Jump to content

കാഴ്ച ശക്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിഷ്വൽ അക്വിറ്റി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാഴ്ച ശക്തി
Medical diagnostics
കാഴ്ച പരിശോധന നടത്താൻ സാധാരണയായി ഉപയോഗിക്കുന്ന സ്നെലൻ ചാർട്ട്

കാഴ്ച ശക്തി അഥവാ വിഷ്വൽ അക്വിറ്റി (വി‌എ) എന്നത് സാധാരണയായി കാഴ്ചയുടെ വ്യക്തതയെ സൂചിപ്പിക്കുന്നു. ഒരു വ്യക്തിയുടെ കാഴ്ച ശക്തി, കണ്ണിനുള്ളിലെ റെറ്റിനയിൽ പ്രകാശം ഫോക്കസ് ചെയ്യുന്നതിനെയും അതുപോലെ റെറ്റിനയുടെ ആരോഗ്യവും പ്രവർത്തനവും, തലച്ചോറിന്റെ സംവേദനക്ഷമത എന്നിങ്ങനെ പല ഒപ്റ്റിക്കൽ, ന്യൂറൽ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.[1]

കുറഞ്ഞ കാഴ്ച ശക്തിയുടെ ഒരു സാധാരണ കാരണം റിഫ്രാക്റ്റീവ് തകരാറ് (അമെട്രോപിയ) ആണ്. റിഫ്രാക്റ്റീവ് തകരാറുകളുടെ കാരണങ്ങളിൽ കണ്ണ് അല്ലെങ്കിൽ കോർണിയയുടെ ആകൃതിയിലുള്ള വ്യതിയാനങ്ങൾ, ലെൻസിന്റെ വഴക്കം കുറയുക എന്നിവ ഉൾപ്പെടുന്നു. സാധാരണ റിഫ്രാക്റ്റീവ് നിലയെ എമ്മെട്രോപിയ എന്ന് വിളിക്കുന്നു. നേത്ര ഗോളത്തിൻ്റെ നീളത്തിലോ, കോർണ്ണിയയുടെയും മറ്റും വക്രതയിലോ ഉള്ള വ്യത്യാസം ഹ്രസ്വദൃഷ്ടിക്കും ദീർഘദൃഷ്ടിക്കും അസ്റ്റിഗ്മാറ്റിസത്തിനുമൊക്കെ കാരണമാകും. ഒപ്റ്റിക്കൽ മാർഗ്ഗങ്ങളിലൂടെ (കണ്ണടകൾ, കോണ്ടാക്ട് ലെൻസുകൾ, ലേസർ സർജറി മുതലായവ) ഈ അപാകതകളിൽ ഭൂരിപക്ഷവും ശരിയാക്കാം.

കാഴ്ച ശക്തി പരിമിതപ്പെടുത്തുന്ന ന്യൂറൽ ഘടകങ്ങൾ റെറ്റിനയിലോ തലച്ചോറിലോ അല്ലെങ്കിൽ കണ്ണിൽ നിന്നും തലച്ചോറിലേക്ക് വിഷ്വൽ വിവരങ്ങൾ വഹിക്കുന്ന പാതയിലോ സ്ഥിതിചെയ്യുന്നു. ആദ്യത്തേതിന്റെ ഉദാഹരണങ്ങളാണ് റെറ്റിന ഡിറ്റാച്ച്മെൻറ്, മാക്യുലർ ഡീജനറേഷൻ എന്നിവയൊക്കെ. കുട്ടിക്കാലത്ത് തന്നെ മസ്തിഷ്കം ശരിയായി വികസിക്കാത്തതാണ് മറ്റൊരു സാധാരണ വൈകല്യമായ ആംബ്ലിയോപിയയ്ക്ക് കാരണം. ചില സന്ദർഭങ്ങളിൽ, മസ്തിഷ്ക ക്ഷതം പോലെ തലയ്ക്ക് ഏൽക്കുന്ന ക്ഷതം മൂലവും കാഴ്ച കുറയാം. ഒപ്റ്റിക്കൽ ഘടകങ്ങളുടെ തകരാറുകൾ ശരിയാക്കിയ ശേഷം കാഴ്ച ശക്തി സാധാരണനിലയിൽ ആകുന്നുണ്ടെങ്കിൽ അത് തലച്ചോറും മറ്റ് ന്യൂറൽ ഘടകങ്ങളും നന്നായി പ്രവർത്തിക്കുന്നതിന്റെ അളവുകോലായി കണക്കാക്കാം.

നിർവചനം

[തിരുത്തുക]

കാഴ്ച ശക്തി അളക്കുന്നത് പൊതുവേ ഒരിടത്ത്, പൊതുവേ ഒരു കാഴ്ചപരിശോധനാ ചാർട്ടിൽ ദൃഷ്ടി ഉറപ്പിച്ചുകൊണ്ടാണ്. റെറ്റിനയുടെ കേന്ദ്ര ഭാഗത്ത് മാകുലയിൽ ആണ് പ്രകാശം ഫോക്കസ് ചെയ്യുന്നത് അതിനാൽ ഈ ഭാഗത്ത് കാഴ്ച ഏറ്റവും ഉയർന്നതായിരിക്കും. ആയതിനാൽ കാഴ്ചശക്തി എന്ന നിലയിൽ അളക്കുന്ന അളവ് യഥാർഥത്തിൽ കേന്ദ്ര (അല്ലെങ്കിൽ ഫോവിയൽ) കാഴ്ചയുടെ അളവുകോലാണ്. മാകുലക്ക് വെളിയിലെ പെരിഫറൽ ററ്റിന വഴിയുള്ള കാഴ്ച ശക്തിയും ശരിക്കും ദൈനംദിന ജീവിതത്തിൽ അത്യന്താപേക്ഷിതം (കേന്ദ്ര കാഴ്ചയ്ക്ക് തുല്യമോ അതിനേക്കാൾ ഉയരെയോ) ആണ്. മാകുലക്ക് വെളിയി ദൂരേക്ക് മാറുന്തോറും ഇൻവേഴ്സ്-ലീനിയർ രീതിയിൽ കാഴ്ച ശക്തി കുറയുന്നു (അതായത് കാഴ്ച ശക്തിയിലെ ഇടിവ് ഏകദേശം ഒരു ഹൈപ്പർബോളയെ പിന്തുടരുന്നു).[2]

കാഴ്ച ശക്തി അളക്കുന്നതിനുള്ള നേത്രപരിശോധന

വിഷ്വൽ അക്വിറ്റി അല്ലെങ്കിൽ കാഴ്ച ശക്തി എന്നത് യഥാർഥത്തിൽ വിഷ്വൽ പ്രോസസ്സിംഗ് സിസ്റ്റത്തിന്റെ സ്പേഷ്യൽ റെസല്യൂഷന്റെ അളവുകോലാണ്. സ്റ്റൈലൈസ്ഡ് അക്ഷരങ്ങൾ ഉപയോഗിക്കുന്ന കാഴ്ച പരിശോധന ചാർട്ടുകളായ ലാൻ‌ഡോൾട്ട് സി, പീഡിയാട്രിക് ചിഹ്നങ്ങൾ, ഇ ചാർട്ട് എന്നിവ കാഴ്ച ശക്തി പരിശോധിക്കുന്നതിന് ഉപയോഗിക്കുന്നു.

കാഴ്ച ശക്തി നോർമൽ എന്ന് കരുതുന്ന ഒരു റഫറൻസ് മൂല്യത്തെ 6/6 കാഴ്ച എന്ന് വിളിക്കുന്നു. ആ പ്രകടനമുള്ള ഒരു മനുഷ്യനേത്രത്തിന് ഏകദേശം 1.75 മില്ലീമീറ്റർ അകലെയുള്ള കോണ്ടറുകൾ വേർതിരിക്കാൻ കഴിയും. 6/12 എന്ന കാഴ്ച അളവ് കുറഞ്ഞ കാഴ്ച ആയി കണക്കാക്കാം, അതേപോലെ 6/3 കാഴ്ച സാധാരണയിലും മികച്ച കാഴ്ചയാണ്. സാധാരണ വ്യക്തികൾക്ക് 6/4 അല്ലെങ്കിൽ അതിലും മികച്ച (പ്രായവും മറ്റ് ഘടകങ്ങളും അനുസരിച്ച്) കാഴ്ച ശക്തിഉണ്ടാവും.

6 / x എന്നതിൽ, ന്യൂമെറേറ്റർ (6) എന്നത് വ്യക്തിക്കും കാഴ്ച പരിശോധന ചാർട്ടിനും ഇടയിലുള്ള മീറ്ററിലുള്ള ദൂരവും ഡിനോമിനേറ്റർ (x) 6/6 അക്വിറ്റി ഉള്ള ഒരാൾ ആ ഒപ്റ്റോടൈപ്പ് തിരിച്ചറിയുന്ന കൂടിയ ദൂരവും ആണ്. അതിനാൽ ഒരാൾക്ക് 6/12 കാഴ്ച ഉണ്ട് എന്നതിനർത്ഥം, അയാൾ 6 മീറ്ററിൽ കാണുന്ന അതേ ഒപ്റ്റോടൈപ്പ് 6/6 കാഴ്ചയുള്ള ഒരു വ്യക്തി 12 മീറ്റർ അകലെ നിന്ന് (അതായത് ഇരട്ടി ദൂരത്തിൽ) തിരിച്ചറിയും എന്നാണ്. ഇത് 6/12 കാഴ്ച ഉള്ള വ്യക്തിക്ക് പകുതി സ്പേഷ്യൽ റെസല്യൂഷൻ ഉണ്ടെന്നും ഒപ്റ്റോടൈപ്പ് തിരിച്ചറിയാൻ ഇരട്ടി വലുപ്പം ആവശ്യമാണെന്നും പറയുന്നതിന് തുല്യമാണ്.

ഭിന്നസംഖ്യയെ ദശാംശത്തിലേക്ക് പരിവർത്തനം ചെയ്യുക എന്നത് ലളിതവും കാര്യക്ഷമവുമായ മാർഗ്ഗമാണ്. ആ രീതിയിൽ 6/6, 1.0 ആകും, 6/3 2.0 ന് തുല്യമാണ്. അക്വിറ്റി ഒരു ദശാംശ സംഖ്യയായി പ്രസ്താവിക്കുന്നത്, യൂറോപ്യൻ മാനദണ്ഡപ്രകാരം (EN ISO 8596, മുമ്പ് DIN 58220) യൂറോപ്യൻ രാജ്യങ്ങളിലെ നിലവാരമാണ്.

അക്വിറ്റി അളക്കുന്ന കൃത്യമായ ദൂരം വിഷ്വൽ ആംഗിളുമായി ആയി ബന്ധപ്പെട്ടിരിക്കുന്നു. അതായത് ഇത് ഒപ്റ്റോടൈപ്പ് കണ്ണിൽ ഉണ്ടാക്കുന്ന കോണാണ്. 6/6 അല്ലെങ്കിൽ 1.0 അക്വിറ്റി രേഖപ്പെടുത്തുന്ന സ്നെല്ലെൻ ചാർട്ടിലോ ലാൻ‌ഡോൾട്ട് സി ചാർട്ടിലോ ഉള്ള ഒരു അക്ഷരം 6 മീറ്റർ ദൂരത്തു നിന്ന് വീക്ഷിച്ചാൽ, അത് കണ്ണിൽ ഉണ്ടാക്കുന്ന കോൺ 5 ആർക്ക് മിനിറ്റ് (1 ഡിഗ്രി 1 ആർക്ക് മിനിറ്റ് = 1/60) വിഷ്വൽ ആംഗിൾ ആണ്. ഒരു സാധാരണ ഒപ്‌ടോടൈപ്പിന്റെ രൂപകൽപ്പനയിൽ അക്ഷരത്തിലെ വിടവ് ഈ മൂല്യത്തിന്റെ 1/5 ആണ്, അതായത് 1 ആർക്ക് മിനിറ്റ്. വിഷ്വൽ അക്വിറ്റിയുടെ അന്താരാഷ്ട്ര നിർവചനത്തിൽ ഉപയോഗിച്ചിരിക്കുന്ന മൂല്യമാണ് രണ്ടാമത്തേത്:

acuity = 1/gap size [arc min].

