Jump to content

ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(യുവധാര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡി.വൈ.എഫ്.ഐ) അംഗത്വ കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ യുവജനസംഘടനയാണ്. ഇടത് രാഷ്ട്രീയവുമായി ബന്ധം പുലർത്തുകയും അതേസമയം സ്വതന്ത്ര യുവജനസംഘടനയായി പ്രവർത്തിക്കുകയും ചെയ്യുന്ന ഡി.വൈ.എഫ്.ഐ രൂപീകരിക്കപ്പെട്ടത് 1980-ൽ ആണ്‌. സി പി ഐ (എം)ന്റെ യുവജന സംഘടന എന്ന നിലയ്ക്കാണ് നിലവിൽ ഡി വൈ എഫ് ഐ പ്രവർത്തിക്കുന്നത്.

തുടക്കം

[തിരുത്തുക]

1980 നവംബർ 3 നാണ്‌ ഡി‌വൈ‌എഫ്‌ഐ രൂപീകൃതമായത്. ഒക്ടോബർ 31 മുതൽ നവംബർ 3 വരെ പഞ്ചാബിലെ ലുധിയാനയിലെ ശഹീദ് കർത്താർ സിംഹ് ശരബ ഗ്രാമത്തിൽ നടന്ന സമ്മേളനത്തിൽ വച്ചാണ് ഡി‌വൈ‌എഫ്‌ഐ രൂപീകൃതമായത്. ഖാലിസ്ഥാൻ തീവ്രവാദികളുടെ വിഘടനവാദ മുദ്രാവാക്യങ്ങൾക്കെതിരായി യുവജനങ്ങൾ പൊരുതിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് സമ്മേളനം അവിടെ ചേർന്നിരുന്നത്. സമ്മേളനത്തിന്റെ തയ്യാറെടുപ്പിനിടയിൽ അരുർസിങ് ഗിൽ എന്ന ചെറുപ്പക്കാരൻ വധിക്കപ്പെട്ടു. പ്രതികൂലമായ സാഹചര്യങ്ങളെയെല്ലാം അതിജീവിച്ചുകൊണ്ടാണ് ഡി വൈ എഫ് ഐ യുടെ ആദ്യ സമ്മേളനത്തിന് പഞ്ചാബിന്റെ മണ്ണ് ആതിഥേയത്വം വഹിച്ചത്.

കെ.എസ്.വൈ.എഫ്

[തിരുത്തുക]

1968 ജൂൺ 22 23 തീയതികളിൽ കോഴിക്കോട് ടൗൺഹാളിൽ വച്ചാണ് സോഷ്യലിസ്റ്റ് യുവജന ഫെഡറേഷന്റെ പ്രഥമ സംസ്ഥാന കൺവെൻഷൻ നടന്നത്. ഇന്ത്യയിലെ ആദ്യത്തെ ലോക്സഭാ പ്രതിപക്ഷ നേതാവായ എ കെ ഗോപാലൻ ആയിരുന്നു കൺവെൻഷൻ ഉദ്ഘാടനം ചെയ്തത്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പോരാടുമെന്ന് കൺവെൻഷനിൽ പങ്കെടുത്ത യുവാക്കളോട് എകെജി ആഹ്വാനംചെയ്തു. അസമത്വങ്ങൾക്കെതിരായ പോരാട്ടങ്ങൾ ലോകത്ത് ശക്തിപ്പെടുന്നത് ഇക്കാലത്തായിരുന്നു. യുവാക്കളെ ബാധിക്കുന്ന തൊഴിലില്ലായ്മക്ക് എതിരെ പ്രക്ഷോഭം സംഘടിപ്പിക്കാൻ സമ്മേളനത്തിൽ തീരുമാനിച്ചു. ഇന്ത്യയിൽ ആദ്യമായി "തൊഴിൽ അല്ലെങ്കിൽ തൊഴിലില്ലായ്മ വേതനം" എന്ന മുദ്രാവാക്യം മുന്നോട്ടുവച്ചത് കെ.എസ്.വൈ.എഫ് ആയിരുന്നു. തൊഴിൽ മൗലികാവകാശമാക്കുക എന്ന മുദ്രാവാക്യം കെ.എസ്.വൈ.എഫ് ഉയർത്തി. യുവജനങ്ങളെ ആകെ നയിക്കാൻ കഴിയും വിധം ഈ സംഘടനയ്ക്ക് വളരാൻ കഴിഞ്ഞത് ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ ഏറ്റെടുക്കാൻ കഴിഞ്ഞു എന്നത് കൊണ്ടാണ്. കേരളത്തിലെ യുവജനങ്ങളെ തീവ്ര ഇടതുപക്ഷത്തേക്കും വലതുപക്ഷത്തേക്കും കൊണ്ടു പോകുന്നത് തടയാൻ കെ.എസ്.വൈ.എഫിന് കഴിഞ്ഞു.

