സ്നാപകയോഹന്നാൻ
സ്നാപകയോഹന്നാൻ | |
---|---|
പ്രവാചകൻ, പ്രഘോഷകൻ, വഴിയൊരുക്കിയവൻ, രക്തസാക്ഷി | |
ജനനം | ക്രി.മു. 5-നടുത്ത് |
മരണം | ക്രി.വ. 36-നടുത്ത്(പ്രായം 38-42) |
വണങ്ങുന്നത് | ബഹായി, ഇസ്ലാം, അസ്സീറിയൻ പൗരസ്ത്യ സഭ, റോമൻ കത്തോലിക്കാ സഭ, പൗരസ്ത്യ ഓർത്തഡോക്സ് സഭ, പൗരസ്ത്യ കത്തോലിക്കാ സഭകൾ, ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ, ആംഗ്ലിക്കൻ സഭ, ലൂഥറൻ സഭ |
പ്രധാന തീർത്ഥാടനകേന്ദ്രം | യെരുശലേമിലെ വിശുദ്ധ സ്നാപകയോഹന്നാന്റെ പള്ളി |
ഓർമ്മത്തിരുന്നാൾ | ജൂൺ 24 (Nativity), ഓഗസ്റ്റ് 29 (Beheading), ജനുവരി 7 (Synaxis, Eastern Orthodox), Thout 2 ( Coptic Orthodox Church) |
പ്രതീകം/ചിഹ്നം | കുരിശ്, ചെമ്മരിയാട്, ഒട്ടകരോമം കൊണ്ടുള്ള കുപ്പായം |
മദ്ധ്യസ്ഥം | patron saint of French Canada, Newfoundland, Puerto Rico, Knights Hospitaller of Jerusalem, Florence, Turin, Porto, Genoa, Cesena, Jordan, Xewkija and many other places |
ക്രിസ്തീയവിശ്വാസം അനുസരിച്ച്, പ്രവാചകന്മാരുടെ പരമ്പരയിലെ അവസാനത്തെ കണ്ണിയും പ്രവചനങ്ങളുടെ പൂർത്തീകരണമായി കരുതപ്പെടുന്ന യേശുവിന്റെ വരവിനു വഴിയൊരുക്കാൻ അയക്കപ്പെട്ടവനുമാണ് സ്നാപകയോഹന്നാൻ. (ഇംഗ്ലീഷ്: John the Baptist, ജോൺ ദി ബാപ്റ്റിസ്റ്റ്). സുറിയാനിയിൽ യൂഹാനോൻ മാംദാന എന്ന് ഇദ്ദേഹം അറിയപ്പെടുന്നു. സ്നാപക യോഹന്നാനിൽ നിന്നുമാണ് യേശു ജ്ഞാനസ്നാനം സ്വീകരിച്ചത്. സ്നാനം സ്വീകരിക്കുവാനായി യേശു ഗലീലിയയിൽ നിന്നും ജോർദ്ദാനിൽ യോഹന്നാന്റെ അടുക്കലെത്തിയെന്ന് ബൈബിളിൽ വിവരിക്കുന്നു[1]. സ്ത്രീയിൽ നിന്നു ജന്മം കൊണ്ടവരിൽ ഏറ്റവും വലിയവൻ എന്നാണ് യേശു സ്നാപകയോഹന്നാനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇസ്ലാം മതത്തിൽ യഹ്‌യ പ്രവാചകൻ എന്ന് ഇദ്ദേഹം അറിയപ്പെടുന്നു. ഇതിനു പുറമേ ബഹായി, മൻഡേയിസം എന്നീ വിശ്വാസധാരകളിലും ഇദ്ദേഹം ആദരിക്കപ്പെടുന്നു.
