കോളിൻ മെക്കോളെ
പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ തിരുവിതാംകൂറിലെ ബ്രിട്ടീഷ് റെസിഡെൻ്റായിരുന്ന സ്കോട്ടിഷ് ജനറലായിരുന്നു കോളിൻ മെക്കോളെ (ഇംഗ്ലീഷ്: Colin Macaulay, ജീവിതകാലം: 1760 – 1836 ഫെബ്രുവരി 20, മെക്കാളെ എന്നും അറിയപ്പെടുന്നുണ്ട്).
മെക്കോളെ, ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സൈന്യത്തിൽ 30 വർഷം ഇന്ത്യയിൽ പ്രവർത്തിച്ചു. ശ്രീരംഗപട്ടണം ആക്രമണകാലത്ത് അദ്ദേഹം അവിടെയുണ്ടായിരുന്നു. സർ ഡേവിഡ് ബേഡിൻ്റെ സഹപ്രവർത്തകനായിരുന്ന അദ്ദേഹത്തെ, ടിപ്പു സുൽത്താൻ രണ്ട് വർഷം തടവിലാക്കുകയും ചെയ്തിട്ടുണ്ട്. ആർതർ വെല്ലസ്ലിയോടും അടുത്ത ബന്ധം പുലർത്തിയിരുന്നു. തിരുവിതാംകൂറിലെയും കൊച്ചിയിലെയും റെസിഡൻ്റ് ആയി 1800 മുതൽ 1810 വരെ പ്രവർത്തിച്ചിരുന്നു. ഇക്കാലയളവിൽ ചെമ്പിലരയൻ്റെ ഒരു ആക്രമണത്തേയും നേരിടേണ്ടിവന്നു.
1811ൽ അദ്ദേഹം ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലേക്ക് തിരകെപ്പോകുകയും പൊതുപ്രവർത്തനത്തിൽ വ്യാപൃതനാവുകയും ചെയ്തു. ഒരുവട്ടം (1826 മുതൽ 1830) വരെ സാൽറ്റാഷിനെ പ്രതിനീധീകരിച്ച പാർലമെൻ്റംഗമായിരുന്നു എങ്കിലും ഒരു ചർച്ചകളിലും പങ്കെടുത്തിരുന്നില്ല. ബ്രിട്ടീഷ് ബൈബിൾ സൊസൈറ്റിയുടെ സജീവപിന്തുണക്കാരനായിരുന്ന അദ്ദേഹം അടിമത്തം അവസാനിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതനായിരരുന്നു. സൊസൈറ്റി ഫോർ അബോളിഷൻ ഓഫ് സ്ലേവ് ട്രേഡിലും അദ്ദേഹം അംഗമായിരുന്നു.
കേരളത്തിൽ ക്രിസ്ത്യൻ മിഷനറി പ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണ നൽകിയിരുന്ന മെക്കാളെയെയും, അദ്ദേഹത്തിൻ്റെ പിൻഗാമിയായിരുന്ന ജോൺ മൻറോയേയും യഥാക്രമം മോശയും ജോഷ്വയുമായുമാണ് അന്നത്തെ സിറിയൻ മെത്രാപ്പൊലീത്ത മാർ ദിവന്നാസ്യോസ് താരതമ്യപ്പെടുത്തിയത്.[1]
അവലംബം
[തിരുത്തുക]- ↑ ഗോവി, കെ.എം. (1998). ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും. തൃശൂർ: കേരള സാഹിത്യ അക്കാദമി, തൃശൂർ. p. 104.