ദേശീയതലത്തിലുള്ള സംഘടന രൂപീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ

[തിരുത്തുക]

അടിയന്തരാവസ്ഥ അവസാനിച്ച സാഹചര്യത്തിൽ ഒരു അഖിലേന്ത്യാ സംഘടന രൂപീകരിക്കുന്നതിന്റെ ആവശ്യകത പൊതുവേ ഉയർന്നു വന്നിരുന്നു. 1970-കളിൽ അടിയന്തരാവസ്ഥക്കെതിരായ ജെ.പിയുടെ പ്രസ്ഥാനം പൊരുതി കൊണ്ടിരിക്കുന്ന കാലം കൂടിയായിരുന്നു അത്. അദ്ദേഹത്തിന്റെ തരുൺ ക്രാന്തി പ്രസ്ഥാനത്തിലെ യുവാക്കൾ കർഷകരുടെയും തൊഴിലാളികളുടെയും പ്രസ്ഥാനങ്ങളിൽ ഇടപെടേണ്ടതില്ലെന്ന് സമീപനം മുന്നോട്ട് വെക്കുകയുണ്ടായി. യുവജന സംഘടന യുവാക്കളുടെ പ്രശ്നങ്ങൾ പ്രധാനമായും കേന്ദ്രീകരിക്കണം എന്ന കാഴ്ചപ്പാടായിരുന്നു ഇതിൽ ഉണ്ടായിരുന്നത്.

ഇത്തരം ചർച്ചകൾ അഖിലേന്ത്യാടിസ്ഥാനത്തിൽ സജീവമായി. അതോടൊപ്പം തന്നെ സംസ്ഥാനങ്ങളിൽ സമാനമായ ആശയത്തോടുകൂടി പ്രവർത്തിക്കുന്ന സംഘടനകളും നിലവിലുണ്ടായിരുന്നു. കേരളത്തിൽ കെ.എസ്.വൈ.എഫ് പോലെ തമിഴ്നാട്ടിലെ സോഷ്യലിസ്റ്റ് വാലിബർ സംഘം, പഞ്ചാബിലും ഉത്തർപ്രദേശിലും രാജസ്ഥാനിലും നൗജവാൻ സഭകൾ, ആന്ധ്രയിലെ പ്രജാതന്ത്ര യുവജനസംഘം, കർണാടകത്തിലെ കർണാടക യൂത്ത് ഫെഡറേഷൻ, ബംഗാളിലെ യുവജന പ്രസ്ഥാനം തുടങ്ങിയവ ഇത്തരത്തിൽ സമാന ചിന്താഗതിക്കാരുടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവയായിരുന്നു. ഇവരെ കൂട്ടിയോജിപ്പിച്ച് മുന്നോട്ടു കൊണ്ടു പോവുക എന്ന ആശയം രൂപപ്പെടുകയുണ്ടായി. അഖിലേന്ത്യാടിസ്ഥാനത്തിൽ ഇതിനുള്ള നീക്കങ്ങൾ ആരംഭിച്ചു.