ജനനം
[തിരുത്തുക]പുതിയനിയമത്തിന്റെ ഭാഗമായ കാനോനിക സുവിശേഷങ്ങൾ നാലിലും സ്നാപകയോഹാന്നാനെ പറ്റി പരാമർശങ്ങളുണ്ടെങ്കിലും അദ്ദേഹത്തിന്റെ ജനനകഥയുള്ളത് ലൂക്കായുടെ സുവിശേഷത്തിൽ മാത്രമാണ്. ആ സുവിശേഷത്തിൽ സ്നാപകയോഹന്നാന്റെ ജന്മകഥ, യേശുചരിതത്തിന്റെ ആദിമഭാഗവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. യേശുവിന്റെ ബന്ധുവായാണ് ലൂക്കാ യോഹന്നാനെ ചിത്രീകരിക്കുന്നത്. അതനുസരിച്ച്, യേശുവിന്റെ അമ്മ മറിയത്തിന്റെ ഇളയമ്മയായ എലീശ്വായുടെ മകനായിരുന്നു യോഹന്നാൻ. ഏലീശ്വായ്ക്കും ഭർത്താവ് സക്കറിയായ്ക്കും അതിവാർദ്ധക്യത്തിൽ സ്വർഗീയവെളിപാടിനെ തുടർന്നാണ് അദ്ദേഹം ജനിച്ചത്.[2] യോഹന്നാൻ യേശുവിനേക്കാൾ ആറു മാസം മൂപ്പുള്ളവനായിരുന്നു എന്നാണ് ഈ കഥയിൽ നിന്നു സാദ്ധ്യമായ അനുമാനം. ദൈവദൂതനിൽ നിന്ന് യേശുവിന്റെ ജനനത്തിന്റെ മംഗലവാർത്ത കേട്ട മാതാവ് മറിയം, യേശുവിനെ ഗർഭത്തിലേറ്റി ഗലീലായിലെ നസറത്തിൽ നിന്ന് യൂദയാ മലഞ്ചെരുവുകൾക്കിടയിലെ വീട്ടിൽ ഗർഭിണിയായ ഏലീശ്വായെ സന്ദർശിക്കുന്നതിന്റെ നാടകീയമായ വിവരണവും ഈ സുവിശേഷത്തിലുണ്ട്. ബൈബിളിലെ ഏറ്റവും സുന്ദരമായ കവിതകളിലൊന്നും മാഗ്നിഫിക്കാറ്റ് എന്ന പേരിൽ പ്രസിദ്ധമായതുമായ വിശുദ്ധമാതാവിന്റെ സ്തോത്രഗീതത്തിന്റെ പശ്ചാത്തലം ഗർഭസ്ഥരായ യേശുവിന്റേയും യോഹന്നാന്റെയും സംഗമത്തിനു വഴിയൊരുക്കിയ ഈ സന്ദർശനമാണ്.[3]
ദൗത്യം
[തിരുത്തുക]ലൂക്കാ ഒഴികെയുള്ള സുവിശേഷകന്മാർ യോഹന്നാന്റെ ജന്മകഥ പറയുന്നില്ലെങ്കിലും, എല്ലാ കാനോനിക സുവിശേഷങ്ങളിലും യേശുവിന്റെ പരസ്യജീവിതത്തിന്റേയും സുവിശേഷപ്രഘോഷണത്തിന്റേയും പശ്ചാത്തലത്തിൽ യോഹന്നാനും അദ്ദേഹത്തിന്റെ ദൗത്യവും കടന്നുവരുന്നു. ഒട്ടകരോമം കൊണ്ടുള്ള കുപ്പായവും അരയിൽ തോൽപ്പട്ടയും ധരിച്ച് വെട്ടുക്കിളികളും കാട്ടുതേനും ആഹരിച്ച് മരുഭൂമിയിൽ ജീവിച്ച താപസനായി സുവിശേഷങ്ങളിൽ അദ്ദേഹം കാണപ്പെടുന്നു. തീവ്രമായ ധാർമ്മിക-സദാചാരവ്യഗ്രതകൾ മുറ്റിനിന്ന അദ്ദേഹത്തിന്റെ പ്രഘോഷണം പരുക്കൻ ഭാഷയിലും മുഖം നോക്കാതെയുമായിരുന്നു. ജ്ഞാനസ്നാനം സ്വീകരിക്കാൻ തന്റെ പക്കലെത്തിയ ജനക്കൂട്ടത്തോട് അദ്ദേഹം ഇങ്ങനെ പറഞ്ഞതായി ലൂക്കായുടെ സുവിശേഷത്തിൽ പറയുന്നു:-
