Jump to content

ഹിരോഷിമാ പീസ് മെമ്മോറിയൽ പാർക്ക്

Coordinates: 34°23′34″N 132°27′09″E / 34.392728°N 132.452374°E / 34.392728; 132.452374
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഹിരോഷിമാ ശാന്തിസ്മാരക ഉദ്യാനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹിരോഷിമാ പീസ് മെമ്മോറിയൽ പാർക്ക്
Hiroshima Peace Memorial Park
ഹിരോഷിമാ പീസ് മെമ്മോറിയൽ പാർക്ക്
Map
തരംലോക സമാധാനത്തിനു വേണ്ടി നിലകൊള്ളുന്ന ഉദ്യാനം.
സ്ഥാനംഹിരോഷിമ,  ജപ്പാൻ
Coordinates34°23′34″N 132°27′09″E / 34.392728°N 132.452374°E / 34.392728; 132.452374
Createdഏപ്രിൽ 1, 1954; 70 years ago (1954-04-01)
Statusപ്രവർത്തിക്കുന്നു.
Websiteഹിരോഷിമ പീസ് മെമ്മോറിയൽ പാർക്ക്

ജപ്പാനിലെ ഹിരോഷിമയിൽ സ്ഥിതിചെയ്യുന്ന ഒരു ഉദ്യാനമാണ് ഹിരോഷിമാ ശാന്തിസ്മാരക ഉദ്യാനം അഥവാ ഹിരോഷിമാ പീസ് മെമ്മോറിയൽ പാർക്ക് (Hiroshima Peace Memorial Park (広島平和記念公園 Hiroshima Heiwa Kinen Kōen?)). 1945 ഓഗസ്റ്റ് 6-ന് ഹിരോഷിമയിൽ ആദ്യമായി അണുബോംബ് പ്രയോഗിച്ചതിനെത്തുടർന്ന് മരണമടഞ്ഞ 1,40,000-ത്തോളം ആളുകളുടെ ഓർമ്മയ്ക്കായാണ് ഉദ്യാനം നിർമ്മിച്ചിരിക്കുന്നത്.[1] ആണവായുധങ്ങൾ സൃഷ്ടിക്കുന്ന ഭീകരാന്തരീക്ഷത്തെ ഓർമ്മിപ്പിക്കുന്ന ഈ ഉദ്യാനം സമാധാനത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു.[2]

ഏറെ വർഷങ്ങൾക്കു മുമ്പ് അനേകം വ്യാപാര കേന്ദ്രങ്ങളും ജനവാസ കേന്ദ്രങ്ങളും ഉണ്ടായിരുന്ന ഈ പ്രദേശം അണുവിസ്ഫോടനത്തെ തുടർന്ന് തരിശു നിലമായി മാറി. അണുബോംബ് വീണ അതേ സ്ഥലത്തു തന്നെയാണ് ഉദ്യാനം നിർമ്മിച്ചിരിക്കുന്നത്. ജാപ്പനീസ് വാസ്തുശില്പിയായ കെൻസോ ടാംഗെയാണ് ഉദ്യാനം രൂപകല്പന ചെയ്തത്. സമാധാന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന നിരവധി സ്മാരകങ്ങളും മ്യൂസിയങ്ങളും പഠനകേന്ദ്രങ്ങളുമാണ് ഇവിടെയുള്ളത്. വർഷം തോറും ലക്ഷക്കണക്കിനാളുകൾ ഉദ്യാനം സന്ദർശിക്കുവാനെത്തുന്നു. എല്ലാ വർഷവും ഓഗസ്റ്റ് 6-ന് ഹിരോഷിമാ ദിനത്തിൽ ഇവിടെ ചില പ്രത്യേക പരിപാടികൾ നടക്കാറുണ്ട്.[3]

ചരിത്രം

[തിരുത്തുക]

ഹിരോഷിമയിലെ ആറ്റംബോംബ് പ്രയോഗം

[തിരുത്തുക]

