Jump to content

ഉത്കണ്ഠ വൈകല്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Anxiety disorder എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉത്കണ്ഠ വൈകല്യം
സ്പെഷ്യാലിറ്റിസൈക്യാട്രി, clinical psychology Edit this on Wikidata

ഉത്ക്കണ്ഠയും ഭയവും സാധാരണയായി എല്ലാ മനുഷ്യരിലും കാണുന്ന ഒരു പ്രതിഭാസമാണ്. വൈകാരികമായ ഈ അനുഭവം നമ്മിലനുഭവപ്പെടുന്നത് പല വിധത്തിലാണെന്ന് മാത്രം. ഉത്ക്കണ്ഠയും ഭയവും രണ്ടാണെങ്കിലും ഇവ പരസ്പരം മാറി ഉപയോഗിക്കുന്ന രണ്ട് പദങ്ങളാണ്. ഉത്ക്കണ്ഠയെന്നാൽ അവ്യക്തമായ കാരണങ്ങളാൽ നമ്മിലനുഭവപ്പെടുന്ന അസ്വസ്തതയാണ്. നേരെ മറിച്ച് ഭയത്തിന് വ്യക്തമായ കാരണമുണ്ട്. ഭയവും ഉത്ക്കണ്ഠയും അനുഭവത്തിൽ ഒരുപോലെ ആയിരിക്കും. അതുകൊണ്ടാണ് ഈ പദങ്ങൾ ഒരുപോലെ ഉപയോഗിക്കുന്നത്. ഉത്ക്കണ്ഠ പാനിക് അറ്റാക് പോലെ വളരെ വേഗത്തിലും വളരെ സാവധാനത്തിലും വന്നുചേരുന്ന ഒന്നാണ്. ഒരു പക്ഷേ ഈ അവസ്ഥ പെട്ടെന്ന് വരുകയും പോവുകയും ചെയ്യാം. ചിലപ്പോൾ വർഷങ്ങളോളം ഉത്ക്കണ്ഠ രോഗംനീണ്ടുനിന്നേക്കാം. ഉത്ക്കണ്ഠ ഒരു മുൻകരുതലാണ്. ഈ രോഗത്തിന് ഇരയാവുന്നവർ ഇവർ തന്നെ മെനഞ്ഞെടുക്കുന്ന ഭയാനകലോകത്തിലായിരിക്കും ജീവിക്കുക. ഇത് അവരെ ശ്രദ്ധയോടെയും കരുതലോടെയും ജീവിതം മുന്നോട്ട് കൊണ്ടുപോകുവാനും സമൂഹത്തില് ഇടപെടാനും പ്രേരിപ്പിക്കും.

