ഹിഗ്വിറ്റ (ചെറുകഥ)
കർത്താവ് | എൻ.എസ്. മാധവൻ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | ഡി.സി. ബുക്ക്സ് |
ഏടുകൾ | 95 |
കഥാകൃത്തും നോവലിസ്റ്റുമായ എൻ.എസ്. മാധവൻ എഴുതിയ ഒരു മലയാളം ചെറുകഥയാണ് ഹിഗ്വിറ്റ. ഹിഗ്വിറ്റ എന്ന പേരിൽ തന്നെ, ഈ കഥ ഉൾപ്പെടുത്തിയിട്ടുള്ള മാധവന്റെ കഥാസമാഹാരത്തിന് 2009-ലെ മുട്ടത്തുവർക്കി പുരസ്കാരം ലഭിച്ചിട്ടുണ്ട്[1] 1995-ൽ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ കൃതിക്കാണ്. [2] [3].
പേര്
[തിരുത്തുക]ഗോൾമുഖം വിട്ട് കളിക്കളത്തിലിറങ്ങി കളിക്കുന്ന അപകടകരമായ ശൈലി സ്വീകരിച്ച് സ്വന്തം ടീമിന് നേട്ടങ്ങളും ചിലപ്പോഴൊക്കെ തിരിച്ചടികളും നേടി പ്രസിദ്ധനായ കൊളംബിയൻ ഫുട്ബോൾ ടീം ഗോൾകീപ്പർ, റെനെ ഹിഗ്വിറ്റയുടെ (José René Higuita Zapata) പേരാണ് കഥയ്ക്ക്. കഥയിലെ മുഖ്യകഥാപാത്രമായ പുരോഹിതൻ ഗീവർഗീസച്ചൻ, പഴയ ഫുട്ബോൾ കളിക്കാരനും ഫുട്ബോൾ പ്രേമിയുമാണ്. അദ്ദേഹം കഥയിൽ പെരുമാറുന്ന രീതിക്ക് ഹിഗ്വിറ്റയുടെ കേളീശൈലിയോട് സാമ്യമുണ്ട്. ഫുട്ബോളുമായി ബന്ധപ്പെട്ട പദാവലിയും ബിംബങ്ങളും ഈ കഥയിൽ ഏറെയുണ്ട്.
കഥാസംഗ്രഹം
[തിരുത്തുക]തെക്കൻ ദില്ലിയിൽ, കുറച്ചു മലയാളികളും ബിഹാറിൽ നിന്നെത്തിയ ഏതാനും ആദിവാസിപ്പെണ്ണുങ്ങളും മറ്റും ഇടവകക്കാരായ ഒരു പള്ളിയിലെ വികാരിയായിരുന്നു കേരളീയനായ ഗീവർഗീസച്ചൻ. ഒരു കായികാദ്ധ്യാപകന്റെ മകനായ അദ്ദേഹം സ്കൂൾ വിദ്യാഭ്യാസകാലത്ത് ഫുട്ബോളിൽ ഏറെ തിളങ്ങി. പിതാവിന്റെ മരണത്തെ തുടർന്ന് കളി നിർത്തിയെങ്കിലും പൗരോഹിത്യത്തിലേക്കുള്ള വിളി സ്വീകരിച്ചുകഴിഞ്ഞും ഗീവർഗീസ് ആ കളിയിലുള്ള താത്പര്യം നിലനിർത്തി. ടെലിവിഷനിൽ ലോകകപ്പുമത്സരം കാണുന്നതും കളിക്കാരുടെ ശൈലിയെ അപഗ്രഥിക്കുന്നതും അദ്ദേഹം പതിവാക്കിയിരുന്നു.
