വ്യാജദിയൊനുസ്യോസ്
ക്രി.വ. അഞ്ചാം നുറ്റാണ്ടിന്റെ അവസാനത്തിനും ആറാം നൂറ്റാണ്ടിന്റെ ആരംഭത്തിനും ഇടയ്ക്ക് രചിക്കപ്പെട്ട ഒരുപറ്റം ക്രിസ്തീയ നവപ്ലേറ്റോണിക മിസ്റ്റിക്ക് രചനകളുടെ കർത്താവായ അജ്ഞാതദൈവശാസ്ത്രജ്ഞനും തത്ത്വചിന്തകനുമാണ് വ്യാജദിയൊനുസ്യോസ്. ഗ്രീസിലെ ആഥൻസിൽ പൗലോസ് അപ്പസ്തോലന്റെ പ്രസംഗം കേട്ട് ക്രിസ്തുമതം സ്വീകരിച്ച അരയോപഗസുകാരൻ ദിയൊനുസ്യോസിന്റെ[ക] പേരിൽ എഴുതപ്പെട്ട ഈ ഗ്രന്ഥങ്ങളുടെ കർത്താവ് പുതിയനിയമകാലത്തെ വ്യക്തികളുമായി പരിചയം ഭാവിക്കുന്നു. അതിനാൽ ആ രചനാസമുച്ചയം, ക്രിസ്തീയബൈബിൾ സംഹിതയുടെ ഭാഗമായ അപ്പൊസ്തോലനടപടികളിൽ പരാമർശിക്കപ്പെടുന്ന അരയോപഗസുകാരൻ ദിയൊനുസ്യോസിന്റെ തന്നെ സൃഷ്ടിയായി ഏറെക്കാലം കരുതപ്പെട്ടിരുന്നു.
മദ്ധ്യയുഗങ്ങളിലെ ക്രൈസ്തവചിന്തയെ വ്യാജദിയൊനുസ്യോസിന്റെ രചനകൾ ആഴത്തിൽ സ്വാധീനിച്ചു. സിറിയയിൽ ഗ്രീക്ക് ഭാഷയിൽ സൃഷ്ടിക്കപ്പെട്ട ഈ രചനാസമുച്ചയം, അയർലൻഡുകാരൻ[ഖ] ജോണിന്റെ (John the Scot) ഒൻപതാം നൂറ്റാണ്ടിലെ ലത്തീൻ പരിഭാഷയിലൂടെ പാശ്ചാത്യക്രൈസ്തവലോകത്തും പ്രചരിച്ചു.[1] ക്രിസ്തീയ യോഗാത്മസാഹിത്യത്തിന്റെ(Christian mysticism) പിതാവായി വ്യാജദിയൊനുസ്യോസ് കണക്കാക്കപ്പെടുന്നു.[2]
ചരിത്രം
[തിരുത്തുക]രചനാകാലം
[തിരുത്തുക]വ്യാജദിയൊനുസ്യോസിന്റെ രചനകളെ ആദ്യം പരാമർശിച്ചുകാണുന്നത്, ക്രി.വ. 518-നും 528-നും ഇടയ്ക്കെങ്ങോ അന്ത്യോക്യായിലെ സെവേരസ് ആണ്. ക്രി.വ. 485-ൽ മരിച്ച നവപ്ലേറ്റോണിക ചിന്തകൻ പ്രൊക്ലസിന്റെ രചനകളുമായി വ്യാജദിയൊനിസ്യോസ് പരിചയം കാട്ടുകയും ചെയ്യുന്നു. ഈ രണ്ടു സൂചനകളാണ് വ്യാജദിയൊനുസ്യോസിന്റെ കാലനിർണ്ണയത്തിന് ആശ്രയമായുള്ളത്. അതിനാൽ, ക്രി.വ. അഞ്ചാം നുറ്റാണ്ടവസാനത്തിനും ആറാം നുറ്റാണ്ടിന്റെ ആരംഭകാലത്തിനും ഇടയ്ക്ക് അദ്ദേഹം ജീവിച്ചിരുന്നതായാണ് കരുതപ്പെടുന്നത്. നവപ്ലേറ്റോണിക ചിന്തകൻ പ്രൊക്ലസിന്റെ ശിഷ്യൻ ആയിരുന്നിരിക്കാം അദ്ദേഹമെന്നും അനുമാനമുണ്ട്.