എന്താണ് ഉത്ക്കണ്ഠ രോഗമെന്ന് പരിശോധിക്കാം. ഒരു വ്യക്തിയുടെ ജീവതത്തിലെ സ്വാഭാവിക പ്രവർത്തനങ്ങൾ അയാളുടെ സാമൂഹിക ബന്ധങ്ങൾ, തൊഴിൽ മേഖല ഇതിനെയൊക്കെ ബാധിക്കുന്ന രീതിയിലേക്ക് ഉത്ക്കണ്ഠ വളർന്ന് വഷളാകുമ്പോഴാണ് അതിനെ ഉത്ക്കണ്ഠ രോഗം അഥവാ anxiety Disorder എന്നു പറയുന്നത്. ഒരുവ്യക്തിക്ക് അനുദിനം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോൾ ഉത്ക്കണ്ഠയുടെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു എന്ന് മനസ്സിലാക്കാം. ചിലർക്ക് ഉത്ക്കണ്ഠ മാത്രമേ ഉണ്ടാകാറുള്ളു. മറ്റുചിലർക്ക് ഇതിനോടൊപ്പം വിഷാദവും ഉണ്ടാകാം. ചില പ്രത്യേക സന്ദർഭങ്ങളിൽ അമിതമായ ഉത്ക്കണ്ഠമൂലം ആശയവിനിമയം നടത്താൻ കഴിയുന്നില്ല. ഈ അവസ്ഥയ്ക്കാണ് സാന്ദർഭിക നിശ്ശബ്ദത അഥവാ സെലക്ടീവ് മ്യൂട്ടിസം എന്നുപറയുന്നത്. ഇത് കുട്ടികളിലാണ് കൂടുതലായി കാണുന്നത്. ഉത്ക്കണ്ഠ രോഗങ്ങളുടെ അടിത്തറ പരിശോധിച്ചാൽ ജനിതകപരമായി പാരമ്പര്യമായി ലഭിക്കുന്ന സവിശേഷതകളാണ്. അതിന് പ്രധാന പങ്കുവഹിക്കുന്നത് അച്ഛനും അമ്മയ്ക്കുമൊക്കെ ഉത്ക്കണ്ഠ രോഗമുണ്ടെങ്കിൽ അതു കുട്ടികൾക്ക് ലഭിക്കാൻ സാധ്യതയുണ്ട്. പക്ഷേ അത്തരം കുട്ടികൾക്ക് പോലും അവനവന്റെ ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള അന്തരീക്ഷം ലഭിച്ചാൽ കൂടുതൽ നന്നായി സംസാരിക്കുക തന്നെ ചെയ്യും. കൂട്ടുകുടുംബ വ്യവസ്ഥിതിയിലും മറ്റും ധാരാളം സമപ്രായക്കാരായ കുട്ടികളുണ്ടാകും. ഇവരുമായി സംസാരിച്ച് വളർന്ന് വരുമ്പോൾ കുട്ടികളുടെ ആശയ വിനിമയ ശേഷി വളർന്നുവരും. പക്ഷേ അണുകുടുംബങ്ങളിലേക്കെത്തുമ്പോൾ ഒരുപക്ഷേ മാതാപിതാക്കൾ തിരക്കുള്ള അവസ്ഥയിലായിരിക്കും. കുട്ടികൾ പറയുന്ന നിസ്സാര കാര്യങ്ങൾക്ക് ചെവികൊടുക്കാൻ ക്ഷമ അവർക്കുണ്ടാവില്ല. അവരുടെ ജോലി സംബന്ധിച്ച കാര്യങ്ങളിൽ മുഴുകിയിരിക്കുമ്പോഴായിരിക്കും കുട്ടി വന്ന് സ്കൂളിലെ ചെറിയ വഴക്കിന്റെ കാര്യം വന്നു പറയുന്നത്. എന്നാൽ മാതാപിതാക്കൾ ഇവരെ പലപ്പോഴും അകറ്റുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. കുട്ടിക്ക് സംസാരിക്കാനുള്ള അവസരം കുറയുന്നു. മാത്രമല്ല ഇതു പറയുന്ന കുട്ടിയോട് പരുഷമായ രീതിയിൽ മാതാപിതാക്കൾ പ്രതികരിച്ചാൽ ഈ ഉത്ക്കണ്ഠ അമിതമാകാൻ സാധ്യതയുണ്ട്. മാനസികാരോഗ്യ പ്രശ്നങ്ങൾ പൊതുവേ അവഗണിക്കുകയോ അതു കുറേ കഴിയുമ്പോൾ തന്നെ ശരിയായിക്കോളും എന്ന തെറ്റിദ്ധാരണ സമൂഹത്തിലുണ്ട്. ആള് വയലന്റായാൽ മാത്രം ചികിത്സ തേടുക. സൈലന്റായിരിക്കുന്ന അവസ്ഥകളിൽ ചികിത്സ ആവശ്യമില്ല എന്നാണ് ജനത്തിന്റെ ധാരണ.എന്നാല് സാമൂഹിക ഉത്ക്കണ്ഠ ഉള്ള ആളുകളിൽ അവരുടെ മനസ്സിൽ വല്ലാത്തൊരു സംഘർഷമാണ് ഉടലെടുക്കുന്നത്. താനൊരുകഴിവില്ലാത്ത വ്യക്തിയാണ് താനെങ്ങനെ ജീവിക്കും ഭാവിയിൽ തുടങ്ങിയ ഇത്തരത്തിലുള്ള വ്യാകുലതകൾ പെരുകിയിരിക്കും. ഇത് അവന്റെ ആത്മവിശ്വാസത്തെ തകർക്കാനും ഭാവിയിൽ പലപ്പോഴും ജോലിചെയ്ത് ജീവിക്കാൻ കഴിവില്ലാത്ത ആളാക്കിമാറ്റാനും സാധ്യതയുണ്ട്. മാത്രമല്ല വിവാഹ ജീവിതത്തിലും ഇതുമൂലം പൊരുത്തക്കേടുകൾ സംഭവിക്കാനിടയുണ്ട്. ഏറ്റവും വലിയ അപകടം ഇത് ചെറുപ്പത്തിൽ തന്നെ പരിഹരിച്ചില്ല എങ്കിൽ കൗമാരപ്രായത്തിലേക്ക് കടക്കുന്നതോടെ ഇവർ ഈ ഉത്ക്കണ്ഠ മറികടക്കുന്നതിനായി 'സ്വയം ചികിത്സകൾ' തുടങ്ങും. സ്വയം ചികിത്സ എന്നു പറഞ്ഞത് ലഹരിവസ്തുക്കൾ ഉപയോഗിക്കുക എന്നതാണ് സൂചിപ്പിക്കുന്നത് . ഇവയുടെ ഉപയോഗം നിമിത്തം തൽക്കാലത്തേക്കൊരു ഒരുപക്ഷേ ആശ്വാസം കിട്ടിയെന്നുവരാം. ധൈര്യം കിട്ടിയെന്ന് വരാം. പക്ഷേ അങ്ങനെ തുടർന്നാൽ ആ വ്യക്തി പൂർണ്ണമായും ലഹരിക്കടിമപ്പെടാനിടയാകുകയും കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണതയിലേക്ക് നിങ്ങുകയും ചെയ്യും.

