അനൈസോമെട്രോപ്പിയ
അനൈസോമെട്രോപ്പിയ | |
---|---|
മറ്റ് പേരുകൾ | ഉച്ചാരണം = /ænˌaɪsəmɪˈtroʊpiə/ ann-EYE-sə-mi-TROH-pee-ə |
സ്പെഷ്യാലിറ്റി | നേത്രവിജ്ഞാനം, ഒപ്റ്റോമെട്രി |
ലക്ഷണങ്ങൾ | തലവേദന, കണ്ണിന് വേദന, കാഴ്ച മങ്ങൽ |
സങ്കീർണത | ആംബ്ലിയോപ്പിയ |
ഡയഗ്നോസ്റ്റിക് രീതി | നേത്ര പരിശോധന |
രണ്ട് കണ്ണുകളുടെയും റിഫ്രാക്റ്റീവ് പവർ വ്യത്യാസപ്പെട്ടിരിക്കുമ്പോളാണ് അനൈസോമെട്രോപിയ എന്ന് വിളിക്കുന്നത്.[1] സാധാരണയായി രണ്ട് ഡയോപ്റ്ററുകളോ അതിൽ കൂടുതലോ ഉള്ള കണ്ണിൻ്റെ പവറിലെ വ്യത്യാസം കണ്ടീഷൻ അനൈസോമെട്രോപിയ എന്ന് വിളിക്കുന്നതിനുള്ള സ്വീകാര്യമായ പരിധി ആണ്.
ചില തരം അനൈസോമെട്രോപിയയിൽ, തലച്ചോറിന്റെ വിഷ്വൽ കോർട്ടെക്സ് രണ്ട് കണ്ണുകളും ഒരുമിച്ച് ഉപയോഗിക്കില്ല (അതായത് ബൈനോക്കുലർ വിഷൻ ഉണ്ടാകില്ല), പകരം മസ്തിഷ്കം ഒരു കണ്ണിലെ കേന്ദ്ര കാഴ്ചയെ അവഗണിക്കും.ഇത് സപ്രഷൻ എന്ന് അറിയപ്പെടുന്നു. വിഷ്വൽ കോർട്ടെക്സ് വികസിച്ചുകൊണ്ടിരിക്കുമ്പോൾ, അതായത് ജീവിതത്തിന്റെ ആദ്യ 10 വർഷങ്ങളിൽ ഇത് സംഭവിക്കുകയാണെങ്കിൽ, ഇത് ആംബ്ലിയോപിയയ്ക്ക് കാരണമാകാം. ആംബ്ലിയോപ്പിയ ബാധിച്ചതിനുശേഷം പിന്നീട് റിഫ്രാക്റ്റീവ് പിശക് ശരിയാക്കിയാലും വ്യക്തിയുടെ കാഴ്ച 6/6 ലേക്ക് എത്തുകയില്ല.
an- "അല്ല," iso- "ഒരേപോലെ," metr- "അളവ്," ops "കണ്ണ്." എന്നീ നാല് ഗ്രീക്ക് ഘടകങ്ങളിൽ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്.
6 നും 18 നും ഇടയിൽ പ്രായമുള്ളവരിൽ 6% പേർക്ക് അനൈസോമെട്രോപിയ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു.
ചികിത്സ
[തിരുത്തുക]വലിയ അളവിലുള്ള അനൈസോമെട്രോപിയ ഉള്ളവരിൽ കണ്ണട കൊണ്ടുള്ള തിരുത്തൽ, രണ്ട് കണ്ണുകൾ തമ്മിലുള്ള ഇമേജ് മാഗ്‌നിഫിക്കേഷനിൽ വ്യത്യാസം അനുഭവപ്പെടാൻ കാരണമായേക്കാം (അനൈസെകോണിയ). ഇത് രണ്ടു കണ്ണും ഒരുമിച്ചുള്ള കാഴ്ചയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. തലവേദന, ഐസ്ട്രെയിൻ തുടങ്ങിയ ലക്ഷണങ്ങളുണ്ടാകുമെന്നതിനാൽ കണ്ണട ധരിക്കാൻ വരെ ബുദ്ധിമുട്ട് അനുഭവപ്പെടാം. എന്നിരുന്നാലും, നേരത്തേ കണ്ടെത്തി ചികിത്സ നൽകിയാൽ, ഗ്ലാസുകളുമായി പൊരുത്തപ്പെടൽ എളുപ്പമാണ്.
