Jump to content

മുളഫറുദ്ദീൻ കുക്ബൂരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മുളഫർ കുക്ബുരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുളഫറുദ്ദീൻ കുക്ബൂരി
ജനനംഏപ്രിൽ 1154
മൊസൂൾ ഇറാഖ്
മരണംജൂൺ 1233
അൽ ബലദ് ഇറാഖ്
അടക്കം ചെയ്തത്കൂഫ
ദേശീയതസെങ്കിദ്
അയ്യൂബി
പദവിഅമീർ
Commands heldമുഖ്യ സൈന്യാധിപൻ, സഹ സൈന്യാധിപൻ, പ്രവിശ്യാ ഗവർണ്ണർ

പന്ത്രണ്ടാം നൂറ്റാണ്ടിൽ സെങ്കിദ്-അയ്യൂബി രാജവംശങ്ങളുടെ പ്രതിനിധിയായി ഇർബിൽ ഭരിച്ച രാജാവായിരുന്നു മുളഫറുദ്ദീൻ കുക്ബൂരി. അബൂസഈദ് കുവ്കുബൂരി ബിൻ സൈനിദ്ദീൻ അലിയ്യ് ബിൻ ബുക്തികീനി എന്നാണ് മുഴുവൻ പേര്. സിറിയ കീഴടക്കുന്നതിനും, സാമ്രാജ്യ വികസനത്തിനും സലാഹുദ്ദീന് താങ്ങും തണലുമായി നിന്ന മുളഫറുദ്ദീൻ ജെറുസലേം കീഴടക്കലിൽ സലാഹുദ്ദീൻ അയ്യൂബിയോടൊപ്പം സുപ്രധാന പങ്ക് വഹിച്ചു. സലാഹുദ്ദീൻറെ ബന്ധുവും, സൈന്യത്തിലെ രണ്ടാമനായിരുന്ന മുളഫർ ഖുദ്സ് വിമോചക സൈന്യാധിപനായാണ് ഇസ്ളാമിക ലോകത്തു അറിയപ്പെടുന്നത്

ജീവിത രേഖ

[തിരുത്തുക]

1154 ഇൽ ഇർബിൽ ഭരണാധികാരി സായ്ൻ അദ്ദീൻ അലി യുടെ മകനായാണ് മുളഫർ ജനിക്കുന്നത്. കുവ്കുബൂരി എന്നാൽ തുർക്കിശിൽ നീല ചെന്നായ എന്നാണർത്ഥം സെർജ്ജുക് പ്രതിനിധിയായി ഭരിച്ചിരുന്ന പിതാവിന്റെ മരണ ശേഷം പതിനാലാം വയസ്സിൽ ഭരണ സാരഥ്യമേറ്റെടുത്തു. നൂറുദ്ധീൻ സങ്കിയോടൊപ്പം പോരാട്ടങ്ങളിൽ പങ്കെടുത്ത മുളഫർ പിന്നീട് നൂറുദ്ധീന് ശേഷം അധികാരത്തിൽ വന്ന സലാഹുദ്ധീൻ അയ്യൂബിയോടൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചു. ആധ്യാത്മികതയോടുള്ള പ്രതിപത്തിയും ഇരു സൈന്യത്തിലുമുള്ള പ്രസിദ്ധ സൂഫി സന്യാസി കീലാനിയുടെ ശിഷ്യന്മാരുടെ ഇടപെടലുകളും ഇരുവർക്കുമിടയിൽ അഗാധ സൗഹൃദം രൂപപ്പെടുവാൻ കാരണമായി. സുൽത്താന്റെ രോഗാവസ്ഥയിൽ സൈന്യത്തെ നയിച്ചു മുളഫർ നേടിയ വിജയങ്ങൾക്ക് ശേഷം സലാഹുദീൻ അയ്യൂബി തൻറെ സഹോദരി റാബിയയെ മുളഫറിന് വിവാഹം ചെയ്തു നൽകി ബന്ധം കൂടുതൽ ദൃഢമാക്കി [1]