അണലിസന്തതികളെ, ആസന്നമായ ക്രോധത്തിൽ നിന്ന് ഓടിയകലുവാൻ നിങ്ങൾക്കു മുന്നറിയിപ്പു നൽകിയത് ആരാണ്. മാനസാന്തരത്തിനു യോജിച്ച ഫലങ്ങൾ പുറപ്പെടുവിക്കുവിൻ. ഞങ്ങൾക്കു പിതാവായി അബ്രാഹം ഉണ്ടെന്ന് നിങ്ങൾ അഭിമാനിക്കേണ്ട. എന്തെന്നാൽ ഈ കല്ലുകളിൽ നിന്ന് അബ്രാഹത്തിനു സന്താനങ്ങളെ പുറപ്പെടുവിക്കാൻ ദൈവത്തിനു കഴിയും...വൃക്ഷങ്ങളുടെ വേരിനു കോടാലി വയ്ക്കപ്പെട്ടിരിക്കുന്നു. നല്ല ഫലം നൽകാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിൽ എറിയപ്പെടും.[4]
ചുങ്കക്കാരും പടയാളികളും സാധാരണക്കാരും ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങൾക്കും, നീതിനിഷ്ഠയിൽ സദാചാരനിരതരായി ജീവിക്കാനുള്ള ആഹ്വാനമായിരുന്നു അദ്ദേഹത്തിന്റെ പ്രഘോഷണം. രണ്ടുടുപ്പുള്ളവൻ ഒന്ന് ഇല്ലാത്തവനു കൊടുക്കണമെന്നും ഭക്ഷണമുള്ളവനും അപ്രകാരം ചെയ്യണമെന്നും തൊഴിലുകളിൽ അതിക്രമം അരുതെന്നും ജനങ്ങളെ ഉപദേശിച്ച അദ്ദേഹം, തന്നേക്കാൾ ഉന്നതനായ മറ്റൊരു പ്രഘോഷകന്റെ ആസന്നമായ വരവിന്റെ മുന്നറിവും അവർക്കു നൽകി.[5][6]
അന്ത്യം
[തിരുത്തുക]മത്തായി, മർക്കോസ്, ലൂക്കാ എന്നിവരുടെ സുവിശേഷങ്ങളിൽ സ്നാപകയോഹന്നാന്റെ മരണം രേഖപ്പെടുത്തിയിരിക്കുന്നു. ഗലീലായിലെ ഹേറോദോസ് ആൻറ്റിപ്പാസ് രാജാവിന്റെ ഭരണകാലത്താണ് സ്നാപകയോഹന്നാൻ വധിക്കപ്പെടുന്നത്. ഹേറോദോസിന്റെ സഹോദരൻ പീലിപ്പോസിന്റെ ഭാര്യ ഹേറോദിയ മൂലം യോഹന്നാൻ തടവിലാക്കപ്പെട്ടു. രാജാവ് ഹേറോദിയയെ രഹസ്യമായി വിവാഹം ചെയ്തു. ഇതു മനസ്സിലാക്കിയ യോഹന്നാൻ അവരുടെ ബന്ധത്തെ ശക്തമായി എതിർത്തു. യോഹന്നാൻ ഹേറോദേസിന്റെ പ്രവൃത്തിയെ ശാസിച്ചു ഇപ്രകാരം പറഞ്ഞു:നിന്റെ സഹോദരന്റെ ഭാര്യയെ നീ പരിഗ്രഹിക്കുന്നത് നിയമവിരുദ്ധമാണ്. അത് ദൈവത്തിന് ഇഷ്ടമുള്ള പ്രവൃത്തിയല്ല. ഇതു കേട്ട് കോപാകുലനായ രാജാവ് സ്നാപകയോഹന്നാനെ തുറുങ്കിലടച്ചു.