1945 ഓഗസ്റ്റ് 6-ന് രാവിലെ 8.15-ന് ഹിരോഷിമയിൽ വച്ച് മനുഷ്യർക്കു നേരെ ആദ്യമായി ആറ്റംബോംബ് ആക്രമണം നടന്നു. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനെ പരാജയപ്പെടുത്തുന്നതിനായി അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്നു അണുവായുധ പ്രയോഗം. 1945 ജൂലൈ 25-ന് അമേരിക്കൻ വ്യോമസേനയുടെ പസഫിക് മേഖലാ കമാൻഡർ ജനറലായ കാൾ സ്പാർട്സിന് ജപ്പാനിലെ രണ്ടു നഗരങ്ങളിൽ ആറ്റംബോംബ് പ്രയോഗിക്കാനുള്ള നിർദ്ദേശം ലഭിക്കുകയായിരുന്നു.[4] 40,000-ത്തോളം ജാപ്പനീസ് സൈനികർ പ്രവർത്തിക്കുന്ന സെക്കൻഡ് ജനറൽ ആർമിയുടെ ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്ന ഹിരോഷിമാ നഗരത്തെയാണ് ബോംബിടാനായി ആദ്യം തിരഞ്ഞെടുത്തത്.[4] അമേരിക്കൻ വ്യോമസേനയുടെ ബി-29 ബോംബർ വിമാനമായ എനോല ഗേ (Enola Gay)യിൽ നിന്നാണ് ബോംബ് പ്രയോഗിച്ചത്. ലിറ്റിൽ ബോയി എന്നായിരുന്നു ബോംബിന്റെ പേര്. യുറേനിയം 235 ഐസോടോപ്പിനെ ലെഡ് കൊണ്ട് ആവരണം ചെയ്തു നിർമ്മിച്ച ഈ ബോംബിന് 12,500 ടൺ ടി.എൻ.ടി.യുടെ പ്രഹരശേഷിയുണ്ടായിരുന്നു. ഹിരോഷിമ നഗരത്തെ ഏതാണ്ട് പൂർണ്ണമായും നശിപ്പിച്ചു കളഞ്ഞ സ്ഫോടനത്തിൽ 1,40,000-ത്തോളം പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്.[5] യുദ്ധത്തിനുശേഷം 1950 മുതൽ 1964 വരെയുള്ള വർഷങ്ങളിലാണ് ശാന്തിസ്മാരക ഉദ്യാനത്തിന്റെ നിർമ്മാണം നടന്നത്.

പ്രത്യേക ആകർഷണങ്ങൾ

[തിരുത്തുക]

ഹിരോഷിമയിലെ ശാന്തിസ്മാരകം

[തിരുത്തുക]
ഹിരോഷിമയിലെ ശാന്തിസ്മാരകം (ജെൻബകു ഡോം)

ഹിരോഷിമയിലെ അണുബോംബ് പ്രയോഗത്തെ അതിജീവിച്ച ഹിരോഷിമാ പ്രീഫെക്ചുറൽ ഇൻഡസ്ട്രിയൽ പ്രൊമോഷൻ ഹാൾ എന്ന കെട്ടിടത്തെ ഹിരോഷിമാ ശാന്തിസ്മാരകം (പീസ് മെമ്മോറിയൽ) എന്ന പേരിൽ സംരക്ഷിച്ചുവരുന്നു. അണുവായുധ പ്രയോഗത്തിൽ നിന്നുണ്ടാകുന്ന നാശനഷ്ടങ്ങളെ പ്രതിനിധീകരിക്കുന്ന ഈ കെട്ടിടത്തെ സമാധാനത്തിന്റെ പ്രതീകമായും കണക്കാക്കുന്നു. ഇവിടെ വരുന്ന സന്ദർശകർ ഇതിനെ ഒരു പവിത്രസ്ഥാനമായാണ് കരുതുന്നത്.[3] 1996 ഡിസംബർ 7-ന് ഈ സ്മാരകത്തെ യുനെസ്‌കോയുടെ ലോക പൈതൃക സ്ഥാനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി.[6]

കുട്ടികളുടെ ശാന്തിസ്മാരകം

[തിരുത്തുക]

