Jump to content

ചർച്ച് ഓഫ് സൗത്ത് ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സി.എസ്.ഐ (ദക്ഷിണേന്ത്യാ ഐക്യസഭ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചർച്ച് ഓഫ് സൗത്ത് ഇന്ത്യ (സി.എസ്.ഐ.)
ദക്ഷിണേന്ത്യൻ സഭ
ദക്ഷിണേന്ത്യ ഐക്യസഭയുടെ മുദ്ര
വിഭാഗംആംഗ്ലിക്കൻ, പ്രൊട്ടസ്റ്റന്റ്
സഭാ സംവിധാനംഎപ്പിസ്കോപ്പൽ
മോഡറേറ്റർഎ. ധർമ്മരാജ് റസാലം
സംഘടനകൾആംഗ്ലിക്കൻ കമ്മ്യൂണിയൻ, സി.സി.എ., സി.സി.ഐ., എൻ.സി.സി.ഐ., ഡബ്ല്യു.എ.ആർ.സി., ഡബ്ല്യു.സി.സി.
പ്രദേശംആന്ധ്രാപ്രദേശ്‌, കർണാടക, കേരളം, തമിഴ്‌നാട്, ശ്രീലങ്ക
ഉത്ഭവം1947 സെപ്റ്റംബർ 27
മദ്രാസ്, മദ്രാസ് സംസ്ഥാനം
ലയനംആംഗ്ലിക്കൻ-പ്രൊട്ടസ്റ്റന്റ് വിശ്വാസധാരയിലുള്ള വിവിധ സഭകൾ (പ്രധാനമായും ആംഗ്ലിക്കൻ, കോൺഗ്രഗേഷണൽ, മെഥഡിസ്റ്റ്, പ്രെസ്‌ബിറ്റീരിയൻ)[1]
Congregations14,000 [2]
അംഗങ്ങൾ35 ലക്ഷം[3]
പ്രവർത്തകൾ1,214 [3]
ആശുപത്രികൾ104 [2]

ഇന്ത്യയിലെ പ്രമുഖ പ്രൊട്ടസ്റ്റന്റ് ക്രൈസ്തവസഭകളിലൊന്നാണ് ദക്ഷിണേന്ത്യ ഐക്യസഭ അഥവാ ചർച്ച് ഓഫ് സൗത്ത് ഇന്ത്യ (സി.എസ്.ഐ.). ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിയോട് അനുബന്ധിച്ച് വിവിധ പ്രൊട്ടസ്റ്റന്റ് സഭകൾ ലയിച്ച് രൂപമെടുത്തതാണ് ഈ സഭ. ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലുമായി 35 ലക്ഷത്തോളം അംഗങ്ങൾ ഈ സഭയിലുണ്ട്.[3]

ആംഗ്ലിക്കൻ സഭ, മെഥഡിസ്റ്റ് സഭ, പ്രെസ്‌ബിറ്റീരിയൻ സഭ, കോൺഗ്രിഗേഷണൽ സഭ എന്നിങ്ങനെ വ്യത്യസ്ത പാരമ്പര്യങ്ങളിലുള്ള ക്രൈസ്തവസഭകൾ 1947-ൽ ഒന്നുചേർന്നാണ് ദക്ഷിണേന്ത്യ ഐക്യസഭ രൂപമെടുത്തത്. ഇവയിൽ പ്രെസ്‌ബിറ്റീരിയൻ സഭയും കോൺഗ്രിഗേഷണൽ സഭയും 1908-ൽ തന്നെ ഒത്തുചേർന്നു് സൗത്ത് ഇന്ത്യ യുണൈറ്റഡ് ചർച്ച് (എസ്.ഐ.യു.സി) എന്ന സഭ രൂപവത്കരിച്ചിരുന്നു. അതിനാൽ 1947-ൽ നടന്നത് ആംഗ്ലിക്കൻസഭ, മെഥഡിസ്റ്റ് സഭ, എസ്.ഐ.യു.സി എന്നിവയുടെ ലയനമായിരുന്നു. സി.എസ്.ഐ രൂപംകൊണ്ട കാലത്തു സാമ്പത്തിക സഹായത്തിനും നേതൃത്വത്തിനും വിദേശസഭകളെ ആശ്രയിച്ചിരുന്നു. എന്നാൽ ഇന്ന് സഭ സ്വയംപര്യാപ്തമാണ്. വിദേശീയരായി ആരും അധികാരസ്ഥാനങ്ങളിലില്ല.

ചർച്ച് ഓഫ് നോർത്ത് ഇന്ത്യ, ചർച്ച് ഓഫ് പാകിസ്താൻ, ചർച്ച് ഓഫ് ബംഗ്ലാദേശ് തുടങ്ങിയ ഐക്യസഭകൾ സി.എസ്.ഐയുടെ ചുവടുപിടിച്ചു രൂപീകരിക്കപ്പെട്ടിട്ടുള്ളവയാണ്.

