Jump to content

ഐതിഹ്യമാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aithihyamala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഐതിഹ്യമാല
പ്രമാണം:1073.jpg
ഭാഷ മലയാളം
വിഭാഗം ഐതിഹ്യ കഥകൾ
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
പ്രസാധകൻ മംഗളോദയം
വർഷം 1909-1934

കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന പല ഐതിഹ്യങ്ങൾ സമ്പാദിച്ചു ചേർത്ത് എട്ടു ഭാഗങ്ങളിലായി 25 വർഷങ്ങൾക്കിടയിലായി (1909 മുതൽ 1934 വരെ) കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ബൃഹദ്ഗ്രന്ഥമാണ് ഐതിഹ്യമാല. സാഹിത്യവിദ്യാർത്ഥികൾക്കും ചരിത്രവിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഒന്നു പോലെ ഉപയോഗപ്രദമായ ഗ്രന്ഥമാണിത്. [1] ഐതിഹ്യമാലയെക്കുറിച്ച് അതിന്റെ അവതാരികയിൽ മലയാളത്തിലെ കഥാസരിത്‌സാഗരം എന്നാണ് അമ്പലപ്പുഴ രാമവർമ്മ വിശേഷിപ്പിച്ചത്‌.

ഉള്ളടക്കം

[തിരുത്തുക]

അക്കാലത്തെ മലയാളത്തിൽ ചരിത്രവും പുരാണവും ചൊൽക്കേൾവിയും കെട്ടുപിണഞ്ഞു പ്രചരിച്ചിരുന്ന കഥകളെല്ലാം 126 ലേഖനങ്ങളിലായി തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുകയാണ് ഈ ഗ്രന്ഥത്തിൽ. ചെറിയ കുട്ടികൾക്കുപോലും മനസ്സിൽ കൗതുകം വളർത്തുന്ന വിധത്തിലാണ് ഐതിഹ്യമാലയിലെ വർണ്ണനകൾ. എന്നിരുന്നാലും വെറും സങ്കല്പകഥകൾക്കപ്പുറം ഐതിഹ്യമാലയിൽ ചരിത്രം, വേണ്ടത്ര തെളിവുകളില്ലാതെയാണെങ്കിലും, ഇഴപിരിഞ്ഞു കിടക്കുന്നുണ്ട്. പൊതുവേ ചരിത്രരചനാശീലമില്ലായിരുന്ന കേരളീയസമൂഹത്തിൽ ഈ ഗ്രന്ഥം ഇപ്പോഴും ചരിത്രവിദ്യാർ‌ത്ഥികൾക്ക് തള്ളിക്കളയാനാവാത്ത ഒരു അവലംബ ഉപാധിയാണു്. എന്നാൽ ഇതിലെ കെട്ടുകഥകൾ പലതും ചരിത്രമോ ശാസ്ത്രമോ ആയി ബന്ധമില്ലാത്തതാണെങ്കിലും പലരും ഈ കഥകളെ തെറ്റായ അവലംബങ്ങൾ ആയി മറ്റിടങ്ങളിൽ ഉപയോഗിക്കാറുണ്ട്.

പണ്ഡിതസമൂഹത്തിനിടയിലും ആഢ്യകുലത്തിന്റെ സൊറപറയൽ വേദികളിലും മാത്രം ഒതുങ്ങിനിന്നിരുന്ന ഐതിഹ്യസാഹിത്യത്തെ സാധാരണക്കാർക്കിടയിലേക്കു കൊണ്ടുവരാൻ ഐതിഹ്യമാല വഹിച്ച പങ്കു വളരെ വലുതാണ്. പിൽക്കാലത്ത് മലയാളത്തിൽ വേരുറപ്പിച്ചിട്ടുള്ള പല കഥാപാത്രങ്ങളും ലിഖിതമായി ആദ്യം പ്രത്യക്ഷപ്പെട്ടത് ഈ കൃതിയിലൂടെയാണ്. ഒരുപക്ഷേ ഐതിഹ്യമാല ഉണ്ടായിരുന്നില്ലെങ്കിൽ പറയിപെറ്റ പന്തിരുകുലവും ആ കുലത്തിലെ ‘പന്തിരു‘നായകന്മാരും കേരളത്തിൽ ഇത്രയും പ്രസിദ്ധമാകുമായിരുന്നില്ല. അതുപോലെത്തന്നെയാണ് ‘കടമറ്റത്തു കത്തനാർ‘, ‘കായംകുളം കൊച്ചുണ്ണി‘, ‘കുളപ്പുറത്തു ഭീമൻ’, എന്നീ വീരനായകന്മാരും ‘പാഴൂർ പടിപ്പുര’, ‘കല്ലൂർ മന’, ‘പാണ്ടൻപുറത്തെ ഉപ്പുമാങ്ങ’ തുടങ്ങിയ സ്ഥല,സാമഗ്രികളും പ്രാദേശികഭേദമന്യേ മലയാളികൾക്ക് പരിചിതമായി തീർന്നത്.