ഗീവർഗീസച്ചന്റെ ഇടവകക്കാരിൽ ഒരാളായിരുന്നു ആദിവാസി ലൂസി മരണ്ടി. പഞ്ഞമാസങ്ങളിൽ ആദിവാസിപ്പെൺകുട്ടികളെ ജോലി വാഗ്ദാനം ചെയ്തു ദില്ലിയിലേക്ക് കൊണ്ടുവരുക പതിവാക്കിയിരുന്ന ജബ്ബാർ എന്നയാളാണ് ലൂസിയെ അവിടെയെത്തിച്ചത്. പറഞ്ഞിരുന്നതുപോലെ അയാൾ അവൾക്ക് ഒരു വീട്ടിൽ ജോലി വാങ്ങിക്കൊടുത്തെങ്കിലും അയാളുടെ പ്രധാന പദ്ധതി മറ്റൊന്നായിരുന്നു. അതനുസരിച്ച്, ജോലിചെയ്തിരുന്ന വീട്ടിൽ നിന്ന് സൂത്രത്തിൽ വിളിച്ചിറക്കി ഒരുദിവസം അയാൾ അവളെ വലിയ ഹോട്ടലുകളിലൊന്നിൽ ഒരു സേഠിന്റെ മുറിയുടെ വാതിൽക്കൽ എത്തിച്ചു. കാര്യം മനസ്സിലാക്കിയപ്പോൾ രക്ഷപെട്ടോടാൻ ശ്രമിച്ച അവളെ പിടികൂടി സ്വന്തം വീട്ടിൽ കൊണ്ടുപോയി അയാൾ പീഡിപ്പിച്ചെങ്കിലും അവിടെ നിന്ന് രക്ഷപെട്ട് അവൾ അയാൾ അറിയാത്ത മറ്റൊരു വീട്ടിൽ ജോലി സമ്പാദിച്ചു.
താമസിയാതെ ആ വീട് കണ്ടെത്തിയ ജബ്ബാർ അവിടേയും ശല്യവും ഭീഷണിയും തുടർന്നപ്പോൾ ലൂസി ഗീവർഗീസച്ചന്റെ സഹായം തേടി. പലവട്ടം പരാതിയുമായി സമീപിച്ച അവളോട് "എല്ലാം ശരിയാകും ലൂസി" എന്നും മറ്റുമുള്ള ഒഴുക്കൻ ആശ്വാസവചനങ്ങൾ പറയുകയും, പോലീസിൽ പരാതി പറയാൻ ഉപദേശിക്കുകയുമല്ലാതെ മറ്റൊന്നും ചെയ്യാൻ അദ്ദേഹത്തിനായില്ല. പോലീസിനെയാകട്ടെ അവൾ ജബ്ബാറിനേക്കാൾ ഭയന്നിരുന്നു. നിസ്സഹായത നൽകിയ ആത്മസംഘർഷത്തിനിടയിലും ഫുട്ബോൾ പ്രേമിയായ ഗീവർഗീസച്ചൻ ടെലിവിഷനിൽ ഫുട്ട്ബോൾ കളികണ്ട് വിശകലനം ചെയ്യുന്നത് നിർത്തിയിരുന്നില്ല. "പെനാൽറ്റി കിക്ക് കാത്തുനിൽക്കുന്ന ഗോളിയുടെ ഏകാന്തത" [ക] എന്ന ജർമ്മൻ നോവലിനെക്കുറിച്ച് സാഹിത്യസ്നേഹിയായ മറ്റൊരു പുരോഹിതനിൽ നിന്ന് കേട്ടപ്പോൾ മുതൽ കളിയിൽ ഗോൾകീപ്പറുടെ പങ്കിനെ പലവിധത്തിൽ സങ്കല്പിച്ചെടുക്കാൻ ശ്രമിച്ച ഗീവർഗീസച്ചൻ കൊളംബിയൻ ഗോളി ഹിഗ്വിറ്റയുടെ സാഹസികത നിറഞ്ഞ ശൈലി പ്രത്യേകം ശ്രദ്ധിക്കാൻ തുടങ്ങി. ഗോളികളുടെ സ്ഥായിധർമ്മമായ ദൃക്സാക്ഷിത്വത്തം കൊണ്ട് തൃപ്തിപ്പെടാതെ പുതിയ അക്ഷാംശങ്ങൾ കണ്ടെത്തുന്ന കപ്പിത്താനെപ്പോലെ മൈതാനത്തിന്റെ മധ്യത്തിലേക്ക് പന്ത് ഇടംവലം പായിച്ച് കുതിക്കുന്ന ഹിഗ്വിറ്റ അദ്ദേഹത്തെ ആകർഷിച്ചു.