ചരിത്രം

[തിരുത്തുക]

രൂപീകരണ പശ്ചാത്തലം

[തിരുത്തുക]
ചെന്നൈയിലെ സെന്റ് ജോർജ് കത്തീഡ്രൽ - 1947-ൽ സി.എസ്.ഐയുടെ രൂപീകരണം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത് ഇവിടെവച്ചാണ്

1910-ൽ എഡിൻബറോയിൽ വെച്ച് നടന്ന അന്താരാഷ്ട്ര ക്രൈസ്തവ മിഷനറി സമ്മേളനത്തിന്റെ പ്രധാന ചർച്ചാവിഷയം മിഷനറി സഭകളുടെ ഐക്യത്തെക്കുറിച്ചായിരുന്നു. ആ സമ്മേളനത്തിൽ നിന്നു പ്രചോദനമുൾക്കൊണ്ട വി.എസ്. അസീറിയയെപ്പോലുള്ളവർ സഭകളുടെ ഐക്യത്തെ സംബന്ധിച്ചുള്ള ചർച്ചകൾക്ക് മുൻകൈയെടുത്തു. പിന്നീടദ്ദേഹം ആംഗിക്കൻ സഭയിലെ ആദ്യത്തെ ഇന്ത്യൻ ബിഷപ്പായി. 1919-ൽ ആംഗ്ലിക്കൻ, മെഥഡിസ്റ്റ്, എസ്.ഐ.യു.സി. സഭകളുടെ പ്രതിനിധികൾ അനൗപചാരികമായി നടത്തിയ ചർച്ചകളാണ് ദക്ഷിണേന്ത്യയിൽ സഭൈക്യത്തിനുള്ള വഴി തുറന്നത്. സഭകളുടെ ഏകീകരണത്തിന് ലാംബെത് ചതുർതത്വങ്ങൾ (Lambeth Quadrilateral) അടിസ്ഥാനമാക്കാമെന്ന് അവർ തീരുമാനമെടുത്തു.[4]

  1. പഴയ നിയമവും പുതിയ നിയമവും അടങ്ങിയ വേദപുസ്തകം രക്ഷക്കാവശ്യമായ വിവരങ്ങളുടെ സമ്പൂർണ്ണ സ്രോതസ്സും വിശ്വാസകാര്യങ്ങളുടെ പരമമായ മാനദണ്ഡവുമാണ്
  2. ഈ വിശ്വാസം സാക്ഷീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള സംഹിതകളാണ് അപ്പസ്തോലവിശ്വാസപ്രമാണവും നിഖ്യാവിശ്വാസപ്രമാണവും
  3. സ്നാനം, കുർബ്ബാന എന്നീ ചടങ്ങുകൾ
  4. ചരിത്രപരമായ എപ്പിസ്കോപ്പസി (സഭാഭരണത്തിൽ ബിഷപ്പിന്റെ തസ്തിക)

എന്നിങ്ങനെയുള്ള ഈ നാലു കാര്യങ്ങളിൽ ആദ്യ മൂന്നെണ്ണത്തിലും എളുപ്പത്തിൽ ഏകാഭിപ്രായത്തിലെത്തുവാൻ സാധിച്ചു. എന്നാൽ നാലാമത്തെ വിഷയത്തിൽ ഒരു തീരുമാനത്തിലെത്തുവാൻ കാലതാമസമെടുത്തു. ഏകീകരണ ചർച്ചയിലേർപ്പെട്ട സഭകളിൽ ആംഗ്ലിക്കൻ സഭയിൽ മാത്രമാണ് കൈവയ്പിലൂടെയുള്ള എപ്പിസ്കോപ്പസി നിലവിരുന്നത്. രണ്ടു ദശകങ്ങളിലെ കൂടിയാലോചനകളിലൂടെയാണ് സഭൈക്യപദ്ധതി പൂർത്തീകരിക്കപ്പെട്ടത്. പക്ഷേ ഈ തീരുമാനങ്ങൾക്ക് മൂന്നു സഭകളുടെയും ഭരണസമിതികളുടെ ഔദ്യോഗിക അംഗീകാരം ലഭിക്കുവാൻ പിന്നെയും ഏതാനും വർഷങ്ങൾ കൂടി കാത്തിരിക്കേണ്ടിവന്നു. അങ്ങനെ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച അതേവർഷം (1947-ൽ) സി.എസ്.ഐ. സഭ രൂപമെടുത്തു.

