കുന്നു.

ഈ നക്ഷത്രങ്ങളെ പ്രാചീന ഗ്രന്ഥങ്ങളായ തൈത്തിരീയ സംഹിതയിലും ശതപഥ ബ്രാഹ്മണത്തിലും പരാമര്‌ശിച്ചിട്ടുണ്ട്.[അവലംബം ആവശ്യമാണ്]

ഹൈന്ദവഐതിഹ്യങ്ങളിൽ ഈ 27 നക്ഷത്രങ്ങളെ ദക്ഷന്റെ പുത്രിമാരായി പരികല്പിക്കുന്നു. ഇവരെ ചന്ദ്രന്റെ ഭാര്യമാരായും കണക്കാക്കുന്നു.[1]. ഓരോ നക്ഷത്രങ്ങൾക്കും ഓരോ അധിദേവതയുണ്ട്.

നക്ഷത്രങ്ങളുടെ പട്ടിക[തിരുത്തുക]

27 നക്ഷത്രങ്ങളുടെയും നാമം, അർത്ഥം, പാശ്ചാത്യ-പൗരസ്ത്യ ജ്യോതിഷങ്ങൾ പ്രകാരമുള്ള സ്ഥാനം മുതലായവ ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു.


ക്രമാങ്കം മലയാള നാമം സംസ്കൃത നാമം സംസ്കൃത നാമത്തിന്റെ അർത്ഥം അധിപ ഗ്രഹം പാശ്ചാത്യ നാമം രേഖാചിത്രം സ്ഥാനം
1 അശ്വതി अश्विनी
(അശ്വിനീ)
കുതിരയെപ്പോലെയുള്ളവൾ കേതു β and γ Arietis 00AR00-13AR20
2 ഭരണി भरणी
(ഭരണീ)
പുതുജീവൻ വഹിക്കുന്നവൾ ശുക്രൻ 35, 39, and 41 Arietis 13AR20-26AR40
3 കാർത്തിക कृत्तिका
(കൃത്തികാ)
മുറിക്കുന്നവൾ സൂര്യൻ Pleiades 26AR40-10TA00
4 രോഹിണി रोहिणी
(രോഹിണീ)
ചുവന്നവൾ ചന്ദ്രൻ Aldebaran 10TA00-23TA20
5 മകയിരം म्रृगशीर्षा
(മൃഗശീർഷ)
മാനിന്റെ തലയുള്ളവൾ ചൊവ്വ λ, φ Orionis 23TA40-06GE40
6 ആതിര (തിരുവാതിര) आद्रा
(ആർദ്രാ)
കുതിർന്നവൾ രാഹു Betelgeuse 06GE40-20GE00
7 പുണർതം पुनर्वसु
(പുനർവസു)
മടങ്ങിവന്ന പ്രകാശം വ്യാഴം Castor and Pollux 20GE00-03CA20
8 പൂയം पुष्य
(പുഷ്യ)
പുഷ്ടിപ്പെടുത്തുന്നവൾ ശനി γ, δ and θ Cancri 03CA20-16CA40
9 ആയില്യം आश्लेषा
(ആശ്ലേഷ)
ആശ്ലേഷിക്കുന്നവൾ ബുധൻ δ, ε, η, ρ, and σ Hydrae 16CA40-30CA500
10 മകം मघा
(മഘാ)
മഹതി കേതു Regulus 00LE00-13LE20
11 പൂരം पूर्व फाल्गुनी
(പൂർവ ഫാൽഗുനി)
മുൻപത്തെ ചുവന്നവൾ ശുക്രൻ δ and θ Leonis 13LE20-26LE40
12 ഉത്രം उत्तर फाल्गुनी
(ഉത്തര ഫാൽഗുനി)
പിന്നത്തെ ചുവന്നവൾ സൂര്യൻ Denebola 26LE40-10VI00
13 അത്തം हस्त
(ഹസ്ത)
ഹസ്തം (കയ്യ്) ചന്ദ്രൻ α, β, γ, δ and ε Corvi 10VI00-23VI20
14 ചിത്തിര (ചിത്ര) चित्रा
(ചിത്രാ)
തിളക്കമുള്ളവൾ ചൊവ്വ Spica 23VI20-06LI40
15 ചോതി स्वाति
(സ്വാതി)
വാള് രാഹു Arcturus 06LI40-20LI00
16 വിശാഖം विशाखा
(വിശാഖാ)
ശാഖകളുള്ളവൾ‍ വ്യാഴം α, β, γ and ι Librae 20LI00-03SC20
17 അനിഴം अनुराधा
(അനുരാധാ)
ദേവചൈതന്യത്തിനെ അനുഗമിക്കുന്നവൾ ശനി β, δ and π Scorpionis 03SC20-16SC40
18 കേട്ട (തൃക്കേട്ട) ज्येष्ठा
(ജ്യേഷ്ഠാ)
ഏറ്റവും മുതിർന്നവൾ ബുധൻ α, σ, and τ Scorpionis 16SC40-30SC00
19 മൂലം मूल
(മൂല)
വേര് കേതു ε, ζ, η, θ, ι, κ, λ, μ and ν Scorpionis 00SG00-13SG20
20 പൂരാടം पूर्वाषाढ़ा
(പൂർവാഷാഢാ)
മുന്നത്തെ വിജയി ശുക്രൻ δ and ε Sagittarii 13SG20-26SG40
21 ഉത്രാടം उत्तराषाढ़ा
(ഉത്തരാഷാഢാ)
പിന്നത്തെ വിജയി സൂര്യൻ ζ and σ Sagittarii 26SG40-10CP00
22 ഓണം (തിരുവോണം) श्रवण
(ശ്രവണാ)
കേൾ‌ക്കുന്നവൾ ചന്ദ്രൻ α, β and γ Aquilae 10CP00-23CP20
23 അവിട്ടം श्रविष्ठा
(ശ്രാവിഷ്ഠാ) അഥവാ धनिष्ठा (ധനിഷ്ഠാ)
ധനിക ചൊവ്വ α to δ Delphinus 23CP20-06AQ40
24 ചതയം शतभिषा
(ശതഭിഷാ)
ശമിപ്പിക്കുന്നവർ നൂറുപേർ (നൂറ് ഭിഷഗ്വരരർ) രാഹു γ Aquarii 06AQ40-20AQ00
25 പൂരുരുട്ടാതി पूर्वभाद्रपदा
(പൂർവഭാദ്രപദാ)
മുന്നത്തെ സന്തോഷ പാദം വ്യാഴം α and β Pegasi 20AQ00-03PI20
26 ഉത്രട്ടാതി उत्तरभाद्रपदा
(ഉത്തരഭാദ്രപദാ)
പിന്നത്തെ സന്തോഷ പാദം ശനി γ Pegasi and α Andromedae 03PI20-16PI40
27 രേവതി रेवती
(രേവതീ)
ധനിക ബുധൻ ζ Piscium 16PI40-30PI00