അണുബോംബ് പ്രഹരത്തിനിരയായ കുട്ടികൾക്കു വേണ്ടി ഉദ്യാനത്തിൽ നിർമ്മിച്ചിരിക്കുന്ന സ്മാരകമാണ് ചിൽഡ്രൻസ് പീസ് മോണ്യുമെന്റ് (കുട്ടികളുടെ ശാന്തിസ്മാരകം). കടലാസുകൊണ്ട് ഉണ്ടാക്കിയ ഒരു കൊക്കിനെ കൈയ്യിൽ വച്ചുകൊണ്ടു നിൽക്കുന്ന പെൺകുട്ടിയുടെ പ്രതിമയാണ് ഇവിടുത്തെ പ്രധാന ആകർഷണം. സഡാകോ സസാക്കി എന്ന പെൺകുട്ടിയുടെ യഥാർത്ഥ ജീവിതകഥയെ ആസ്പദമാക്കിയാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. സ്ഫോടനത്തിനു ശേഷമുണ്ടായ അണുവികിരണമേറ്റാണ് സസാക്കി മരിച്ചത്. കടലാസുകൊണ്ട് ആയിരം കൊക്കുകളെ ഉണ്ടാക്കിയാൽ മരണത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയുമെന്ന് അവൾ വിശ്വസിച്ചിരുന്നു. ഈ കടലാസു കൊക്കുകളെ 'സഡാകോ കൊക്കുകൾ' എന്നാണ് വിളിക്കുന്നത്. സ്മാരകം സന്ദർശിക്കാനെത്തുന്ന കുട്ടികൾ പ്രതിമയ്ക്കു സമീപം സഡാകോ കൊക്കുകൾ തയ്യാറാക്കി വയ്ക്കാറുണ്ട്.[7]

റെസ്റ്റ് ഹൗസ്

[തിരുത്തുക]
ഹിരോഷിമാ ശാന്തിസ്മാരക ഉദ്യാനത്തിലെ റെസ്റ്റ് ഹൗസ്.

അണുബോംബ് പ്രയോഗത്തിനിരയായ മറ്റൊരു കെട്ടിടമാണ് റെസ്റ്റ് ഹൗസ്. 1929-ൽ നിർമ്മിച്ച ഈ കെട്ടിടം ഇന്ധന ശേഖരണത്തിനും വിതരണത്തിനും വേണ്ടിയാണ് ഉപയോഗിച്ചിരുന്നത്. സ്ഫോടനം നടന്നപ്പോൾ കെട്ടിടത്തിലെ ഇന്ധനശേഖരം മുഴുവൻ കത്തിനശിച്ചു. കെട്ടിടത്തിന്റെ കോൺക്രീറ്റു കൊണ്ടു നിർമ്മിതമായ അടിത്തറ മാത്രമാണ് നശിക്കാതെ നിന്നത്.[8][9][10] ഈ അടിത്തറയെ അതേപടി സംരക്ഷിച്ചുവരുന്നു. ഇപ്പോൾ ഇതിനു മുകളിലായി പുതിയ കെട്ടിടം നിർമ്മിച്ചിട്ടുണ്ട്‌. ഹിരോഷിമാ മുൻസിപ്പൽ ഗവൺമെന്റിനാണ് ഇതിന്റെ സംരക്ഷണച്ചുമതല.

അണുബോംബ് പ്രഹരത്തെ അതിജീവിച്ച റെസ്റ്റ് ഹൗസിന്റെ അടിത്തറ

മ്യൂസിയങ്ങൾ

[തിരുത്തുക]

ഹിരോഷിമാ ശാന്തിസ്മാരക മ്യൂസിയം

[തിരുത്തുക]
ഹിരോഷിമാ ശാന്തിസ്മാരക മ്യൂസിയം

ഉദ്യാനത്തിലെ പ്രധാനപ്പെട്ട മ്യൂസിയമാണ് ഹിരോഷിമാ ശാന്തിസ്മാരക മ്യൂസിയം. ഈ മ്യൂസിയം ഹിരോഷിമയിലെ അണുബോംബ് പ്രയോഗത്തെപ്പറ്റിയുള്ള വിശദാംശങ്ങൾ നൽകുന്നു. ബോംബുകളെക്കുറിച്ചും അവയുടെ പ്രയോഗം മൂലമുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചും ബോധവൽക്കരണം നൽകുന്ന ചിത്രങ്ങളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഇന്റർനാഷണൽ കോൺഫെറൻസ് സെന്റർ ഹിരോഷിമ

[തിരുത്തുക]
ഇന്റർനാഷണൽ കോൺഫെറൻസ് സെന്റർ ഹിരോഷിമ

ഹിരോഷിമാ ശാന്തിസ്മാരക മ്യൂസിയത്തിന്റെ പടിഞ്ഞാറ് വശത്തായി ഹിരോഷിമാ ഇന്റർനാഷണൽ കോൺഫെറൻസ് സെന്റർ സ്ഥിതിചെയ്യുന്നു.