സി.എസ്.ഐയുടെ കീഴിലുള്ള കൊച്ചി സെന്റ് ഫ്രാൻസിസ് പള്ളി - ഇന്ത്യയിലെ ഏറ്റവും പുരാതനമായ യൂറോപ്യൻ നിർമ്മിത പള്ളിയാണിത്
സി.എസ്.ഐ പള്ളി, കോഴിക്കോട്

മദ്രാസിലെ സെന്റ് ജോർജ് കത്തീഡ്രലിൽ 1947 സെപ്റ്റംബർ 27-ന് അന്നത്തെ തിരുവിതാംകൂർ-കൊച്ചി ആംഗ്ലിക്കൻ മഹായിടവക ബിഷപ്പ് സി.കെ. ജേക്കബ് ആണ് ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ പിറവി പ്രഖ്യാപിച്ചതു്. എപ്പിസ്കോപ്പസി, സഭയുടെ ഭരണക്രമത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെട്ടതാണ് സി.എസ്.ഐ-യുടെ രൂപീകരണത്തിലെ പ്രധാന നാഴികക്കല്ലായത്. ബിഷപ്പ് എന്ന സ്ഥാനം സഭയുടെ ആദിമകാലം മുതൽ ഉണ്ടായിരിക്കുന്നതാണെന്നും അതു സഭയുടെ ഭരണസംവിധാനത്തിന്റെ ഒരു ഭാഗമായി അംഗീകരിക്കാമെന്നും എപ്പിസ്കോപ്പൽ അല്ലാത്ത സഭകൾ അംഗീകരിച്ചതുകൊണ്ടാണ് ഈ ഐക്യം സാധ്യമായത്. സഭകളുടെ ലോക കൗൺസിൽ സ്ഥാപിക്കപ്പെടുന്നതിനും ഒരു വർഷം മുൻപായി നടന്ന സി.എസ്.ഐ. സഭയുടെ രൂപീകരണം സഭകളുടെ ഏകീകരണശ്രമങ്ങളിലെ ശ്രദ്ധേയമായ കാൽവെയ്പ്പുകളൊന്നാണ്. എപ്പിസ്കോപ്പലായതും അല്ലാത്തതുമായ സഭകൾ ചേർന്ന് ഒരു സംയുക്ത എപ്പിസ്കോപ്പൽ സഭക്ക് രൂപം നൽകപ്പെട്ട ഈ സംഭവം ക്രൈസ്തവസഭാ ചരിത്രത്തിലാദ്യത്തേതായി കരുതപ്പെടുന്നു.[4]

സഭൈക്യപാതയിലെ തുടർശ്രമങ്ങൾ

[തിരുത്തുക]

ക്രൈസ്തവസഭകൾ ഒന്നായിത്തീരുന്നതിനു വിശ്വാസകാര്യങ്ങളിലും ആരാധനാക്രമങ്ങളിലും പരിപൂർണമായ യോജിപ്പ് ആവശ്യമില്ലെന്ന് സി.എസ്.ഐ. രൂപീകരണം തെളിയിച്ചു. അടിസ്ഥാന വിശ്വാസകാര്യങ്ങൾ ഭരണഘടനയിൽ വ്യക്തമായിരിക്കുന്നതിനൊപ്പം അതിനുപരിയായ കാര്യങ്ങളിൽ ഓരോ സ്ഥലത്തെ സഭയ്ക്കും വേണ്ട ക്രമീകരണങ്ങൾ വരുത്തുവാൻ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്.[അവലംബം ആവശ്യമാണ്] 1975-ൽ സി.എസ്.ഐ., സി.എൻ.ഐ., മാർത്തോമ്മാ സഭ എന്നിവ ഉൾക്കൊള്ളുന്ന ജോയിന്റ് കൗൺസിൽ നിലവിൽ വന്നു. ഇവ മൂന്നും ഒറ്റ സഭയായി തീർന്നില്ലെങ്കിലും വിശ്വാസപരമായ കാര്യങ്ങളിൽ പരസ്പര ഐക്യത്തിൽ പ്രവർത്തിക്കുന്നു.

ഭരണസംവിധാനം

[തിരുത്തുക]
സി.എസ്.ഐ. സഭയുടെ മഹായിടവകകളും(Dioceses) അവയുടെ ആസ്ഥാനങ്ങളും

ചെന്നെ ആസ്ഥാനമായുള്ള സിനഡ് ആണ് സഭയുടെ ഭരണകാര്യങ്ങൾ നിയന്ത്രിക്കുന്നത്. മോഡറേറ്റർ എന്ന പദവിയുള്ള പ്രിസൈഡിംഗ് ബിഷപ്പാണ് സിനഡിനു നേതൃത്വം നൽകുന്നത്. മോഡറേറ്ററെ രണ്ടു വർഷം കൂടുമ്പോൾ തെരഞ്ഞെടുക്കുന്നു. ദക്ഷിണ കേരള മഹായിടവക ബിഷപ്പായ ധർമ്മരാജ് റസാലം ആണ് ഇപ്പോഴത്തെ മോഡറേറ്റർ