ദൃശ്യപ്രകടനത്തിന്റെ അളവുകോലാണ് വിഷ്വൽ അക്വിറ്റി, കാഴ്ച ശരിയാക്കാൻ ആവശ്യമായ കണ്ണട കുറിപ്പടിയുമായി ഇത് എല്ലായ്പോളും ബന്ധപ്പെടണമെന്നില്ല. നേത്രപരിശോധനയിൽ, കിട്ടാവുന്നതിൽ ഏറ്റവും മികച്ച കാഴ്ച നേടാനാകുന്ന കുറിപ്പടി കണ്ടെത്താൻ ആണ് ശ്രമിക്കുന്നത്. തത്ഫലമായുണ്ടാകുന്ന അക്വിറ്റി 6/6 = 1.0 നേക്കാൾ കൂടുതലോ കുറവോ ആകാം. വാസ്തവത്തിൽ, 6/6 കാഴ്ച ഉള്ളതായി നിർണ്ണയിക്കപ്പെടുന്ന ഒരു ആളിന് പലപ്പോഴും അതിലും ഉയർന്ന വിഷ്വൽ അക്വിറ്റി ഉണ്ടാകാനും സാധ്യതയുണ്ട്, കാരണം കാഴ്ച പരിശോധനയിൽ 6/6 കാഴ്ച നേടിക്കഴിഞ്ഞാൽ അത് പൂർണ്ണ കാഴ്ചയായി കണക്കാക്കുകയും ചെറിയ ഒപ്‌ടോടൈപ്പുകൾ പരീക്ഷിക്കപ്പെടാതിരിക്കുകയും ചെയ്യുന്നു.

ചരിത്രം

[തിരുത്തുക]
വർഷം സംഭവങ്ങൾ
1843 1843-ൽ, ജർമ്മൻ നേത്രരോഗവിദഗ്ദ്ധനായ ഹെൻ‌റിക് കൊച്ച്ലർ (1811–1873) ജർമ്മനിയിലെ ഡാർംസ്റ്റാഡിൽ വിഷൻ ടെസ്റ്റ് തരങ്ങൾ കണ്ടുപിടിച്ചു. കാഴ്ച പരിശോധനകൾ മാനദണ്ഡമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം വാദിക്കുകയും രോഗികൾ ചാർട്ട് മനപാഠമാക്കാതിരിക്കാൻ മൂന്ന് വായനാ ചാർട്ടുകൾ നിർമ്മിക്കുകയും ചെയ്തു.
1854 വിയന്നയിലെ ഒക്യുലിസ്റ്റ് ആയ എഡ്വേർഡ് ജാഗെർ വോൺ ജാൿസ്‌താൽ, ഹെൻ‌റിക് കുച്ലർ വികസിപ്പിച്ചെടുത്ത കണ്ണ് ചാർട്ട് ടെസ്റ്റ് തരങ്ങളിൽ മെച്ചപ്പെടുത്തലുകൾ വരുത്തി. ജർമ്മൻ, ഫ്രഞ്ച്, ഇംഗ്ലീഷ്, ഭാഷകളിലുള്ള ചാർട്ടുകൾ അദ്ദേഹം പ്രസിദ്ധീകരിച്ചു. 1854 ൽ വിയന്നയിലെ സ്റ്റേറ്റ് പ്രിന്റിംഗ് പ്രസിൽ ലഭ്യമായ ഫോണ്ടുകൾ അദ്ദേഹം ഉപയോഗിക്കുകയും ആ പ്രിന്റിംഗ് ഹൌസ് കാറ്റലോഗിൽ നിന്നുള്ള നമ്പറുകൾ ഉപയോഗിച്ച് ലേബൽ ചെയ്യുകയും ചെയ്തു, നിലവിൽ അത് ജെയ്‌ഗർ നമ്പറുകൾ എന്നറിയപ്പെടുന്നു.
1862 ഹെർമൻ സ്നെല്ലൻ, സ്നെല്ലെൻ ചാർട്ട് രൂപകൽപ്പന ചെയ്തു.[3][4]
1888 എഡ്മണ്ട് ലാൻ‌ഡോൾട്ട് ലാൻ‌ഡോൾട്ട് റിംഗ് (അല്ലെങ്കിൽ സി) ചാർട്ട് അവതരിപ്പിച്ചു. ഇത് പിന്നീട് ഒരു അന്താരാഷ്ട്ര നിലവാരമായി മാറി.[5][6]
1894 ബെർലിനിലെ തിയോഡോർ വർത്തൈം പെരിഫറൽ കാഴ്ചയിലെ അക്വിറ്റിയുടെ വിശദമായ അളവുകൾ അവതരിപ്പിക്കുന്നു.[2][7]
1978 ഹഗ് ടെയ്‌ലർ ഒപ്റ്റോടൈപ്പ് ഡിസൈൻ തത്വങ്ങൾ ഉപയോഗിച്ച് നിരക്ഷരരായവരുടെ കാഴ്ച പരിശോധിക്കാൻ സഹായിക്കുന്ന "ടംബ്ലിംഗ് ഇ ചാർട്ട്" നിർമ്മിച്ചു. ഇത്, പിന്നീട് ഓസ്ട്രേലിയൻ ആദിവാസികളുടെ വിഷ്വൽ അക്വിറ്റി പഠിക്കാൻ[8] ഉപയോഗിച്ചു.
1982 നാഷണൽ ഐ ഇൻസ്റ്റിറ്റ്യൂട്ടിലെ റിക്ക്, ഫെറിസ് തുടങ്ങിയവർ സ്ലോൺ അക്ഷരങ്ങൾ ഉപയോഗിച്ച് ലോഗ്മാർ ചാർട്ട് അവതരിപ്പിക്കുന്നു. പ്രമേഹ റെറ്റിനോപ്പതി പഠനത്തിനും ആദ്യകാല ചികിത്സയ്ക്കുമായി (ഇടിഡിആർഎസ്) വിഷ്വൽ അക്വിറ്റി അളക്കുന്നതിനുള്ള ഒരു സ്റ്റാൻഡേർഡ് രീതി ഇതിലൂടെ സ്ഥാപിക്കപ്പെട്ടു. ഈ ചാർ‌ട്ടുകൾ‌ പിന്നീടുള്ള എല്ലാ ക്ലിനിക്കൽ‌ പഠനങ്ങളിലും ഉപയോഗിക്കാൻ തുടങ്ങി. ഓരോ വരിയിലും എല്ലാ അക്ഷരങ്ങളും ഉപയോഗിക്കാതെ ഓരോ വരിയിലും ഒരേ ശരാശരി ബുദ്ധിമുട്ട് നൽകുന്ന അക്ഷര കോമ്പിനേഷനുകൾ തിരഞ്ഞെടുക്കുന്നതിന് ഇടിഡിആർഎസ്-ൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ചു.
1984 മേൽപ്പറഞ്ഞ സവിശേഷതകൾ ഉൾപ്പെടുത്തി ഒരു പുതിയ 'വിഷ്വൽ അക്വിറ്റി മെഷർമെന്റ് സ്റ്റാൻഡേർഡ്' ഇന്റർനാഷണൽ കൗൺസിൽ ഓഫ് ഒഫ്താൽമോളജി അംഗീകരിച്ചു.
1988 മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ അന്റോണിയോ മദീനയും ബ്രാഡ്‌ഫോർഡ് ഹോലാന്റും അക്ഷരങ്ങൾ ഉപയോഗിച്ച് ഒരു പുതിയ കണ്ണ് പരിശോധന ചാർട്ട് വികസിപ്പിച്ചെടുക്കുന്നു. അവ സ്നെല്ലെൻ ഭിന്നസംഖ്യയുടെ അനിയന്ത്രിതമായ സ്വഭാവം പ്രകടിപ്പിക്കുകയും വ്യത്യസ്ത അക്ഷര തരങ്ങളുടെ ചാർട്ടുകൾ ഉപയോഗിച്ച് നിർണ്ണയിക്കപ്പെടുന്ന വിഷ്വൽ അക്വിറ്റിയുടെ കൃത്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു, ഇത് സ്നെല്ലൻ സിസ്റ്റം കാലിബ്രേറ്റ് ചെയ്യുന്നു.[9]