അടുത്ത തവണ ജബ്ബാറിനെക്കുറിച്ച് പരാതിയുമായെത്തിയ ലൂസി, അയാൾ തന്റെ മുഖത്ത് ആസിഡ് ബൾബെറിയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അതിനാൽ അയാൾ പറയുന്നിടത്തേക്ക് ഒപ്പം ചെല്ലാൻ തീരുമാനിച്ചിരിക്കുന്നുവെന്നും അറിയിച്ചു. അതുകേട്ട ഗീവർഗീസച്ചൻ, ഹിഗ്വിറ്റയെ അനുകരിച്ച് ഗോൾമുഖം വിട്ട് മൈതാനത്തേക്കു കടന്നു കളിക്കാൻ തീരുമാനിച്ചു. സ്വന്തം മുറിയിൽ പോയി പുരോഹിതന്റെ ളോഹയും ജപമാലയും ഊരിവച്ച് സാധാരണവസ്ത്രത്തിൽ മടങ്ങിയെത്തിയ അദ്ദേഹം, സ്കൂട്ടറിനു പിന്നിൽ ലൂസിയെ ഇരുത്തി ജബ്ബാറിന്റെ താമസസ്ഥലത്തെത്തി വാതിലിൽ മുട്ടി. ലൂസിയെ കണ്ട് സന്തോഷിച്ച് അവളോട് വീട്ടിലേക്ക് കയറാൻ ആവശ്യപ്പെട്ട ജബ്ബാറിനെ അദ്ദേഹം അടിച്ചവശനാക്കി. ആ സമാപ്തി കഥയുടെ തന്നെ ഭാഷയിൽ ഇങ്ങനെയാണ്:[4]
“ | ഗീവർഗീസ് കാലുയർത്തി അടിച്ചു. വിരിനെഞ്ചിൽ പന്തെടുത്ത് തലകൊണ്ടടിച്ചു. അടുത്ത അടി കാലുപൊക്കിയായിരുന്നു. പിന്നെയും പിന്നെയും.... പിന്നെ സ്ലോമോഷനിൽ ആ അടി ആവർത്തിച്ചു. നിലത്തുവീണ ജബ്ബാറിന്റെ മൂക്കിൽ നിന്ന് ചോര പടർന്നു. വലിയ അക്ഷരത്തിൽ ഓക്ലഹാമ എന്നെഴുതിയ ബനിയൻ കൂട്ടിപ്പിടിച്ച് എഴുന്നേല്പിച്ച് ഗീവർഗീസച്ചൻ പറഞ്ഞു: "നാളെ സൂര്യോദയം എന്നൊന്നുണ്ടെങ്കിൽ നിന്നെ ദില്ലിയിൽ കണ്ടുപോകരുത്." | ” |
മൈതാനമദ്ധ്യത്തിലെ ഇടപെടൽ കഴിഞ്ഞ് യാതൊരു ഗൃഹാതുരത്വവും ഇല്ലാതെ തനിക്കു ചുമതലപ്പെട്ട ഗോൾ മുഖത്തേക്ക് മടങ്ങുന്ന ഹിഗ്വിറ്റയെപ്പോലെ, ലൂസിയെ അവൾ ജോലിചെയ്തിരുന്ന വീട്ടിൽ ഇറക്കി വിട്ടിട്ട് നിർവികാരനായി സ്വന്തം മുറിയിലേക്കു മടങ്ങുന്ന ഗീവർഗീസച്ചനെ ചിത്രീകരിച്ചാണ് കഥ അവസാനിക്കുന്നത്.
വിവാദം
[തിരുത്തുക]ഹിഗ്വിറ്റയുമായി ബന്ധപ്പെട്ടുണ്ടായ ഒരു വിവാദം ഇടക്ക് കേരളത്തിലെ മത-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു. എട്ടാം ക്ലാസിലെ പാഠപുസ്തകത്തിൽ ചേർത്തിരുന്ന ഈ കഥയെക്കുറിച്ച്, വിദ്യാഭ്യാസവകുപ്പിന്റെ പഠനസഹായിൽ ഉൾക്കൊള്ളിച്ചിരുന്ന ചില നിരീക്ഷണങ്ങളാണ് വിവാദമുണർത്തിയത്. ഒരു കത്തോലിക്കാപുരോഹിതന്റെ ജീവിതത്തെ മഹത്ത്വീകരിച്ചുകാട്ടുന്നതാണ് ഈ കഥയെന്നിരിക്കെ, പഠനസഹായിയലെ നിരീക്ഷണങ്ങളിൽ സൂചിതമായ വ്യാഖ്യാനം ക്രൈസ്തവപൗരോഹിത്യത്തെ വിലകുറച്ചുകാട്ടുന്നുവെന്നായിരുന്നു പരാതി.[5] ളോഹയുടേയും ജപമാലയുടേയും ബന്ധനത്തിൽ ബൈബിളിനെ ആശ്രയിച്ച് കഴിഞ്ഞ ഗീവർഗ്ഗീസച്ചന് ആകുലതകളിൽനിന്ന് രക്ഷനേടാനായില്ലെന്നും, പുരോഹിതന്മാർ ളോഹയും ജപമാലയും ഊരിയെറിഞ്ഞ് ബൈബിളിൽനിന്നും പുറത്ത് കടക്കുന്നതാണ് ശരിയെന്നും സ്ഥാപിക്കാൻ ശ്രമിക്കുകയും, ബൈബിൾ കഥാപാത്രങ്ങളെ തെറ്റായി ചിത്രീകരിക്കുകയും [ഖ] ചെയ്യുന്ന വ്യാഖ്യാനമാണ് പഠനസഹായിയുള്ളതെന്നും ആരോപിക്കപ്പെട്ടു.[6]