ദേശീയാടിസ്ഥാനത്തിൽ വിളിച്ചുചേർത്ത വിവിധ സംസ്ഥാനങ്ങളിൽ നിന്നും പങ്കെടുത്ത യുവജന സംഘടനകളെയും എസ്എഫ്ഐയുടെയും മറ്റു വിദ്യാർത്ഥി - യുവജന പ്രതിനിധികളുടെയും ഒരു സമ്മേളനവും പാർലമെൻറ് മാർച്ചും വർഗീയതയ്ക്കെതിരായും മതനിരപേക്ഷതയ്ക്ക് വേണ്ടിയും സംഘടിപ്പിക്കുകയുണ്ടായി. വിവിധ സംസ്ഥാനങ്ങളിൽനിന്ന് പങ്കെടുത്ത യുവജനങ്ങളെയും വിളിച്ചു ചേർത്ത ഒരു ആലോചന യോഗം അക്കാലത്ത് ഡൽഹിയിൽ ചേർന്നിരുന്നു. അഖിലേന്ത്യാ അടിസ്ഥാനത്തിൽ സംഘടന രൂപീകരിക്കാൻ വരെ പൊതുധാരണ ഉണ്ടാക്കുകയും പിന്നീട് അഖിലേന്ത്യാ അടിസ്ഥാനത്തിൽ പ്രിപ്പറേറ്ററി കമ്മിറ്റി രൂപീകരിച്ച് അഖിലേന്ത്യ സംഘടന എന്ന ആശയത്തിലേക്ക് എത്തുന്നതിനും തീരുമാനിച്ചു. 33 അംഗങ്ങൾ ഉണ്ടായിരുന്ന കമ്മറ്റിയുടെ ജോയിന്റ് കൺവീനറായി കണ്ണൂരിൽ നിന്നുള്ള ഇ പി ജയരാജനും അംഗങ്ങളായി മലയാളികളായ ടിപി ദാസൻ, എം വിജയകുമാർ, കെ എ ചാക്കോ, എം വി ഗോവിന്ദൻ മാസ്റ്റർ എന്നിവരും കമ്മിറ്റിയിൽ ഉൾപ്പെട്ടിരുന്നു.

നിരവധി തവണ പ്രിപ്പറേറ്ററി കമ്മിറ്റി യോഗം ചേർന്നു. സ്വാതന്ത്ര സംഭവത്തോടെ യുവജനങ്ങളെ ആകെ പ്രതിനിധീകരിക്കുന്ന ജനാധിപത്യ യുവജനപ്രസ്ഥാനം എങ്ങനെ രൂപം കൊള്ളണം എന്ന കാര്യം ഗൗരവമായി ചർച്ച ചെയ്തു. "ഒരു ജനാധിപത്യ മതേതര പുരോഗമന ഇന്ത്യ" എന്ന വിശാലമായ മുദ്രാവാക്യമുയർത്തി ലക്ഷണമൊത്ത യുവജന പ്രസ്ഥാനത്തിൻറെ പിറവിക്ക് വേണ്ടിയുള്ള കടുത്ത ആശയം സമരം തന്നെ നടത്തേണ്ടി വരുമെന്ന ധാരണയിൽ തന്നെയാണ് കാര്യങ്ങൾ മുന്നോട്ടുപോയത്. വിളിച്ചു ശീലിച്ച പേരും കൊടിയും വർഗപരമായ ഉള്ളടക്കമുള്ള നിറവും ജനകീയ ജനാധിപത്യ വിപ്ലവം എന്ന ലക്ഷ്യം മാറുന്നു എന്നത് പ്രശ്നം തന്നെയായിരുന്നു. പ്രിപ്പറേറ്ററി കമ്മിറ്റി തയ്യാറാക്കിയ നിർദ്ദേശങ്ങളുമായി ഡിവൈഎഫ്ഐ രൂപീകരണ സമ്മേളനം ചേരുന്നതിന് തീരുമാനിക്കുകയായിരുന്നു.

