Jump to content

ദേവൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സി.വി. ദേവൻ നായർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സി.വി. ദേവൻ നായർ
ദേവൻ നായർ


പദവിയിൽ
October 23, 1981 – March 27, 1985
പ്രധാനമന്ത്രി Lee Kuan Yew (1959-1990)
മുൻഗാമി Benjamin Henry Sheares
പിൻഗാമി Wee Kim Wee
പദവിയിൽ
1979 – 1981
മുൻഗാമി P. Govindaswamy
പിൻഗാമി J.B. Jeyaretnam

ജനനം (1923-08-05)ഓഗസ്റ്റ് 5, 1923
Malacca, Straits Settlements
മരണം ഡിസംബർ 6, 2005(2005-12-06) (പ്രായം 82)
Hamilton, Ontario, Canada
രാഷ്ട്രീയകക്ഷി People's Action Party
ജീവിതപങ്കാളി Avadai Dhanam
മക്കൾ 4
തൊഴിൽ Labour unionist
മതം Hinduism

സിംഗപ്പൂരിന്റെ മൂന്നാമത്തെ രാഷ്ട്രപതിയായിരുന്നു സി.വി. ദേവൻ നായർ (ഓഗസ്റ്റ് 5, 1923 - ഡിസംബർ 6, 2005) . 1981 ഒക്ടോബർ 23-ന് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1985 മാർച്ച് 28-ന് രാജിവയ്ക്കുന്നതു വരെ സിംഗപ്പൂരിന്റെ രാഷ്ട്രപതിയായി സേവനമനുഷ്ഠിച്ചു.

ജീവിതരേഖ

[തിരുത്തുക]

കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലെ തിരുവങ്ങാട് എന്ന സ്ഥലത്തുനിന്ന് മലേഷ്യയിലേക്കു കുടിയേറിയ ഇല്ലത്തു വയലക്കര കരുണാകരൻ നായരുടെയും ചെങ്ങരവീട്ടിൽ ശ്രീദേവി അമ്മയുടെയും മകനായി 1923 ആഗസ്ത് 5-ന് മലേഷ്യയിൽ ജനിച്ചു. പിതാവ് അക്കാലത്ത് മലേഷ്യയിൽ ഒരു റബ്ബർ എസ്റ്റേറ്റിലെ ഉദ്യോഗസ്ഥനായിരുന്നു. 1930-കളിലെ സാമ്പത്തികത്തകർച്ച ദേവൻനായരുടെ കുടുംബത്തെയും ബാധിച്ചു. ഇതുമൂലം കുടുംബം സിംഗപ്പൂരിലേക്ക് താമസം മാറ്റി. ദേവൻ നായർക്ക് 10 വയസ്സായിരുന്നു അപ്പോൾ പ്രായം. തുടർന്ന് സിംഗപ്പൂരിലായിരുന്നു വിദ്യാഭ്യാസം. സീനിയർ കേംബ്രിഡ്ജ് പരീക്ഷ പാസ്സായശേഷം അധ്യാപകനാകാനുള്ള പരിശീലനം നേടി. 1949 മുതൽ 51 വരെ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ് അധ്യാപകനായി ജോലിനോക്കി.

