സായി ബാബ (ഷിർദ്ദി)
സായി ബാബ (ഷിർദി) | |
---|---|
മരണം | 15 October 1918 ഷിർദ്ദി, മഹാരാഷ്ട്ര, ഇന്ത്യ |
ദേശീയത | ഇന്ത്യൻ |
തത്വസംഹിത | ഭക്തി യോഗ, ജ്ഞാന യോഗ, കർമ്മ യോഗ[1] |
പ്രധാന ശിഷ്യ(ർ) | Mhalsapati, Madhav Rao (shama), Nanasaheb peshway, Bayijabai, Tatya Kote Patil, Kakasaheb Dixit, Radhakrishnamaai, Hemadpant, Bhuti, Das Ganu, Lakshmi Bai, Nanavali, Upasni Maharaj, Abdul Baba, Sapatanekar, Nanasaheb Chandodkar, B.V.Narashima Swamiji. |
ഉദ്ധരണി | Shraddha - Saburi (faith - patience) |
സായിബാബ (ഷിർദ്ദി) - ഷിർദ്ദി സായിബാബ എന്നു പരക്കെ അറിയപ്പെടുന്നു- ഒരു ഇന്ത്യൻ ആദ്ധ്യാത്മിക ഗുരുവായിരുന്നു അദ്ദേഹം. ഭക്തൻമാരുടെയിടയിൽ അദ്ദേഹം ഒരു സന്ന്യാസി, ഫക്കീർ, ഒരു സദ്ഗുരു എന്നീ നിലയിലൊക്കെ അറിയപ്പെടുന്നു. അദ്ദേഹം ഒരു ഹിന്ദുമത വിശ്വാസിയായിരുന്നോ ഇസ്ലാം മത വിശ്വാസിയായിരുന്നോ എന്ന കാര്യത്തിൽ അദ്ദേഹത്തിൻറെ ഭക്തൻമാർക്കിടയിൽ അനിശ്ചിതത്വം നിലനിന്നിരുന്നു.[2] ഹിന്ദുമതവിശ്വാസിയാണെന്ന് വിചാരിച്ചാൽ അദ്ദേഹം ഇസ്ലാം മതവിശ്വാസിയേപ്പോലെ പെരുമാറുമായിരുന്നുവെന്നു പറയപ്പെടുന്നു. അതുപോലെ ഇസ്ലാം മതവിശ്വാസിയാണെന്നു വിചാരിച്ചാൽ അദ്ദേഹം ഒരു ഹിന്ദുമതവിശ്വാസിയേപ്പോലെ പെരുമാറുമായിരുന്നു. ഹിന്ദുമതവും ഇസ്ലാം മതവും സംയോജിപ്പിച്ച നിലയിലുള്ള പ്രബോധനങ്ങളായിരുന്നു പ്രധാനമായി അദ്ദേഹം നടത്തിയിരുന്നത്. അദ്ദേഹം ജീവിച്ചിരുന്നു മസ്ജിദിന് അദ്ദേഹം നൽകിയിരുന്ന പേര് “ദ്വാരകാമയി” എന്നായിരുന്നു.[3] രണ്ടുമതത്തിലേയും അനുഷ്ടാനങ്ങൾ ഒരുപോലെ അദ്ദേഹം നിർവ്വഹിച്ചിരുന്നു. അദ്ദേഹത്തിൻറെ പ്രധാന ആപ്തവാക്യം “സബ്കാ മാലിക് ഏക് ഹൈ” ("One God governs all") എന്നതായിരുന്നു. അദ്ദേഹം എപ്പോഴും മന്ത്രിച്ചിരുന്നത് “അല്ലാ മാലിക്” ("God is King") എന്ന വചനമായിരുന്നു.[4]
ആദ്യകാലജീവിതം
[തിരുത്തുക]ഏകദേശം 16 വയസ്സ് പ്രായമുള്ളപ്പോൾ അക്കാലത്തെ ഷിർദ്ദി ഗ്രാമത്തിലെ ഒരു വേപ്പു മരച്ചുവട്ടിലാണ് ബാബ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. അദ്ദേഹം എവിടെ നിന്നു വന്നുവെന്നോ എങ്ങനെ അവിടെയെത്തിയെന്നോ, അദ്ദേഹത്തിൻറെ മാതാപിതാക്കൾ എന്ന കാര്യത്തിലൊന്നു ആർക്കും ഒരു തീർച്ചയുമില്ലായിരുന്നു. അദ്ദേഹത്തിൽ നിന്ന് ഇക്കാര്യങ്ങളിലൊന്നും