പാശ്ചാത്യലോകത്ത്
[തിരുത്തുക]പൗരസ്ത്യസഭയിൽ രൂപമെടുത്ത വ്യാജദിയൊനിസ്യോസിന്റെ രചനകൾ പാശ്ചാത്യദേശത്തെത്തിയത് ബൈസാന്തിയ രാജധാനിയുമായി നയതന്ത്രബന്ധത്തിന്റെ ഭാഗമായി എട്ടും ഒൻപതും നൂറ്റാണ്ടുകളിൽ നടന്ന ചില കൈമാറ്റങ്ങളിലൂടെയാണ്. ബൈസാന്തിയ ചക്രവർത്തി "വിക്കൻ മിഖായേൽ" (Michael the Stammerer) ഫ്രഞ്ച് ചക്രവർത്തി "ഭക്തൻ ലൂയീസിന്" (Louis the Pious) ക്രി.വ. 827-ൽ സമ്മാനിച്ച വ്യാജദിയൊനിസ്യോസിന്റെ രചനകളുടെ പ്രതി പാരിസിന്റെ പ്രാന്തത്തിലുള്ള വിശുദ്ധ ഡെനിസിന്റെ ആശ്രമത്തിലെത്തി. മൂന്നാം നൂറ്റാണ്ടിൽ പാരീസിലെ മെത്രാനായിരുന്ന രക്തസാക്ഷി വിശുദ്ധ ഡെനിസിന്റെ ശവകൂടീരം ആ ആശ്രമത്തിലായിരുന്നു. ഈ അമൂല്യഗ്രന്ഥത്തെ തന്റെ ആശ്രമത്തിന്റെ പെരുമ വർദ്ധിപ്പിക്കാനുള്ള ഉപാധിയായി കണ്ട അപ്പോഴത്തെ ആശ്രമാധിപൻ ഹിൽഡുയിൻ, അതിനെ ലത്തീനിലേയ്ക്കു പരിഭാഷപ്പെടുത്തി. ഒപ്പം, ഈ രചനാസമുച്ചയത്തിന്റെ കർത്താവായി കരുതപ്പെട്ടിരുന്ന അരിയോപാഗസുകാരൻ ദിയൊനുസ്യോസും തന്റെ ആശ്രമത്തിന്റെ പേരുകാരനായ വിശുദ്ധ ഡെനിസും അപ്പസ്തോലികകാലത്ത് ജീവിച്ചിരുന്ന ഒരേ വ്യക്തിതന്നെയാണെന്ന് അവകാശപ്പെടുന്ന മറ്റൊരു രചനകൂടി ഹിൽഡുയിൻ നിർവഹിച്ചു. ഒന്നാം നൂറ്റാണ്ടിലെ ആഥൻസിലെ മെത്രാനായി കരുതപ്പെട്ടിരുന്ന അരിയോപാഗസുകാരൻ ദിയൊനുസ്യോസ് പിന്നീട് ഫ്രാൻസിലെത്തി പാരിസിലെ മെത്രാനും തന്റെ ആശ്രമത്തിന്റെ അധിപനുമായി ഒടുവിൽ രക്തസാക്ഷിത്വം വരിച്ചെന്നാണ് ആ രചനയിൽ ഹിൽഡുയിൻ അവകാശപ്പെട്ടത്. പാശ്ചാത്യസഭയിൽ ദിയൊനുസ്യോസിന്റെ കഥയും വ്യാജദിയൊനുസ്യോസിന്റെ രചനാസമുച്ചയവും പ്രചരിക്കാൻ തുടങ്ങിയത് അങ്ങനെയാണ്.[3] ഹിൽഡുയിന്റെ ഈ കഥയിൽ ഒന്നാം നൂറ്റാണ്ടിലെ അരയോപാഗസുകാരൻ ദിയൊനുസ്യോസ്, മൂന്നാം നൂറ്റാണ്ടിലെ രക്തസാക്ഷി വിശുദ്ധ ഡെനിസ്, 5-6 നൂറ്റാണ്ടുകളിലെ വ്യാജദിയൊനുസ്യോസ് എന്നിവരുടെ വ്യക്തിത്വങ്ങൾ ചേർന്ന് ഒന്നായി.