ഡിവൈഎഫ്ഐ രൂപീകരണം

[തിരുത്തുക]

1980 നവംബർ 1,2,3 തിയ്യതികളിൽ രക്തസാക്ഷി കർത്താർ സിംഗ് സരഭയുടെ ജന്മനാടായ പഞ്ചാബിലെ ലുധിയാനയിലായിരുന്നു ഡിവൈഎഫ്ഐ രൂപീകരണം നടന്നത്. ഖാലിസ്ഥാൻ തീവ്രവാദികളുടെ വിഘടനവാദ മുദ്രാവാക്യങ്ങൾക്കെതിരായി യുവജനങ്ങൾ പൊരുതിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് സമ്മേളനം ലുധിയാനയിൽ ചേർന്നത്. സമ്മേളനത്തിന്റെ തയ്യാറെടുപ്പിലാണ് ഭീകരവാദികളുടെ തോക്കിനിരയായി അമർസിംഗ് ഗിൽ വധിക്കപ്പെട്ടത്. ഇതിനെയെല്ലാം അതിജീവിച്ചുകൊണ്ടാണ് സമ്മേളനത്തിന് പഞ്ചാബിന്റെ മണ്ണ് ആതിഥേയത്വം വഹിച്ചത്.

വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്ന യുവജനസംഘടനയുടെ 600 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കാൻ ലുധിയാനയിൽ എത്തിയത്. 12 ലക്ഷം മെമ്പർഷിപ്പിനെയാണ് ഇവർ പ്രതിനിധീകരിച്ചത്. കൽക്കത്താ സർവകലാശാല വൈസ് ചാൻസിലർ പോദാർ ആണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഈ സമ്മേളനത്തിലെ ആവേശകരമായ അനുഭവമായിരുന്നു ലാഹോർ ഗൂഢാലോചന കേസിൽ പ്രായപൂർത്തിയാകാത്തതിനാൽ വധശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെട്ട് ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട കിഷോരിലാലിന്റെ പ്രസംഗം. സമ്മേളനം വിജയപൂർവം പൂർത്തിയാക്കി പ്രതിനിധികൾ അത് സംസ്ഥാനങ്ങളിലേക്ക് തിരിച്ചു പോയി. താഴെത്തലം വരെ കൊടിയും പേരും ലക്ഷ്യങ്ങളും വ്യക്തതയോടെ പൊതുബോധമാക്കി മാറ്റുക എന്നത് ഒരു പ്രത്യേക അജൻഡയായി കൈകാര്യം ചെയ്യപ്പെടണം എന്ന് സംഘടനാപരമായി തീരുമാനിച്ചു.