വ്യക്തമായ ഉത്തരം ആർക്കും ലഭിച്ചിരുന്നുമില്ല. അദ്ദേഹം ഷിർദ്ദി ഗ്രാമത്തിൽ എത്തിയ കാലത്ത് ആരോടും അടുപ്പം പുലർത്തിയിരുന്നില്ല. ഏകനായി കടുത്ത വേനലിലും കൊടുംതണുപ്പിലും ഗ്രാമത്തിലെ വേപ്പുമരച്ചുവട്ടിൽ ധ്യാനം ചെയ്തുകൊണ്ടിരിക്കുകയും സമീപത്തെ മസ്‍ജിദിൽ രാത്രി കഴിച്ചു കൂട്ടുകയും ചെയ്തു. ബാബയുടെ വസ്ത്രാധാരണ രീതി ഒരു കായികാഭ്യാസിയെപ്പോലെയായിരുന്നു. ഒറ്റമുണ്ടും ഉടുപ്പും ധരിച്ച അദ്ദേഹം ഒരു വെളുത്ത തുണി എല്ലായ്പ്പോഴും തലയിൽ കെട്ടിയിരുന്നു. അദ്ദേഹം ഏതു മതവിശ്വാസിയാണെന്നു ഗ്രാമവാസികൾക്കു നല്ല തീർച്ചയില്ലായിരുന്നു. ചിലസമയം ഇസ്ലാം മത വിശ്വാസിയെപ്പോലെ പെരുമാറുന്ന അദ്ദേഹം ചിലപ്പോൾ ഒരു ഹൈന്ദവ മതവിശ്വാസിയെപ്പോലെയും തോന്നിച്ചിരുന്നു.
ബാബയുടെ രണ്ടാം വരവ്.
[തിരുത്തുക]ഏകദേശം മൂന്നു വർഷക്കാലത്തോളം വേപ്പു മരച്ചുവട്ടിലെ ധ്യാനവും മസ്ജിദിലെ ജീവിതവും തുടരുകയും ചെയ്ത ശേഷം ബാബ ഒരു ദിവസം അവിടെ നിന്ന് പെട്ടെന്ന് അപ്രത്യക്ഷനായിത്തീർന്നു. അദ്ദേഹം എങ്ങോട്ടു പോയെന്ന് ഗ്രാമവാസികൾ ഒരു എത്തും പിടിയും കിട്ടിയില്ല. ഏറെക്കാലങ്ങൾക്കു ശേഷം ബാബയെ ഔറംഗാബാദിലെ നിബിഢ വനത്തിൽ ആളുകൾ കണ്ടെത്തി. അക്കാലത്ത് ധൂപ്ഖഡേ എന്ന ഗ്രാമമുഖ്യനായിരുന്ന ചാന്ദ്ഭായിക്ക് തൻറെ കുതിരയെ നഷ്ടപ്പെടുകയും ഗ്രാമത്തിലും സമീപഗ്രാമങ്ങളിലും അന്വേഷിച്ചു നടന്നിട്ടും കണ്ടെത്താൻ സാധിക്കാതെവരുകയും ചെയ്തു. അന്വേഷണത്തിൻറെ ഭാഗമായി അയാൾ ഗ്രാമത്തിനു സമീപത്തെ നിബിഢ വനത്തിലെത്തുകയും അവിടെ ഒരു മരച്ചുവട്ടിൽ ദിവ്യനായി ഒരാൾ തപസ്സു ചെയ്യുന്നത കാണുകയും ചെയ്തു. നടന്നവശനായി എത്തിയ ചാന്ദ്ഭായിയെ ബാബ വിശ്രമിക്കാൻ ക്ഷണിക്കുകയും എന്താണു ഈ കൊടുംകാട്ടിൽ തെരയുന്നതെന്ന് ആരായുകയും ചെയ്തു. തൻറെ ആഗമനോദ്ദേശ്യം അറിയിച്ച ഗ്രാമത്തലവനോട് ഉയരമുള്ള ഒരു മരത്തിനു മുകളിൽ കയറി നിരീക്ഷിക്കുവാൻ ബാബ ആവശ്യപ്പെട്ടു. അങ്ങനെ നോക്കവേ അകലെ പുൽത്തകിടിയിൽ മേയുന്ന കുതിരയെ അയാൾക്കു കണ്ടെത്താനായി. ഈ ദിവ്യൻ സാധാരണക്കാരനല്ലെന്നു മനസ്സിലാക്കിയ ഗ്രാമമുഖ്യൻ ദിവ്യസന്യാസിയെ തൻറെ ഗ്രാമമായ ധൂപ്ഖഡെയിലേയ്ക്കു ക്ഷണിക്കുകയും കുറേ ദിവസം തൻറെ വീട്ടിൽ അതിഥിയായി താമസിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. ഗ്രാമമുഖ്യൻറെ ക്ഷണം സ്വീകരിച്ച ബാബ ധൂപ്ഖഡെ ഗ്രാമത്തിലെത്തിയപ്പോൾ അവിടെ ഒരു വിവാഹാഘോഷം നടക്കുകയായിരുന്നു. ഗ്രാമമുഖ്യൻറെ ബന്ധുവിൻറെ വിവാഹത്തിനുള്ള ഒരുക്കങ്ങളാണ് ഗ്രാമത്തിൽ നടന്നുകൊണ്ടിരുന്നത്. വധുവിൻറെ ഗൃഹം ഷിർദ്ദി ഗ്രാമത്തിലാണെന്നും ബാബ വിവാഹത്തിൽ പങ്കെടുക്കണമെന്നുമുള്ളഅഭ്യർത്ഥന മാനിച്ച ബാബ വിവാഹ സംഘത്തോടൊപ്പം നാളുകൾക്കു ശേഷം ഷിർദ്ദി ഗ്രാമത്തിലെത്തിച്ചേർന്നു. വിവാഹാഘോഷങ്ങൾക്കു ശേഷം ചാന്ദ്ഭായിയും അനുയായികളും തങ്ങളുടെ ഗ്രാമത്തിലേയ്ക്കു തിരിച്ചു പോയി. പക്ഷേ ബാബ ഷിർദ്ദി ഗ്രാമത്തിൽത്തന്നെ തുടർന്നു. ബാബ നേരത്തേ ധ്യാനം നടത്തിയിരുന്ന വേപ്പുമരച്ചുവട്ടിലും സമീപത്തെ മസ്ജിദിലുമായി ജീവിതം തുടർന്നു.
ഇക്കാലത്ത് ഷിർദ്ദി ഗ്രാമത്തിൽ ജീവിച്ചിരുന്ന മൊയ്തീൻ എന്ന ഗുസ്തിക്കാരൻ ബാബയമായി ഒരു ഗുസ്തി മത്സരത്തിലേർപ്പെട്ടു. ഈ മത്സരത്തിൽ പരാജിതനായതോടെ ബാബ തൻറെ ജീവിത ശൈലിയിൽ കാര്യമായ മാറ്റം വരുത്തി. ഗുസ്തിക്കാർ അരയിൽ ധരിക്കുന്ന വസ്ത്രവും നീളൻ കുപ്പായവും മാത്രമായിരുന്നു ബാബയുടെ വേഷം. ഉറക്കം തറയിൽ വിരിച്ച കീറിയ ചാക്കിൻ കഷണങ്ങളിലായിരുന്നു. തലയിൽ വെളുത്ത തുണി കെട്ടുവാൻ തുടങ്ങി. കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ ധരിച്ചു നടന്ന ബാബയെക്കണ്ട ഗ്രാമവാസികൾക്ക് ഇതു ബുദ്ധിമുട്ടുണ്ടാക്കിയെങ്കലും ദാരിദ്യം രാജപദവിയേക്കാൾ ശ്രേഷ്ഠമാണ്, ദൈവം ദാരിദ്ര്യക്കാരനോടൊപ്പമാണെന്നു പറഞ്ഞ് ബാബ അവരെ ആശ്വസിപ്പിച്ചു. ഗ്രാമത്തിലെ കടകളിൽ നിന്നു വാങ്ങുന്ന എണ്ണ ഉപയോഗിച്ച് ബാബ ആ പ്രദേശത്തെ ക്ഷേത്രങ്ങളിലും പള്ളികളിലും വിളക്കു കത്തിക്കാറുണ്ടായിരുന്നു. വിളക്കുകൾ കൊളുത്തുന്നത് അദ്ദേഹത്തിന് സന്തോഷം നൽകിയിരുന്ന പ്രവർത്തിയായിരുന്നു. ഒരിക്കൽ കടക്കാരൻ അദ്ദേഹത്തിന് എണ്ണകൊടുക്കാൻ മടിക്കുകയും ബാബ നിരാശനാകാതെ മസിജിദിലേയ്ക്കു തിരിച്ചു പോകുകയും വിളക്കുകളിൽ തിരിയിട്ട് എണ്ണ ഒഴിച്ചു വച്ചിരുന്ന കാലിപ്പാത്രത്തിൽ വെള്ളം ഒഴിച്ചു കഴുകുകയും ആ വെള്ളം എല്ലാ വിളക്കുകളിലും നിറയ്ക്കുകയും തിരി കത്തിക്കുകയും ചെയ്തു. ഉജ്ജ്വല ശോഭയോടെ തിരി രാത്രി മുഴുവൻ പ്രഭ പടർത്തി. ഈ കാഴ്ച് കാണാനിടവന്ന കടക്കാരൻ തൻറെ പ്രവൃത്തിയിൽ പശ്ചാത്തപിക്കുകയും ബാബയുടെ അടുത്തു പോയി തനിക്കു മാപ്പു നൽകാൻ അഭ്യർത്ഥിക്കുകയും ചെയ്തു. എല്ലായ്പ്പോഴും സത്യവാനും നീതിമാൻമാരുമായിരിക്കാൻ ബാബ അയാളെ ഉപദേശിച്ചു.