ജനങ്ങൾ യോഹന്നാനെ ഒരു പ്രവാചകനായിട്ടാണ് കണ്ടിരുന്നത്. അദ്ദേഹം നീതിമാനായിരുന്നെന്ന് ഹേറോദേസ് മനസ്സിലാക്കിയിരുന്നു. ഇക്കാരണത്താൽ അദ്ദേഹത്തെ കൊലപ്പെടുത്തുവാൻ ഹേറേദോസ് ഭയപ്പെട്ടു. സ്നാപകയോഹന്നാനെ കൊലപ്പെടുത്തുവാനായി ഹേറോദിയ രാജാവിനെ നിർബന്ധിച്ചിരുന്നു. അതിനിടെ ഒരിക്കൽ ഹേറോദിയായുടെ പുത്രി ഹേറോദേസിന്റെ ജന്മനാളിൽ രാജസദസിൽ നൃത്തമവതരിപ്പിച്ചു. നൃത്തത്തിൽ പ്രസാദിച്ച രാജാവ് അവൾ ആവശ്യപ്പെടുന്നതെന്തും നൽകാമെന്നു സദസ്സിൽ സമ്മതിച്ചു. അമ്മയുടെയും മകളുടെയും മുൻകൂട്ടിയുള്ള തീരുമാനമനുസരിച്ച് സ്നാപകയോഹന്നാന്റെ ശിരസ് ഒരു തളികയിൽ തരിക എന്ന് അവൾ ആവശ്യമുന്നയിച്ചു. ഇതു കേട്ട രാജാവ് ദുഃഖിതനായി. എങ്കിലും പൊതുസദസ്സിൽ നൽകിയ വാഗ്ദാനമായതിനാൽ രാജാവിന് ആ ആവശ്യം നിറവേറ്റാതെ തരമില്ലായിരുന്നു. ഒടുവിൽ അവളുടെ ആവശ്യപ്രകാരം രാജാവ് ആളയച്ച് തടവിലായിരുന്ന യോഹന്നാന്റെ ശിരസ്സ് വെട്ടിയെടുത്ത് തളികയിൽ അവൾക്ക് സമ്മാനിച്ചു. അവൾ ശിരസ്സുമായി ഹേറോദിയായുടെ അടുക്കലേക്ക് പോയി.[7]
യോഹന്നാന്റെ അന്ത്യമറിഞ്ഞ് അദ്ദേഹത്തിന്റെ ശിഷ്യർ മൃതദേഹം കൈയ്യേറ്റു സംസ്കരിച്ചു. യേശുവിനെയും ശിഷ്യർ വിവരമറിയിച്ചു. പിന്നീട് യേശു അത്ഭുതങ്ങൾ പ്രവർത്തിക്കുകയും പ്രസംഗിക്കുകയും ചെയ്യാൻ തുടങ്ങിയ യേശുവിനെ ജനങ്ങൾ പിന്തുടരാൻ തുടങ്ങി. ഇതറിഞ്ഞ ഹേറോദോസ്, അദ്ദേഹത്തെ ഉയിർത്തെഴുന്നേറ്റ സ്നാപകയോഹന്നാനായി കരുതി ഭയപ്പെട്ടതായി ബൈബിളിൽ പറയുന്നു. യോഹന്നാന്റെ ശിഷ്യന്മാരിൽ ചിലർ അദ്ദേഹം ജീവിച്ചിരിക്കെത്തന്നെ യേശുവിനെ പിന്തുടർന്നതായി സുവിശേഷങ്ങളിൽ പറയുന്നു.