നക്ഷത്രങ്ങളുടെ സീമാന്തങ്ങൾ[തിരുത്തുക]

360 ഡിഗ്രിയുള്ള മൊത്തം രാശിചക്രത്തെ ഏകദേശം 27.3216 ഭാഗങ്ങളായി വിഭജിച്ച് അവയിലോരോന്നിനേയും സ്ഥാനീയമായി അടയാളപ്പെടുത്താനാണു് നക്ഷത്രങ്ങളെ നിർദ്ദേശാങ്കങ്ങളായി പരിഗണിക്കുന്നതു്. എന്നാൽ ഭൂമിയുടെ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥവും അച്ചുതണ്ടിന്റെ ചെരിവും മൂലം ഈ വിഭജനം സമമായിട്ടല്ല. സൂര്യസിദ്ധാന്തം, ആര്യസിദ്ധാന്തം തുടങ്ങിയ രീതികളിൽ ഭ്രമണപഥപ്രവേഗമനുസരിച്ച് ഇവയെ സങ്കീർണ്ണമായ ഗണിതപ്രക്രിയകളിലൂടെ ആനുപാതികമായി വിഭജിച്ചിട്ടുണ്ടു്. കുറേക്കൂടി ലളിതമായി ഗർഗ്ഗ സമ്പ്രദായവും ആവിഷ്കരിച്ചിരിക്കുന്നു. എന്നാൽ, പിൽക്കാലത്തു് പല ജ്യോതിശാസ്ത്ര/ജ്യോതിഷശാഖകളും കണക്കുകൂട്ടൽ താരതമ്യേന എളുപ്പമാക്കുവാൻ സമീകൃതരേഖാംശങ്ങൾ സ്വീകരിച്ചു.[അവലംബം ആവശ്യമാണ്]


ക്രമാങ്കം നക്ഷത്രം സമീകൃത രേഖാംശം ഗർഗ്ഗ രീതി ബ്രഹ്മസിദ്ധാന്ത രീതി
1 അശ്വതി 13° 20′ 13° 20' 13° 10' 35
2 ഭരണി 26° 40′ 20° 0' 19° 45' 52.5
3 കാർത്തിക 40° 0′ 33° 20' 32° 56' 27.5
4 രോഹിണി 53° 20′ 53° 20' 52° 42' 20
5 മകയിരം 66° 40′ 66° 40' 65° 52' 55
6 ആതിര 80° 0′ 73° 20' 72° 28' 12.5
7 പുണർതം 93° 20′ 93° 20' 92° 14' 5
8 പൂയം 106° 40′ 106° 40' 105° 24' 40
9 ആയില്യം 120° 0′ 113° 20' 111° 59' 57.5
10 മകം 133° 20′ 126° 40' 125° 10' 32.5
11 പൂരം 146° 40′ 140° 0' 138° 21' 7.5
12 ഉത്രം 160° 0′ 160° 0' 158° 7' 0
13 അത്തം 173° 20′ 173° 0' 171° 17' 35
14 ചിത്തിര 186° 40′ 186° 40' 184° 28' 10
15 ചോതി 200° 0′ 193° 20' 191° 3' 27.5
16 വിശാഖം 213° 20′ 213° 20' 210° 49' 20
17 അനിഴം 226° 40′ 226° 40' 223° 59' 55
18 കേട്ട 240° 0′ 233° 20' 230° 35' 12.5
19 മൂലം 253° 20′ 246° 40' 243° 45' 47.5
20 പൂരാടം 266° 40′ 260° ' 256° 56' 22.5
21 ഉത്രാടം 280° 0′ 280° ' 276° 42' 15
22 തിരുവോണം 293° 20′ 293° 20' 294° 7' 5
23 അവിട്ടം 306° 40′ 306° 40' 307° 17' 40
24 ചതയം 320° 0′ 313° 20' 313° 52' 57.5
25 പൂരുരുട്ടാതി 333° 20′ 326° 40' 327° 3' 32.5
26 ഉത്രട്ടാതി 346° 40′ 346° 40' 346° 49' 25
27 രേവതി 360° 0′ 360° 0' 360° 0' 0
28 അഭിജിത്ത് 280° 56' 30

ബ്രഹ്മസിദ്ധാന്തമനുസരിച്ചുള്ള അതിസൂക്ഷ്മമായ കണക്കുകൂട്ടലിൽ, 27.3216 എന്ന സംഖ്യയിൽ പൂർണ്ണസംഖ്യയായ 27 കഴിഞ്ഞ് ബാക്കി വരുന്ന 0.3216 കണക്കിലെടുക്കാൻ വേണ്ടിയാണു് 28-ആമതായി അഭിജിത്ത് എന്നൊരു നക്ഷത്രത്തെക്കൂടി പരിഗണിക്കുന്നതു്.