അധ്യാപകരുടെ ക്ഷേമകാര്യങ്ങളിൽ തത്പരനായിരുന്ന ഇദ്ദേഹം സംഘടനാ പ്രവർത്തനങ്ങളിൽ വ്യാപൃതനാവുകയും അധ്യാപകസംഘടനയുടെ നേതൃസ്ഥാനത്തെത്തുകയും ചെയ്തു. ബ്രിട്ടീഷുകാരുടെ നയങ്ങൾക്കെതിരെ അധ്യാപകരെ അണിനിരത്തുവാൻ ഇദ്ദേഹത്തിനു സാധിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നുകൊണ്ട് സ്വാതന്ത്ര്യസമരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഇതുമൂലം 1951-ൽ അറസ്റ്റിലായി. 1953 വരെ ജയിൽവാസം അനുഭവിക്കേണ്ടിവന്നു. ജയിൽശിക്ഷ കഴിഞ്ഞ് പുറത്തുവന്ന ദേവൻ നായർ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിൽ വ്യാപൃതനായി. സിംഗപ്പൂരിലുടനീളം നിരവധി തൊഴിലാളി പണിമുടക്കുകൾക്ക് ഇദ്ദേഹം നേതൃത്വം നൽകിയിരുന്നു. പീപ്പിൾസ് ആക്ഷൻ പാർട്ടി എന്നൊരു രാഷ്ട്രീയപാർട്ടി രൂപവത്കരിക്കുന്നതിനും നേതൃത്വം നൽകി. 1956 മുതൽ 59 വരെ വീണ്ടും തടവിലായി. തടവിൽ കിടക്കവേ ഇംഗ്ലീഷ് സാഹിത്യപഠനങ്ങളിൽ മുഴുകി. കമ്യൂണിസ്റ്റ് പാർട്ടിയോടുള്ള താത്പര്യം വെടിഞ്ഞ് പാർട്ടിയിൽനിന്നു രാജിവയ്ക്കുകയും എല്ലാ പാർട്ടിബന്ധങ്ങളും വിച്ഛേദിക്കുകയും ചെയ്തു. സ്വതന്ത്ര മലേഷ്യയുടെ വിദ്യാഭ്യാസ മന്ത്രാലയത്തിലെ പൊളിറ്റിക്കൽ സെക്രട്ടറിയായി 1959-60-ൽ ഇദ്ദേഹം സേവനമനുഷ്ഠിച്ചു. സ്വതന്ത്രമായ അഭിപ്രായഗതികളിൽ ഉറച്ചുനിന്നതുമൂലം ഈ സ്ഥാനം ഉപേക്ഷിക്കേണ്ടിവന്നു. അതിനുശേഷം അധ്യാപകവൃത്തിയിലേക്കും പിന്നീട് ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലേക്കും മടങ്ങി. നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ്സിന്റെ സെക്രട്ടറിയായും (1964-65) സെക്രട്ടറി ജനറലായും (1969-79) പ്രസിഡന്റായും (1979-81) ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 1964-ൽ മലേഷ്യൻ പാർലമെന്റിൽ അംഗമായി. മലേഷ്യയിൽനിന്ന് വേറിട്ടുമാറി സിംഗപ്പൂർ 1965-ൽ റിപ്പബ്ലിക് ഒഫ് സിംഗപ്പൂർ ആയി. 1969 മുതൽ സിംഗപ്പൂർ കേന്ദ്രീകരിച്ചാണ് ദേവൻ നായർ പ്രവർത്തനം തുടർന്നത്. 1979-ൽ സിംഗപ്പൂരിൽ പാർലമെന്റംഗമായി. 1981-ൽ ഇദ്ദേഹം സിംഗപ്പൂരിന്റെ പ്രസിഡന്റ്പദവിയിലെത്തി. രാജ്യത്തിന്റെ മൂന്നാമത്തെ പ്രസിഡന്റായിരുന്നു ഇദ്ദേഹം. 1985 വരെ ഈ പദവിയിൽ തുടർന്നു. പിന്നീട് പൊതുജീവിതത്തിൽനിന്നു വിരമിച്ചു. തുടർന്നുള്ള കാലം ഇദ്ദേഹം വിദേശത്താണ് ചെലവഴിച്ചത്. സംഗീതം, നാടകം, ഇംഗ്ളീഷ് സാഹിത്യം എന്നീ മേഖലകളിൽ ദേവൻ നായർ തത്പരനായിരുന്നു. ദേവൻ നായരുടെ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് 1963-ൽ പബ്ളിക് സർവീസ് സ്റ്റാർ എന്ന ദേശീയ ബഹുമതി സമ്മാനിച്ചിരുന്നു. സിംഗപ്പൂർ സർവകലാശാല 1976-ൽ ഓണററി ബിരുദം നല്കി ഇദ്ദേഹത്തെ ആദരിച്ചു. ഹൂ ലിവ്സ് ഇഫ് മലേഷ്യ ഡൈസ് ?, റ്റുമാറോ-ദ് പെരിൽ ആൻഡ് ദ് പ്രോമിസ്, സിംഗപ്പൂർ-സോഷ്യലിസം ദാറ്റ് വർക്സ്, ഏഷ്യൻ ലേബർ ആൻഡ് ദ് ഡൈനമിക്സ് ഒഫ് ചെയ്ഞ്ച് എന്നീ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

2005 ഡിസംബർ 6-ന് കാനഡയിലെ ഒന്റാറിയോയിൽ ഇദ്ദേഹം നിര്യാതനായി.

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദേവൻ നായർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദേവൻ_നായർ&oldid=3708143" എന്ന താളിൽനിന്ന് ശേഖരിച്ചത്