സൈനിക വിജയങ്ങൾ

[തിരുത്തുക]
ഹിത്വീൻ യുദ്ധം

മെസപ്പൊട്ടോമിയ, സിറിയ, ഈജിപ്ത്, പാലസ്തീൻ എന്നിവടങ്ങളിൽ നൂറുദ്ധീൻ സങ്കി സലാഹുദീൻ അയ്യൂബി എന്നിവരോടൊപ്പം ഒട്ടേറെ സൈനിക നീക്കങ്ങൾക്കു മുളഫർ നേതൃത്യം നൽകിയിട്ടുണ്ട് സെങ്കിദ് സൈന്യത്തിലെ മൂന്നാമനും, അയ്യൂബി സൈന്യത്തിലെ രണ്ടാമനും ആയിരുന്നു മുളഫർ. ഖുദ്സ് വിമോചനത്തിന് മുന്നോടിയായി പാലസ്തീനിൽ നടന്ന ക്രെസൻ യുദ്ധത്തിന് നേതൃത്വം നൽകിയത് മുളഫർ ആയിരുന്നു. പ്രമുഖ കുരിശു സൈന്യാധിപന്മാർ ഈ യുദ്ധത്തിൽ വധിക്കപ്പെട്ടു.

മുളഫറിന്റെ സൈനിക നീക്കങ്ങൾക്കിടയിൽ ഏറെ പ്രസിദ്ധമായ ഒന്നായിരുന്നു ഹിത്വീൻ യുദ്ധം ജെറുസലേം യൂറോപ്യരിൽ നിന്നും തിരിച്ചു പിടിക്കാൻ അയ്യൂബി രാജവംശത്തെ സഹായിച്ചത് ഹിത്വീൻ യുദ്ധമായിരുന്നു. ഈ യുദ്ധത്തിലും പിന്നീട് നടന്ന ജെറുസലം വിമോചനത്തിലും സുപ്രധാന പങ്കായിരുന്നു മുളഫർ വഹിച്ചിരുന്നത് [2] ജറൂസലം കീഴടക്കുവാൻ സലാഹുദ്ദീനൊപ്പം മുളഫറും സലാഹുദീന്റെ മരുമകനും കാട്ടിയ സാഹസിക പ്രവർത്തനങ്ങളെ അന്നത്തെ സുപ്രസിദ്ധ പണ്ഡിതനും ചരിത്രകാരനായ ഇബ്നു ഖാലിഖാൻ പ്രതേകം പ്രശംസിക്കുന്നുണ്ട്.[3]

"മുളഫറുദ്ദീൻ സ്വലാഹുദ്ദീന്റെ കൂടെ ധാരാളം യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. തന്റെ ധീരതയും ശക്തിയും ദൃഢനിശ്ചയവും അപ്പോഴെല്ലാം അദ്ദേഹം ബോധ്യപ്പെടുത്തിയതുമാണ്”

സലാഹുദീൻ അയ്യൂബിയുടെ കാര്യസ്ഥനും ചരിത്രകാരനായ ഇമാമുദ്ദീൻ പറയുന്നു

"അടിയുറച്ച, വിശ്വാസ യോഗ്യമായ മുഖ്യ സൈന്യാധിപൻ മുളഫർ അതി സാഹസികനാണ്. ഇരയ്ക്ക് നേരെ തലയുയർത്തി പിടിച്ചു കുതിക്കുന്ന സിംഹത്തെ പോലെ ആ വീരയോദ്ധാവ് ദീർഘ വീക്ഷണത്തോടെ പദ്ധതികൾ സമർപ്പിക്കുകയും നടപ്പിൽ വരാൻ സഹായിക്കുകയും ചെയ്തു” [4]

സൈനിക തന്ത്രജ്ഞൻ എന്ന നിലയിൽ മുളഫറിന്റെ പ്രാധ്യാന്യം വരച്ചു കാട്ടുന്നവയാണ് ഈ ലിഖിതങ്ങൾ