ഐതിഹ്യമാലയുടെ പ്രസാധനചരിത്രം

[തിരുത്തുക]

മലയാളമനോരമ, ഭാഷാപോഷിണി തുടങ്ങിയ പത്രങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കണ്ടത്തിൽ വറുഗീസുമാപ്പിളയും കൊട്ടാരത്തിൽ ശങ്കുണ്ണിയും സുഹൃത്തുക്കളോടൊപ്പം എന്നും വൈകീട്ട് മനോരമ ആപ്പീസിൽ ഒത്തുകൂടാറുണ്ടായിരുന്നു. ആ അവസരങ്ങളിൽ, നേരമ്പോക്കുകൾ പറയുന്നതിനിടയിൽ ശങ്കുണ്ണി ധാരാളം ഐതിഹ്യങ്ങളും പറഞ്ഞുകേട്ട ചരിത്രകഥകളും ഉദ്ധരിക്കാറുമുണ്ടായിരുന്നു. ക്രമേണ ശങ്കുണ്ണിയുടെ കഥാകഥനം ഈ സദസ്സുകളിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമായിത്തീർന്നു. അങ്ങനെയിരിക്കുമ്പോൾ ഒരു നാൾ വറുഗീസു മാപ്പിള ശങ്കുണ്ണിയോട് ഇക്കഥകളെല്ലാം ഉപന്യാസങ്ങളായി എഴുതി മനോരമയിലും ഭാഷാപോഷിണിയിലും പ്രസിദ്ധീകരിക്കാവുന്നതാണല്ലോ എന്നു നിർദ്ദേശിച്ചു. അതനുസരിച്ച് ശങ്കുണ്ണി അത്തരം ഐതിഹ്യോപന്യാസങ്ങൾ എഴുതിത്തയ്യാറാക്കാനും തുടങ്ങി. ഭാഷാപോഷിണി ത്രൈമാസികത്തിന്റെ കൊ.വ.1073 കുംഭം-മീനം-മേടം (ക്രി.വ. 1898) പതിപ്പിൽ ഐതിഹ്യമാലയിലെ ആദ്യലേഖനമായ ‘പറയി പെറ്റ പന്തിരുകുലം’ അച്ചടിച്ചുവന്നു. തുടർന്ന് ശങ്കുണ്ണി എഴുതിയ ഉപന്യാസങ്ങളെല്ലാം തന്നെ വായനക്കാർക്ക് അത്യന്തം ആസ്വാദ്യജനകമായി മാറി.

ആനുകാലികങ്ങളിലേക്ക് വേണ്ടി തയ്യാറാക്കുമ്പോൾ ഇത്തരം കഥകളുടെ പുഷ്ടി മുഴുവനും ആ ലേഖനങ്ങളിൽ സന്നിവേശിപ്പിക്കുവാൻ കഴിയുന്നില്ലെന്ന്‌ വറുഗീസു മാപ്പിള സങ്കടപ്പെട്ടു. ഇവയെല്ലാം അല്പം കൂടി വിപുലീകരിച്ച് എഴുതുകയും പിന്നീട് എല്ലാം ചേർത്ത് ഒരു പുസ്തകമായി ഇറക്കുകയും ചെയ്യേണ്ടതാണെന്ന് അദ്ദേഹം ശങ്കുണ്ണിയോട് നിർദ്ദേശിച്ചു. അതനുസരിച്ച് പിന്നീടുള്ള ഉപന്യാസങ്ങൾ ശങ്കുണ്ണി കൂടുതൽ ഗൗരവത്തോടെ എഴുതുവാനും ശേഖരിച്ചുവെക്കാനും തുടങ്ങി. എന്നിരുന്നാലും വറുഗീസ് മാപ്പിളയുടെ ആകസ്മികമായ മരണത്തിനു ശേഷം, ഒട്ടൊക്കെ നൈരാശ്യത്തോടെ, അദ്ദേഹം ഐതിഹ്യമാലയുടെ രചന നിർത്തിവെച്ചു.