മഹായിടവകകൾ

[തിരുത്തുക]

ഭരണസൗകര്യാർത്ഥം ചർച്ച് ഓഫ് സൗത്ത് ഇന്ത്യയെ മഹായിടവകകൾ ആയി തിരിച്ചിരിക്കുന്നു. ഒരോ മഹായിടവകയും ചുമതല ഒരോ ബിഷപ്പിന് നൽകപ്പെട്ടിരിക്കുന്നു. ഇപ്പോൾ 25 മഹായിടവകകൾ നിലവിലുണ്ട്. ഇവയിൽ ദക്ഷിണ കേരള, മധ്യകേരള, ഉത്തര കേരള, ഈസ്റ്റ് കേരള മലബാർ മഹായിടവക, കൊല്ലം -കൊട്ടാരക്കര എന്നിങ്ങനെ ആറ് മഹായിടവകകൾ കേരളത്തിലും മറ്റുള്ളവ തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലുമാണ്. ജാഫ്ന ആസ്ഥാനമായി ഒരു മഹായിടവക ശ്രീലങ്കയിലുമുണ്ട്.

ഇടവകകൾ

[തിരുത്തുക]

വിവിധ മഹായിടവകളിലായി 14,000 ഇടവകകൾ സഭയിലുണ്ട്. ഇവയിലേറെയും സഭയിലെ അംഗങ്ങളേറെയുള്ള ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലെ ജാഫ്ന പ്രദേശത്തുമാണെങ്കിലും ഇന്ത്യയുടെ ഇതര ഭാഗങ്ങളിലും ചില ഗൾഫ് യൂറോപ്യൻ രാജ്യങ്ങളിലും സി.എസ്.ഐ ഇടവകകളുണ്ട്.

പ്രവർത്തനങ്ങൾ

[തിരുത്തുക]

വിദ്യാഭ്യാസ, ആതുരസേവന, വികസനരംഗങ്ങളിൽ സി.എസ്.ഐ. സഭ പ്രവർത്തിക്കുന്നുണ്ട്. സഭയുടെ രണ്ടാം പിറന്നാൾ വേളയിൽ പിറവിയെടുത്ത സി.എസ്.ഐ. സ്ത്രീജനസഖ്യം എന്ന ഒരു പോഷകസംഘടനയും ഇതിനുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

[തിരുത്തുക]

തിരുവനന്തപുരം ക്രിസ്ത്യൻ കോളേജ് കാട്ടാക്കട, തിരുവനന്തപുരം ഡോ.സോമർവെൽ മെഡിക്കൽ കോളേജ് കാരക്കോണം, തിരുവനന്തപുരം ലോ കോളേജ് പാറശ്ശാല, തിരുവനന്തപുരം ജോൺ കോക്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കണ്ണമ്മൂല, കോട്ടയം സി.എം.എസ്. കോളേജ്, കോട്ടയം, മാവേലിക്കര ബിഷപ്പ് മൂർ കോളജ്, മാവേലിക്കര പീറ്റ് മെമ്മോറിയൽ ട്രൈനിങ് കോളജ്, കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ്, മേലുകാവ് ഹെൻട്രി ബേക്കർ കോളജ് എന്നിവ സി.എസ്.ഐ സഭയുടെ കോളജുകളാണ്.

അവലംബം

[തിരുത്തുക]
  1. "Church of South India". World Methodist Council. 9 November 2019. The Church of South India is a United Church that came into existence on 27 September 1947. The churches that came into the union were the Anglican Church, the Methodist Church, and the South India United Church (a union in 1904 of the Presbyterian and Congregational churches). Later the Basel Mission Churches in South India also joined the Union. The Church of South India is the first example in church history of the union of Episcopal and non-Episcopal churches, and is thus one of the early pioneers of the ecumenical movement. The CSI strives to maintain fellowship with all those branches of the church which the uniting churches enjoyed before the union. It is a member of the World Methodist Council, the Anglican Consultative Council, the World Alliance of Reformed Churches, the Council for World Mission, and the Association of Missions and Churches in South West Germany
  2. 2.0 2.1 "Church of South India - About". Retrieved 2008-06-21.[പ്രവർത്തിക്കാത്ത കണ്ണി]
  3. 3.0 3.1 3.2 "World Council of Churches - The Church of South India". Archived from the original on 2008-06-11. Retrieved 2008-06-21.
  4. 4.0 4.1 "History of the Church of South India, From indianchristianity.com website". Retrieved 2011-12-17.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]