ഇരുപത്തിയെട്ടാം നക്ഷത്രം[തിരുത്തുക]

ഇരുപത്തിയെട്ടാമതായി അഭിജിത്(अभिजित) എന്നൊരു നക്ഷത്രത്തെക്കൂടി ഗണിക്കാറുണ്ട്. അത് ഉത്രാടം, തിരുവോണം എന്നിവയ്ക്ക് മധ്യേ നിലകൊള്ളുന്ന α, ε and ζ Lyrae - Vega ആകുന്നു. അഭിജിത് നക്ഷത്രത്തിന് ജ്യോതിഷത്തിൽ ഒരു പ്രത്യേക സ്ഥാനമാണ് നല്കിയിരിക്കുന്നത്. പ്രത്യേകം പറയാത്തിടത്തോളം അതിനെ 27 നക്ഷത്രങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താറില്ല. അഭിജിത് നക്ഷത്രത്തിന്റെ ദേവത ബ്രഹ്മാവ് ആണ്.[അവലംബം ആവശ്യമാണ്]

നക്ഷത്ര മരങ്ങൾ[തിരുത്തുക]

ഓരോ നക്ഷത്രവും ഓരോ മരവുമായി ബന്ധപെട്ടിരിക്കുന്നു. ഈ മരങ്ങൾ‌ ഔഷധഗുണമുള്ളവയോ, സാമൂഹിക പ്രാധാന്യമുള്ളവയോ, ഭംഗിക്ക് പ്രാധാന്യമുള്ളവയോ ആയിരിക്കും. സ്വന്തം നക്ഷത്രത്തിന്റെ മരം വീട്ടിൽ നടുന്നതു വഴി സന്തോഷവും സമാധാനവും പ്രാപ്തമാക്കുമെന്നാണ് ജ്യോതിഷ വിശ്വാസം.[അവലംബം ആവശ്യമാണ്]

ജന്മനക്ഷത്രവും ഇഷ്ട ദൈവവും[തിരുത്തുക]

ഭാരതീയ ജ്യോതിഷത്തിൽ ഓരോ നാളുകാർക്കും ഓരോ ഇഷ്ട ദൈവമുണ്ട്. അത് ഏതെല്ലാമാണെന്ന് മനസിലാക്കി പ്രാർത്ഥിച്ചാൽ എളുപ്പം ആഗ്രഹസാഫല്യവും അനുഗ്രഹവും ദുഃഖ മോചനവുമുണ്ടാകും എന്ന്‌ വിശ്വസിക്കപ്പെടുന്നു. 27 നക്ഷത്രത്തിന്റെയും ഇഷ്ട ദൈവവും അനുഷ്ഠാനങ്ങളും താഴെ കൊടുക്കുന്നു.

അശ്വതി

ഇഷ്ട ദൈവം ഗണപതിയാണ്. ഭദ്രകാളിയെയും സുബ്രഹ്മണ്യനെയും ഭജിക്കുന്നതും ഫലപ്രദമാണ്. ഗണപതി ഭജനം, വിനായക ചതുർത്ഥി വ്രതം എന്നിവ ഗുണകരമാണ്. ജന്മ നക്ഷത്രദിവസം ഗണപതി ഹോമം നടത്തുന്നത് ഐശ്വര്യം നൽകും. അശ്വതി, മകം, മൂലം ദിവസങ്ങൾ ക്ഷേത്ര ദർശനത്തിന് ഉത്തമം. ചൊവ്വ ഗ്രഹപ്രീതി വരുത്തണം. അശ്വതിയും ചൊവ്വയും ചേർന്നു വരുന്ന ദിവസം സുബ്രഹ്മണ്യനെയും ഭദ്രകാളി ഭഗവതിയെയും ഭജിക്കണം.

ഭരണി

ശ്രീ ഭദ്രകാളി അഥവാ ഭഗവതിയാണ് ഇഷ്ട ദൈവം. സുബ്രഹ്മണ്യനെയും ശിവനെയും ഭജിക്കുന്നതും ഗുണകരമാണ്. നക്ഷത്രദേവത യമനാണ്. ഭരണി, പൂരം, പൂരാടം നക്ഷത്രങ്ങളിൽ ഭദ്രകാളി ക്ഷേത്രദർശനം, ജന്മനക്ഷത്രത്തിൽ മഹാലക്ഷ്മീപൂജ അഥവാ ദേവി പൂജ എന്നിവ നടത്തുന്നത് തടസങ്ങളും ദുരിതങ്ങളും കുറയാൻ സഹായിക്കും. ചൊവ്വ, വെള്ളി, പൗർണമി, അമാവാസി ദിവസങ്ങളും ഭരണി നക്ഷത്രവും വരുന്ന ദിവസം ദേവി ഭജനം ഗുണകരം. ഞായറാഴ്ച ശിവ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതും ഗുണം ചെയ്യും.

കാർത്തിക

മേടക്കൂറിലുള്ള കാർത്തിക നക്ഷത്രക്കാരുടെ ഇഷ്ട ദൈവം സുബ്രഹ്മണ്യനാണ്. ഇടവക്കൂറുകാർ മഹാലക്ഷ്മിയെ അഥവാ ദേവിയെ ഇഷ്ട ദൈവമായി കണ്ട് വെള്ളിയാഴ്ച പൂജിക്കണം. എന്നും ശിവനെ പ്രാർഥിക്കണം. ചൊവ്വ, വെള്ളി, പൗർണമി ദിവസങ്ങളിൽ ഭഗവതി പൂജകൾ ചെയ്യാം. കാർത്തികയും ഞായറാഴ്ചയും ചേർന്നു വരുന്ന ദിവസങ്ങളിലും കാർത്തിക, ഉത്രം, ഉത്രാടം ദിവസങ്ങളിലും ആദിത്യഹൃദയം, ശിവ സ്തുതികൾ എന്നിവ ഏതെങ്കിലും ജപിക്കണം.