ഭരണ പാടവം

[തിരുത്തുക]
മുളഫരിയ്യ ഗോപുരം ഇർബിൽ

ഇർബിലിനോടൊപ്പം തന്നെ സിറിയയിലെയും ചില പ്രദേശങ്ങളുടെ അധികാരവും സലാഹുദ്ദീൻ മുളഫറിന് നൽകിയിരുന്നു ഇവിടങ്ങളിലൊക്കെയും ഒട്ടേറെ ക്ഷേമ പ്രവർത്തനങ്ങൾ ഇദ്ദേഹം നടപ്പിൽ വരുത്തിയിരുന്നു. കാർഷിക വൃത്തിയെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രതേക പദ്ധതികൾ നടപ്പിൽ വരുത്തി, കച്ചവടം പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പദ്ധതികൾ നടപ്പാക്കി. മാസാന്തരങ്ങളിൽ കാവ്യ-സാഹിത്യ സദസ്സുകൾ സംഘടിപ്പിച്ചു, നിരവധി ആതുരാലയങ്ങൾ പണിതു ചികിത്സകൾ സൗജ്യനമായി നൽകി, വികലാംഗരെ സംരക്ഷിക്കുന്നതിനായി പ്രതേക അശരണാലയങ്ങളും, അഗതികൾക്ക് പ്രത്യേകമായി അഗതി മന്ദിരങ്ങളും നിർമ്മിച്ചു. അവിടങ്ങളിലൊക്കെയും ഭക്ഷണവും, പരിചരണവും സൗജ്യന്യമായി നൽകി. ഉപേക്ഷിക്കപ്പെടുന്ന കുട്ടികളെ മുലയൂട്ടാനും വളർത്താനും പ്രതേക ശിശു പരിചരണാലയങ്ങൾ ആരംഭിച്ചു. യാത്രക്കാർക്കായി മുസാഫർ ഖാനകൾ പണിതു നൽകി. അവിടങ്ങളിൽ ഭക്ഷണവും, യാത്രാ ധനം ഇല്ലാത്തവർക്ക് ധന സഹായവും ഏർപ്പെടുത്തി നൽകി. സൗജ്യന്യ ഭക്ഷണ വിതരണത്തിനായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഭക്ഷണ ശാലകൾ തുറന്നു. ആഴ്ചയിൽ രണ്ടു ദിവസം ഇത്തരം ആലയങ്ങളിൽ സന്ദർശനം നടത്തുകയും അന്തേവാസികളോടൊന്നിച്ചു സമയം ചിലവഴിച്ചു അവരുടെ പരാതികൾ കേൾക്കാനും ഇദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ഇത്തരം പ്രവർത്തനങ്ങൾ കാരണം ദാനശീലനും ദയാലുവുമായ പ്രജാ തല്പരനായ ഭരണാധികാരിയായാണ് ചരിത്രകാരന്മാർ മുളഫറുദ്ദീനെ വിശേഷിപ്പിക്കുന്നത്.[5]

ഭരണ രംഗത്തെന്ന പോലെ മത രംഗത്തും മുളഫർ ശോഭിച്ചിരുന്നു[6]. സലാഹുദ്ദീനെ പോലെ ഇസ്ളാമിക ആധ്യാമികത ആയിരുന്നു മുളഫറിൻറെയും വഴിയെങ്കിലും സലാഹുദ്ദീനെ പോലെ കമ്പിളി വസ്ത്രങ്ങൾ മുളഫർ അണിഞ്ഞതായി ചരിത്രത്തിലെവിടെയും കാണ്മാനില്ല. സൂഫികൾക്കായി ആശ്രമങ്ങൾ പണിയാനും, ദർഗകൾക്ക് സഹായ ധനം നൽകാനും സലാഹുദ്ദീൻ പരിശ്രമിച്ചത് പോലെ തന്നെ മുളഫറും ഇക്കാര്യങ്ങളിൽ പ്രതേക ശ്രദ്ധ പുലർത്തിയിരുന്നു. നാലോളം സൂഫി പർണ്ണ ശാലകൾ ഇത്തരത്തിൽ ഇദ്ദേഹം പണിതു നൽകുകയും ഖാൻഖാഹുകൾക്കും ദർഗകൾക്കും പ്രതേകം ധന സഹായം അനുവദിക്കുകയുമുണ്ടായി.[7] ദിക്ർ പ്രകീർത്തന സദസ്സുകൾ സംഘടിപ്പിക്കുകയും മത വിദ്യാഭ്യാസത്തിനായി നിരവധി മദ്രസ്സകൾ സ്ഥാപിക്കുകയും മത പണ്ഡിതരെ പ്രതേകം ആദരിക്കുകയും ചെയ്തു. ആഴ്ചയിൽ ഒരു ദിവസം കർമ്മ ശാസ്ത്ര പണ്ഡിതരോടും, ആത്മീയ ജ്ഞാനികൾക്കുമൊപ്പം ചിലവഴിച്ചു. ഖാസ്യൂൻ മലയുടെ അടിവാരത്തിൽ പ്രശസ്തമായ മുളഫരി മസ്ജിദ് നിർമ്മിച്ചത് ഇദ്ദേഹമാണ്.