ഹിരോഷിമാ നാഷണൽ പീസ് മെമ്മോറിയൽ ഹാൾ

[തിരുത്തുക]
ഹാൾ ഓഫ് റിമെമ്പ്രൻസ്

അണുബോംബ് പ്രയോഗത്തിൽ കൊല്ലപ്പെട്ടവരുടെ ഓർമ്മയ്ക്കായി ജാപ്പനീസ് സർക്കാർ ഇവിടെ നിർമ്മിച്ച കെട്ടിടമാണ് ഹിരോഷിമാ നാഷണൽ പീസ് മെമ്മോറിയൽ ഹാൾ. കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന ഭാഗമാണ് പ്രധാന ആകർഷണം. ഇതുകൂടാതെ സെമിനാർ റൂം, ഹാൾ ഓഫ് റിമെമ്പ്രൻസ്, ഗ്രന്ഥശാലകൾ എന്നിവയുമുണ്ട്‌. കൊല്ലപ്പെട്ടവരുടെ ഓർമ്മയ്ക്കായി 1,40,000 ടൈലുകൾ കൊണ്ടു നിർമ്മിച്ചതാണ് ഹാൾ ഓഫ് റിമെമ്പ്രൻസ്.

മറ്റു സ്മാരകങ്ങൾ

[തിരുത്തുക]

മെമ്മോറിയൽ സെനോടഫ്

[തിരുത്തുക]

ഉദ്യാനത്തിന്റെ മധ്യഭാഗത്തുള്ള ഒരു സ്മാരകമാണ് മെമ്മോറിയൽ സെനോടഫ്. സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ പേരുകൾ ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്. 1952 ഓഗസ്റ്റ് 6-നാണ് ഇതു നിർമ്മിച്ചത്.[2][11] ഇവിടെ ജാപ്പനീസ് ഭാഷയിൽ "安らかに眠って下さい 過ちは 繰返しませぬから" എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെയുള്ള എല്ലാ ആത്മാക്കളും സമാധാനത്തോടെ വിശ്രമിക്കട്ടെ.... നമ്മൾ ഈ തെറ്റ് ഇനി ആവർത്തിക്കുകയില്ല... എന്നാണ് ഈ വാചകത്തിന്റെ അർത്ഥം.

സമാധാന ജ്യോതി

[തിരുത്തുക]

അണുബോംബ് പ്രയോഗത്തിനിരയായവരുടെ ഓർമ്മയ്ക്കായി ഇവിടെ ഒരു ദീപം കെടാതെ സൂക്ഷിച്ചിട്ടുണ്ട്. 1964 മുതൽ ഈ സമാധാന ജ്യോതി അണയാതെ കത്തിക്കൊണ്ടിരിക്കുകയാണ്. ഭൂമിയിലുള്ള എല്ലാ അണുവായുധങ്ങളും നീക്കം ചെയ്യുന്നതു വരെയും ദീപം കെടാതെ സൂക്ഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.[7]

സമാധാനത്തിന്റെ മണിനാദം

[തിരുത്തുക]

ഹിരോഷിമാ ശാന്തിസ്മാരക ഉദ്യാനത്തിൽ മൂന്ന് ബെല്ലുകളുണ്ട്. ഇതിലെ ചെറിയ മണി പീസ് മെമ്മോറിയൽ ചടങ്ങിൽ മാത്രമേ മുഴക്കുകയുള്ളൂ. ഹിരോഷിമാ ശാന്തിസ്മാരക മ്യൂസിയത്തിന്റെ കിഴക്കുവശത്താണ് ഈ മണിയുള്ളത്. കുട്ടികളുടെ ശാന്തിസ്മാരകത്തിനു സമീപമുള്ള മണിയാണ് സഞ്ചാരികളുടെ ശ്രദ്ധയാകർഷിക്കുന്നത്. ലോക സമാധാനത്തിനു വേണ്ടി ഇവിടുത്തെ മണി എപ്പോഴും മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.[12] 1964-ൽ നിർമ്മിച്ച ഈ മണിയുടെ ഉപരിതലത്തിൽ ലോക ഭൂപടം ആലേഖനം ചെയ്തിരിക്കുന്നു. ഇതു കൂടാതെ സ്വയം നിങ്ങളെ അറിയുക എന്ന വാചകം ജാപ്പനീസ്, ഗ്രീക്ക്, സംസ്കൃതം തുടങ്ങി ഭാഷകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