ഹിൽഡുയിന്റെ പരിഭാഷ ഏറെ പോരായ്മകളുള്ളതായിരുന്നതിനാൽ കുറ്റമറ്റ മറ്റൊരു പരിഭാഷ ആവശ്യമായി വന്നു. അതിന് പ്രഖ്യാതപണ്ഡിതൻ അയർലൻഡുകാരൻ ജോണിനെ(John Scott) നിയോഗിച്ചത് ക്രി.വ. 862-ൽ ഫ്രാൻസിൽ ചക്രവർത്തിയായിരുന്ന "കഷണ്ടി ചാൾസ്" (Charles the Bald) ആണ്. ഉന്നതനിലവാരം പുലർത്തിയ ആ പരിഭാഷ റോമിൽ മാർപ്പാപ്പയുടെ ഗ്രന്ഥശാലയുടെ അധിപനായിരുന്ന അനസ്താസിയസ് ക്രി.വ. 875-ൽ പരിഷ്കരിച്ച് കുറ്റം തീരുക്കുകയും ചെയ്തു. തുടർന്നുള്ള നൂറ്റാണ്ടുകളിൽ പാശ്ചാത്യദേശത്ത് വ്യാജദിയൊനുസ്യോസിന്റെ രചനകൾ പ്രചരിച്ചത് ഈ ലത്തീൻ പരിഭാഷയിലൂടെയാണ്.[3]
സ്വാധീനം
[തിരുത്തുക]അപ്പസ്തോലനടപടികളിലെ അരയോപഗസുകാരൻ ദിയൊനുസ്യോസിന്റെ പേരിനെ ആശ്രയിച്ചുള്ള വ്യാജദിയൊനുസ്യോസിന്റെ രചനാതന്ത്രം മഹാവിജയമായി. ദൈവിക ത്രിത്വത്തേയും, ക്രിസ്തുവിന്റെ വ്യതിരിക്തമായ ദൈവ-മനുഷ്യസ്വഭാവങ്ങളേയും കുറിച്ചുള്ള യാഥാസ്ഥിതിക ക്രിസ്തീയ നിലപാടുകളുമായി പൊരുത്തപ്പെടാത്തവയായിരുന്നിട്ടും, മദ്ധ്യയുഗങ്ങളിലും, നവോത്ഥാനകാലത്തുപോലും ഈ രചനകൾക്ക് അപ്പസ്തോലികമായ ആധികാരികത കല്പിക്കപ്പെടാൻ അത് ഇടയാക്കി. ആറാം നൂറ്റാണ്ടിൽ ഗ്രിഗോറിയോസ് ഒന്നാമൻ മാർപ്പാപ്പയ്ക്ക് ദിയൊനുസ്യോസിനോട് ആരാധന തന്നെയായിരുന്നു. ക്രി.വ. 640-ലെ ലാറ്ററൻ സൂനഹദോസിൽ, കത്തോലിക്കാ സിദ്ധാന്തങ്ങളുടെ സ്ഥാപനത്തിന് മാർട്ടിൻ മാർപ്പാപ്പ ദിയൊനുസ്യോസിനെ ഉദ്ധരിച്ചു. കോൺസ്റ്റാന്റിനോപ്പിളിലെ മൂന്നാം സൂനഹദോസിന്റേയും നിഖ്യായിലെ രണ്ടാം സൂനഹദോസിന്റേയും തീരുമാനങ്ങളെ ദിയൊനുസ്യോസ് സ്വാധീനിച്ചു.[2] ഇടയ്ക്ക്, ആറാം നൂറ്റാണ്ടിൽ എഫേസൂസിലെ ഹൈപ്പേഷിയസും പിൽക്കാലത്ത് കൂസായിലെ നിക്കോളസും മറ്റും ഈ രചനകളുടെ ആധികാരികതയെ ചോദ്യം ചെയ്തെങ്കിലും അവയുടെ സ്വീകാര്യത കുറഞ്ഞില്ല. പന്ത്രണ്ടാം നൂറ്റാണ്ടിലെ ചിന്തകൻ പീറ്റർ ലൊംബാർഡും, പതിമൂന്നാം നൂറ്റാണ്ടിലെ സ്കോളാസ്റ്റിക് ചിന്തകന്മാരായ വലിയ അൽബർത്തോസ്, തോമസ് അക്വീനാസ്, ബൊനവന്തുരാ തുടങ്ങിയവരും, പതിനാലാം നൂറ്റാണ്ടിലെ പ്രഖ്യാതകവി ഡാന്റെയും എല്ലാം വ്യാജദിയൊനുസ്യോസിനെ ആധികാരികമായെടുത്തു.