രോഹിണി

ദുർഗ്ഗ അല്ലെങ്കിൽ ഭദ്രകാളിയെ ഇഷ്ട ദൈവമായി ആരാധിക്കാം. ബുധൻ, വ്യാഴം ദിവസങ്ങളിൽ ശ്രീകൃഷ്ണ പൂജയും (വിഷ്ണുപൂജ) ഗുണപ്രദമാണ്. തിങ്കളാഴ്ച വ്രതമെടുക്കുന്നത് നല്ല ഫലങ്ങൾ പ്രദാനം ചെയ്യും. ദിവസവും വിഷ്ണുനാമജപം ഉത്തമം. ചൊവ്വ, വെള്ളി, പൗർണമി, അമാവാസി, ജന്മ നക്ഷത്ര ദിവസങ്ങളിൽ ദുർഗ്ഗ, ഭദ്രകാളി തുടങ്ങിയ ഭഗവതി ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും ഉചിതമാണ്. രോഹിണി, അത്തം, തിരുവോണം നക്ഷത്രങ്ങളിൽ ക്ഷേത്ര ദർശനം വേണം.

മകയിരം

സുബ്രഹ്മണ്യനും ഭദ്രകാളിയും എന്നിവർ ഇഷ്ട ദൈവം. വെള്ളിയാഴ്ച മഹാലക്ഷ്മി അഥവാ ദേവിയെയും വ്യാഴാഴ്ച ശ്രീകൃഷ്ണനെയും ആരാധിക്കുന്നതും ചൊവ്വാഴ്ച വ്രതം എടുക്കുന്നതും നാമജപവും ഉത്തമമാണ്. ചൊവ്വാഴ്ചയും മകയിരവും ചേർന്നു വരുന്ന ദിവസവും മകയിരം ചിത്തിര, അവിട്ടം നക്ഷത്രദിവസങ്ങളിലും ക്ഷേത്ര ദർശനം മുടക്കരുത്. ഇടവക്കൂറുകാർ ശുക്രനെയും മിഥുനക്കൂറുകാർ ബുധനെയും പ്രീതിപ്പെടുത്തണം.

തിരുവാതിര

ഇഷ്ട ദൈവം പരമശിവനാണ്. രാഹുവിനെയും നാഗരാജാവിനെയും ആരാധിക്കുന്നതും ഗുണകരമാണ്. ജന്മനക്ഷത്ര ദിവസം രാഹുവിനെ അല്ലെങ്കിൽ നാഗരാജാവിനെ ആരാധിക്കുക. ഏതൊരു പ്രവൃത്തിയും ശിവസ്മരണയോടെ ചെയ്യുന്നത് ഉചിതമാണ്. രാശ്യാധിപനായ ബുധനെ പ്രീതിപ്പെടുത്താൻ ബുധനാഴ്ചകളിൽ ശ്രീകൃഷ്ണ പൂജയും (വിഷ്ണു പൂജ) നാമജപവും നല്ലതാണ്. തിരുവാതിര, ചോതി, ചതയം നക്ഷത്രദിവസങ്ങളിൽ ക്ഷേത്ര ദർശനം നടത്തണം. ഞായർ, തിങ്കൾ, പ്രദോഷ ശനി, മഹാശിവരാത്രി ദിവസങ്ങളിൽ ശിവ ക്ഷേത്ര ദർശനം നടത്തുന്നതും ഉത്തമം. രാഹു പ്രീതിക്കായി വെള്ളിയാഴ്ചകളിൽ ദുർഗ്ഗാ ഭഗവതി ക്ഷേത്ര ദർശനവും ഗുണം ചെയ്യും.

പുണർതം

ഇഷ്ട ദൈവം ശ്രീകൃഷ്ണനാണ്. മഹാവിഷ്ണുവിനെയും പാർവ്വതി അഥവാ ദുർഗ്ഗാ ഭഗവതിയെയും ആരാധിക്കാം. വ്യാഴാഴ്ച, ഏകാദശി തുടങ്ങിയ ദിവസങ്ങളിൽ വിഷ്ണു ക്ഷേത്ര ദർശനവും വിഷ്ണുസഹസ്രനാമം ജപവും ദുരിതം കുറയ്ക്കാൻ സഹായിക്കും. പുണർതം, വിശാഖം, പൂരുരുട്ടാതി നക്ഷത്രങ്ങളിൽ ക്ഷേത്രദർശനം നടത്തുന്നത് സദ്ഫലങ്ങൾ നൽകും. വ്യാഴാഴ്ചയും പുണർതവും ഒന്നിച്ചു വരുന്ന ദിവസം പ്രധാനമാണ്. ചൊവ്വ, വെള്ളി, പൗർണമി ദിവസങ്ങളിലെ ദേവി ക്ഷേത്ര ദർശനവും ഗുണം ചെയ്യും.

പൂയം

ഇഷ്ട ദൈവം മഹാവിഷ്ണു അഥവാ ശ്രീകൃഷ്ണനാണ്‌. ശനിയാഴ്ച വ്രതവും ശാസ്താ ഭജനവും ദുർഗ്ഗാ പ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കുന്നതും നേട്ടമുണ്ടാക്കും. ചന്ദ്രനെ പ്രീതിപ്പെടുത്തുന്നതും ഗുണകരമാണ്. പൂയവും ശനിയാഴ്ചയും ഒന്നിച്ചു വരുന്ന ദിവസം ധർമ്മ ശാസ്താവിന് എള്ളു പായസം വഴിപാട് നടത്തുന്നതും ശനീശ്വരപൂജ ചെയ്യുന്നതം ദുരിതങ്ങൾ കുറയ്ക്കും. വ്യാഴം, ഏകാദശി ദിവസങ്ങളിലെ വിഷ്ണു ക്ഷേത്ര ദർശനവും പ്രധാനം. ചൊവ്വ, വെള്ളി, പൗർണമി ദിവസങ്ങളിൽ ദുർഗ്ഗാ അഥവാ ഭഗവതി ക്ഷേത്ര ദർശനം നടത്തുന്നത് ഐശ്വര്യം നൽകും.