അറ്റോമിക് ബോംബ് മെമ്മോറിയൽ മൗണ്ട്

[തിരുത്തുക]
അറ്റോമിക് ബോംബ് മെമ്മോറിയൽ ഗ്രൗണ്ട്

സ്ഫോടനത്തിൽ കൊല്ലപ്പെട്ട 70,000-ത്തോളം പേരുടെ ചിതാഭസ്മം അടക്കം ചെയ്തിരിക്കുന്ന പുൽമേടാണ് അറ്റോമിക് ബോംബ് മെമ്മോറിയൽ മൗണ്ട്.[7]

സെനോടഫ് ഫോർ കൊറിയൻ വിക്ടിംസ്

[തിരുത്തുക]

ഹിരോഷിമയിലും നാഗസാക്കിയിലും അണുവായുധ പ്രഹരത്തിൽ കൊല്ലപ്പെട്ട കൊറിയൻ വംശജർക്കായി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന സ്മാരകമാണിത്. ഏതാണ്ട് 45,000-ത്തോളം കൊറിയൻ വംശജരാണ് കൊല്ലപ്പെടുകയോ അണുവികിരണമേൽക്കുകയോ ചെയ്തത്.[13] സ്മാരകത്തിൽ കൊറിയൻ ദേശീയ ചിഹ്നങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.[3]

ശാന്തി കവാടങ്ങൾ

[തിരുത്തുക]
ശാന്തി കവാടങ്ങൾ

2005-ൽ നിർമ്മിച്ച ഈ സ്മാരകത്തിന് സവിശേഷമായ പത്തു വാതിലുകളുണ്ട്. ഓരോ വാതിലിനും 9 മീറ്റർ ഉയരവും 2.6 മീറ്റർ വീതിയുമുണ്ട്. ഇവയിൽ സമാധാനം എന്ന വാക്ക് 49 ഭാഷകളിൽ ആലേഖനം ചെയ്തിരിക്കുന്നു. ഇതിലെ ഒമ്പതു കവാടങ്ങൾ നരകത്തിലെ ഒമ്പതു വലയങ്ങളെ സൂചിപ്പിക്കുന്നു. അണുവായുധ പ്രഹരമേറ്റ് നരകമായിത്തീർന്ന ഹിരോഷിമയെയാണ് പത്താമത്തെ വാതിൽ പ്രതിനിധീകരിക്കുന്നത്. [14]

വിദ്യാർത്ഥികൾക്കായുള്ള സ്മാരകം

[തിരുത്തുക]
വിദ്യാർത്ഥികൾക്കുള്ള സ്മാരകം

സ്ഫോടനത്തിൽ കൊല്ലപ്പെട്ട പതിനായിരത്തോളം വിദ്യാർത്ഥികളുടെ ഓർമ്മയ്ക്കായി 1967 മേയിൽ നിർമ്മിച്ച സ്മാരകമാണിത്. അഞ്ച് നിലകളുള്ള ഈ കെട്ടിടത്തിന് 12 മീറ്റർ ഉയരമുണ്ട്. സമാധാനത്തിന്റെ പ്രതീകമായ വെള്ളരിപ്രാവുകളെ ഇവിടെ വളർത്തുന്നു.[15]

മറ്റു സ്മാരകങ്ങൾ

[തിരുത്തുക]
ഹിരോഷിമാ ശാന്തിസ്മാരകം ഒരു സൂര്യാസ്തമയ സമയത്ത്
ഹിരോഷിമയിലെ ശാന്തി തടാകം
കൊടുങ്കാറ്റിൽ അകപ്പെട്ട അമ്മയുടെയും കുഞ്ഞിന്റെയും പ്രതിമയും ഫൗണ്ടെൻ ഓഫ് പ്രെയറും.

ഉദ്യാനത്തിലെ മറ്റു സ്മാരകങ്ങൾ. (ചില പേരുകൾ ഇംഗ്ലീഷിൽ തന്നെ നൽകിയിരിക്കുന്നു)

ആഘോഷങ്ങൾ

[തിരുത്തുക]

ഹിരോഷിമാ പീസ് മെമ്മോറിയൽ സെറിമണി

[തിരുത്തുക]

എല്ലാവർഷവും ഓഗസ്റ്റ് 6-ന് ഇവിടെ പ്രത്യേക പരിപാടികൾ നടക്കാറുണ്ട്. ഹിരോഷിമാ പീസ് മെമ്മോറിയൽ സെറിമണി (ഓർമ്മ പുതുക്കൽ ചടങ്ങ്) ആണ് പ്രധാന പരിപാടി. ഈ ദിവസം ദുരന്തത്തിന്റെ സ്മരണ പുതുക്കുകയും ലോക സമാധാനത്തിനു വേണ്ടിയുള്ള പ്രാർത്ഥനകൾ നടത്തുകയും ചെയ്യുന്നു. 1945 ഓഗസ്റ്റ് 6-ന് രാവിലെ 8:15-നായിരുന്നു ഹിരോഷിമയിൽ അണുബോംബ് പതിച്ചത്. അതിനാൽ ഈ ദിവസം രാവിലെ 8:15-ന് ഒരു മിനിറ്റ് നേരം മൗനാചരണം നടത്തുന്നു.[18][19]

റാന്തൽ വിളക്കുകൾ നദിയിലൂടെ ഒഴുകുന്നു.