[4] അരിസ്റ്റോട്ടിൽ കഴിഞ്ഞാൽ, തോമസ് അക്വീനാസ് ഏറ്റവുമേറെ ഉദ്ധരിക്കുന്ന എഴുത്തുകാരൻ ദിയൊനുസ്യോസ് ആണ്.[5] 1457-ൽ നവോത്ഥാന പണ്ഡിതൻ ലോറൻസോ വല്ലയാണ് കൂടുതൽ വിജയകരമായി ഈ രചനകളുടെ കർതൃത്വത്തെ ചോദ്യം ചെയ്തത്. 1501-ൽ ജോൺ ഗ്രോസിൻ, ലോറൻസോയുടെ നിലപാട് ആവർത്തിച്ചു. 1504-ൽ പ്രസിദ്ധ നവോത്ഥാനചിന്തകൻ ഇറാസ്മസ് ഈ കണ്ടെത്തൽ അംഗീകരിച്ച് പ്രസിദ്ധമാക്കിയതോടെ വ്യാജദിയൊനുസ്യോസിന്റെ രചനകൾ അപ്പസ്തോലികകാലത്തു നിന്നുള്ളവയല്ല എന്നു പണ്ഡിതലോകം സമ്മതിച്ചു. എന്നാൽ ഇത്തരം വിമർശനങ്ങക്കു ശേഷവും, വ്യാജദിയൊനുസ്യോസിന്റെ രചനകൾ അപ്പസ്തോലന്മാരുടെ കാലത്തേതല്ല എന്ന് പരക്കെ അംഗീകരിക്കപ്പെട്ടത് ആധുനികകാലത്തു മാത്രമാണ്.[6]
രചനകൾ
[തിരുത്തുക]വ്യാജദിയൊനുസ്യോസിന്റെ രചനകളിൽ ഇന്നു ലഭ്യമായുള്ളത് ദൈവികനാമങ്ങൾ (Divine Names), സ്വർഗീയശ്രേണി(Celestial Hierarchy), സഭാശ്രേണി (Ecclesiastical hierarchy), യോഗാത്മദൈവശാസ്ത്രം (Mystical theology) എന്നീ ഗ്രന്ഥങ്ങളും പത്തു ലേഖനങ്ങളുമാണ്.
- ദൈവികനാമങ്ങൾ: പതിമൂന്ന് അദ്ധ്യായങ്ങളുള്ള ഈ കൃതിയാണ് ദിയൊനുസ്യോസിന്റെ രചനകളിൽ ഏറ്റവും ദീർഘമായത്. ബൈബിളിലും പേഗൻ രചനകളിലും സ്രഷ്ടാവായ ദൈവത്തിന് കല്പിക്കപ്പെട്ടിട്ടുള്ള നാമങ്ങളെ അനുകൂലമനസ്ഥിതിയോടെ പരിശോധിക്കുന്നതിനൊപ്പം ദൈവത്തെ വിവരിക്കുന്നതിൽ ഭാഷക്കുള്ള പരിമിതികളെ വെളിപ്പെടുത്തുക കൂടി ചെയ്യുന്ന ഈ കൃതി, മണ്ഡന-ഖണ്ഡന ദൈവശാസ്ത്രങ്ങൾ(affirmative and negative theology) ചേർന്നതാണ്.
- സ്വർഗ്ഗീയശ്രേണി: ദൈവത്തിന്റെ ആജ്ഞാവാഹകരായ ഒൻപതു വൃന്ദം മാലാഖമാരെക്കുറിച്ചും മനുഷ്യരെ ദൈവത്തിങ്കലേയ്ക്കുയർത്തുന്നതിൽ ഈ സ്വർഗീയവൃന്ദങ്ങൾക്കുള്ള പങ്കിനെക്കുറിച്ചുമാണ് ഈ രചന.
- സഭാശ്രേണി:ഭൂമിയിലെ ദൈവത്തിന്റെ സഭയും അതിലെ അധികാരശ്രേണിയുമാണ് ഈ രചനയുടെ വിഷയം.
