അലക്സാണ്ടർ കണ്ണിങ്ഹാം
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പിതാവായി കണക്കാക്കപ്പെടുന്ന ബ്രിട്ടീഷ് ചരിത്രഗവേഷകനും സൈനികനുമാണ് അലക്സാണ്ടർ കണ്ണിങ്ഹാം (ഇംഗ്ലീഷ്: Alexander Cunningham) (ജീവിതകാലം 1814 ജനുവരി 23 - 1893 നവംബർ 28). സൈനികനായി ഇന്ത്യയിലെത്തിയ ഇദ്ദേഹം 1847-ൽ തിബറ്റുമായുള്ള അതിർത്തിസർവേ നടത്തുന്നതിന് നിയോഗിക്കപ്പെട്ടു. ഈ സർവേക്കിടയിൽ കണ്ടെത്തിയ പുരാവസ്തുക്കളിൽ ആകൃഷ്ടനായി പുരാവസ്തുഗവേഷകനായി മാറിയ ഇദ്ദേഹം പിൽക്കാലത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രഥമ ഡയറക്റ്റർ ജനറലായിരുന്നു.
ഇദ്ദേഹത്തിന്റെ സഹോദരൻമാരായ ഫ്രാൻസിസ് കണ്ണിങ്ഹാമും ജോസഫ് കണ്ണിങ്ഹാമും ബ്രിട്ടീഷ് ഇന്ത്യയിലെ ഉദ്യോഗസ്ഥർ എന്ന നിലയിൽ കേൾവികേട്ടവരാണ്.
തിബറ്റ് അതിർത്തി സർവേ
[തിരുത്തുക]1847-ൽ തിബറ്റ് അതിർത്തി സർവേ ചെയ്യുന്നതിനുള്ള അതിർത്തിക്കമ്മീഷനിലെ സീനിയർ കമ്മീഷണർ ആയി ഗവർണർ ജനറൽ ഹെൻറി ഹാർഡിഞ്ച് ആണ് അലക്സാണ്ടർ കണ്ണിങ്ഹാമിനെ നിയോഗിച്ചത്. ലാഹോർ റെസിഡന്റും വടക്കുപടിഞ്ഞാറൻ അതിർത്തിപ്രവിശ്യകളുടെ ചീഫ് കമ്മീഷണറുമായിരുന്ന ഹെൻറി ലോറൻസിനു കീഴിലായിരുന്നു ഈ നിയമനം. ലെഫ്റ്റനന്റ് എച്ച്. സ്ട്രാഷേ, ടി. തോംസൺ എന്നിവരായിരുന്നു മൂന്നംഗക്കമ്മീഷനിലെ മറ്റംഗങ്ങൾ. 1847 - 48 കാലയളവിൽ സർവേ പുരോഗമിക്കുന്നതിനനുസരിച്ച് കണ്ണിങ്ഹാമിന്റെ താൽപര്യം പുരാവസ്തുഗവേഷണത്തിലേക്കും പുരാവസ്തുശേഖരണത്തിലേക്കും തിരിഞ്ഞു. കശ്മീരിലെയും ഗാന്ധാരത്തിലേയും പുരാതനസാമ്രാജ്യങ്ങളെക്കുറിച്ചും അവയുടെ ഗ്രീക്ക് ബന്ധത്തെക്കുറിച്ചും അദ്ദേഹം പഠനം നടത്തി. ശ്രീനഗറിനു ചുറ്റുമുള്ള അമ്പലങ്ങളെയും ചരിത്രാവശിഷ്ടങ്ങളെയും കുറിച്ച് പഠിച്ച അദ്ദേഹം അത് അശോകൻ തന്നെ സ്ഥാപിച്ച മൗര്യൻ നഗരമാണെന്ന് സ്ഥാപിച്ചു. അവന്തിപ്പൂർ, ബിജ് ബിഹാര, മാർത്തണ്ട് തുടങ്ങിയ ഇടങ്ങളിലെയും ചരിത്രാവശിഷ്ടങ്ങളെക്കുറിച്ച് അദ്ദേഹം പഠനം നടത്തി. ദാർദു പോലെയുള്ള പ്രദേശത്തെ പൗരാണികഭാഷകളെക്കുറിച്ചും അദ്ദേഹം പഠനം നടത്തിയിരുന്നു.
ഇന്നത്തെ പാകിസ്താനിൽ റാവൽപിണ്ഡിക്ക് പടിഞ്ഞാറ് ഝെലത്തിനും സിന്ധുവിനും ഇടക്കുള്ള തക്ഷശിലയിലെ ചരിത്രാവശിഷ്ടങ്ങളും കണ്ണിങ്ഹാമിന് പഠനവിഷയമായി. സിന്ധുവിന് വടക്ക്, ഇന്ന് പാകിസ്താനിലെ ബുനെർ ജില്ലയിൽ സ്ഥിതിചെയ്യുന്ന റാണിഗാട്ടിലെ പുരാതനമായ കോട്ടയുടെ അവശിഷ്ടങ്ങളെക്കുറിച്ചുള്ള പഠനവും കണ്ണിങ്ഹാം നടത്തി. ഇവിടത്തെ ഗ്രീക്ക്-ബുദ്ധമത അവശിഷ്ടങ്ങളിൽ നിന്ന് റാണിഗാട്ട് ബി.സി. രണ്ടാം നൂറ്റാണ്ടിലേതാണെന്നാണ് കണ്ണിങ്ഹാം കണക്കാക്കി.[1]
അവലംബം
[തിരുത്തുക]- ↑ ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "8 - എന്റൈർ ഇന്റെർഫെറൻസ് - ദ റെസിഡെൻസി ട്രാൻസ്ഫോംഡ്, ഓഗസ്റ്റ് 1847 - മേയ് 1848 (Entire Interference - The Residency Transformed, August 1847 - May 1848)". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 214–215. ISBN 019579415 X. Retrieved 2012 നവംബർ 17.
{{cite book}}
: Check date values in:|accessdate=
and|year=
(help)CS1 maint: year (link)