കണ്ണിലെ ഇമേജ് വലുപ്പങ്ങൾ ഏകദേശം തുല്യമായി ക്രമീകരിക്കാൻ കഴിയുന്ന ലെൻസുകൾ നിർമ്മിക്കുന്നത് സാധ്യമാണ്. ഇവയെ ഐസൈക്കോണിക് ലെൻസുകൾ എന്ന് വിളിക്കുന്നു. എന്നിരുന്നാലും പ്രായോഗികമായി, ഇത് വളരെ അപൂർവമായി മാത്രമേ ചെയ്യാറുള്ളൂ.
ഐസൈകോണിക് ലെൻസുകളുടെ സൂത്രവാക്യം (സിലിണ്ടർ ഇല്ലാതെ):
ഇവിടെ: t = മധ്യ കനം (മീറ്ററിൽ) n = റിഫ്രാക്റ്റീവ് സൂചിക P = ഫ്രണ്ട് ബേസ് കർവ് h = വെർട്ടെക്സ് ദൂരം (മീറ്ററിൽ) F = ബാക്ക് വെർട്ടെക്സ് പവർ (അടിസ്ഥാനപരമായി, ലെൻസിനുള്ള കുറിപ്പ്)
കണ്ണുകൾ തമ്മിലുള്ള വ്യത്യാസം 3 ഡയോപ്റ്ററുകൾ വരെ ആണെങ്കിൽ, ഐസികോണിക് ലെൻസുകൾക്ക് പരിഹാരം നൽകാൻ കഴിയും. രണ്ട് ലെൻസുകൾ തമ്മിൽ 3 ഡയോപ്റ്ററുകളിൽ കൂടുതൽ വ്യത്യാസം ഉള്ള കണ്ണടകൾ ഒറ്റ നോട്ടത്തിൽ തന്നെ തിരിച്ചറിയാൻ കഴിയും.
കോൺടാക്റ്റ് ലെൻസുകൾ
[തിരുത്തുക]ഐസൈകോണിക് തിരുത്തൽ ആവശ്യമുണ്ടെങ്കിൽ, കണ്ണട ഉപയോഗത്തേക്കാൾ നല്ലത് കോൺടാക്റ്റ് ലെൻസുകൾ ധരിക്കുക എന്നതാണ്. കോണ്ടാക്റ്റ് ലെൻസ് ഉപയോഗത്തിൽ, കട്ടിയുള്ള ലെൻസുകളുടെ ഉപയോഗം ഒഴിവാകുന്നതിനോടൊപ്പം വെർട്ടെക്സ് ദൂരത്തിന്റെ പ്രഭാവവും ഇമേജ് മാഗ്നിഫിക്കേഷൻ മൂലമുള്ള പ്രശ്നങ്ങളും ഒഴിവാകും. കോണ്ടാക്റ്റ് ലെൻ ഉപയോഗത്തിൽ ററ്റിനയിൽ പതിക്കുന്ന ചിത്രത്തിന്റെ വലുപ്പ വ്യത്യാസം കുറവായിരിക്കും എന്നതിനാൽ തലവേദന, ഐസ്ട്രെയിൻ തുടങ്ങിയ ലക്ഷണങ്ങളും ഒഴിവാകും.