ആയില്യം

നാഗങ്ങൾ ആണ് ഇഷ്ട ദൈവം. ശ്രീകൃഷ്ണനെയും ശിവനെയും ദുർഗ്ഗാ ഭഗവതിയെയും ആരാധിക്കുന്നതും ഉത്തമമാണ്. നാഗരാജാവ് (അനന്തൻ, വാസുകി) സന്നിധികളിൽ ദർശനം നടത്തുക. ആയില്യവും ബുധനാഴ്ചയും ഒന്നിച്ചു വരുന്ന ദിവസങ്ങളും ആയില്യം, കേട്ട, രേവതി നക്ഷത്രങ്ങളും നാഗരാജാ ക്ഷേത്രങ്ങളിൽ ദർശനവും പ്രാർത്ഥനയും അതി വിശേഷമാണ്. രാശ്യാധിപനായ ചന്ദ്രനെ പ്രീതിപ്പെടുത്തുന്ന കർമ്മങ്ങൾ അനുഷ്ഠിക്കണം. അതിന് വേണ്ടി ദുർഗ്ഗാ അഥവാ ഭഗവതി ക്ഷേത്രങ്ങളിൽ ചൊവ്വ, വെള്ളി, പൗർണമി ദിവസങ്ങളിൽ ദർശനം നടത്താം. വ്യാഴാഴ്ച, ഏകാദശി, അഷ്ടമി രോഹിണി ദിവസങ്ങളിൽ ശ്രീകൃഷ്ണ അല്ലെങ്കിൽ മഹാവിഷ്ണു ക്ഷേത്രങ്ങളിലും ഞായർ, തിങ്കൾ, പ്രദോഷ ശനി, ശിവരാത്രി ദിവസങ്ങളിൽ ശിവ ക്ഷേത്രത്തിലും ദർശനം നടത്തുന്നത് ഉത്തമം.

മകം

ഇഷ്ട ദൈവം ഗണപതിയാണ്. ശിവ ഭജനവും ഗുണം ചെയ്യും. നക്ഷത്രാധിപൻ കേതുവായതിനാൽ പതിവായി ഗണേശ ഭജനവും ജന്മനക്ഷത്ര ദിവസം ഗണപതി ഹോമവും ഗുണം ചെയ്യും. വെള്ളിയാഴ്ച ദിവസം ഗണേശ ക്ഷേത്ര ദർശനം നടത്താൻ ഏറെ അനുയോജ്യം. രാശ്യാധിപൻ ആദിത്യനായതിനാൽ ഞായറാഴ്ച ശിവ പൂജകളും ശിവ ഭജനവും ഏറെ നല്ലതാണ്. മകം, മൂലം, അശ്വതി നക്ഷത്രങ്ങളിൽ ക്ഷേത്രദർശനം മുടക്കരുത്. മകവും ഞായറാഴ്ചയും ഒന്നിച്ചു വരുമ്പോൾ ശിവന് അല്ലെങ്കിൽ സൂര്യ ഭഗവാന് വഴിപാട് നടത്തണം.

പൂരം

ഇഷ്ട ദൈവം ശിവനാണ്. മഹാലക്ഷ്മി, അന്നപൂർണ്ണേശ്വരി, പാർവതി അഥവാ ഭഗവതിയെ വെള്ളിയാഴ്ച ആരാധിക്കുന്നതും ഉത്തമമാണ്. പൂരവും വെള്ളിയാഴ്ചയും ഒന്നിച്ചുവരുന്ന ദിവസങ്ങളിലും പൂരം, പൂരാടം, ഭരണി നക്ഷത്രങ്ങളിലും ക്ഷേത്രദർശനവും വഴിപാടുകളും ഗുണകരമാണ്. പൂരം നാളിൽ ശിവപൂജയും ഭഗവതി പൂജയും നടത്തുന്നത് അനുകൂല ഫലങ്ങൾ നൽകും. ഞായർ, തിങ്കൾ, ശിവരാത്രി ദിവസങ്ങളിൽ ശിവ ക്ഷേത്ര ദർശനവും, വെള്ളിയാഴ്ച ദേവി ക്ഷേത്ര ദർശനവും പ്രാർഥനയും ഉത്തമം.

ഉത്രം

ധർമ്മ ശാസ്താവാണ് ഇഷ്ട ദൈവം. ശിവനെയും ആരാധിക്കാം. ഉത്രം ചിങ്ങക്കൂറുകാർ പതിവായി ശാസ്താ, ശിവ ക്ഷേത്രദർശനം നടത്തുന്നത് നല്ലതാണ്. ഞായറാഴ്ചയും ഉത്രവും വരുന്ന ദിവസങ്ങളിലെ പ്രാർത്ഥന കൂടുതൽ ഗുണപ്രദമാണ്. ഉത്രം, ഉത്രാടം, കാർത്തിക നക്ഷത്രങ്ങളിലെ ശിവക്ഷേത്ര ദർശനം ഗുണം ചെയ്യും. കന്നിക്കൂറുകാർക്ക് ശ്രീകൃഷ്ണ ഭജനം നല്ലതാണ്. ശനിയാഴ്ച ശാസ്താ ക്ഷേത്രങ്ങളിലും ഞായർ, തിങ്കൾ ദിവസങ്ങളിൽ ശിവ ക്ഷേത്ര ദർശനവും ഉത്തമം. ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ വ്യാഴം, ഏകാദശി ദിവസങ്ങളിൽ ദർശനവും പ്രാർഥനയും ഉത്തമം.