സാമൂഹിക ഉത്ക്കണ്ഠയുള്ള വ്യക്തികളുടെ പ്രധാന പ്രശ്നം മറ്റുള്ള ആളുകൾ തന്നെകുറിച്ച് എന്തു വിചാരിക്കും അതാണ് അവരെപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരക്കാർ പൊതുസ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കും. സാമൂഹിക ഉത്ക്കണ്ഠ രോഗം സമൂഹത്തിൽ അഞ്ച് ശതമാനം തൊട്ട് പത്തുശതമാനം വരെ ആളുകളിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് ചികിത്സ എന്ന അവസ്ഥയിലേക്കെത്തുന്നത് വളരെ കുറവാണ്. സാമൂഹിക ഉത്ക്കണ്ഠ രോഗമുള്ള ആളുകളുടെ തലച്ചോറിൽ ചില പ്രത്യേക രാസവസ്തുക്കളുടെ അളവിൽ കുറവുള്ളതായി പഠനങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. നമ്മുടെ ചിന്തകളെയും പ്രവർത്തനങ്ങളെയും വികാരങ്ങളെയും നിയന്ത്രിക്കുന്നത് നാഡീ വ്യൂഹങ്ങൾക്കിടയിൽ നിലകൊള്ളുന്ന(ന്യുറോട്രാൻസ്മിറ്റേഴ്സ്) രാസവസ്തുക്കളാണ്. രാസവസ്തുക്കളുടെ കുറവുമൂലമാണ് അമിതമായ ഉത്ക്കണ്ഠ ഉണ്ടാകുന്നത്. ഉത്ക്കണ്ഠയെ അഭിമുഖീകരിക്കാനുള്ള കഴിവ് പലർക്കും പലവിധത്തിലാണ്. ഒരു വ്യക്തിക്ക് അനുദിനം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോൾ ഉത്ക്കണ്ഠയുടെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നുവെന്ന് മനസ്സിലാക്കണം. ഈ അസ്വസ്തതകൾ ചിലപ്പോൾ ദുഃഖത്തിലേക്കും നയിച്ചേക്കാം. ചിലർക്ക് ഉത്ക്കണ്ഠ മാത്രമേ ഉണ്ടാകുകയുള്ളു. എന്നാൽ മറ്റുചിലർക്ക് ഉത്ക്കണ്ഠയോടൊപ്പം വിഷാദവും കണ്ടുവരുന്നു. തൈറോയ്ഡ് ഗ്രന്ഥികളുടെ അമിത പ്രവർത്തനം, കോർട്ടിക്കോ സ്റ്റിറോയിഡ്സ്, കൊക്കെയിൻ പോലുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം മൂലമോ ഉത്ക്കണ്ഠ രോഗം വരാറുണ്ട്. രോഗലക്ഷണങ്ങളെ വിലയിരുത്തിയാണ് രോഗനിർണയം നടത്തുന്നത്. ഈ രോഗം പാരമ്പര്യ രോഗങ്ങളുടെ ശ്രേണിയിൽ ഉൾപ്പെടുത്താവുന്നതൊന്നാണ്.

ചില വ്യക്തികളിൽ ഉത്കണ്ഠ മൂലം ലൈംഗിക പ്രശ്നങ്ങൾ ഉടലെടുക്കാറുണ്ട്. പുരുഷന്മാരിൽ ശീഘ്രസ്ഖലനം, ഉദ്ധാരണശേഷിക്കുറവ് എന്നിവയും സ്ത്രീകളിൽ യോനീസങ്കോചം, രതിമൂർച്ഛാരാഹിത്യം അതേത്തുടർന്ന് വേദനയുള്ള സംഭോഗം എന്നിവയും ഉണ്ടാകാൻ സാധ്യതയുണ്ട്.

വളരെ കൃത്യമായ രോഗനിർണയം നടത്തി അതിന് യോജിച്ച ചികിത്സ സമ്പ്രദായം (ഡ്രഗ് തെറപ്പി, ബിഹേവിയ൪ തെറപ്പി, സൈക്കോ തെറപ്പി) സ്വീകരിച്ചാൽ രോഗശമനം തീർച്ചയായും ലഭിക്കും.