കൊ.വ.1084 മകരമാസത്തിൽ (ക്രി.വ.1909 ജനുവരി-ഫെബ്രുവരി) ‘ലക്ഷ്മീഭായി’ എന്ന മാസികയുടെ മാനേജരായിരുന്ന വെള്ളായ്ക്കൽ നാരായണമേനോൻ അദ്ദേഹം തയ്യാറാക്കുന്ന ‘ലക്ഷ്മീഭായി ഗ്രന്ഥാവലി’യിലേക്ക് ഐതിഹ്യമാല ഒരു പുസ്തകമായി ചേർക്കുവാൻ ശങ്കുണ്ണിയോട് സമ്മതം ചോദിച്ചു. ശങ്കുണ്ണി സസന്തോഷം അതു സമ്മതിക്കുകയും അതുവരെ തയ്യാറാക്കിയിട്ടുണ്ടായിരുന്ന 21 കഥകളും അയച്ചുകൊടുക്കുകയും ചെയ്തു. (21-‌ാമത്തെ ‘കിടങ്ങൂർ കണ്ടങ്കോരൻ’ എന്ന ആനക്കഥ മാത്രം ‘വിദ്യാവിനോദിനി’ എന്ന മാസികയിൽ 1074 തുലാമാസത്തിൽ പ്രസിദ്ധീകരിച്ചിരുന്നതാണ്.)

ഏറെ താമസിയാതെ ‘ലക്ഷ്മീഭായി’ മാസിക അടച്ചുപൂട്ടുകയും തൃശ്ശൂരിലെ മംഗളോദയം അച്ചുകൂടം കമ്പനി ഐതിഹ്യമാലയുടെ തുടർന്നുള്ള പ്രകാശനം ഏറ്റെടുക്കുകയും ചെയ്തു. 1973ൽ മംഗളോദയം മൃതപ്രായമാവുന്നതുവരേയ്ക്കും അവരായിരുന്നു ഐതിഹ്യമാലയുടെ പ്രസാധകർ.

പ്രസിദ്ധീകരണ ചരിത്രം

[തിരുത്തുക]

മൊത്തം എട്ടുഭാഗങ്ങളിലായി പൂർത്തീകരിച്ച ഈ മഹത്സമ്പാദനം 1974 മുതൽ ‘കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക സമിതി’ ഏറ്റെടുത്ത് രണ്ടു ഭാഗങ്ങളാക്കി പുനപ്രസിദ്ധീകരിച്ചു. വിതരണം നാഷണൽ ബുക്സ് ആയിരുന്നു. 1978 മുതൽ സമിതിക്കുവേണ്ടി ‘കറന്റ് ബുക്സ്‘ സമ്പൂർണ്ണ ഐതിഹ്യമാല ഒറ്റ ഭാഗമായി പ്രസിദ്ധീകരണം തുടർന്നു.

1974 മുതലുള്ള കണക്കു് അനുസരിച്ച് മാത്രം ഐതിഹ്യമാലയുടെ രണ്ടുലക്ഷത്തിലധികം കോപ്പികൾ അച്ചടിച്ചിറങ്ങിയിട്ടുണ്ട്.

മലയാളപുസ്തകങ്ങളിൽ ഇത്രയും പതിപ്പുകളിലൂടെ ഏറ്റവും കൂടുതൽ പ്രതികളിറങ്ങിയിട്ടുള്ള ചുരുക്കം പുസ്തകങ്ങളേ ഉള്ളൂ.


ഐതിഹ്യമാലയുടെ ഭാഗങ്ങളും ആദ്യം പ്രസിദ്ധീകരിച്ച വർഷവും താഴെകൊടുക്കുന്നു.

ഭാഗങ്ങൾ പ്രസിദ്ധീകരിച്ച വർഷം മാസം
ഒന്നാം ഭാഗം 1909 ഏപ്രിൽ
രണ്ടാം ഭാഗം 1914 സെപ്റ്റംബർ
മൂന്നാം ഭാഗം 1925 ജൂലൈ
നാലാം ഭാഗം 1926 സെപ്റ്റംബർ
അഞ്ചാം ഭാഗം 1927 ഒക്ടോബർ
ആറാം ഭാഗം 1929 ഫെബ്രുവരീ
ഏഴാം ഭാഗം 1932 സെപ്റ്റംബർ
എട്ടാം ഭാഗം 1934 ഒക്ടോബർ