അത്തം

ഗണപതിയുടെ ജന്മക്ഷത്രമാണ്. ഇഷ്ട ദൈവം ഗണപതി. ദുർഗ്ഗയെയും ഭദ്രകാളിയെയും പൂജിക്കുന്നതും നല്ലതാണ്. ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഭഗവതി ക്ഷേത്ര ദർശനം നടത്തുന്നത് ഐശ്വര്യം നൽകും. രാശ്യാധിപൻ ബുധനായതിനാൽ ശ്രീകൃഷ്ണ ക്ഷേത്ര ദർശനവും ഗുണം ചെയ്യും. അത്തം, തിരുവോണം, രോഹിണി നക്ഷത്രങ്ങളിലും വെള്ളിയാഴ്ച ദിവസങ്ങളിലും ഗണപതി ക്ഷേത്രങ്ങളിൽ ദർശനം നടത്തി കറുകമാല സമർപ്പിക്കുക. നക്ഷത്ര ദേവത സൂര്യനായതിനാൽ ശിവപ്രീതി ഉപകരിക്കും. അതിന് വേണ്ടി ഞായറാഴ്ച, ശിവരാത്രി ദിവസങ്ങളിൽ ശിവ ക്ഷേത്രത്തിൽ ദർശനം നടത്താം.

ചിത്തിര

ഭദ്രകാളിയാണ് ഇഷ്ടദേവത. ദേവീ ഉപാസന ഗുണകരമാണ്. ചൊവ്വാഴ്ച ഭദ്രകാളി, സുബ്രഹ്മണ്യക്ഷേത്ര ദർശനം നല്ലതാണ്. ചൊവ്വാ പ്രീതിക്കായുള്ള കർമ്മങ്ങളും ചിത്തിര, അവിട്ടം, മയിരം ദിവസങ്ങളിലെ ക്ഷേത്ര ദർശനവും ഗുണകരമാകും. കന്നിക്കൂറുകാർ ശ്രീകൃഷ്ണനെയും തുലാക്കൂറുകാർ വെള്ളിയാഴ്ചകളിൽ മഹാലക്ഷ്മി അഥവാ ഭഗവതിയെ പ്രത്യേകമായി ആരാധിക്കണം.

ചോതി

ഇഷ്ട ദൈവം ഹനുമാനാണ്. ശനി, വ്യാഴം തുടങ്ങിയ ദിവസങ്ങളിൽ ആരാധിക്കാം. സർപ്പാരാധനയും മഹാലക്ഷ്മി, ദുർഗ്ഗ അല്ലെങ്കിൽ ദേവിഭജനവും ഗുണകരമാണ്. ചോതിയും വെള്ളിയാഴ്ചയും വരുന്ന ദിവസത്തെ ഭഗവതി പൂജകൾക്ക് ഫലസിദ്ധി കൂടും. ചോതി, ചതയം, തിരുവാതിര ദിവസങ്ങളിലെ ഹനുമാൻ ക്ഷേത്ര ദർശനവും വഴിപാടുകളും നന്മയേകും. സർപ്പ പ്രീതികരമായ കർമ്മങ്ങൾ മുടക്കരുത്. ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഭഗവതി ക്ഷേത്ര ദർശനം നടത്തുന്നത് നല്ലതാണ്.

വിശാഖം

ഇഷ്ട ദൈവം മഹാവിഷ്ണു അല്ലെങ്കിൽ കൃഷ്ണൻ. വ്യാഴാഴ്ചകളിൽ വിഷ്ണുപൂജയും വിഷ്ണുനാമജപവും ഗുണം ചെയ്യും. വിശാഖം, പൂരുരുട്ടാതി, പുണർതം നക്ഷത്രദിവസങ്ങളിലും വ്യാഴാഴ്ചയും വിശാഖവും ഒന്നിക്കുമ്പോഴും ക്ഷേത്രദർശനം ഒഴിവാക്കരുത്. തുലാക്കൂറിലെ വിശാഖക്കാർ മഹാലക്ഷ്മി (ദുർഗ്ഗ) അഥവാ ദേവിയെയും വൃശ്ചികക്കൂറുകാർ സുബ്രഹ്മണ്യനെയോ ഭദ്രകാളിയെയോ (ഭഗവതിയെ) ആരാധിക്കുന്നതും കാര്യങ്ങൾ അനുകൂലമാകാൻ സഹായിക്കും.

അനിഴം

ഇഷ്ട ദൈവം ഭദ്രകാളി അഥവാ ഭഗവതിയാണ്. കാളീ നാമജപം ദുരിതങ്ങളെ മറികടക്കാൻ സഹായിക്കും. സുബ്രഹ്മണ്യനെയും ധർമ്മ ശാസ്താവിനെയും ഭജിക്കുന്നത് ഗുണം ചെയ്യും. ശനിയാഴ്ചയും അനിഴവും വരുന്ന ദിവസം ധർമ്മ ശാസ്താവിന് അഥവാ അയ്യപ്പന് നീരാജനം തെളിക്കണം. അനിഴം, ഉത്തൃട്ടാതി, പൂയം നക്ഷത്രത്തിൽ ക്ഷേത്രദർശനം ഒഴിവാക്കരുത്. ചൊവ്വ, വെള്ളി, പൗർണമി ദിവസങ്ങളിൽ ഭഗവതി ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് ഏറ്റവും നല്ലത്. ചൊവ്വാഴ്ചകളിൽ സുബ്രഹ്മണ്യ ക്ഷേത്ര ദർശനം, ശനിയാഴ്ച ധർമ്മ ശാസ്താ ക്ഷേത്രങ്ങളിലും ദർശനം നടത്താം.