- യോഗാത്മദൈവശാസ്ത്രം: ഒരു യോഗാത്മരചനയായി കണക്കാക്കപ്പെടുന്ന ഈ ലഘുഗ്രന്ഥത്തിന്റെ ഉള്ളടക്കം ഖണ്ഡനദൈവശാസ്ത്രമാണ്. ദൈവത്തെ നിർവചിക്കുന്നതിനേക്കാൾ ദൈവം എന്തല്ല എന്നു പറയുന്നതാണ് എളുപ്പം എന്നാണ് ഖണ്ഡനദൈവശാസ്ത്രത്തിന്റെ നിലപാട്. ക്രിസ്തീയദൈവശാസ്ത്രം ആദ്യമായി യോഗാത്മരൂപം കൈക്കൊണ്ടത് ഈ രചനയിലാണെന്ന് വാദമുണ്ട്.
- കത്തുകൾ: ദിയൊനുസ്യോസിന്റെ പത്തു ലേഖനങ്ങൾ വ്യത്യസ്തവ്യക്തികളെ സങ്കല്പിച്ച് എഴുതപ്പെട്ടിട്ടുള്ളവയാണ്. സന്യാസിമാർക്കും, ശെമ്മാശന്മാർക്കും, പുരോഹിതന്മാർക്കും മെത്രാന്മാർക്കുമായി എഴുതപ്പെട്ടിരിക്കുന്ന അവയുടെ ക്രമീകരണം, സഭാശ്രേണിയിൽ സ്വീകർത്താക്കൾക്കുള്ള സ്ഥാനത്തിന്റെ അടിസ്ഥാനത്തിലാണ്. അതിനാൽ, സന്യാസികൾക്കുള്ള കത്തുകൾ തുടക്കത്തിലും മെത്രാന്മാർക്കുള്ളത് ഏറ്റവും ഒടുവിലുമായി വരുന്നു.[6]
ആശയങ്ങൾ
[തിരുത്തുക]നവപ്ലേറ്റോണിസത്തെ ക്രിസ്തീയമായ ചട്ടക്കൂടിൽ അവതരിപ്പിച്ച വ്യാജദിയൊനുസ്യോസ്, വ്യക്തിഭാവത്തിനും സത്താഭാവത്തിനും ഉപരിയായൊരു സത്തയായി ദൈവത്തെ സങ്കല്പിച്ചു. സമയത്തിനും നിത്യതയ്ക്കുതന്നെയും അതീതനാണ് ദിയൊനുസ്യോസിന്റെ ദൈവം. പ്രപചഞ്ചത്തിന്റെ ഉറവിടമായി അതിൽ വ്യാപിച്ചുനിൽക്കുന്ന ആ ദൈവത്തിൽ നിന്ന്, സൃഷ്ടികൾ നിരന്തരം പ്രത്യക്ഷീഭവിക്കുന്നു. ഒൻപതു വൃന്ദം മാലാഖമാരുടെ സ്വർഗ്ഗീയശ്രേണി വഴി പ്രപഞ്ചത്തെ ഭരിക്കുന്ന ദൈവത്തിന്റെ ഭൂമിയിലെ ശ്രേണിയിൽ സഭയിലെ മെത്രാന്മാരും, പുരോഹിതന്മാരും ഡീക്കന്മാരും ചേർന്ന മൂന്നു വൃന്ദങ്ങളാണുള്ളത്. എല്ലാ ശ്രേണിയും ചെന്നെത്തുന്നത് യേശുവിലാണ്. സഭാശ്രേണിവഴി നൽകപ്പെടുന്ന വിശുദ്ധകൂദാശകൾ ദൈവകൃപയുടെ ചാലുകളാണ്.
