Jump to content

അബ്ദുൽ സമദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Abd al-Samad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അബ്ദുൽ സമദിന്റെ പെയ്ന്റിംഗ്

മുഗൾ ചിത്രകലയുടെ ഇന്ത്യൻ പ്രയോക്താവും പ്രചാരകനുമായിരുന്നു അബ്ദുൽ സമദ്. അക്ബറുടെ പ്രധാനമന്ത്രിയും കാര്യദർശിയുമായിരുന്ന അബുൽ ഫസ്ൽ അല്ലാമിയുടെ ആയ്നെ അക്ബരി എന്ന ഗ്രന്ഥത്തിൽ നിന്നാണ് അബ്ദുൽ സമദിനെപ്പറ്റിയുള്ള വിവരങ്ങൾ ലഭ്യമായിട്ടുള്ളത്. ഇദ്ദേഹത്തിന് മനോഹരമായ തൂലിക എന്നർഥം വരുന്ന സീറിൻഖ്വാലം എന്ന ബഹുമതി ഉണ്ടായിരുന്നതായി ഈ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ജനനമരണകാലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.

മുഗൾചിത്രകലയുടെ പ്രചാരകൻ

[തിരുത്തുക]

പേർഷ്യയുടെ ദക്ഷിണഭാഗത്തുള്ള ഷിറാസ് എന്ന സ്ഥലത്തുനിന്നാണ് അബ്ദുൽ സമദ് ഇന്ത്യയിൽ എത്തിയത്. ഇദ്ദേഹത്തിന്റെ പിതാവായ ഖ്വാജാ നിസാമുൽമുൽക്, ഷിറാസിലെ ഗവർണറുടെ ഉപദേഷ്ടാവായിരുന്നു. കൈയെഴുത്തു കലാവിദഗ്ദ്ധനും ചിത്രകാരനുമായി അറിയപ്പെട്ടിരുന്ന അബ്ദുൽ സമദ് തന്റെ സേവനം ഹുമായൂണിന് സമർപ്പിക്കുന്നതിനായി അന്നത്തെ പേർഷ്യൻ തലസ്ഥാനമായ ടബ്രാസിൽ എത്തി. ഹുമായൂണിനോടൊപ്പം അബ്ദുൽ സമദ് 1549-ൽ കാബൂളിലേക്ക് പോയതായും ഹുമായൂണും അക്ബറും ഇദ്ദേഹത്തിന്റെ കീഴിൽ ചിത്രരചന അഭ്യസിച്ചതായും തീമൂർനാമായിലെ ഒരു ലേഖനത്തിൽ കാണുന്നുണ്ട്. ഹുമായൂണിന്റെ മരണശേഷവും അക്ബർ അബ്ദുൽ സമദിന് പ്രചോദനം നൽകിയിരുന്നു. മുഗൾചിത്രകല ഇന്ത്യയിൽ പ്രചരിച്ചതിന്റെ പ്രധാനകാരണം അക്ബർക്ക് ഇതിലുണ്ടായിരുന്ന താത്പര്യമാണ്. അബ്ദുൽ സമദ് ചിത്രകലാധ്യാപകനായി വളരെക്കാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഹിന്ദുചിത്രകാരനായ ദസ്വന്ത്, അബ്ദുൽ സമദിന്റെ പ്രധാന ശിഷ്യൻമാരിൽ ഒരാളായിരുന്നു.

സമദിന്റെ ചിത്രങ്ങൾ

[തിരുത്തുക]

ടെഹറാനിലുള്ള ഇംപീരിയൽ ലൈബ്രറിയിൽ അബ്ദുൽ സമദ് രചിച്ച ചിത്രങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. രാജകീയ വിനോദവേളയിലെ ഒരു രംഗമാണ് 'ടാബ്രിസ് രീതിയിൽ രചിച്ച ഒരു ചിത്രം. പ്രകൃതിസുന്ദരമായ ഒരു പ്രദേശത്തിരുന്ന് ചിത്രം വരയ്ക്കുന്ന യുവാവിന്റേയും അദ്ദേഹത്തിന്റെ തോഴന്റേയുമാണ് മറ്റൊന്ന്. ഈ ചിത്രത്തിന്റെ ഒരു കോണിൽ ഇത് അബ്ദുൽ സമദിനാൽ വിരചിതമാണെന്നും 1551-ലെ പുതുവത്സരദിനത്തിലാണിത് രചിച്ചതെന്നും അന്ന് അരദിവസം കൊണ്ടാണിത് പൂർത്തിയാക്കിയതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ചിത്രം വരയ്ക്കുന്ന യുവാവ് അക്ബർ തന്നെയാണെന്ന് മനസ്സിലാക്കാം. അക്ബർ ഹുമയൂണിന് ഒരു ചിത്രം സമ്മാനിക്കുന്ന രംഗവും അശ്വാരൂഢനായ വരന്റെ ചിത്രവും പ്രസിദ്ധങ്ങളാണ്. 1593-ൽ രചിച്ച പള്ളിവേട്ടയുടെ ചിത്രമാണ് ഏറ്റവും ഒടുവിലത്തേതെന്ന് കരുതപ്പെടുന്നു.

ഒരു കലാകാരനെന്നതിനു പുറമേ മറ്റു പല സ്ഥാനങ്ങളും അബ്ദുൽ സമദ് അലങ്കരിച്ചിട്ടുണ്ട്. 1576-ൽ ഇദ്ദേഹത്തെ ഫത്തേപ്പൂർസിക്രിയിലുള്ള കമ്മട്ടത്തിന്റെ മേലധികാരിയായി നിയമിക്കുകയുണ്ടായി. 1584-ൽ മുൾത്താനിലെ ദിവാനായി. അക്ബർ സ്ഥാപിച്ച ദിൻ ഇലാഹി എന്ന പുതിയ മതം അബ്ദുൽ സമദ് സ്വീകരിച്ചിരുന്നു.

അവലംബം

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബ്ദുൽ സമദ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അബ്ദുൽ_സമദ്&oldid=2280216" എന്ന താളിൽനിന്ന് ശേഖരിച്ചത്