കഥയിലെ വില്ലന് 'ജബ്ബാർ' എന്ന മുസ്ലിം പേരു നൽകിയതിന് എം.ടി. അൻസാരി, കഥാകൃത്തിനെ വിമർശിച്ചിട്ടുണ്ട്. എന്നാൽ, സാമാന്യവായനയിൽ പെടാത്ത അപപരായണത്തിനു മുതിർന്ന ആളുകൾ മാത്രമാണ് അതിൽ കുറ്റം കണ്ടതെന്നും, നമുക്കു നമ്മോടു തന്നെ ബഹുമാനമില്ലാത്തതു കൊണ്ടാണ് ഇത്തരം ദുഷ്ടചിന്തകളുണ്ടാകുന്നതെന്നുമാണ് ഈ വിമർശനത്തിനു മാധവന്റെ മറുപടി. [7]
കുറിപ്പുകൾ
[തിരുത്തുക]ക. ^ കഥയുടെ ആദ്യവാക്യത്തിൽ തന്നെ പരാമർശിക്കപ്പെടുന്ന ഈ ലഘുനോവൽ(The Goalie's Anxiety at the Penalty Kick) ജർമ്മൻ നോവലിസ്റ്റ് പീറ്റർ ഹാൻഡ്‌കെയുടേതാണ്. പ്രസിദ്ധ ചലചിത്രനിർമ്മാതാവ് വിം വെൻഡേഴ്സ് അതിനെ ചലചിത്രമാക്കിയിട്ടുണ്ട്.[8]
ഖ. ^ 'വിത്തുകൾ' മണ്ണിൽ വീഴ്ത്തി പാഴാക്കിയ യൂദായുടെ മകൻ ഓനാനെക്കുറിച്ച് ബൈബിളിലെ ഉല്പത്തി പുസ്തകത്തിലുള്ള കഥ ഹിഗ്വിറ്റയിൽ പരാമർശിക്കപ്പെടുന്നുണ്ട്.
അവലംബം
[തിരുത്തുക]- ↑ .
"മുട്ടത്തുവർക്കി പുരസ്കാരം എൻ എസ് മാധവന്". വെബ് ദുനിയ. Retrieved 2009 ഒക്ടോബർ 25.
{{cite news}}
: Check date values in:|accessdate=
(help); Cite has empty unknown parameter:|coauthors=
(help). - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-24.
- ↑ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ചെറുകഥകൾ
- ↑ കേരളസർക്കാർ പ്രസിദ്ധീകരിച്ച ഹയർ സെക്കന്ററി രണ്ടാം വർഷം പാഠപുസ്തകത്തിൽ (പുറങ്ങൾ 54-59) ചേർത്തിട്ടുള്ള എൻ.എസ്. മാധവന്റെ ചെറുകഥ ഹിഗ്വിറ്റയുടെ പാഠം
- ↑ എറണാകുളത്തുനിന്ന് പ്രസിദ്ധീകരിക്കുന്ന കത്തോലിക്കാ വാരികയായ സത്യദീപത്തിന്റെ 2009 ഓഗസ്റ്റ് 5-ആം തിയതിയിലെ ലക്കത്തിൽ, ലേഖാ റോസ് എഴുതിയ ലേഖനം കാണുക
- ↑ ഈ വിവാദത്തെ സംബന്ധിച്ച് 2009 ജൂലൈ മൂന്നിലെ മാതൃഭൂമി ദിനപത്രത്തിൽ വന്ന വാർത്ത ഇവിടെ Archived 2009-07-05 at the Wayback Machine
- ↑ എൻ എസ് മാധവൻ, എ.കെ. അബ്ദുൾ ഹക്കീമുമായുള്ള അഭിമുഖം, 2011 ഫെബ്രുവരി 20-ലെ മാതൃഭൂമി ആഴ്ചപ്പതിപ്പ്
- ↑ ചിത്രത്തെക്കുറിച്ച് ന്യൂയോർക്ക് ടൈംസ് പത്രം പ്രസിദ്ധീകരിച്ച നിരൂപണത്തിന്റെ ശകലം ഇവിടെ