മൗലികമായ തിന്മ എന്നൊന്ന് ഇല്ലെന്നും തിന്മയെന്നത് നന്മയുടെ അഭാവമാണെന്നും എല്ലാ തിന്മയിലും നന്മയുടെ അംശം ഉണ്ടെന്നും ദിയൊനുസ്യോസ് കരുതി. സ്വർഗ്ഗപ്രാപ്തിയിൽ ആത്മാക്കാൾ ദൈവീഭവിച്ച്, വേർപെട്ടുപോകാത്തവിധം ദൈവത്തോട് ചേരുമെന്നും അദ്ദേഹം പഠിപ്പിച്ചു. എങ്കിലും ഈ ദൈവപ്രാപ്തിയിലും ആത്മാക്കൾ വ്യക്തികളായി നിലനിൽക്കുന്നു.[7]
വിലയിരുത്തൽ
[തിരുത്തുക]5-6 നൂറ്റാണ്ടുകളിലെ തന്റെ കൃതികൾ അപ്പസ്തോലിക കാലവുമായി ബന്ധപ്പെട്ട ഒരു വ്യക്തിയുടേതെന്ന മട്ടിൽ അവതരിപ്പിച്ച വ്യാജദിയൊനുസ്യോസിന്റെ പ്രവൃത്തി, സാഹിത്യസംബന്ധിയായ കൃത്രിമത്വം(Literary forgery) ആണോ എന്ന ചോദ്യത്തിന്, സാഹിത്യത്തിലെ കൃത്രിമത്വം എന്നത് ആധുനികകാലത്തെ ഒരു സങ്കല്പമാണെന്നാണ് മറുപടി. മൺമറഞ്ഞ പ്രശസ്തവ്യക്തികളുടെ പേരിൽ പിൽക്കാലത്തെ രചനകൾ അവതരിപ്പിക്കുകയെന്നത് പൗരാണികകാലത്ത് വളരെ സാധാരണമായിരുന്നു. പഴയ ആശയങ്ങളുടേയും പാരമ്പര്യങ്ങളുടേയും പിന്തുടർച്ചയെയാണ് അത്തരം രചനകൾ സൂചിപ്പിക്കുന്നത്. അതിനാൽ, പുതിയനിയമത്തിലെ ഒരു കഥാപാത്രത്തിന്റെ പേരിൽ തന്റെ രചനകൾ അവതരിപ്പിക്കുക വഴി, എല്ലാക്കാലത്തേയും വിശുദ്ധരചനകൾക്കിടയിൽ സ്ഥലകാലങ്ങൾക്കു മേലായുള്ള പാരസ്പര്യത്തെയാണ് വ്യാജദിയൊനുസ്യോസ് സൂചിപ്പിച്ചതെന്ന് വാദിക്കാം.[6]
ദൈവത്തിന്റെ ഇച്ഛയനുസരിച്ചുള്ള ലോകസൃഷ്ടി, ദൈവത്തിനെതിരായുള്ള കലാപത്തിന്റെ ഫലമായുണ്ടായ മനുഷ്യന്റെ പതനം, മനുഷ്യാവതാരത്തിലൂടെയുള്ള ദൈവത്തിന്റെ സ്വയം നൽകൽ വഴി സാധിച്ച മനുഷ്യരക്ഷ, ദൈവപുത്രന്റെ കുരിശുമരണത്തിലെ വലിയ ത്യാഗം, പരിശുദ്ധാത്മാവുവഴി മനുഷ്യർക്കു ലഭിക്കുന്ന പുതിയ ജന്മം തുടങ്ങിയ ക്രിസ്തീയബോധ്യങ്ങളിൽ ഊന്നൽ കൊടുക്കാത്തതോ അവയ്ക്ക് എതിരായതോ ആയ സിദ്ധാന്തങ്ങളാണ് വ്യാജദിയൊനൊസ്യോസിന്റെ രചനകളിൽ ഉള്ളതെന്ന് വിമർശിക്കപ്പെട്ടിട്ടുണ്ട്.[7] പ്രൊട്ടസ്റ്റന്റ് നവീകരണത്തിന് നേതൃത്വം കൊടുത്ത മാർട്ടിൻ ലൂഥർ വ്യാജദിയൊനുസ്യോസിന്റെ രചനകളുടെ വലിയ വിമർശകനായിരുന്നു. വ്യാജദിയൊനുസ്യോസ്, ക്രിസ്ത്യാനിയെന്നതിലുപരി പ്ലേറ്റോണിസ്റ്റാണ് എന്നായിരുന്നു ലൂഥറുടെ വിമർശനം.