ഹേറോദിയായുമായുള്ള അവിഹിതബന്ധം, പിന്നീട് ഹേറോദോസിനെ അദ്ദേഹത്തിന്റെ നിയമാനുസൃതമുള്ള പത്നിയുടെ പിതാവായിരുന്ന പെട്രായിലെ രാജാവ് അരേറ്റാസുമായുള്ള യുദ്ധത്തിലേക്കു നയിച്ചെന്നും അതിൽ അദ്ദേഹത്തിനു നേരിട്ട പരാജയം യോഹന്നാന്റെ വധത്തിനുള്ള ദൈവശിക്ഷയായി യഹൂദരിൽ ചിലർ കണ്ടെന്നും, ഒന്നാം നൂറ്റാണ്ടിലെ യഹൂദചരിത്രകാരനായ ജോസെഫസ് പറയുന്നു.[8]
എസ്സീൻബന്ധം
[തിരുത്തുക]ക്രിസ്തുമതത്തിന്റെ ഉത്ഭവകാലത്തിനടുത്ത് യഹൂദമതത്തിൽ നിലവിലിരുന്ന വിമതതാപസവിഭാഗമായ എസ്സീനുകളിൽ പെട്ടവനായിരിക്കാം സ്നാപകയോഹാന്നാൻ എന്ന് ഊഹിക്കുന്നവരുണ്ട്.[9] യോഹന്നാനെപ്പോലെ മരുഭൂമിയിൽ ഒറ്റപ്പെട്ട താപസജീവിതം അനുഷ്ഠിച്ചിരുന്ന തീവ്രധാർമ്മികരായിരുന്നു എസ്സീനുകളും. എസ്സീൻ-ക്ഷാളനകർമ്മങ്ങൾക്ക് ആത്മീയമായ പുനർജ്ജന്മത്തെ സൂചിപ്പിക്കാൻ യോഹന്നാൻ നൽകിയ വെള്ളം കൊണ്ടുള്ള ജ്ഞാനസ്നാനവുമായുള്ള സാമ്യവും ഈ ഊഹത്തിനു ബലം പകരുന്നു. ചാവുകടൽ തീരത്തെ കുമ്രാനിൽ നിന്നു കിട്ടിയ എസ്സീൻ ലിഖിതങ്ങളിൽ പ്രകടമാകുന്ന തരം തീവ്രയുഗാന്തചിന്ത യോഹാന്നാന്റേയും മുഖ്യവ്യഗ്രതയായിരുന്നു. എസ്സീനുകളെപ്പോലെ യോഹന്നാനും യെരുശലേമിലെ ക്ഷേത്രാരാധയിൽ നിന്ന് അകന്നു നിന്നതായി കാണപ്പെടുന്നു. മാതാപിതാക്കന്മാർക്ക് വാർദ്ധക്യത്തിൽ പിറന്ന യോഹന്നാനെ അവരുടെ മരണശേഷം എസ്സീനുകൾ എറ്റെടുത്തു വളർത്തിയതാവാം എന്ന് ഓക്സ്ഫോർഡ് ബൈബിൾ സഹകാരി നിർദ്ദേശിക്കുന്നു. അതേസമയം വസ്ത്രധാരണം മുതലായ കാര്യങ്ങളിൽ യോഹന്നാൻ എസ്സീനുകളിൽ നിന്ന് വ്യത്യസ്തനായിരുന്നു എന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. എസ്സീനുകൾ ശുഭ്രവസ്ത്രധാരികളായിരുന്നപ്പോൾ സ്നാപകയോഹന്നാൻ ഒട്ടകരോമം കൊണ്ടുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്.[10]
അവലംബങ്ങൾ
[തിരുത്തുക]- ↑ പി.ഓ.സി. ബൈബിൾ, മത്തായി 3:13
- ↑ ലൂക്കായുടെ സുവിശേഷം 1:5-25
- ↑ ലൂക്കായുടെ സുവിശേഷം 1:39-56
- ↑ ലൂക്കായുടെ സുവിശേഷം 3:7-10
- ↑ ലൂക്കായുടെ സുവിശേഷം 3:11-18
- ↑ യോഹന്നാന്റെ സുവിശേഷം 1:19-34
- ↑ മർക്കോസിന്റെ സുവിശേഷം 6:14-29
- ↑ ജോസെഫിന്റെ യഹൂദപൗരാണികതയിൽ(Jewish Antiquities) നിന്ന് ആദിമക്രിസ്തീയതയുടെ ചരിത്രകാരനായ കേസറിയായിലെ യൂസീബിയസ് ഉദ്ധരിച്ചിരിക്കുന്നത്. യൂസീബിയസിന്റെ സഭാചരിത്രം ഒന്നാം പുസ്തകം, പതിനൊന്നാം അദ്ധ്യായം(ജി.എ. വില്യംസന്റെ ഇംഗ്ലീഷ് പരിഭാഷ)
- ↑ എസ്.രാധാകൃഷ്ണൻ, പൗരസ്ത്യമതങ്ങളും പാശ്ചാത്യചിന്തയും(പുറങ്ങൾ 158-63)
- ↑ സ്നാപകയോഹന്നാൻ, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി(പുറങ്ങൾ 371-73)