ചികിത്സ

[തിരുത്തുക]

ഉത്ക്കണ്ഠ രോഗങ്ങൾക്കുള്ള ചികിത്സ രീതികൾ എന്താണെന്ന് പരിശോധിക്കാം. ഇത് ചികിത്സിക്കാൻ രണ്ട് മാർഗ്ഗങ്ങളാണ് ഉള്ളത്. ഇത്തരം രാസവസ്തുക്കളുടെ അളവ് ക്രമീകരിച്ചുകൊണ്ടുവരുന്ന ഔഷധ ചികിത്സ. മുൻകാലങ്ങളെ അപേക്ഷിച്ച് വളരെ പാർശ്വഫലങ്ങൾ കുറഞ്ഞ സുരക്ഷിതമായ ഔഷധങ്ങൾ നിലവിലുണ്ട്. ഇത് വളരെ നല്ലകാര്യമാണ്. എന്നാൽ ഔഷധ ചികിത്സയോടൊപ്പം മനശാസ്ത്ര ചികിത്സാരീതികൾ അവലംബിക്കേണ്ടത് ആവശ്യമാണ്. ലഘുവായ ഉത്ക്കണ്ഠ രോഗങ്ങൾക്ക് ആദ്യ ഘട്ടത്തിൽ മനശാസ്ത്ര ചികിത്സകളും റിലാക്സേഷൻ രീതികളും മാത്രമായി അവലംബിച്ച് നോക്കാവുന്നതാണ്. തീവ്രമായ ഉത്ക്കണ്ഠ രോഗമുള്ളവരിൽ ഔഷധവും ചേർന്നുള്ള ചികിത്സരീതി അവലംബിക്കാവുന്നതാണ്. മനശാസ്ത്ര ചികിത്സാ രീതിയിൽ സാധാരണയായി 'സിസ്റ്റമാറ്റിക് ഡിസെൻസെറ്റൈസേഷൻ' എന്നു പറയും. കാരണം ഉത്ക്കണ്ഠ ഉണ്ടാക്കുന്ന അവസ്ഥകൾ എടുത്തുകഴിഞ്ഞാൽ പല അവസ്ഥകളിലും ഒരു വ്യക്തിക്ക് ഉത്ക്കണ്ഠ വരാം. ഒരു സംഘം ആളുകളെ അഭിമുഖീകരിക്കുമ്പോഴായിരിക്കും ഏറ്റവും കൂടുതൽ ഉത്ക്കണ്ഠ. അതിലും കുറവുള്ള ഉത്ക്കണ്ഠയായിരിക്കാം ഒരു പെൺകുട്ടിയോട് സംസാരിക്കുമ്പോഴുണ്ടാവുക. അതിലും കുറവ് ഉത്ക്കണ്ഠയായിരിക്കും അപരിചിതനായ പുരുഷനോട് സംസാരിക്കുമ്പോൾ തോന്നുക. ഏറ്റവും കുറവ് ഉത്ക്കണ്ഠ സുഹൃത്തുക്കളുടെ സാനിധ്യത്തിൽ ഇരിക്കുമ്പോഴായിരിക്കും തോന്നുക. ഈ വ്യക്തിയോട് അയാൾക്ക് ഉത്ക്കണ്ഠ ഉണ്ടാക്കുന്ന സന്ദർഭങ്ങൾ ശ്രേണി തിരിച്ച് പത്തെണ്ണം എഴുതി തയ്യാറാക്കാൻ നിർദ്ദേശിക്കുക. തീവ്രത അനുസരിച്ചാവണം ഇത് തയ്യാറാക്കേണ്ടത്. ഉത്ക്കണ്ഠ കൂടിയത് ഒന്നാം നമ്പർ അങ്ങനെ പത്ത് സന്ദർഭങ്ങൾ എഴുതുക.ഏറ്റവും ഉത്ക്കണ്ഠ കുറവുണ്ടാകുന്ന സന്ദർഭം (പത്താം നമ്പർ)എങ്ങനെ തരണം ചെയ്യും എന്ന മനശാസ്ത്ര ചികിത്സയാണ് ആദ്യം നൽകുന്നത്. ചില റിലാക്സേഷൻ വ്യായാമങ്ങൾ ,ശ്വസന വ്യായാമങ്ങൾ എന്നിവ പരിശീലിപ്പിക്കും. ചിന്തകളെ ക്രമീകരിക്കാൻ സഹായിക്കുന്ന ചികിത്സാ രീതികളും സഹായകമാണ്.

അവലംബം

[തിരുത്തുക]
  1. Peter Aspden (21 April 2012). "So, what does 'The Scream' mean?". Financial Times.
"https://ml.wikipedia.org/w/index.php?title=ഉത്കണ്ഠ_വൈകല്യം&oldid=4070281" എന്ന താളിൽനിന്ന് ശേഖരിച്ചത്