അഖിലേന്ത്യാ സമ്മേളനത്തിന് വാർത്ത രണ്ട് കോളങ്ങളിൽ ഒതുക്കി ആണ് പല പ്രമുഖ പത്രങ്ങളും റിപ്പോർട്ട് ചെയ്തത് അവർക്ക് അഖിലേന്ത്യാ അടിസ്ഥാനത്തിൽ ജനാധിപത്യ യുവജനപ്രസ്ഥാനം രൂപംകൊള്ളുന്നത് തീരെ ഇഷ്ടമല്ലായിരുന്നു എന്നാണ് വ്യക്തമായിരുന്നു. അതുകൊണ്ടുതന്നെ സമ്മേളന വാർത്തയും ഡിവൈഎഫ്ഐ രൂപീകരണവും അവർ ബോധപൂർവ്വം വാർത്തയാക്കിയില്ല. എങ്കിലും വലതുപക്ഷ മാധ്യമങ്ങൾ യുവജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ സാധിക്കുന്ന തരത്തിൽ ആസൂത്രിതമായി വാർത്തകൾ തയ്യാറാക്കി. അന്നുവരെ ജനങ്ങളിൽ സ്വാധീനം ചെലുത്തിയിരുന്ന പേരും കൊടിയും മാറിയതിനെ കുറിച്ച് വൻ വൻ പ്രചാരണ കോലാഹലങ്ങൾ സൃഷ്ടിക്കാൻ മാധ്യമങ്ങൾ ശ്രമിച്ചു. ശാസ്ത്രീയ സോഷ്യലിസവും ജനാധിപത്യവിപ്ലവുമെല്ലാം മാറ്റി വിപ്ലവകരമായ ഉള്ളടക്കങ്ങൾ പണയം വെച്ചിരുന്നു എന്നവർ വാചാലമായി. എല്ലാ കുപ്രചരണങ്ങളെയും വകഞ്ഞുമാറ്റി എണ്ണയിട്ട യന്ത്രം പോലെ ആഴ്ചയ്ക്കകം അന്നുവരെ സ്വാധീനമുണ്ടായിരുന്ന മുഴുവൻ സ്ഥലങ്ങളിലും ഡിവൈഎഫ്ഐ എന്ന നാലക്ഷരം പ്രചരിക്കപ്പെട്ടു. തൂവെള്ളക്കൊടിയും വ്യാപകമായി കൊടിമരങ്ങളിൽ ഉയർത്തപ്പെട്ടു. ഡിവൈഎഫ്ഐ പരിപാടി അംഗീകരിക്കാൻ തയ്യാറുള്ള 15 വയസിനു മുകളിലും 40 വയസ്സ് വരെയുള്ളവർക്ക് അംഗങ്ങളാകാം എന്ന് വിശദീകരിക്കപ്പെട്ടു. പ്രഥമ പ്രസിഡണ്ടായി ഇ പി ജയരാജനും സെക്രട്ടറിയായി ഹനൻ മുള്ളയും തിരഞ്ഞെടുക്കപ്പെട്ടു.

ക്യാമ്പയിനുകൾ

[തിരുത്തുക]

നിലയ്ക്കൽ

[തിരുത്തുക]

കേരളത്തിൽ വർഗീയതയുടെയും മതവിദ്വേഷത്തിന്റെയും പേരിൽ മതസൗഹാർദ്ദം ഉലഞ്ഞപ്പോൾ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രണ്ട് ലക്ഷം യുവതീയുവാക്കളെ സംഘടിപ്പിച്ചുകൊണ്ട് 1983 ഫെബ്രുവരി 1 മുതൽ 16 വരെ നടത്തിയ മതസൗഹാർദ്ദ സംരക്ഷണ ക്യാമ്പയിനാണ് നിലയ്ക്കൽ ക്യാമ്പയിൻ. സംസ്ഥാനത്തിന് വിവിധഭാഗങ്ങളിൽ നിന്നുള്ള രണ്ട് ലക്ഷത്തോളം യുവതി യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് മതസൗഹാർദ്ദ സേന രൂപീകരിക്കുകയും വീടുകൾ കയറി മതസൗഹാർദ്ദ സന്ദേശം പ്രചരിപ്പിക്കുകയായിരുന്നു ഈ ക്യാമ്പയിന്റെ ലക്ഷ്യം. ഇതിനുശേഷം അതേവർഷംതന്നെ ഓഗസ്റ്റ് ഒന്നിന് ജില്ലാ കേന്ദ്രങ്ങളിൽ മതസൗഹാർദ്ദ റാലികളും സംഘടിപ്പിച്ചിരുന്നു. ഇതിനോടനുബന്ധിച്ച് തന്നെ "മതമല്ല മതമല്ല മതമല്ല പ്രശ്നം" എന്ന മുദ്രാവാക്യമുയർത്തി വിവിധ ക്യാമ്പയിനുകളും സംഘടന ഏറ്റെടുത്തിരുന്നു.

