Jump to content

ആൽപ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Alps എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആൽപ്സ്
Range
ജർമ്മനിയുടെ തെക്കു കിഴക്കൻ പ്രദേശമായ ഗാർമിഷിൽ നിന്നുള്ള ദ്രശ്യം.
രാജ്യങ്ങൾ ഓസ്ട്രിയ, ഫ്രാൻസ്, ജർമനി, സ്വിറ്റ്സർലന്റ്, ഇറ്റലി, സ്ലൊവേന്യ, ലിച്ചെൻസ്റ്റെയ്ൻ
Coordinates 45°49′58″N 06°51′54″E / 45.83278°N 6.86500°E / 45.83278; 6.86500
Highest point മോണ്ട് ബ്ലാങ്ക് (Italian: Monte Bianco)
 - ഉയരം 4,808 മീ (15,774 അടി)
Relief of the Alps

യൂറോപ്പിലെ ഏറ്റവും വലിയ പർ‌വതനിരയാണ് ആൽപ്സ്. 1200 കിലോമീറ്റർ നീളത്തിൽ ഓസ്ട്രിയ, സ്ലൊവേന്യ, ഇറ്റലി, സ്വിറ്റ്സർലന്റ്, ലിച്ചെൻസ്റ്റെയ്ൻ, ജർമനി, ഫ്രാൻസ്, മൊണാക്കോ എന്നീ എട്ടു രാജ്യങ്ങളിലായി ഇത് വ്യാപിച്ചു കിടക്കുന്നു[1]. പ്രധാനമായും കിഴക്കൻ ആൽപ്സ്, പടിഞ്ഞാറൻ ആൽപ്സ് എന്നിങ്ങനെ ഇതിനെ വിഭാഗീകരിച്ചിരിക്കുന്നു. മോണ്ട് ബ്ലാങ്ക് ആണ് ആൽപ്സിലെ ഏറ്റവും ഉയരമേറിയ കൊടുമുടി. 4,808 മീറ്റർ (15,774 അടി) ആണ് അതിന്റെ ഉയരം. ഇറ്റലി-ഫ്രാൻസ് അതിർത്തിയിലാണ് അത് സ്ഥിതി ചെയ്യുന്നത്. പർവ്വതം എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് ഈ വാക്ക് രൂപപ്പെട്ടത്.

ആൽപ്സ് പർ‍വത നിരകളിലെ ജുംഗ്ഫ്രാവ് കൊടുമുടി

ആഫ്രിക്കൻ ടെക്റ്റോണിക് പ്ലേറ്റ് യൂറേഷ്യൻ പ്ലേറ്റുമായി കൂട്ടിമുട്ടിയതിനാൽ ദശകോടിക്കണക്കിന് വർഷങ്ങൾകൊണ്ടാണ് ആൽപ്സ് പർവ്വതനിരകൾ രൂപം കൊണ്ടത്. 4000 മീറ്ററിൽ കൂടുതൽ ഉയരമുള്ള ധാരാളം കൊടുമുടികൾ ആല്പൈൻ പ്രദേശത്തുണ്ട്.