ബാബയുടെ സമാധി
[തിരുത്തുക]1918 സെപ്റ്റംബർ മാസം 28 ന് ബാബയ്ക്ക് ജ്വരം ബാധിക്കുകയും രണ്ടു ദിവസം നീണ്ടു നിന്ന അസുഖത്തിൻറെ സമയത്ത് അദ്ദഹം ഭക്ഷണ പാനീയങ്ങൾ പൂർണ്ണമായി ഉപേക്ഷിക്കുകയും വിജയദശമി ദിവസം മഹാസമാധിയാകുകയും ചെയ്തു. രാമനവമി (ഏപ്രിൽ), ഗുരുപൂർണ്ണിമ (ജൂലൈ), വിജയദശമി (ഒക്ടോബർ) എന്നിവയാണ് ഇവിടുത്തെ പ്രധാന ഉത്സവങ്ങൾ.
ഷിർദ്ദിയിൽ താമസിക്കുന്ന കാലത്ത് തണുപ്പുകാലങ്ങളിൽ ബാബ കാട്ടു കമ്പുകൾ കൂട്ടിയിട്ടു തീ കായുമായിരുന്നു. തന്നെ സന്ദർശിക്കാനെത്തുന്നവർക്ക് ബാബ ഇതിൽ നിന്നുള്ള ചാരം പ്രസാദമായി നൽകുകയും ചെയ്തിരുന്നു.
തീർത്ഥാടനം
[തിരുത്തുക]ഇന്ത്യയിലെ ആത്മീയ ഗുരുവായി അറിയപ്പെടുന്ന സായി ബാബ ക്ഷേത്രത്തിലേയ്ക്കുള്ള തീർത്ഥാകരുടെ ആത്മീയ യാത്രാസൌകര്യം വിപുലീകരിക്കുന്നതിനായി മഹാരാഷ്ട്ര ഗവൺമെന്റ് ഏകദേശം 340 കോടി രുപയുടെ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. ഏകദേശം 80,000 ഭക്തർ ഇവിടം സന്ദർശിക്കുന്നുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഏതാണ്ട് 5 ലക്ഷം പേർ ആഴ്ചയവസാനവും, അവധിക്കാലങ്ങളിലും ഉത്സവകാലങ്ങളിലുമായി ഇവിടം സന്ദർശിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഷിർദ്ദി വിമാനത്താവളം വഴിയും ഷിർദ്ദിയിൽ നിന്ന് 125 കിലോമീറ്റർ അകലത്തിൽ സ്ഥിതിചെയ്യുന്ന ഔറംഗാബാദ് വിമാനത്താവളം വഴിയും സായിനഗർ ഷിർദി റെയിൽവേസ്റ്റേഷൻ വഴിയും ആണ് ഭൂരിപക്ഷം തീർത്ഥാടകരെത്തുന്നത്.
അവലംബം
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;SUNY
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Rigopoulos, Antonio (1993). The Life and Teachings of Sai Baba of Shirdi. SUNY. p. 3. ISBN 0-7914-1268-7.
- ↑ Hoiberg, Dale; I. Ramchandani (2000). Students' Britannica India. Popular Prakashan. Retrieved 1 December 2007.
- ↑ Sri Sai Satcharitra