ഫിസിയോളജി

[തിരുത്തുക]

ഉയർന്ന സ്പേഷ്യൽ സാന്ദ്രത (സെൻട്രൽ ഫോവിയയിൽ) ഉള്ള കോൺ റിസപ്റ്റർ സെല്ലുകൾ പകൽ വെളിച്ചത്തിലെ കാഴ്ച, അതായത് ഫോട്ടോപിക് കാഴ്ച നിയന്ത്രിക്കുന്നു, കൂടാതെ 6/6 അല്ലെങ്കിൽ അതിലും ഉയർന്ന കാഴ്ച ശക്തി സാധ്യമാക്കുകയും ചെയ്യുന്നു. കുറഞ്ഞ പ്രകാശത്തിൽ അതായത്, സ്കോട്ടോപിക് കാഴ്ചയിൽ കോണുകൾക്കുപകരം റോഡ് കോശങ്ങളാണ് പ്രവർത്തിക്കുന്നത്. വിഷ്വൽ ഫീൽഡിന്റെ മധ്യഭാഗത്ത് (ഫോവിയോള) റോഡുകളില്ലാത്തതിനാൽ കുറഞ്ഞ പ്രകാശത്തിലെ ഏറ്റവും ഉയർന്ന പ്രകടനം പെരിഫറൽ കാഴ്ചയിൽ കൈവരിക്കുന്നു.[2]

മനുഷ്യന്റെ പരമാവധി കോണീയ മിഴിവ് 28 ആർക്ക് സെക്കൻഡ് അല്ലെങ്കിൽ 0.47 ആർക്ക് മിനിറ്റ് ആണ്, [10] ഇത് 0.008 ഡിഗ്രി കോണീയ മിഴിവ് നൽകുന്നു, 1 കിലോമീറ്റർ അകലെ ഇത് 136 മില്ലിമീറ്ററിന് തുല്യമാണ്. ഇത് ഒരു വരി ജോഡിക്ക് (ഒരു വെള്ളയും ഒരു കറുത്ത വരയും) 0.94 ആർക്ക് മിനിറ്റിന് തുല്യമാണ് (അല്ലെങ്കിൽ 0.016 ഡിഗ്രി). ഒരു പിക്സൽ ജോഡിക്ക് (ഒരു വെള്ള പിക്സലും ഒരു കറുത്ത പിക്സലും) ഇത് ഒരു ഡിഗ്രിക്ക് 128 പിക്സൽ സാന്ദ്രത നൽകുന്നു (പിപിഡി).

6/6 കാഴ്ച എന്നത് ഒരു മിനിറ്റ് ആർക്ക് വിഷ്വൽ ആംഗിൾ ഉപയോഗിച്ച് വേർതിരിച്ച രണ്ട് പ്രകാശ പോയിന്റുകൾ വേർതിരിച്ചറിയാനുള്ള കഴിവായി നിർവചിക്കപ്പെടുന്നു.[11]

ഡയഗ്രം തിരശ്ചീന മെറിഡിയനിലെ മനുഷ്യന്റെ കണ്ണിന്റെ ആപേക്ഷിക അക്വിറ്റി കാണിക്കുന്നു.[12] [13][14][15] പുറം ദിശയിൽ ഏകദേശം 15.5 ഡിഗ്രിയിൽ ആണ് അന്ധബിന്ദു (ഉദാ. ഇടത് കണ്ണിന് ഇടത് വിഷ്വൽ ഫീൽഡിൽ).[16]
Visual acuity scales[17]
20 ft 10 ft 6 m 3 m Decimal Minimum angle of resolution LogMAR
20/1000 10/500 6/300 3/150 0.02 50 1.70
20/800 10/400 6/240 3/120 0.025 40 1.60
20/600 10/300 6/180 3/90 0.033 30 1.50
20/500 10/250 6/150 3/75 0.04 25 1.40
20/400 10/200 6/120 3/60 0.05 20 1.30
20/300 10/150 6/90 3/45 0.067 15 1.20
20/250 10/125 6/75 3/37 0.08 12.5 1.10
20/200 10/100 6/60 3/30 0.10 10 1.00
20/160 10/80 6/48 3/24 0.125 8 0.90
20/125 10/62 6/38 3/19 0.16 6.25 0.80
20/100 10/50 6/30 3/15 0.20 5 0.70
20/80 10/40 6/24 3/12 0.25 4 0.60
20/60 10/30 6/18 3/9 0.33 3 0.50
20/50 10/25 6/15 3/7.5 0.40 2.5 0.40
20/40 10/20 6/12 3/6 0.50 2 0.30
20/30 10/15 6/9 3/4.5 0.63 1.5 0.20
20/25 10/12 6/7.5 3/4 0.80 1.25 0.10
20/20 10/10 6/6 3/3 1.00 1 0.00
20/16 10/8 6/4.8 3/2.4 1.25 0.8 −0.10
20/12.5 10/6 6/3.8 3/2 1.60 0.625 −0.20
20/10 10/5 6/3 3/1.5 2.00 0.5 −0.30
20/8 10/4 6/2.4 3/1.2 2.50 0.4 −0.40
20/6.6 10/3.3 6/2 3/1 3.00 0.333 −0.50

