വായനദിനം
1996 മുതൽ കേരള സർക്കാർ ജൂൺ 19 വായന ദിനമായി ആചരിക്കുന്നു.[1] ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു.[2] സ്കൂളുകളിൽ ഇ-റീഡിങ് പ്രചരിപ്പിയ്ക്കുവാനായി റീഡിങ് ക്ലബ്ബുകളും ഐ.ടി. ക്ലബ്ബുകളും ഇലക്ട്രോണിക് ക്ലബ്ബുകളും ആരംഭിയ്ക്കാൻ ഈ സമയം വിനിയോഗിയ്ക്കുന്നു. 2017 മുതൽ ഈ ദിനം ദേശീയ വായനദിനമായി ആചരിക്കുന്നു.
പി.എൻ. പണിക്കരും ഗ്രന്ഥശാലാ പ്രസ്ഥാനവും
[തിരുത്തുക]കൂട്ടുകാർക്കൊപ്പം വീടുകൾ കയറി പുസ്തകങ്ങൾ ശേഖരിച്ച് ജന്മനാട്ടിൽ 'സനാതനധർമം' വായനശാല ആരംഭിച്ചാണ് പി.എൻ. പണിക്കർ ഗ്രന്ഥശാലാ പ്രസ്ഥാനം ആരംഭിക്കുന്നത്. കേരളത്തിലുടനീളം സഞ്ചരിച്ച് "വായിച്ചു വളരുക; ചിന്തിച്ച് വിവേകം നേടുക" എന്ന് അദ്ദേഹം കുട്ടികളോട് ആഹ്വാനം ചെയ്തു. 1945 സെപ്റ്റംബറിൽ തിരുവിതാംകൂർ ഗ്രന്ഥശാല സമ്മേളനം സംഘടിപ്പിച്ചു.1947-ൽ ഗ്രന്ഥശാലാസംഘം രജിസ്റ്റർ ചെയ്തു. 1949 ജൂലൈയിൽ ഇതിന്റെ പേര് തിരു-കൊച്ചി ഗ്രന്ഥശാലസംഘം എന്നാക്കി. 1958-ൽ കേരള ഗ്രന്ഥശാലാസംഘം ഉണ്ടായി. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്തു.
നിരക്ഷരതാനിർമാർജ്ജനം നിരക്ഷരതാനിർമാർജ്ജനത്തിനായി 1977-ൽ കേരള അനൗപചാരിക വിദ്യാഭാസ വികസന സമിതിക്ക് (KANFED : കാൻഫെഡ്:: Kerala Non formal Education) രൂപം നൽകി. 1970 നവംബർ -ഡിസംബർ മാസങ്ങളിൽ പാറശ്ശാല മുതൽ കാസർഗോഡ് വരെ പണിക്കരുടെ നേതൃത്വത്തിൽ കാൽനടയായി നടത്തിയ സാംസ്കാരിക ജാഥ കേരള ചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നാണ്. വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക എന്നതായിരുന്നു ജാഥയുടെ മുദ്രാവാക്യം.
അവലംബം
[തിരുത്തുക]- 2011 ജൂൺ 17 ലെ മലയാളമനോരമ ദിനപത്രം, കൊച്ചി എഡിഷൻ
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-06-19. Retrieved 2017-06-18.
- ↑ http://www.dcbooks.com/june-19-reading-day.html