ലാന്റേൺ ചടങ്ങ്

[തിരുത്തുക]

സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ ആത്മശാന്തിക്കായി സമാധാന സന്ദേശങ്ങൾ രേഖപ്പെടുത്തിയ റാന്തൽ വിളക്കുകൾ (ലാന്റേൺ) മോട്ടോയസു നദിയിലേക്ക് ഒഴുക്കിവിടുന്ന ചടങ്ങാണിത്.[20]

ഹിരോഷിമയിലെ പുഷ്പോത്സവം

[തിരുത്തുക]

എല്ലാവർഷവും മേയ് മാസം ഉദ്യാനത്തിൽ വച്ച് പുഷ്പോത്സവം (ഹിരോഷിമാ ഫ്ലവർ ഫെസ്റ്റിവൽ) നടത്താറുണ്ട്. മഞ്ഞുകാലത്ത് ഹിരോഷിമാ ഡ്രീമിനേഷൻ എന്ന പരിപാടിയും സംഘടിപ്പിക്കാറുണ്ട്.

അവലംബം

[തിരുത്തുക]
  1. "Frequently Asked Questions #1". Radiation Effects Research Foundation. Archived from the original on 2007-09-19. Retrieved 2007-09-18.
  2. 2.0 2.1 giamo, benedict (Dec 2003). "the myth of the vanquished: the hiroshima peace memorial museum". college park. Retrieved 2007-12-02.
  3. 3.0 3.1 3.2 Yoneyama, Lisa (1999). Hiroshima Traces. Los Angeles: University of California. ISBN 0-520-08586-8.
  4. 4.0 4.1 Van Rhyn, Mark E. "Hiroshima, Bombing of". PBS. Archived from the original on 2020-12-11. Retrieved 29 March 2013.
  5. Schofield, John and Cocroft, Wayne (eds.) (2009). A Fearsome Heritage: Diverse Legacies of the Cold War. Left Coast Press. {{cite book}}: |last1= has generic name (help)CS1 maint: multiple names: authors list (link)
  6. UNESCO World Heritage Sites: Hiroshima Peace Memorial
  7. 7.0 7.1 7.2 "Virtual museum". Hiroshima Peace Memorial Museum. Retrieved 2007-12-01.
  8. http://www5d.biglobe.ne.jp/~LLLtrs/PhotoGlryMain/pgc/Hiroshima01a.html
  9. http://www.japanfocus.org/-elin_o_Hara-slavick/3196
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-13. Retrieved 2015-11-30.
  11. "Cenotaph for the A-bomb Victims". Archived from the original on 2021-12-15. Retrieved 2015-12-01.
  12. "Peace Bell in Hiroshima Peace Memorial Park". Archived from the original on 2009-11-03. Retrieved 2015-12-01.
  13. Haberman, Clyde (1988-04-29). "Hapchon Journal; A Different Hiroshima Story: The Bitter Koreans". The New York Times. Retrieved 2010-05-04.
  14. "Gates of Peace - Hiroshima Prefecture". Archived from the original on 2021-01-12. Retrieved 2015-12-01.
  15. Kosakai, Yoshiteru (1994). Hiroshima Peace Reader (13 ed.). Hiroshima Peace Culture Foundation. pp. 63–64. ISBN 978-4-938239-07-7. Retrieved 7 May 2015.
  16. Petersen, David & Conti, Mandy (2008) Survivors: The A-bombed Trees of Hiroshima. Lulu Press, Morrisville, NC. ISBN 978-1-4092-0501-2
  17. [1]
  18. "Peace Memorial Ceremony". Archived from the original on 2009-09-17. Retrieved 2015-11-30.
  19. "Peace Memorial Ceremony Program". Archived from the original on 2009-10-18. Retrieved 2015-11-30.
  20. Peace messages and Lantern Ceremony

ഇതും കാണുക

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]