റിഫ്രാക്റ്റീവ് ശസ്ത്രക്രിയ
[തിരുത്തുക]റിഫ്രാക്റ്റീവ് ശസ്ത്രക്രിയ, കോണ്ടാക്ട് ലെൻസുകൾക്ക് സമാനമായ കുറഞ്ഞ റെറ്റിനൽ ഇമേജ് വലുപ്പ വ്യത്യാസങ്ങൾക്ക് മാത്രമേ കാരണമാകൂ. ഒരു പഠനത്തിൽ ആംബ്ലിയോപ്പിയ ഉണ്ടായിരുന്ന 53 കുട്ടികളിൽ, റിഫ്രാക്റ്റീവ് ശസ്ത്രക്രീയയും തുടർന്നുള്ള കോങ്കണ്ണ് തിരുത്തൽ ശസ്ത്രക്രിയയും മൂലം അവരുടെ കാഴ്ചയിലും ത്രിമാന ദർശനത്തിലും കാര്യമായ മെച്ചപ്പെടലുകൾ ഉണ്ടായതായി കാണിക്കുന്നു.[2] (കാണുക: റിഫ്രാക്റ്റീവ് ശസ്ത്രക്രിയ # കുട്ടികൾ).
എപ്പിഡെമോളജി
[തിരുത്തുക]അനൈസോമെട്രോപിയയുടെ വ്യാപനം നിർണ്ണയിക്കാൻ നിരവധി ബുദ്ധിമുട്ടുകൾ ഉണ്ട്. ഒന്നാമതായി, റിഫ്രാക്റ്റീവ് പിശകിന്റെ അളവ് പലപ്പോഴും വ്യത്യാസപ്പെടാം. രണ്ടാമതായി, അനൈസോമെട്രോപിയയെ നിർവചിക്കാൻ പലപ്പോഴും വ്യത്യസ്ത മാനദണ്ഡങ്ങൾ ഉപയോഗിക്കുന്നുണ്ട്. അനൈസോമെട്രോപിയയും ഐസോമെട്രോപിയയും തമ്മിലുള്ള അതിർത്തി അവയുടെ നിർവചനത്തെ ആശ്രയിച്ചിരിക്കുന്നു.[3]
റിഫ്രാക്റ്റീവ് പിശകിന്റെ അളവ് കൂടുന്നതിനനുസരിച്ച് അനൈസോമെട്രോപ്പിയയും കൂടുന്നെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു, പ്രത്യേകിച്ചും ഹ്രസ്വദൃഷ്ടി ഉള്ളവരിൽ. പ്രായത്തിനനുസരിച്ച് യു-ആകൃതിയിലുള്ള വിതരണമാണ് അനൈസോമെട്രോപിയ പിന്തുടരുന്നത്: ഏതാനും ആഴ്ചകൾ മാത്രം പ്രായമുള്ള ശിശുക്കളിൽ അനൈസോമെട്രോപിയ സാധാരണമാണ്, ശൈശവ ദശയിലെ ഈ വ്യത്യാസം വളർച്ചയിൽ ശരിയാകുകയും സാധാണ നിലയിലേക്ക് എത്തുകയും ചെയ്യും. കൌമാരക്കാരിൽ ഉണ്ടെങ്കിലും, വളരെ ചെറിയ കുട്ടികളിൽ അനൈസോമെട്രോപ്പിയ അപൂർവ്വമാണ്. നാൽപ്പത് വസ്സിനോടടുക്കുമ്പോൾ വെള്ളെഴുത്ത് ആരംഭിച്ചതിന് ശേഷം, ദൂരക്കാഴ്ചയിൽ പ്രശ്നങ്ങൾ ഉണ്ടാവുകയും അനൈസോമെട്രോപ്പിയ വീണ്ടും കാണപ്പെട്ട് പ്രായത്തിനനുസരിച്ച് വർദ്ധിക്കുകയും ചെയ്യുന്നു.[3]
6 നും 18 നും ഇടയിൽ പ്രായമുള്ളവരിൽ 6% പേർക്ക് അനൈസോമെട്രോപിയ ഉണ്ടെന്ന് ഒരു പഠനം കണക്കാക്കുന്നു.