തൃക്കേട്ട

ശ്രീകൃഷ്ണനെയാണ് പ്രധാനമായും പൂജിക്കേണ്ടത്. മഹാവിഷ്ണുവിനെയും ആരാധിക്കാം. ഭദ്രകാളി അല്ലെങ്കിൽ സുബ്രഹ്മണ്യനെ ആരാധിക്കുന്നതും ഗുണം ചെയ്യും. തൃക്കേട്ടയും ബുധനാഴ്ചയും ഒത്തുവരുന്ന ദിവസങ്ങളിൽ ശ്രീകൃഷ്ണ ക്ഷേത്രദർശനവും വഴിപാടും നടത്തുന്നത് ഏറെ അനുയോജ്യം. തൃക്കേട്ട, ആയില്യം, രേവതി നക്ഷത്രങ്ങളിലെ അനുഷ്ഠാനങ്ങൾ ഗുണകരമാകും. ചൊവ്വാഴ്ചകളിൽ സുബ്രഹ്മണ്യനെയും, ഭദ്രകാളി അഥവാ ഭഗവതിയെയും ആരാധിച്ച് ചൊവ്വ പ്രീതി നേടുന്നതും നല്ലതാണ്. ബുധൻ, വ്യാഴം ദിവസങ്ങളിൽ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ദർശനം നടത്താം.

മൂലം

ഇഷ്ട ദൈവം ഗണപതിയാണ്. ശിവനെയും ആരാധിക്കാം. ഓം നമ: ശിവായ ജപം ഒരു ദിവസവും മുടക്കരുത്. പതിവായി ഗണപതി ഭജനവും മൂലം നക്ഷത്രത്തിൽ ഗണപതി ഹോമവും നടത്തണം. വ്യാഴാഴ്ചയും മൂലം നക്ഷത്രവും ചേർന്നുവരുന്ന ദിവസങ്ങളിലും മൂലം, അശ്വതി, മകം നക്ഷത്രത്തിലും ക്ഷേത്ര ദർശനം ഒഴിവാക്കരുത്. രാശ്യാധിപനായ വ്യാഴപ്രീതി നേടാൻ വ്യാഴാഴ്ചകളിൽ വിഷ്ണു അഥവാ ശ്രീകൃഷ്ണ ക്ഷേത്ര ദർശനവും പ്രാർഥനയും ഗുണകരമാകും. വെള്ളിയാഴ്ച ഗണപതി ക്ഷേത്ര ദർശനവും ഞായർ, തിങ്കൾ ദിവസങ്ങളിൽ ശിവ ക്ഷേത്ര ദർശനവും നടത്താം.

പൂരാടം

മഹാലക്ഷ്മി അഥവാ ദുർഗ്ഗാ ഭഗവതിയാണ് ഇഷ്ട ദൈവം. മഹാവിഷ്ണുവിനെയും ആരാധിക്കുന്നത് ഗുണം ചെയ്യും. വെള്ളിയാഴ്ചകളിൽ മഹാലക്ഷ്മി, അന്നപൂർണ്ണേശ്വരി അഥവാ ദേവി ഭജനം ശുഭഫലങ്ങൾ നൽകും. വ്യാഴാഴ്ചയും പൂരാടവും ചേർന്നു വരുന്ന ദിവസം വിഷ്ണുപുജയും വെള്ളിയാഴ്ചയും പൂരാടവും ഒന്നിച്ചു വരുമ്പോഴും ജന്മനക്ഷത്ര ദിവസവും ഭഗവതി പൂജയോ ദേവി ക്ഷേത്ര ദർശനമോ നടത്തുന്നതും നല്ലതാണ്. പൂരാടം, ഭരണി, പൂരം നക്ഷത്രത്തിൽ ക്ഷേത്ര ദർശനം മുടക്കരുത്. വെള്ളിയാഴ്ച ഭഗവതി ക്ഷേത്ര ദർശനവും വ്യാഴാഴ്ച വിഷ്ണു ക്ഷേത്ര ദർശനവും നല്ലത്.

ഉത്രാടം

ഇഷ്ട ദൈവം ശിവനും മഹാവിഷ്ണുവും. ഞായറാഴ്ച വ്രതവും ഞായറാഴ്ചകളിൽ ശിവ ക്ഷേത്രദർശനവും ഗുണം ചെയ്യും. ഉത്രാടം, കാർത്തിക, ഉത്രം ദിവസങ്ങളിൽ ക്ഷേത്ര ദർശനം ഒഴിവാക്കരുത്. ഞായറും ഉത്രാടവും ഒന്നിച്ചു വരുമ്പോൾ ശിവഭജനം നടത്തണം. ധനുക്കൂറുകാർ മഹാവിഷ്ണുവിനെയും മകരക്കൂറുകാർ ശാസ്താവിനെയും വിശേഷാൽ പുജിക്കണം. മഹാവിഷ്ണു ക്ഷേത്രങ്ങളിൽ വ്യാഴം, ഏകാദശി ദിവസങ്ങളിൽ ദർശനം നടത്തുന്നതും പ്രാർഥനയും നല്ലത്.

തിരുവോണം

ഇഷ്ട ദൈവം ദുർഗ്ഗാ ഭഗവതി. രാശ്യാധിപൻ ശനി ആയതിനാൽ ശാസ്താഭജനം, അയ്യപ്പ ക്ഷേത്ര ദർശനവും ജന്മനാളിലും ശനിയാഴ്ചകളിലും നടത്തുന്നതും ഗുണപ്രദമാണ്. ചൊവ്വ, വെള്ളി, പൗർണ്ണമി, അമാവാസി ദിവസങ്ങളിൽ ദുർഗ്ഗാ, ഭദ്രകാളീ അഥവാ ഭഗവതി ആരാധനയും പൂജയും നല്ലതാണ്. തിരുവോണം, രോഹിണി, അത്തം നക്ഷത്രങ്ങളിൽ ക്ഷേത്ര ദർശനം ഒഴിവാക്കരുത്.