വിദൂര രാജ്യങ്ങളിലേക്ക് പോലും നിവേദക സംഘത്തെ അയച്ചു അവിടങ്ങളിൽ തടവുകാരായ വിശ്വാസികളെ മോചനദ്രവ്യം നൽകി മോചിപ്പിച്ചത് മുളവറിനെ കാരുണ്യത്തിന് തെളിവായി ചരിത്രകാരന്മാർ ഉദ്ധരിക്കാറുണ്ട്. ഹാജിമാർക്ക് താമസിക്കാൻ മെക്കയിൽ കെട്ടടങ്ങൾ പണിതു നൽകിയതും ജല സംഭരണികൾ നിർമ്മിച്ചതും സുരക്ഷക്കായി ഉദ്യോഗസ്ഥരെ നിയമിച്ചതും ഇദ്ദേഹത്തിന്റെ നേട്ടങ്ങളിൽ ചിലതാണ്

"മുളഫർ ഔദാര്യവാനും ധീരനും തിന്മയുടെ നാശകാരിയും ബുദ്ധിമാനും പണ്ഡിതനും നീതിമാനും ആയിരുന്നുവന്നു" സുപ്രസിദ്ധ പണ്ഡിതൻ ഇബ്നു കസീർ അനുസ്മരിക്കുന്നതും [8] “അദ്ദേഹം സദ്ഗുണസമ്പന്നനും അങ്ങേയറ്റത്തെ വിനീതനും പണ്ഡിതനും ആത്മ ജ്ഞാനിയും ആണെന്നും, ആത്മജ്ഞാനികളും, ഹദീസ് വിദഗ്ദ്ധരും, പണ്ഡിതരുമാണ് അദ്ദേഹത്തിന്റെ സഹകാരികളെന്നും സമകാലീന ചരിത്രകാരനായ ഇബ്നു ഖല്ലികാൻ രേഖപ്പെടുത്തിയതും [9] സൈന്യാധിപൻ, ഭരണാധിപൻ എന്നിവ പോലെ മത പാണ്ഡിത്യ രംഗത്തും അദ്ദേഹം സുവ്യക്തമായ മുദ്രകൾ പതിപ്പിച്ചിരുന്നുവെന്നത്തിനു തെളിവാണ്.

മീലാദ് അനുസ്മരണം

[തിരുത്തുക]

