Jump to content

വിക്കിപീഡിയ:ധൈര്യശാലിയായി താളുകൾ പുതുക്കുക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:Be bold എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക മാർഗ്ഗരേഖയായി കണക്കാക്കുന്നു. വിക്കിപീഡിയയുടെ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ടതുണ്ടെന്ന് അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതൊന്നുമല്ല. സാമാന്യബോധത്തിനും സന്ദർഭത്തിനും ചേർത്തായിരിക്കണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക.

ധൈര്യശാലിയാകൂ...

വിക്കിപീഡിയ സമൂഹം ഉപയോക്താക്കളെ ധൈര്യമായി ലേഖനങ്ങൾ പുതുക്കാൻ പ്രോത്സാഹിപ്പിക്കുന്നു. വിക്കികൾ വളരെ വേഗം വളരുന്നു, ഉപയോക്താക്കൾ പ്രശ്നങ്ങൾ പരിഹരിക്കുന്നു, വ്യാകരണം ശരിയാക്കുന്നു, വസ്തുതകൾ കൂട്ടിച്ചേർക്കുന്നു, ഭാഷയുടെ കൃത്യമായ ഉപയോഗം പരിശോധിക്കുന്നു, അങ്ങനെ അങ്ങനെ...... ഏവരും ധൈര്യശാലിയാകാൻ വിക്കിസമൂഹം ആഗ്രഹിക്കുന്നു. വിക്കിപീഡിയ താങ്കളെ വിവരണങ്ങൾ കൂട്ടിച്ചേർക്കാനും, പുന:പരിശോധിക്കാനും, ലേഖനങ്ങൾ തിരുത്തുവാനും അനുവദിക്കുന്നുവെന്നല്ല, താങ്കൾ അപ്രകാരം ചെയ്യണമെന്ന് ആഗ്രഹിക്കുകയാണ് ചെയ്യുന്നത്. തീർച്ചയായും ദയയുള്ള ഒരാൾക്കേ അതു കഴിയൂ. താങ്കളടക്കമുള്ള അനേകർക്ക് അതു സാധിക്കുന്നുണ്ട്.

തീർച്ചയായും താങ്കൾ എഴുതുന്നതും ആരെങ്കിലും തിരുത്തിയെഴുതും. അത് വ്യക്തിപരമായി കരുതരുത്. നമ്മുടെയെല്ലാം ഉദ്ദേശം വിക്കിപീഡിയ കൂടുതൽ കൂടുതൽ മെച്ചപ്പെടുത്തുകയാണല്ലോ?

...പക്ഷേ ഉന്മാദിയാകരുത്

പുതിയ ഉപയോക്താക്കൾ വിക്കിപീഡിയയുടെ തുറന്ന മനസ്സ് കണ്ട് അതിലേക്ക് കൂപ്പുകുത്തുകയാണ് പതിവ്. നല്ലകാര്യം, പക്ഷേ ധൈര്യശാലിയാകാനുള്ള ആഹ്വാനം സങ്കീർണ്ണവും വിവാദപരവും വലിയ പുരാവൃത്തവുമുള്ള താളുകളുടെ ഉള്ളടക്കം മായ്ക്കാനുള്ളതോ വലിയമാറ്റങ്ങൾ വരുത്തുവാനോ ഉള്ള കൊമ്പുവിളിയല്ല. താങ്കൾ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമായി മനസ്സിലാക്കുക. അശ്രദ്ധാപൂർവ്വമുള്ള അത്തരം തിരുത്തലുകൾ ആ ലേഖനങ്ങൾക്കായി ആത്മാർത്ഥമായി പ്രവർത്തിച്ചവരെ വ്രണപ്പെടുത്തിയേക്കാം.

ഇനിയും അത്തരമൊരു തോന്നൽ താങ്കൾക്കുണ്ടായാൽ താങ്കൾ ലേഖനം മനസ്സിരുത്തി വായിക്കുക, ലേഖനത്തിന്റെ സംവാദം താളും വായിക്കുക, ലേഖനത്തിന്റെ പഴയ രൂപം ശ്രദ്ധിക്കുക. എന്നിട്ട് ആവശ്യമായ തീരുമാനമെടുക്കുക. എങ്കിലും വിക്കിപീഡിയ പ്രതീക്ഷിക്കുന്ന പെരുമാറ്റം അപ്രകാരം അല്ല. താങ്കൾ താങ്കളുടെ വികാരങ്ങളും വിചാരങ്ങളും താങ്കളെ നിരാശയിലാഴ്ത്തിയ വാക്യങ്ങളുടെ ഉദ്ധരണികൾ സഹിതം ലേഖനത്തിന്റെ സംവാദം താളിൽ കൊടുക്കുക. ആരും എതിർത്തില്ലെങ്കിൽ മുന്നോട്ട് ധൈര്യമായി പോവുക. വിക്കിപീഡിയയിൽ ലേഖനങ്ങൾ എഴുതുന്നവർ അതിനായി തങ്ങളുടെ വിശ്രമവേളകളാണ് ഉപയോഗപ്പെടുത്തുന്നത്. അതിനാൽ സംവാദം താളിലെ മറുപടിക്കായി കുറഞ്ഞത് ഒരാഴ്ചയെങ്കിലും കാത്തിരിക്കുക.

അപവാദങ്ങൾ

സൂചികകളും ഫലകങ്ങളും

ലേഖനങ്ങൾ ധൈര്യപൂർവ്വം തിരുത്തുന്നത് ഒന്നാന്തരം കാര്യമാണ്, പക്ഷെ സൂചികകളും ഫലകങ്ങളും തിരുത്തുന്നത് അത്രനല്ല കാര്യമല്ല. അവയുടെ തിരുത്തലുകൾ ഒരു താളിലല്ല മറിച്ച് ഒട്ടനവധി താളുകളെ ബാധിക്കും. ഇവയിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുവാനാഗ്രഹിക്കുന്നുവെങ്കിൽ അത് അവയുടെ സംവാദം താളിൽ കൊടുക്കുന്നതാവും നല്ലത്.

പൂർവ്വപ്രാപനം(റിവേർട്ടിങ്)

വിക്കിപീഡിയയിൽ ധൈര്യശാലിയാവേണ്ടത് മെച്ചപ്പെടുത്തുന്നതിലാവണം, നശീകരണത്തിലാവരുത്. അതുകൊണ്ട് ധൈര്യമായി തിരുത്തുക എന്നതുകൊണ്ട് ധൈര്യമായി ലേഖനങ്ങൾ പഴയ അവസ്ഥയിലേക്ക് തിരിച്ചു വെക്കുക എന്നു മനസ്സിലാക്കരുത്. വിവേചനരഹിതമായുള്ള പൂർവ്വപ്രാപനങ്ങൾ തിരുത്തൽ പോരാട്ടങ്ങൾക്ക് വഴിവെച്ചേക്കാം. എപ്പോൾ തിരുത്തൽ പോരാട്ടങ്ങൾ ആരംഭിക്കുന്നോ അപ്പോൾ സംയുക്ത ശ്രമഫലമായ ലേഖനം എന്ന വിക്കിആശയം പ്രവർത്തിക്കാതാവുന്നു. അതുകൊണ്ട് പൂർവ്വപ്രാപനം ചെയ്യുന്നതിനു മുമ്പ് രണ്ടുവട്ടം ആലോചിക്കുക സംശയം തോന്നിയാൽ സംവാദം താൾ ഉപയോഗിക്കുക.