അവിട്ടം

ഇഷ്ട ദൈവം ഭദ്രകാളിയാണ്. അല്ലെങ്കിൽ സുബ്രഹ്മണ്യനെയാണ് ആരാധിക്കേണ്ടത്. ധർമ്മ ശാസ്താവ്, ഹനുമാൻ എന്നിവരെ ആരാധിക്കുന്നതും ഗുണം ചെയ്യും. നക്ഷത്രാധിപൻ ചൊവ്വ ആയതിനാൽ ചൊവ്വയെ പ്രീതിപ്പെടുത്തുന്ന കർമ്മങ്ങൾ ഗുണകരമാകും. അവിട്ടം, മകയിരം, ചിത്തിര ദിവസങ്ങളിൽ ക്ഷേത്ര ദർശനം മുടക്കരുത്. അവിട്ടവും ചൊവ്വാഴ്ചയും ഒന്നിച്ചു വരുമ്പോൾ ഭദ്രകാളി ഭഗവതി / സുബ്രഹ്മണ്യഭജനം നല്ലതാണ്. ശനിപ്രീതിയ്ക്ക് വേണ്ട ധർമ്മ ശാസ്താവ് അല്ലെങ്കിൽ ഹനുമദ്‌ പൂജകൾ ‌ശനിയാഴ്ചകളിൽ ചെയ്യണം.

ചതയം

ഇഷ്ട ദൈവം നാഗരാജാവും ധർമ്മ ശാസ്താവുമാണ്. ചതയത്തിന് രാഹുപൂജ നടത്തുന്നത് നല്ലതാണ്. കുടുംബത്തിലെ സർപ്പക്കാവ് സംരക്ഷിക്കുന്നതു ഗുണഫലങ്ങൾ നൽകും. ചതയം, തിരുവാതിര, ചോതി ദിവസങ്ങളിൽ ക്ഷേത്ര ദർശനം മുടക്കരുത്. രാശ്യാധിപനായ ശനിപ്രീതിക്ക് ശനിയാഴ്ചകളിൽ ധർമ്മ ശാസ്താവിന് നീരാജനം തെളിക്കണം. ശനിയാഴ്ച ഹനുമാനെ ആരാധിക്കുന്നതും ഉത്തമം.

പൂരുരുട്ടാതി

മഹാവിഷ്ണുവാണ് ഇഷ്ട ദൈവം. ശ്രീകൃഷ്ണ ഭാവത്തിലും ആരാധിക്കാം. ജന്മനക്ഷത്രം തോറുമോ വ്യാഴാഴ്ച, ഏകാദശി ദിവസങ്ങളിൽ മഹാവിഷ്ണു പൂജയും വിഷ്ണുനാമജപവും നല്ലതാണ്. നക്ഷത്രനാഥനായ ശനിയെ പ്രീതിപ്പെടുത്താൻ ധർമ്മ ശാസ്താവിന് ശനിയാഴ്ച നീരാജനം തെളിക്കുക അല്ലെങ്കിൽ ഹനുമാനെ ആരാധിക്കുക. പൂരുരുട്ടാതിയും വ്യാഴാഴ്ചയും ചേർന്നു വരുന്ന ദിവസത്തെ ആരാധന ഗുണം ചെയ്യും. പൂരുരുട്ടാതി, പുണർതം, വിശാഖം ദിവസങ്ങളിൽ ക്ഷേത്രദർശനം മുടക്കരുത്.

ഉത്തൃട്ടാതി

മഹാവിഷ്ണുവും ധർമ്മ ശാസ്താവുമാണ് ഇഷ്ട ദൈവം. പതിവായുള്ള മഹാവിഷ്ണുപൂജയും വിഷ്ണുനാമജപവും ഗുണകരം. ശ്രീകൃഷ്ണ ഭാവത്തിലും ആരാധിക്കാം. ഇത് വ്യാഴം, ഏകാദശി ദിവസങ്ങളിൽ ചെയ്യാം. ഉത്തൃട്ടാതി, പൂയം, അനിഴം ദിവസങ്ങളിൽ ക്ഷേത്ര ദർശനം മുടക്കരുത്. ശനിയും ഉത്തൃട്ടാതിയും ചേർന്നു വരുന്ന ദിവസവും ജന്മനക്ഷത്ര ദിവസവും ശാസ്താ ക്ഷേത്രദർശനവും പ്രാർഥനയും ഒഴിവാക്കരുത്. ശനിയാഴ്ച ആഞ്ജനേയ ഭജനവും വിജയം നൽകും.

രേവതി

ഇഷ്ട ദൈവം ശ്രീകൃഷ്ണനും മഹാവിഷ്ണുവുമാണ്. ദുർഗ്ഗാ ഭഗവതി അല്ലെങ്കിൽ മഹാലക്ഷ്മി ഭജനവും ഐശ്വര്യം നൽകും. വിഷ്ണുനാമജപമോ ലക്ഷ്മി അല്ലെങ്കിൽ ദേവി നാമജപമോ ദിവസവും ചെയ്യുന്നത് ക്ലേശങ്ങൾ ഇല്ലാതാക്കും. രേവതി നക്ഷത്ര ദിവസവും രേവതിയും ബുധനാഴ്ചയോ വ്യാഴാഴ്ചയോ ചേർന്നു വരുന്ന ദിവസവും അനുഷ്ഠാനങ്ങൾ അതീവ ഗുണകരമാണ്. രേവതി, ആയില്യം, തൃക്കേട്ട ദിവസങ്ങളിൽ ക്ഷേത്ര ദർശനം മുടക്കരുത്. ശ്രീകൃഷ്ണ പൂജ നക്ഷത്രാധിപനായ ബുധനെ തൃപ്തിപ്പെടുത്താൻ ഉപകരിക്കും. ബുധനാഴ്ച ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും വ്യാഴം, ഏകാദശി ദിവസങ്ങളിൽ മഹാവിഷ്ണു ക്ഷേത്രങ്ങളിലും ദർശനം നടത്തുന്നത് ഏറെ നല്ലത്. വെള്ളിയാഴ്ചകളിൽ ദേവി ക്ഷേത്ര ദർശനവും ഐശ്വര്യം നൽകും.

ഇവകൂടി കാണുക[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

  1. Mythology of the Hindus By Charles Coleman p.131


ബാഹ്യകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നക്ഷത്രം_(ജ്യോതിഷം)&oldid=4091580" എന്ന താളിൽനിന്ന് ശേഖരിച്ചത്