ഇസ്‌ലാമിക ലോകത്ത് മുളഫറുദ്ദീൻ പ്രശസ്തനാകാനുള്ള മറ്റൊരു കാരണം മീലാദു നബിയുമായി ബന്ധപ്പെട്ടാണ്. നബി മുഹമ്മദിന്റെ(സ്വ)ജന്മദിനം രാജകീയമായ രീതിയിൽ ആഘോഷിക്കപ്പെട്ടത് മുളഫറിന്റെ ഭരണകാലത്തായിരുന്നു. അതിനു മുൻപോ പിൻപോ അത്രയും കെങ്കേമമായി അനുസ്മരണങ്ങൾ നടന്നിട്ടില്ല. മുളഫറിന് മുൻപ് ഫാത്വിമികളും, സെങ്കിദ് സഹകരണത്തോടെ ശൈഖ് ഉമർ മല്ലാഉം, അയ്യൂബികളും, പിന്നാലെ സഫാവീദ്, മംലൂക്, ഓട്ടൊമൻ, മുഗൾ ഭരണാധികളുമൊക്കെ നബിദിനാനുസ്മരണങ്ങൾ നടത്തിയിരുന്നുവെങ്കിലും മുളഫറുദ്ദീൻ നടത്തിയ മീലാദ് നബി തന്നെയാണ് ഗാഭീര്യം കൊണ്ട് ചരിത്രത്തിലിടം പിടിച്ചിരിക്കുന്നത്.[10] ഖാൻഖാഹുകളിലും, വീടുകളിലും ഒതുങ്ങിയിരുന്ന അനുസ്മരണ പരിപാടികളും പ്രകീർത്തന കാവ്യ സദസ്സുകളും ജനക്കൂട്ടത്തിലേക്കു വ്യാപിപ്പിച്ചത് ഇദ്ദേഹമായിരുന്നു. ഖാൻഖാഹുകളിലേക്ക് സൂഫികളുടെ കൂടെ കാവ്യങ്ങൾ ആലപിച്ചാണ് അയ്യൂബി മീലാദ് അനുസ്മരണ റാലികളെങ്കിൽ, മുളഫർ ഒരു അക്ഷരാർത്ഥത്തിൽ സൈനിക പരേഡ് തന്നെ ഈ ദിനങ്ങളിൽ സംഘടിപ്പിച്ചു. ഒരു മാസം നീണ്ടു നിൽക്കുന്നതായിരുന്നു മുളഫറുദ്ദീൻറെ അനുസ്മരണ പരിപാടികൾ.

മാസം മുൻപേ മൈതാനങ്ങളിൽ ഇരുപതോളം ക്യാമ്പുകൾ നിർമിച്ചു അതിൽ പ്രവാചക പ്രകീര്ത്തനങ്ങൾ ആലപിക്കുകയും ചരിത്ര സ്മരണ നടത്തുകയും ചെയ്യും. മീലാദിന്റെ തലേദിവസം അസ്തമയ നമസ്കാരാനന്തരം കോട്ടയിൽ പ്രകീര്ത്തന സദസ്സ് സംഘടിപ്പിച്ച ശേഷം രാജാവും സംഘവും കോട്ടയിൽ നിന്ന് പർണ്ണ ശാലയിലേക്ക് യാത്രയാകും. കൂറ്റൻ വിളക്കുകൾ ഉപയോഗിച്ചുള്ള വലിയ ഘോഷയാത്രയായിരിക്കും ഇത്.

നബിദിന നാളിൽ പ്രഭാത നമസ്കാരത്തിന് കോട്ടയിൽ നിന്ന് സൂഫികളുടെ സ്ഥാനവസ്ത്രങ്ങളും സമ്മാനങ്ങളും പർണ്ണ ശാലകളിലേക്ക് കൈമാറ്റം ചെയ്യപ്പെടും. രാഷ്ട്ര തന്ത്രഞർ, നിയമജ്ഞാനികൾ, മതപണ്ഡിതർ, രാഷ്ട്ര മേലധികാരികൾ, പൊതുജനങ്ങൾ തുടങ്ങി ലക്ഷകണക്കിന് ജനങ്ങൾ മൈതാനങ്ങളിൽ ഒരുമിച്ചു കൂടി പ്രകീർത്തനങ്ങൾ ആലപിക്കുകയും ചരിത്ര വായന നടത്തുകയും ചെയ്യും. നബിചര്യയിൽ നിന്നും പുതുതായി ഒന്ന് ജീവിതത്തിൽ പകർത്തുവാനുള്ള പ്രതിജ്ഞയ്ക്ക് ശേഷം സൈനിക ശക്തി വിളിച്ചോതി സൈനികപരേഡ് സംഘടിപ്പിക്കപ്പെടും.