ഒരു സ്നെല്ലെൻ ചാർട്ടിൽ കാണുന്ന അക്ഷരങ്ങളുടെ വലുപ്പം അല്ലെങ്കിൽ ലാൻ‌ഡോൾട്ട് സി‌ അല്ലെങ്കിൽ ഇ ചാർട്ട് പോലുള്ള ചാർട്ടുകളിലെ ചിഹ്നങ്ങളുടെ വലുപ്പം അനുസരിച്ച് വിഷ്വൽ അക്വിറ്റി പലപ്പോഴും അളക്കുന്നു.

ചില രാജ്യങ്ങളിൽ, അക്വിറ്റി ഒരു ഭിന്നസംഘ്യയായും മറ്റ് ചില സ്ഥലങ്ങളിൽ ദശാംശ സംഖ്യയായും എഴുതുന്നു. ഇൻഡ്യയിൽ സാധാരണയായി ദൂര കാഴ്ച രേഖപ്പെടുത്തുന്നത് ഭിന്ന സംഖ്യയായി ആണ്.

അളവെടുപ്പിന്റെ യൂണിറ്റായി മീറ്റർ ഉപയോഗിച്ച്, കാഴ്ച ശക്തി 6/6 എന്നെഴുതുമ്പോൾ, അടിക്കണക്കിൽ 20/20 എന്നാവും. എല്ലാ പ്രായോഗിക ആവശ്യങ്ങൾക്കും, 20/20 കാഴ്ച 6/6 ന് തുല്യമാണ്. ദശാംശവ്യവസ്ഥയിൽ, 6/6 കാഴ്ച 1.0 ന് തുല്യമാണ്.

റെസല്യൂഷന്റെ ഏറ്റവും കുറഞ്ഞ കോണിന്റെ (MAR) ലോഗരിതം ആയി അളക്കുന്ന മറ്റൊരു സാധാരണ സ്കെയിലാണ് ലോഗ്മാർ ചാർട്ട്. ലോഗ്മാർ സ്കെയിൽ ഒരു പരമ്പരാഗത ചാർട്ടിന്റെ ജ്യാമിതീയ ശ്രേണിയെ ഒരു രേഖീയ സ്കെയിലിലേക്ക് പരിവർത്തനം ചെയ്യുന്നു. ലോഗ്മാർചാർട്ട് ഉപയോഗിച്ചുള്ള കാഴ്ച ശക്തി രേഖപ്പെടുത്തലിൽ പോസിറ്റീവ് മൂല്യങ്ങൾ കാഴ്ച നഷ്ടത്തെ സൂചിപ്പിക്കുന്നു, അതേസമയം നെഗറ്റീവ് മൂല്യങ്ങൾ സാധാരണ അല്ലെങ്കിൽ മികച്ച വിഷ്വൽ അക്വിറ്റിയെ സൂചിപ്പിക്കുന്നു.

സാധാരണയായി പൂർണ്ണമായ അല്ലെങ്കിൽ നോർമൽ കാഴ്ച എന്നത് 6/6 എന്ന വിഷ്വൽ അക്വിറ്റിയാണ്. ഇത് "സാധാരണ" കാഴ്ചശക്തി ഉള്ള ഒരാൾ 6 മീറ്ററിൽ നിന്ന് കാണുന്നതുപോലെ തന്നെ ഈ വ്യക്തിക്കും കാണാൻ കഴിയും എന്നാണ് അർത്ഥമാക്കുന്നത്. ഒരു വ്യക്തിയുടെ കാഴ്ച 6/12 ആണെങ്കിൽ, അദ്ദേഹം 6 മീറ്റർ ദൂരത്തിൽ നിന്നു മാത്രം വായിക്കുന്ന അക്ഷരം സാധാരണ കാഴ്ചശക്തി ഉള്ള ഒരാൾക്ക് 12 മീറ്റർ അകലെ നിന്നു പോലും കാണാൻ കഴിയും എന്നതാണ്.

ആരോഗ്യമുള്ള യുവ നിരീക്ഷകർക്ക് 6/6 എന്നതിനേക്കാൾ മികച്ച ഒരു ബൈനോക്കുലർ അക്വിറ്റി ഉണ്ടായിരിക്കാം; അൺഎയ്ഡഡ് മനുഷ്യന്റെ കണ്ണിലെ അക്വിറ്റിയുടെ പരിധി 6 / 3–6 / 2.4 (20 / 10–20 / 8) ആണ്, എന്നിരുന്നാലും ചില യുഎസ് പ്രൊഫഷണൽ അത്ലറ്റുകളുടെ പഠനത്തിൽ 6/3 എന്ന അളവ് കാഴ്ച ശക്തിയുടെ ഏറ്റവും ഉയർന്ന സ്കോർ ആയി രേഖപ്പെടുത്തി. പരുന്ത് പോലുള്ള ചില ഇരപിടിയൻ പക്ഷികൾക്ക് 20/2 (6/0.6) വരെ കാഴ്ച തീവ്രതയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു; [18] ഇക്കാര്യത്തിൽ, അവരുടെ കാഴ്ച ശക്തി മനുഷ്യന്റെ കാഴ്ചയെക്കാൾ മികച്ചതാണ്.