തൊഴിലില്ലായ്മക്കെതിരെ ആഗസ്റ്റ് ക്യാമ്പയിൻ

[തിരുത്തുക]

"എല്ലാവർക്കും വിദ്യാഭ്യാസം, എല്ലാവർക്കും തൊഴിൽ" എന്ന മുദ്രാവാക്യമുയർത്തി 1984ൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച ക്യാമ്പയിനായിരുന്നു ഇത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവതിയുവാക്കളുടെ ഒപ്പുകൾ ശേഖരിച്ചു കൊണ്ട് കാളവണ്ടിയിൽ രാജ്ഭവനിലേക്ക് നടത്തിയ മാർച്ച് ആയിരുന്നു ഇത്. അന്ന് ഏകദേശം 25 ലക്ഷത്തോളം ഒപ്പുകളാണ് സംഘടനയ്ക്ക് ശേഖരിക്കാൻ കഴിഞ്ഞത്. ഇതിന്റെ ഭാഗമായി തന്നെ അതേവർഷം മാർച്ച് 28ന് 'തൊഴിലില്ലായ്മ വിരുദ്ധ ദിന'മായി ആചരിച്ചു. ഈ ക്യാമ്പയിൻ ഭാഗമായി ആയി വിവിധ യൂണിറ്റുകളിൽ നിന്ന് സമര വളണ്ടിയർമാർ കാൽനടയായി ജില്ലാ കേന്ദ്രങ്ങളിലേക്കും തുടർന്ന് അവിടെ നിന്ന് രാജ്ഭവന് മുന്നിലെ സമര കേന്ദ്രത്തിലേക്ക് കാൽനടയായി പോവുകയായിരുന്നു.

മനുഷ്യ ശൃംഖല

[തിരുത്തുക]

തൊഴിലില്ലായ്മയ്ക്കും കേന്ദ്ര അവഗണനയ്ക്കെതിരെ 1999 മെയ് 9ന് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐതിഹാസികമായ 'മനുഷ്യ ശൃംഖല' സംഘടിപ്പിച്ചു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 722 കിലോമീറ്റർ ദൂരമാണ് മനുഷ്യശൃംഖല സംഘടിപ്പിക്കപ്പെട്ടത്.

ആദ്യം പരാമർശിക്കേണ്ടത് 1987 ആഗസ്റ്റ് 15 ന് കേരളത്തിന്റെ വടക്കെയറ്റം മുതൽ തെക്കെയറ്റംവരെ കണ്ണിമുറിയാതെ നടന്ന മനുഷ്യ ചങ്ങലയാണ്.അത് ലോകത്തുതന്നെ ആദ്യത്തേതായിരുന്നു.

പ്രസിദ്ധീകരണങ്ങൾ

[തിരുത്തുക]

നവജ്വാൻ ദൃഷ്ടി എന്നൊരു മാസിക പ്രസിദ്ധീകരിക്കുന്നുണ്ട്. കേരളത്തിൽ യുവധാര എന്നൊരു മാസികയും പശ്ചിമ ബംഗാളിൽ ജുബശക്തി (Jubashakti) എന്ന മാസികയും പ്രസിദ്ധീകരിക്കുന്നുണ്ട്.

യുവധാര

[തിരുത്തുക]

ഡി.വൈ.എഫ്.ഐ.യുടെ മലയാളം മുഖമാസികയാണ് യുവധാര. യുവധാര മാസികയുടെ എഡിറ്റർ എസ് സതീഷ് ആണ്

രക്തസാക്ഷികൾ

[തിരുത്തുക]
  • ഹഖ് മുഹമ്മദ്
  • മിഥിലാജ്
  • സനൂപ്
  • ഔഫ് അബ്ദുൾ റഹ്മാൻ
  • സന്ദീപ് കുമാർ പി ബി
  • മോഹനൻ (വടക്കൻ പറവൂർ)
  • ബഷീർ (വടക്കൻ പറവൂർ)
  • കൂത്തുപറമ്പ് രക്തസാക്ഷികൾ

അവലംബം

[തിരുത്തുക]


പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
ഡി‌വൈ‌എഫ്‌ഐയുടെ ഒരു പ്രചരണം
കൽക്കത്തയിൽ നടന്ന ഒരു ഡി‌വൈ‌എഫ്‌ഐ റാലി