ഗ്രന്ഥം 1

  1. ചെമ്പകശ്ശേരിരാജാവ്
  2. കോട്ടയത്തുരാജാവ്
  3. മഹാഭാഷ്യം
  4. ഭർത്തൃഹരി
  5. അദ്ധ്യാത്മരാമായണം
  6. പറയിപെറ്റ പന്തിരുകുലം
  7. തലക്കുളത്തൂർ ഭട്ടതിരിയും പാഴൂർ പടിപ്പുരയും
  8. വില്വമംഗലത്തു സ്വാമിയാർ 1
  9. കാക്കശ്ശേരി ഭട്ടതിരി
  10. മുട്ടസ്സു നമ്പൂതിരി
  11. പുളിയാമ്പിള്ളി നമ്പൂരി
  12. കല്ലന്താറ്റിൽ ഗുരുക്കൾ
  13. കോലത്തിരിയും സാമൂതിരിയും
  14. പാണ്ടമ്പറമ്പത്തു കോടൻഭരണിയിലെ ഉപ്പുമാങ്ങ
  15. മംഗലപ്പിള്ളി മൂത്തതും പുന്നയിൽ പണിക്കരും
  16. കാലടിയിൽ ഭട്ടതിരി
  17. വെൺമണി നമ്പൂതിരിപ്പാടന്മാർ
  18. കുഞ്ചമൺപോറ്റിയും മറ്റപ്പള്ളി നമ്പൂതിരിപ്പാടും
  19. വയക്കര അച്ചൻ മൂസ്സ്
  20. കോഴിക്കോട്ടങ്ങാടി
  21. കിടങ്ങൂർ കണ്ടങ്കോരൻ

ഗ്രന്ഥം 2

  1. കുമാരനല്ലൂർ ഭഗവതി
  2. തിരുനക്കര ദേവനും അവിടുത്തെ കാളയും
  3. ഭവഭൂതി
  4. വാഗ്ഭടാചാര്യർ
  5. പ്രഭാകരൻ
  6. പാതായിക്കര നമ്പൂരിമാർ
  7. കാരാട്ട് നമ്പൂരി
  8. വിഡ്ഢി! കൂശ്മാണ്ടം
  9. കുഞ്ചൻ നമ്പ്യാരുടെ ഉത്ഭവം
  10. വലിയ പരിഷ ശങ്കരനാരായണ ചാക്യാർ
  11. ആഴുവാഞ്ചേരി തമ്പ്രാക്കളും മംഗലത്തു ശങ്കരനും
  12. നാലേക്കാട്ടു പിള്ളമാർ
  13. കായംകുളം കൊച്ചുണ്ണി
  14. കൈപ്പുഴ രാജ്ഞിയും പുളിങ്കുന്ന് ദേശവും
  15. ഒരന്തർജ്ജനത്തിന്റെ യുക്തി
  16. പാഴൂർ പെരുംതൃക്കോവിൽ
  17. പാക്കനാരുടെ ഭാര്യയുടെ പാതിവ്രത്യം
  18. രണ്ടു മഹാരാജാക്കന്മാരുടെ സ്വഭാവവ്യത്യാസം
  19. കൊച്ചുനമ്പൂരി
  20. ചെമ്പകശ്ശേരി രാജാവും മേപ്പത്തൂർ ഭട്ടതിരിയും
  21. വട്ടപ്പറമ്പിൽ വലിയമ്മ
  22. വൈക്കത്തു തിരുനീലകണ്ഠൻ

ഗ്രന്ഥം 3

  1. കിളിരൂർകുന്നിന്മേൽ ഭഗവതി
  2. പൂന്താനത്തു നമ്പൂരി
  3. ആലത്തൂർ നമ്പി
  4. വയസ്‌കര ചതുർവേദി ഭട്ടതിരിയും യക്ഷിയും
  5. രാമപുരത്തു വാര്യർ
  6. ചെമ്പ്രയെഴുത്തച്ഛന്മാർ
  7. കൊച്ചി ശക്തൻതമ്പുരാൻ തിരുമനസ്സുകൊണ്ടു
  8. അമ്മന്നൂർ പരമേശ്വര ചാക്യാർ
  9. ചേരാനല്ലൂർ കുഞ്ചുക്കർത്താവ്
  10. കൊട്ടാരക്കര ഗോശാല
  11. തേവലശേരി നമ്പി
  12. ചില ഈശ്വരന്മാരുടെ പിണക്കം
  13. പറങ്ങോട്ടു നമ്പൂരി
  14. പാക്കിൽ ശാസ്താവ്
  15. കൊടുങ്ങല്ലൂർ വസൂരിമാല
  16. തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ഉത്സവങ്ങൾ
  17. ആറന്മുളമാഹാത്മ്യം
  18. കോന്നിയിൽ കൊച്ചയ്യപ്പൻ