വിഷ്വൽ അക്വിറ്റി ചാർട്ടിലെ ഏറ്റവും വലിയ ഒപ്‌ടോടൈപ്പ് പോലും കാണുന്നില്ല എങ്കിൽ, രോഗിക്ക് വായിക്കാൻ കഴിയുന്നതുവരെ വായനാ ദൂരം കുറയ്ക്കേണ്ടിവരും. രോഗിക്ക് ചാർട്ട് വായിക്കാൻ കഴിഞ്ഞാൽ, അക്ഷര വലുപ്പവും പരിശോധനാ ദൂരവും രേഖപ്പെടുത്തുന്നു. രോഗിക്ക് ചാർട്ട് ഒരു അകലത്തിലും വായിക്കാൻ കഴിയുന്നില്ലെങ്കിൽ, ഇനിപ്പറയുന്ന രീതിയിൽ പരിശോധിക്കുന്നു:

പേര് ചുരുക്കെഴുത്ത് നിർവചനം
കൗണ്ടിങ് ഫിങ്കർ (വിരൽ എണ്ണൽ) സി.എഫ് ഒരു നിശ്ചിത അകലത്തിൽ വിരലുകൾ എണ്ണാനുള്ള കഴിവ്. അക്വിറ്റി ചാർട്ടിലെ അക്ഷരങ്ങളോ വളയങ്ങളോ ചിത്രങ്ങളോ 6 മീറ്റർ ദൂരത്തിൽ നിന്ന് വായിക്കാൻ രോഗിക്ക് കഴിയില്ലെന്ന് ഉറപ്പിച്ചതിനുശേഷം മാത്രമാണ് ഈ പരിശോധന രീതി ഉപയോഗിക്കുന്നത്.

ഉദാഹരണത്തിന്, സി‌എഫ് 5 മീ. എന്നത് അർത്ഥമാക്കുന്നത് രോഗിക്ക് പരമാവധി 5 മീറ്റർ അകലെ നിന്ന് പരീക്ഷകന്റെ വിരലുകൾ എണ്ണാൻ കഴിയുമെന്നാണ്.

ഹാൻഡ് മൂവ്മെൻ്റ് (കൈ ചലനം) എച്ച്.എം രോഗിയുടെ കണ്ണുകൾക്ക് മുന്നിൽ കൈ ചലിപ്പിക്കുമ്പോൾ പരീക്ഷകന്റെ കൈയുടെ ഈ ചലനം രോഗി തിരിച്ചറിയുന്നോ ഇല്ലയോ എന്ന് രേഖപ്പെടുത്തുന്നതാണിത്.

ഉദാഹരണത്തിന്, എച്ച്എം 2 മീ. എന്ന റെക്കോർഡിംഗ് അർത്ഥമാക്കുന്നത് രോഗിക്ക് പരീക്ഷകന്റെ കൈയുടെ ചലനത്തെ പരമാവധി 2 അകലത്തിൽ നിന്ന് വേർതിരിച്ചറിയാൻ കഴിഞ്ഞു എന്നാണ്.

ലൈറ്റ് പെർസെപ്ഷൻ എൽ പി പ്രകാശം തിരിച്ചറിയാനുള്ള കഴിവ്. ഹാൻഡ് മോഷൻ പരിശോധനയിൽ ഒരു രോഗി അടുത്തു നിന്നു പോലും കൈയുടെ ചലനം തിരിച്ചറിയുന്നില്ലെങ്കിൽ മാത്രമാണ് ഈ പരിശോധന രീതി ഉപയോഗിക്കുന്നത്. ഈ പരിശോധനയിൽ, ഒരു പരീക്ഷകൻ രോഗിയുടെ കണ്ണിലേക്ക് ഒരു പെൻ ലൈറ്റ് പ്രകാശിപ്പിക്കുകയും രോഗിയോട് പ്രകാശ സ്രോതസ്സിലേക്ക് വിരൽ ചൂണ്ടിക്കാണിക്കുകയോ അല്ലെങ്കിൽ പ്രകാശം വരുന്ന ദിശ (മുകളിലേക്ക്, പുറത്തേക്ക്, നേരെ മുന്നോട്ട്, താഴേക്ക്, പുറത്തേക്ക്, തുടങ്ങിയവ) വിവരിക്കുകയോ ചെയ്യാൻ ആവശ്യപ്പെടുന്നു. രോഗിക്ക് പ്രകാശം തിരിച്ചറിയാൻ കഴിയുന്നുവെങ്കിൽ, രോഗിയുടെ തീവ്രതയെ പ്രതിനിധീകരിക്കുന്നതിന് എൽപി എന്ന് രേഖപ്പെടുത്തുന്നു. രോഗിക്ക് പ്രകാശം തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ, എൻ‌എൽ‌പി ( No Light Perception) എന്ന് രേഖപ്പെടുത്തുന്നു. രണ്ട് കണ്ണുകളിലും എൻ‌എൽ‌പി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ, രോഗിയെ പൂർണ്ണമായ അന്ധത ബാധിച്ചതായി കരുതാം.

കുട്ടികളിൽ പരിശോധന

[തിരുത്തുക]

നവജാതശിശുവിന്റെ വിഷ്വൽ അക്വിറ്റി ഏകദേശം 6/133 ആണ്. 2009 ൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് മിക്ക കുട്ടികളിലും ആറുമാസം കഴിഞ്ഞാൽ കാഴ്ച 6/6 ആയി മെച്ചപ്പെടുന്നതായി പറയുന്നു. [19]

ശിശുക്കൾ, പ്രീ-വെർബൽ കുട്ടികൾ, പ്രത്യേക പരിഗണന ലഭിക്കേണ്ട ജനവിഭാഗം (ഉദാഹരണത്തിന്, വികലാംഗരായ വ്യക്തികൾ) എന്നിവരിൽ ഒരു അക്ഷര ചാർട്ട് ഉപയോഗിച്ച് വിഷ്വൽ അക്വിറ്റി അളക്കുന്നത് എല്ലായ്പ്പോഴും സാധ്യമായി എന്നുവരില്ല. ഈ വിഭാഗങ്ങൾക്കായി, പ്രത്യേക പരിശോധന ആവശ്യമാണ്. ഒരു അടിസ്ഥാന പരീക്ഷാ ഘട്ടമെന്ന നിലയിൽ, ഏതെങ്കിലും വസ്തുവിലേക്ക് ദൃഷ്ടി കേന്ദ്രീകരിക്കാനും, കാണിക്കുന്ന വസ്തുക്കളെ കണ്ണുകൾ ഉപയോഗിച്ച് ശരിയായ രീതിയിൽ പിന്തുടരാനും കഴിയുമോ എന്ന് പരിശോധിക്കണം.