വ്യാജദിയൊനുസ്യോസ് പൗലോസ് അപ്പസ്തോലന്റെ കാലത്തെ അരയോപ്പഗസുകാരൻ ദിയൊനുസ്യോസ് അല്ല എന്ന് സമ്മതിക്കുന്ന കത്തോലിക്കാ സഭ അദ്ദേഹത്തിന്റെ രചനാസമുച്ചയത്തെ ഇന്നും വിലമതിക്കുന്നു. അദ്ദേഹം വ്യാജനാമത്തിൽ എഴുതിയത്, രചനകളിലൂടെ തനിക്കായി ഒരു സ്മാരകം പണിയാൻ ആഗ്രഹിക്കാതെ വിനീതനായി സുവിശേഷത്തെ മഹത്ത്വപ്പെടുത്താൻ മാത്രം ആഗ്രഹിച്ചതുകൊണ്ടാണെന്ന് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ 2008 മേയ് മാസത്തിൽ നടത്തിയ ഒരു പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആദ്യത്തെ പ്രധാന യോഗാത്മദൈവശാസ്ത്രജ്ഞനെന്ന് ദിയോനുസ്യോസിനെ വിശേഷിപ്പിക്കുന്ന മാർപ്പാപ്പ, ദൈവത്തെ നിർവചിക്കുന്നതിനേക്കാൾ, ദൈവം എന്തല്ല എന്നു പറയുകയാണ് എളുപ്പമെന്ന് വിശ്വസിക്കുന്ന പൗരസ്ത്യദർശനങ്ങളുമായി ക്രിസ്തുമതത്തെ കൂട്ടിയിണക്കുന്ന കണ്ണിയാണ് അദ്ദേഹമെന്നും ചൂണ്ടിക്കാട്ടുന്നു.[8]
കുറിപ്പുകൾ
[തിരുത്തുക]ക. ^ തുറസായ സ്ഥലത്ത് പ്രവർത്തിച്ചിരുന്ന ഒരു കോടതിയും ഒരു പൊതു സംവാദവേദിയുമായിരുന്നു ആഥൻസിലെ അരയോപഗസ്. അവിടെ പൗലോസ് അപ്പസ്തോലൻ നടത്തിയ പ്രസംഗം കേട്ട് പരിവർത്തിതരായ രണ്ടുപേരിൽ ഒരാളായാണ് അരയോപാഗസുകാരൻ ദിയൊനുസ്യോസ് ബൈബിളിലെ അപ്പസ്തോല നടപടികളിൽ പ്രത്യക്ഷപ്പെടുന്നത്.[9]
ഖ. ^ Johannes Scotus - Scotus എന്നതിന് ഒൻപതാം നൂറ്റാണ്ടിലുണ്ടായിരുന്ന അർത്ഥം അയർലൻഡുകാരൻ എന്നായിരുന്നു.[10]
അവലംബം
[തിരുത്തുക]- ↑ ബെർട്രാൻഡ് റസ്സൽ, പാശ്ചാത്യതത്ത്വചിന്തയുടെ ചരിത്രം(പുറങ്ങൾ 403-407)
- ↑ 2.0 2.1 എസ്.രാധാകൃഷ്ണൻ, പൗരസ്ത്യമതങ്ങളും പാശ്ചാത്യചിന്തയും(പുറം 239)
- ↑ 3.0 3.1 Online Reference Book of Medieval Studies, Philosophy, പന്ത്രണ്ടാം നൂറ്റാണ്ടിലെ പശ്ചാത്യലത്തീൻ ദേശത്ത് വ്യാജദിയൊനുസ്യോസ് [1] Archived 2010-06-12 at the Wayback Machine
- ↑ വ്യാജ അരയോപഗസുകാരൻ ദിയൊനുസ്യോസ്, കത്തോലിക്കാ വിജ്ഞാനകോശം[2]
- ↑ നോത്ര്‌ദാം സർവകലാശാലാ പ്രെസ്, വ്യാജദിയൊനുസ്യോസും അക്വീനാസിന്റെ തത്ത്വമീമാംസയും, ഫ്രാങ്ക് ഒ റൂർക്കെ [3]
- ↑ 6.0 6.1 6.2 അരയോപഗസുകാരൻ വ്യാജദിയൊനുസ്യോസ്, സ്റ്റാൻഫോർഡ് തത്ത്വചിന്താവിജ്ഞാനകോശം [4]
- ↑ 7.0 7.1 ക്രിസ്തുമതത്തിന്റെ ചരിത്രം, കെന്നത്ത് സ്കോട്ട് ലാട്ടൂറെറ്റ്(പുറങ്ങൾ 210-11)
- ↑ 2008 മേയ് 14-ന, പത്രോസിന്റെ ഭദ്രാസനത്തിനു മുൻപിലെ പൊതുദർശനത്തിൽ നടത്തിയ പ്രഭാഷണം [5]
- ↑ അപ്പോസ്തല പ്രവൃത്തികൾ 17:34
- ↑ ബെർട്രാൻഡ് റസ്സൽ, പാശ്ചാത്യതത്ത്വചിന്തയുടെ ചരിത്രം(പുറം 400-ലെ അടിക്കുറിപ്പ്.)