ഗ്രന്ഥം 4

  1. ഊരകത്തു അമ്മതിരുവടി
  2. സ്വാതിതിരുനാൾ മഹാരാജാവുതിരുമനസ്സുകൊണ്ട്
  3. പുലാമന്തോൾ മൂസ്സ്
  4. ശാസ്താംകോട്ടയും കുരങ്ങന്മാരും
  5. മഴമംഗലത്തു നമ്പൂരി
  6. വയസ്‌ക്കരകുടുംബവും അവിടുത്തെ ശാസ്താവും
  7. കായംകുളത്തു രാജാവിന്റെ ശ്രീചക്രം
  8. കുളപ്പുറത്തു ഭീമൻ
  9. മണ്ണടിക്കാവും കാമ്പിത്താനും
  10. ശ്രീകൃഷ്ണകർണാമൃതം
  11. കടമറ്റത്ത് കത്തനാർ
  12. പുരുഹരിണപുരേശമാഹാത്മ്യം
  13. തോലകവി
  14. കുഞ്ചുക്കുട്ടിപ്പിള്ള സർവാധികാര്യക്കാർ
  15. അച്ഛൻകോവിൽശാസ്താവും പരിവാരമൂർത്തികളും
  16. അവണാമനയ്ക്കൽ ഗോപാലൻ

ഗ്രന്ഥം 5

  1. പള്ളിപ്പുറത്തുകാവ്
  2. എളേടത്തുതൈക്കാട്ടു മൂസ്സന്മാർ
  3. കൈപുഴത്തമ്പാൻ
  4. കൊല്ലം വിഷാരിക്കാവ്
  5. വയസ്‌ക്കര ആര്യൻ നാരായണൻമൂസ്സ് അവർകളുടെ ചികിത്സാനൈപുണ്യം
  6. ചംക്രോത്തമ്മ
  7. അവണങ്ങാട്ട് പണിക്കരും ചാത്തന്മാരും
  8. കുട്ടഞ്ചേരി മൂസ്സ്
  9. പള്ളിവാണപ്പെരുമാളും കിളിരൂർ ദേശവും
  10. കാടാംകോട്ടു മാക്കം ഭഗവതി
  11. ഒരു യൂറോപ്യന്റെ സ്വാമിഭക്തി
  12. സംഘക്കളി
  13. കൊട്ടാരക്കരച്ചന്ദ്രശേഖരൻ

ഗ്രന്ഥം 6

  1. പനയന്നാർ കാവ്
  2. ഉത്രം തിരുനാൾ തിരുമനസ്സുകൊണ്ടും കഥകളിയോഗവും
  3. കപ്ലിങ്ങാട്ടു നമ്പൂരിയും ദേശമംഗലത്തു വാര്യരും
  4. വിജയാദ്രി മാഹാത്മ്യം
  5. നടുവിലേപ്പാട്ട് ഭട്ടതിരി
  6. ആറന്മുള ദേവനും മങ്ങാട്ടു ഭട്ടതിരിയും
  7. മുണ്ടേമ്പിള്ളി കൃഷ്ണമാരാർ
  8. മണ്ണാറശ്ശാല മാഹാത്മ്യം
  9. ഒരു സ്വാമിയാരുടെ ശാപം
  10. പുല്ലങ്കോട്ട് നമ്പൂരി
  11. പനച്ചിക്കാട്ടു സരസ്വതി
  12. വെള്ളാടു നമ്പൂരി
  13. ആറന്മുള വലിയ ബാലകൃഷ്ണൻ

ഗ്രന്ഥം 7

  1. ചെങ്ങന്നൂർ ഭഗവതി
  2. എടവെട്ടിക്കാട്ടു നമ്പൂരി
  3. പയ്യന്നൂർ ഗ്രാമം
  4. ഒളശ്ശയിൽ വേട്ടക്കൊരുമകൻ കാവ്
  5. ശബരിമല ശാസ്താവും പന്തളത്തു രാജാവും
  6. വൈക്കത്തെ പാട്ടുകൾ
  7. പെരുമ്പുലാവിൽ കേളുമേനോൻ
  8. ചെമ്പകശ്ശേരിരാജാവും രാജ്ഞിയും
  9. വില്വമംഗലത്തു സ്വാമിയാർ 2
  10. പാമ്പുമ്മേക്കാട്ടു നമ്പൂരി
  11. കാളിദാസൻ
  12. പന്തളം നീലകണ്ഠൻ