പരേഡ് അവസാനിച്ചാലുടൻ പതിനായിരക്കണക്കിന് ഒട്ടകങ്ങളെയും, ആടുമാടുകളെയും, കോഴികളെയും അറുത്തുള്ള സദ്യയാണ്.[11] [12] സദ്യയ്ക്ക് ശേഷം സമ്മാനങ്ങളും പാരിതോഷികങ്ങളും വിതരണം ചെയ്യും [13]

മെസപ്പൊട്ടേമിയ കീഴടക്കാൻ വന്ന ആദ്യ മംഗോൾ സൈന്യത്തെ ആക്രമിച്ചു പരാജയപ്പെടുത്തി തുരത്തിയോടിച്ച ശേഷം മംഗോൾ പ്രവിശ്യയിലേക്കു സൈനിക നീക്കം വ്യാപിപ്പിക്കാനുള്ള ശ്രമത്തിനിടെ രോഗാരുതനായ മുളഫറുദ്ദീൻ പടയോട്ടം അവസാനിപ്പിച്ചു തിരികെ ഇർബിലിലേക്കു തന്നെ വരികയും അസുഖബാധിതനായി 1233 ജൂണിൽ മരണപ്പെടുകയും ചെയ്തു.[14]

ജീവചരിത്രം

[തിരുത്തുക]
  • Baha' Ad-Din Yusuf Ibn Shaddad (Beha Ed-Din),
  • Çaǧatay, N (1968) The Tradition of Mavlid Recitations in Islam Particularly in Turkey, Studia *Islamica, No. 28, Maisonneuve & Larose.
  • Ibn Khallikan (1843) Kitab wafayat ala'yan - Ibn Khallikan's Biographical Dictionary, transl. by *Guillaume, Baron Mac-Guckin de Slane, Volume 2, Paris.[2]
  • Nicholson, H (trans.) (1997) Chronicle of the Third Crusade: A Translation of the Itinerarium *Peregrinorum Et Gesta Regis Ricardi, Ashgate.
  • Nicholson, H and Nicolle, D (2006) God's Warriors: Knights Templar, Saracens and the Battle for *Jerusalem, Osprey Publishing.
  • Nicolle, D. (2001) The Crusades, Osprey Publishing.

അവലംബം

[തിരുത്തുക]
  1. Nicholson and Nicolle, p. 17
  2. saladin-s-greatest-victory hattin 1187 david nicole
  3. Ibn Khallikan, pp. 536-537
  4. Nicholson and Nicolle, p. 17
  5. ഇമാം സുയൂത്വി അല്ഹാവിയ
  6. ഇബ്നുകസീർ അൽ-ബിദായ
  7. p : 17 The Sufi Orders in Islam J. Spencer Trimingham
  8. واهر البحار للنبهاني 3/1059)
  9. വഫ്യാത്തുൽ അഅ്യാൻ
  10. ഇബ്നുകസീർ അൽ-ബിദായ
  11. അല്ഹാആവി: 1/196
  12. അയ്യായിരം ആട് ,പതിനായിരം കോഴി,നൂർമാട് ഒരു ലക്ഷം നെയ്‌പാത്രം, മുപ്പതിനായിരം മധുര പലഹാര പാത്രം എന്നിവ നേരിട്ട് കണ്ടതായിട്ടുള്ള കണ്ടാതായുള്ള ചരിത്ര വിവരണം ഇബ്ൻഅൽജൌസി "മിർആത്ത്സ്സമാൻ/1122
  13. നബിദിനാഘോഷം ലോകരാജ്യങ്ങളിൽ - ശൈഖ് മുഹമ്മദ് ഖാലിദ് സാബിത്ത്, എഡിറ്റർഡോ. ബഹാഉദ്ദീൻമുഹമ്മദ് നദ്‌വി, പുറം: 25-29
  14. From Saladin to the Mongols: The Ayyubids of Damascus, 1193-1260 By R. Stephen Humphreys
"https://ml.wikipedia.org/w/index.php?title=മുളഫറുദ്ദീൻ_കുക്ബൂരി&oldid=3690178" എന്ന താളിൽനിന്ന് ശേഖരിച്ചത്