പ്രിഫറൻഷ്യൽ ലുക്കിംഗ് ടെക്നിക്കുകൾ ഉപയോഗിച്ചുള്ള കൂടുതൽ ഔപചാരിക പരിശോധനയ്ക്ക് ടെല്ലർ അക്വിറ്റി കാർഡുകൾ ഉപയോഗിക്കുന്നു. ഇതിൽ, ഒരുവശത്തുള്ള ഒരു ശൂന്യ പേജുമായി താരതമ്യപ്പെടുത്തുമ്പോൾ, എതിർ വശത്തുള്ള ലംബമോ തിരശ്ചീനമോ ആയ ഗ്രേറ്റിംഗുകളുള്ള ഭാഗത്തേക്ക് കുട്ടി കൂടുതൽ ശ്രദ്ധിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നു.

വിഷ്വൽ എവോക്ക്ഡ് (കോർട്ടിക്കൽ) പൊട്ടൻഷ്യലുകൾ (വിഇപി അല്ലെങ്കിൽ വിഇസിപി) ഉപയോഗിച്ചുള്ള ഇലക്ട്രോ-ഫിസിയോളജിക് ടെസ്റ്റിംഗാണ് മറ്റൊരു ജനപ്രിയ സാങ്കേതികത, സംശയാസ്പദമായ കേസുകളിൽ വിഷ്വൽ അക്വിറ്റി കണക്കാക്കാനും ജന്മനാ ഉണ്ടാകുന്ന കടുത്ത കാഴ്ച നഷ്ടപ്പെടൽ കേസുകൾ കണക്കാക്കാനും ഇത് ഉപയോഗിക്കാം.

കറുപ്പും വെളുപ്പും വരകളും (സൈൻ വേവ് ഗ്രേറ്റിംഗുകൾ) അല്ലെങ്കിൽ ചെക്കർബോർഡ് പാറ്റേണുകളും (വരകളേക്കാൾ വലിയ പ്രതികരണങ്ങൾ ഉളവാക്കുന്ന) ഒരു ശ്രേണി ഉപയോഗിക്കുന്ന പരിശോധനയാണ് വി ഇ പി. ഇതിന് ബിഹേവിയറൽ പ്രതികരണങ്ങൾ ആവശ്യമില്ല, പകരം പാറ്റേണുകളുടെ അവതരണം സൃഷ്ടിച്ച മസ്തിഷ്ക തരംഗങ്ങൾ രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്.

ഒപ്റ്റോകൈനറ്റിക് നിസ്റ്റാഗ്മസ് ഡ്രം ഉപയോഗിച്ച് ഒക്കുലോമോട്ടർ പ്രതികരണങ്ങൾ പരിശോധിക്കുകയാണ് ലളിതവും എന്നാൽ അധികം ഉപയോഗിക്കാത്തതുമായ മറ്റൊരു സാങ്കേതികത, ഇവിടെ കറങ്ങുന്ന ഡ്രമ്മിലെ കറുപ്പും വെളുപ്പും വരകളെ പിന്തുടരാൻ മസ്തിഷ്കം ശ്രമിക്കുമ്പോൾ ഇത് അനിയന്ത്രിതമായതും പെട്ടെന്നുള്ളതുമായ കണ്ണ് ചലനങ്ങൾ (നിസ്റ്റാഗ്മസ്) സൃഷ്ടിക്കുന്നു. ഈ ചലനങ്ങൾ നിരീക്ഷിക്കുന്നതിലൂടെ കാഴ്ച ശക്തി അളക്കുവാൻ കഴിയും.

സാധാരണ കാഴ്ച ശക്തി

[തിരുത്തുക]

റെറ്റിനയിൽ പ്രകാശം എത്ര കൃത്യമായി കേന്ദ്രീകരിച്ചിരിക്കുന്നു എന്നതും, കണ്ണിന്റെ ന്യൂറൽ മൂലകങ്ങളുടെ സമഗ്രത, തലച്ചോറിന്റെ സംവേദനക്ഷമത എന്നിവയെ ഒക്കെ ആശ്രയിച്ചാണ് കാഴ്ച ശക്തി സാധാര നിലയിൽ എത്തുന്നത്. [20] നടുക്ക് അതായത് ഫോവിയൽ കാഴ്ച 5 മിനിട്ട് ആർ‌ക്ക് നൽ‌കുന്ന ഒപ്‌ടോടൈപ്പ് തിരിച്ചറിയാനുള്ള കഴിവായാണ് "നോർമൽ" കാഴ്ചയെ ഹെർമൻ സ്നെല്ലെൻ‌ നിർ‌വചിച്ചിരിക്കുന്നത്. സ്നെല്ലൻ ചാർട്ടിൽ ഇത് 6/6 (20/20) ആണ്. ദശാംശ രീതിയിൽ 1.00, അല്ലെങ്കിൽ 0.0 ലോഗ്മാർ സാധാരണ കാഴ്ച ആയി കണക്കാക്കാവുന്നതാണ്. ചെറുപ്പക്കാരായ മനുഷ്യരിൽ മികച്ച കാഴ്ച ഏകദേശം 6/5 മുതൽ 6/4 വരെയാണ്, അതിനാൽ 6/6 വിഷ്വൽ അക്വിറ്റിയെ "തികഞ്ഞ" ദർശനം എന്ന് പരാമർശിക്കുന്നത് കൃത്യമല്ല. 1 ആർക്ക് മിനിറ്റ് കൊണ്ട് വേർതിരിച്ച രണ്ട് കോണ്ടറുകളെ വിവേചിച്ചറിയാൻ ആവശ്യമായ വിഷ്വൽ അക്വിറ്റി 6/6 ആണ്. അതിനാൽ 6/6 കാഴ്ച സാധാരണയുടെ താഴ്ന്ന പരിധി അല്ലെങ്കിൽ സ്ക്രീനിംഗ് കട്ട്ഓഫ് ആയി കണക്കാക്കാം. ഒരു സ്ക്രീനിംഗ് ടെസ്റ്റായി ഉപയോഗിക്കുമ്പോൾ, ആരോഗ്യകരമായ വിഷ്വൽ സിസ്റ്റമുള്ള ശരാശരി മനുഷ്യൻറെ കാഴ്ച ശക്തി 6/6 നെക്കാൾ മികച്ചതാണെങ്കിലും അത് പരിഗണിക്കേണ്ട ആവശ്യമില്ല.

