Jump to content

റൗലറ്റ് നിയമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(റൗലത്ത് ആക്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റൗലറ്റ് നിയമത്തെക്കുറിച്ചുള്ള അക്കാലത്തെ ഒരു പത്രവാർത്ത

ബ്രിട്ടീഷ് അധികാരികൾ ഇന്ത്യയിൽ നടപ്പിലാക്കിയ നിയമങ്ങളിൽ ഏറ്റവുമധികം ബഹുജന പ്രതിഷേധം ക്ഷണിച്ചുവരുത്തിയ ഒന്നായിരുന്നു റൗലറ്റ് നിയമം (Rowlatt Act). ഒന്നാം ലോകമഹായുദ്ധത്തോടനുബന്ധിച്ച് ബ്രിട്ടീഷ് ഇന്ത്യയിൽ നടപ്പിലാക്കിയ അടിയന്തരാവസ്ഥാ മുൻകരുതലുകൾ അനന്തമായി ദീർഘിപ്പിക്കുന്നതായിരുന്നു ഈ നിയമം. ഭീകരവാദിയായി സംശയിക്കപ്പെടുന്ന ഏതൊരാളെയും വിചാരണ കൂടാതെ രണ്ടു വർഷം വരെ തടവിലിടാൻ ഈ നിയമം സർക്കാരിന് അധികാരം നൽകി. ബ്രിട്ടീഷ് ജഡ്ജിയായിരുന്ന സർ സിഡ്നി റൗലറ്റിന്റെ അധ്യക്ഷതയിലുള്ള റൗലറ്റ് കമ്മറ്റിയുടെ നിർദ്ദേശങ്ങളായിരുന്നു ഈ നിയമത്തിന് അടിസ്ഥാനമായത്. സ്വാതന്ത്ര്യ സമരവുമായി gandhi ബന്ധപ്പെട്ട പ്രക്ഷോഭങ്ങളെ ഫലപ്രദമായി നേരിടുന്നതിനുള്ള ഒരായുധമായിരുന്നു ബ്രിട്ടീഷ് അധികാരികൾക്ക് ഈ നിയമം.

മഹാത്മാ ഗാന്ധിയും മറ്റ് ഇന്ത്യൻ നേതാക്കളും ഈ നിയമത്തെ നിശിതമായി വിമർശിച്ചു. ഒറ്റപ്പെട്ട കുറ്റകൃത്യങ്ങളുടെ പേരിൽ എല്ലാവരെയും ഒരു പോലെ ശിക്ഷിക്കുന്നത് ശരിയല്ല എന്നായിരുന്നു ഗാന്ധിജിയുടെ അഭിപ്രായം. ഇന്ത്യൻ ദേശീയ നേതാക്കന്മാരും പൊതുജനങ്ങളും ഒരുപോലെ ഈ നിയമത്തിനെതിരെ ശബ്ദമുയർത്തി. ബ്രിട്ടീഷ് അധികാരികളാകട്ടെ അടിച്ചമർത്തൽ നടപടികളുമായി മുന്നോട്ടുപോയി.

നിയമപരമായ എതിർപ്പുകൊണ്ടു ഫലമില്ലാതെ വന്നപ്പോൾ നിയമത്തിനെതിരെയുള്ള തങ്ങളുടെ പ്രതിഷേധസൂചകമായി ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യാക്കാർ ഏപ്രിൽ 6-ന് ഹർത്താൽ ആചരിക്കാൻ തീരുമാനിച്ചു. എല്ലാ ഇന്ത്യാക്കാരും അന്നേ ദിവസം തങ്ങളുടെ തൊഴിലുകളിൽ നിന്ന് വിട്ടുനിൽക്കാനും ഉപവാസം അനുഷ്ഠിക്കാനും ദേശീയനേതാക്കൾ ആഹ്വാനം ചെയ്തു. ഈ സംഭവം റൗലറ്റ് സത്യാഗ്രഹം എന്നറിയപ്പെടുന്നു.

ഡൽഹി നഗരത്തിൽ ഹർത്താൽ വിജയകരമായിരുന്നെങ്കിലും വർദ്ധിച്ചുവന്ന സംഘർഷങ്ങൾ ആ തിളക്കത്തിന് മങ്ങലേൽപ്പിച്ചു. രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽ, പ്രത്യേകിച്ചും പഞ്ചാബ് തുടങ്ങിയ പ്രവിശ്യകളിൽ ബഹുജനപ്രക്ഷോഭങ്ങൾ പലപ്പോഴും അക്രമസംഭവങ്ങളിലേയ്ക്ക് വഴുതി വീണു. ഇത് ഗാന്ധിജിയെ വളരെയേറെ വേദനിപ്പിച്ചു. പ്രതിഷേധസമരം പൂർണ്ണമായും അഹിംസയിൽ അധിഷ്ഠിതമായിരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ഇന്ത്യാക്കാർ പൂർണ്ണമായും സത്യാഗ്രഹത്തിന് തയ്യാറായിട്ടില്ല എന്നു കണ്ട ഗാന്ധിജി പ്രക്ഷോഭസമരം പിരിച്ചുവിട്ടു.

1919 മാർച്ചിൽ റൗലറ്റ് നിയമം പ്രാബല്യത്തിൽ വന്നു. പഞ്ചാബിലെ പ്രതിഷേധപ്രകടനങ്ങൾ താരതമ്യേന ശക്തമായിരുന്നു. ഏപ്രിൽ 10-ന് കോൺഗ്രസിന്റെ രണ്ടു പ്രമുഖ നേതാക്കളായിരുന്ന ഡോ. സത്യപാൽ, ഡോ. സൈഫുദ്ദീൻ കിച്ചലു എന്നിവർ അറസ്റ്റിലായി. അമൃത്സറിൽ സംഘടിപ്പിക്കപ്പെട്ട ഒരു പ്രതിഷേധപ്രകടനം കുപ്രസിദ്ധമായ ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ കലാശിച്ചു.[1][2]

അടിച്ചമർത്തൽ നിയമങ്ങളെക്കുറിച്ചുള്ള കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1922-ൽ ബ്രിട്ടീഷ് സർക്കാർ മറ്റ് ഇരുപത്തിമൂന്ന് നിയമങ്ങളോടൊപ്പം റൗലറ്റ് നിയമം റദ്ദുചെയ്യുകയുണ്ടായി.[3]

അവലംബങ്ങൾ

[തിരുത്തുക]
  1. "From the Land of Paradise to the Holy City". The Tribune. January 26, 2006. Archived from the original on 2019-01-06. Retrieved 2012-07-26.
  2. "Op-ed: Let's not forget Jallianwala Bagh". Daily Times. April 13, 2003. Archived from the original on 2012-10-20. Retrieved 2012-07-26.{{cite news}}: CS1 maint: bot: original URL status unknown (link)
  3. The history of British India: a chronology, John F. Riddick, 2006

ഇതുകൂടി കാണുക

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=റൗലറ്റ്_നിയമം&oldid=4119893" എന്ന താളിൽനിന്ന് ശേഖരിച്ചത്