ആ‌ൽപ്സിന്റെ ഉയരവും വലിപ്പവും യൂറോപ്പിന്റെ കാലാവസ്ഥയെ സാരമായി ബാധിക്കുന്നുണ്ട്. 3400 മീറ്റർ വരെ ഉയരത്തിൽ ഐബെക്സ് പോലുള്ള മൃഗങ്ങൾ കാണപ്പെടുന്നു. എഡൽവൈസ് പോലുള്ള സസ്യങ്ങൾ അധികം ഉയരമില്ലാത്ത പാറകൾ നിറഞ്ഞ പ്രദേശങ്ങളിലും ഉയരമുള്ള സ്ഥലങ്ങളിലും കാണപ്പെടുന്നുണ്ട്. പ്രാചീന ശിലായുഗത്തിൽ തന്നെ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നു. ഉദ്ദേശം 5000 വർഷം പഴക്കമുണ്ടെന്ന് കണക്കാക്കപ്പെറ്റുന്ന മഞ്ഞിൽ പെട്ടുപോയ ഒരു മനുഷ്യശരീരം 1991-ൽ ഓസ്ട്രിയയും ഇറ്റലിയും തമ്മിലുള്ള അതിർത്തിപ്രദേശത്ത് കണ്ടെത്തപ്പെടുകയുണ്ടായി. ഹാനിബാൾ ഒരുപറ്റം ആനകളുമായി ആൽപ്സ് മുറിച്ചുകടന്നിട്ടുണ്ടാവാം എന്ന് കരുതപ്പെടുന്നു. 1800-ൽ നെപ്പോളിയൺ മലനിരകളിലെ ഒരു ചുരത്തിലൂടെ 40,000 പേരുള്ള സൈന്യവുമായി കടക്കുകയുണ്ടായി. പതിനെട്ടും പ‌ത്തൊൻപതും നൂറ്റാണ്ടുകളിൽ ഇവിടെ പരിസ്ഥിതിപ്രേമികളും എഴുത്തുകാരും കലാകാരന്മാരും (പ്രത്യേകിച്ച് കാല്പനികതാവാദികൾ) എത്തിയതിനെത്തുടർന്ന് ആൽപൈനിസത്തിന്റെ സുവർണ്ണകാലം ആരംഭിച്ചു. മലകയറ്റക്കാർ കൊടുമുടികൾ കീഴടക്കാനും ആരംഭിച്ചു. രണ്ടാം ലോകമഹായുദ്ധസമയത്ത് ജർമനി സ്വിറ്റ്സർലാന്റ്, ലിച്ചൻസ്റ്റൈൻ എന്നിവ ഒഴികെയുള്ള ആൽപൈൻ രാജ്യങ്ങൾ കീഴടക്കുകയുണ്ടായി. ബവേറിയൻ ആൽപ്സിൽ അഡോൾഫ് ഹിറ്റ്ലർക്ക് ഒരു താമസസൗകര്യത്തോടുകൂടിയ ഒരു നിയന്ത്രണസംവിധാനം ഉണ്ടായിരുന്നു.

കൃഷി, ചീസ് നിർമ്മാണം, മരപ്പണി എന്നിവ ഇപ്പോഴും ആൽപ്സിലെ ഗ്രാമങ്ങളിലുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം വിനോദസഞ്ചാരത്തിൽ വലിയ വർദ്ധനയാണുണ്ടായത്. ഇതാണ് ഇപ്പോൾ ഈ പ്രദേശത്തെ പ്രധാന വരുമാനമാർഗ്ഗം. ശീതകാല ഒളിമ്പിക്സ് സ്വിറ്റ്സർലാന്റ്, ഫ്രാൻസ്, ഇറ്റലി, ജർമനി എന്നീ രാജ്യങ്ങളുടെ ആ‌ൽപ്സ് പ്രദേശത്ത് നടത്തപ്പെട്ടിട്ടുണ്ട്. 1.4 കോടി ആൾക്കാർ ഇവിടെ സ്ഥിരമായി താമസിക്കുന്നുണ്ട്. 12 കോടി ആൾക്കാർ വർഷം തോറും ഈ പ്രദേശം സന്ദർശിക്കുന്നുമുണ്ട്.[2]

അതിർത്തികൾ

[തിരുത്തുക]

പടിഞ്ഞാറ് മെഡിറ്റനേറിയനിൽ നിന്ന് കിഴക്ക് അഡ്രിയാറ്റിക്ക് വരെ 1098 കി.മി. ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. ഫ്രാന്സിൽ മെഡിറ്റനേറിയനിൽ നിന്ന് വടക്ക് ഫ്രാന്സിെന്റയും ഇറ്റലിയുടേയും അതിർത്തിയിൽ അവസാനിക്കുന്നു. ഇറ്റലിയുടെ വടക്കൻ അതിർത്തിയായി നില്ക്കുന്നതിന്നാൽ റോമൻ ഭിത്തിയെന്നും അറിയപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. "Alpine Convention" Archived 2011-07-29 at the Wayback Machine.. Alpine Conferences. Retrieved August 3, 2012
  2. Chatré, Baptiste, et. al. (2010), 8

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആൽപ്സ്&oldid=3795294" എന്ന താളിൽനിന്ന് ശേഖരിച്ചത്