കഠിനമായ വിഷ്വൽ ഫീൽഡ് വൈകല്യങ്ങൾ, വർണ്ണാന്ധത, കുറഞ്ഞ ദൃശ്യതീവ്രത, മിതമായ ആംബ്ലിയോപിയ, സെറിബ്രൽ കാഴ്ച വൈകല്യങ്ങൾ, വേഗത്തിൽ നീങ്ങുന്ന വസ്തുക്കളെ ട്രാക്കുചെയ്യാനുള്ള കഴിവില്ലായ്മ, അല്ലെങ്കിൽ മറ്റ് പല കാഴ്ച വൈകല്യങ്ങൾ എന്നിവ പോലുള്ള ചില വിഷ്വൽ പ്രശ്നങ്ങൾ ചില ആളുകൾക്ക് അനുഭവപ്പെടാം. ഇത്തരം അവസ്ഥയിൽ ചാർട്ട് ഉപയോഗിച്ച് അളക്കുന്ന കാഴ്ച ശക്തി സാധാരമായി (6/6) തന്നെ വന്നേക്കാം. അതിനാൽ, 6/6 വിഷ്വൽ അക്വിറ്റി എല്ലായ്പോഴും സാധാരണ കാഴ്ചയെ സൂചിപ്പിക്കുന്നില്ല എന്ന് കരുതണം. എളുപ്പത്തിൽ അളക്കാനാവും എന്നതും, ഒരു വ്യക്തിക്ക് കൈകാര്യം ചെയ്യാൻ കഴിയുന്ന സാധാരണ ദൈനംദിന പ്രവർത്തനങ്ങളുമായി പൊരുത്തപ്പെടുന്നു എന്നതിനാലുമാണ് ഈ രീതിയിലുള്ള കാഴ്ച പരിശോധന വ്യാപകമായി ഉപയോഗിക്കുന്നതിനുള്ള കാരണം.

പരാമർശങ്ങൾ

[തിരുത്തുക]
  1. Cline, D; Hofstetter, HW; Griffin, JR. (1997). Dictionary of Visual Science (4th ed.). Boston: Butterworth-Heinemann. ISBN 978-0-7506-9895-5. {{cite book}}: Unknown parameter |name-list-format= ignored (|name-list-style= suggested) (help)
  2. 2.0 2.1 2.2 Strasburger; Rentschler; Jüttner (2011). "Peripheral vision and pattern recognition: a review". Journal of Vision. 11 (5): 13, 1–82. doi:10.1167/11.5.13. PMID 22207654.
  3. Enerson, Ole Daniel (2017). "Herman Snellen". Whonamedit?.
  4. Colenbrander, A (2001). "Measuring Vision and Vision Loss" (PDF). Archived from the original (PDF) on 4 December 2014.
  5. Landolt, E. (1888). "Méthode optométrique simple" [A simple optometric method]. Bulletins et Memoires de la Societe Francaise d'Ophtalmologie (in French) (6): 213–214.{{cite journal}}: CS1 maint: unrecognized language (link)
  6. Grimm; Rassow; Wesemann; Saur; Hilz (1994). "Correlation of optotypes with the Landolt Ring – a fresh look at the comparability of optotypes". Optometry and Vision Science. 71 (1): 6–13. doi:10.1097/00006324-199401000-00002. PMID 8146001.
  7. Wertheim, T (1894). "Über die indirekte Sehschärfe" [On indirect visual acuity]. Zeitschrift für Psychologie und Physiologie der Sinnesorgane (in German) (7): 172–187.{{cite journal}}: CS1 maint: unrecognized language (link)
  8. Taylor, HR. (1981). "Racial Variations in Vision". Am. J. Epidemiol. 113 (1): 62–80. doi:10.1093/oxfordjournals.aje.a113067. PMID 7457480.
  9. Medina, A.; Howland, B. (1988). "A novel high-frequency visual acuity chart". Ophthalmic Physiol Opt. 8 (1): 14–8. doi:10.1016/0275-5408(88)90083-x. PMID 3419824.
  10. Deering, Michael F. "The Limits of Human Vision" (PDF)..
  11. "Visual Acuity of the Human Eye". NDT Resource Center. Archived from the original on 2012-09-06. Retrieved 2020-04-17.
  12. acuity as reciprocal of degrees visual angle, divided by the foveal value
  13. Original figure in Østerberg, G. (1935). "Topography of the layer of rods and cones in the human retina". Acta Ophthalmologica. 13 (Suppl. 6): 11–103.
  14. Strasburger, H.; Rentschler, I.; Jüttner, M. (2011). "Peripheral vision and pattern recognition: a review". Journal of Vision. 11 (5): 1–82. Østerberg’s figure is reproduced in Fig. 4
  15. Hunziker, Hans-Werner (2006). Im Auge des Lesers: foveale und periphere Wahrnehmung – vom Buchstabieren zur Lesefreude [The eye of the reader: foveal and peripheral perception – from letter recognition to the joy of reading] (in German). Zürich: Transmedia Stäubli Verlag. ISBN 978-3-7266-0068-6. {{cite book}}: Unknown parameter |name-list-format= ignored (|name-list-style= suggested) (help)CS1 maint: unrecognized language (link)
  16. Rohrschneider, K. (2004). "Determination of the location of the fovea on the fundus". Investigative Ophthalmology & Visual Science. 45 (9): 3257–3258. doi:10.1167/iovs.03-1157.
  17. "Contrast sensitivity" (PDF). LEA-Test Ltd. Retrieved 21 July 2018.
  18. Kirschbaum, Kari. "Family Accipitridae". Animal Diversity Web. University of Michigan Museum of Zoology. Retrieved 30 January 2010.
  19. Pan, Y; Tarczy-Hornoch, K; Cotter, SA (June 2009). "Visual acuity norms in pre-school children: the Multi-Ethnic Pediatric Eye Disease Study". Optom Vis Sci. 86 (6): 607–12. doi:10.1097/OPX.0b013e3181a76e55. PMC 2742505. PMID 19430325.
  20. Carlson, N; Kurtz, D; Heath, D; Hines, C (1990). Clinical Procedures for Ocular Examination. Norwalk, CT: Appleton & Lange. ISBN 978-0071849203. {{cite book}}: Unknown parameter |name-list-format= ignored (|name-list-style= suggested) (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാഴ്ച_ശക്തി&oldid=4098491" എന്ന താളിൽനിന്ന് ശേഖരിച്ചത്