അനിസോമെട്രോപിക് കണ്ണുകളുടെ ബയോമെക്കാനിക്കൽ, ഘടനാപരമായ, ഒപ്റ്റിക്കൽ സ്വഭാവസവിശേഷതകളെക്കുറിച്ച് നടത്തിയ ഗവേഷണങ്ങൾക്കുശേഷവും അനൈസോമെട്രോപിയയുടെ അടിസ്ഥാന കാരണങ്ങൾ ഇപ്പോഴും കൃത്യമായി മനസ്സിലാക്കിയിട്ടില്ല.[4]
കോങ്കണ്ണ് ഉള്ള അനൈസോമെട്രോപിക് വ്യക്തികൾ കൂടുതലും ഹ്രസ്വദൃഷ്ടിയുള്ളവരാണ്, ഇവയിൽ മിക്കവാറും എല്ലാവർക്കും ഈസോട്രോപിയ (കണ്ണുകൾ ഉള്ളിലേക്ക് തിരിഞ്ഞിരിക്കുന്ന തരം കോങ്കണ്ണ്) ഉണ്ട് (അല്ലെങ്കിൽ ഉണ്ടായിരുന്നു).[5] കോങ്കണ്ണിൻ്റെ ശസ്ത്രക്രിയാ തിരുത്തലിന്റെ ദീർഘകാല ഫലത്തെ അനൈസോമെട്രോപിയ സ്വാധീനിക്കുന്നുവെന്നതിന്റെ സൂചനകളുണ്ട്, തിരിച്ചും. കൂടുതൽ വ്യക്തമായി പറഞ്ഞാൽ, സ്ട്രാബിസ്മസ് ശസ്ത്രക്രിയയ്ക്ക് വിധേയരായ ഈസോട്രോപിയ രോഗികളിൽ, ശസ്ത്രക്രിയക്ക് ശേഷം എക്സോട്രോപിയ (കണ്ണുകൾ പുറത്തേക്ക് തിരിഞ്ഞിരിക്കുന്ന തരം കോങ്കണ്ണ്) ഉണ്ടാകാനുള്ള അപകട ഘടകങ്ങളിലൊന്നാണ് അനൈസോമെട്രോപിയ.[6] കൂടാതെ മോശം ബൈനോക്കുലർ പ്രവർത്തനം അനീസോമെട്രോപിയ ഉണ്ടാകുന്നതിനോ വർദ്ധിക്കുന്നതിനോ ഉള്ള ഒരു അപകട ഘടകമാണ്.[7]
അവലംബം
[തിരുത്തുക]- ↑ "Anisometropia - American Association for Pediatric Ophthalmology and Strabismus". aapos.org (in ഇംഗ്ലീഷ്). Retrieved 10 February 2020.
- ↑ William F. Astle; Jamalia Rahmat; April D. Ingram; Peter T. Huang (December 2007). "Laser-assisted subepithelial keratectomy for anisometropic amblyopia in children: Outcomes at 1 year". Journal of Cataract & Refractive Surgery. 33 (12): 2028–2034. doi:10.1016/j.jcrs.2007.07.024. PMID 18053899.
- ↑ 3.0 3.1 "The relationship between anisometropia and amblyopia". Progress in Retinal and Eye Research. 36: 120–58. September 2013. doi:10.1016/j.preteyeres.2013.05.001. PMC 3773531. PMID 23773832.
- ↑ "Myopic anisometropia: ocular characteristics and aetiological considerations" (PDF). Clinical & Experimental Optometry (Review). 97 (4): 291–307. 2014. doi:10.1111/cxo.12171. PMID 24939167. Archived from the original (PDF) on 2018-11-03. Retrieved 2020-03-27.
- ↑ "When strabismus is present in an anisometropic individual, it is almost always of the convergent type and is generally found in anisohyperopes but not anisomyopes." "The relationship between anisometropia and amblyopia". Progress in Retinal and Eye Research. 36: 120–58. September 2013. doi:10.1016/j.preteyeres.2013.05.001. PMC 3773531. PMID 23773832.
- ↑ "Analysis of risk factors for consecutive exotropia and review of the literature". Journal of Pediatric Ophthalmology and Strabismus. 50 (5): 268–73. 2013. doi:10.3928/01913913-20130430-01. PMID 23641958.
- ↑ "Development of anisometropia in patients after surgery for esotropia". Japanese Journal of Ophthalmology. 54 (6): 589–93. November 2010. doi:10.1007/s10384-010-0868-z. PMID 21191721.