ഗ്രന്ഥം 8

  1. ചിറ്റൂർ കാവിൽ ഭഗവതി
  2. കല്ലൂർ നമ്പൂരിപ്പാടന്മാർ
  3. തകഴിയിൽ ശാസ്താവും അവിടുത്തെ എണ്ണയും
  4. അറയ്ക്കൽ ബീബി
  5. തിരുവിഴാ മഹാദേവനും അവിടുത്തെ മരുന്നും
  6. പാഴൂർ പെരുംതൃക്കോവിൽ
  7. തെക്കേടത്ത് കുടുംബക്കാർ
  8. മൂക്കോല ക്ഷേത്രങ്ങൾ
  9. കുമാരമംഗലത്തു നമ്പൂരി
  10. മണ്ടക്കാട്ടമ്മനും കൊടയും
  11. തിരുവട്ടാറ്റാദികേശവൻ


1974 നു ശേഷമുള്ള പ്രസിദ്ധീകരണ ചരിത്രം

[തിരുത്തുക]
പതിപ്പ് പ്രസാധകർ വിതരണം വർഷം മാസം എണ്ണം
ഒന്ന് കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക സമിതി നാഷണൽ ബുക്സ് 1974 ഏപ്രിൽ 5000
രണ്ട് കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക സമിതി കറന്റ് ബുക്സ് 1978 ഒക്ടോബർ 5000
മൂന്ന് കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക സമിതി കറന്റ് ബുക്സ് 1982 ഏപ്രിൽ 6000
നാല് കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക സമിതി കറന്റ് ബുക്സ് 1985 ഒക്ടോബർ 6000
അഞ്ച് കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക സമിതി കറന്റ് ബുക്സ് 1986 നവംബർ 6000
ആറ് കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക സമിതി കറന്റ് ബുക്സ് 1986 ഡിസംബർ 6000
ഏഴ് കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക സമിതി കറന്റ് ബുക്സ് 1988 ജൂലൈ 5000
എട്ട് കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക സമിതി കറന്റ് ബുക്സ് 1989 ജനുവരി 5000
ഒൻപത് കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക സമിതി കറന്റ് ബുക്സ് 1990 ജൂലൈ 5000
പത്ത് കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക സമിതി കറന്റ് ബുക്സ് 1990 ഡിസംബർ 5000

"ഐതിഹ്യമാല, ദ ഗ്രേറ്റ് ലജൻഡ്സ് ഓഫ് കേരള (Aithihyamala, the great legends of Kerala)" എന്ന പേരിൽ മാതൃഭൂമി ബുക്സ് ഐതിഹ്യമാലയുടെ ഒരു ഇം‌ഗ്ലീഷ് വിവർത്തനം, 2010 ഏപ്രിൽ മാസത്തിൽ പ്രകാശനം‌ ചെയ്തു. രണ്ട് വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകം, ശ്രീകുമാരി രാമചന്ദ്രനാണ്‌ വിവർത്തനം‌ ചെയ്തിരിക്കുന്നത്.[2]

അവലംബം

[തിരുത്തുക]
  1. കൊട്ടാരത്തിൽ, ശങ്കുണ്ണി (1994) [1909-1934]. ഐതിഹ്യമാല. 1-8 (6th ed.). കറന്റ് ബുക്സ്. ISBN 81-240-00107. {{cite book}}: Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |chapterurl=, |origdate=, and |coauthors= (help); Unknown parameter |month= ignored (help)
  2. "ഐതിഹ്യമാല ഇംഗ്ലീഷ് പതിപ്പ് പ്രകാശനംചെയ്തു, മാതൃഭൂമി വെബ്‌സൈറ്റിൽ നിന്നും". Archived from the original on 2011-03-09. Retrieved 2010-06-19.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ഐതിഹ്യമാല എന്ന താളിലുണ്ട്.

കുറിപ്പുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഐതിഹ്യമാല&oldid=3626882" എന്ന താളിൽനിന്ന് ശേഖരിച്ചത്