അറ്റ്ലസ്
ഭൂപടങ്ങളുടെയും (maps) ചാർട്ടുകളുടെയും (charts) സമാഹാരമാണ് അറ്റ്ലസ്. മാനചിത്രാവലി എന്നും ഇത് അറിയപ്പെടുന്നു. ഭൂമിശാസ്ത്രപരമായ ചിത്രങ്ങളാണ് അറ്റ്ലസുകൾ സാധാരണ ഉൾക്കൊള്ളുന്നത്. അടുത്ത കാലത്തായി ഭൂമിശാസ്ത്രേതര വസ്തുതകളുടെ വിതരണ ചിത്ര(distribution map)ങ്ങളോ[1] ലേഖ(graph)കളോ ഉൾക്കൊള്ളുന്ന സമാഹാരങ്ങൾക്കും അറ്റ്ലസ് എന്നു പറയാറുണ്ട്. ആധുനികമാനചിത്രകലയുടെ ഉപജ്ഞാതാക്കളായ ജെറാർഡ് മർക്കാറ്ററും കൂട്ടരും തങ്ങളുടെ സമാഹാരങ്ങളുടെ മുഖചിത്രമായി ഭൂമിയെ ചുമലിൽ വഹിച്ചു നില്ക്കുന്ന അറ്റ്ലസിന്റെ ചിത്രം ചേർത്തുപോന്നതിനെ ആസ്പദമാക്കിയാണ് പിൽക്കാലത്ത് മാനചിത്രാവലികൾ അറ്റ്ലസ് എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങിയത്.
അറ്റ്ലസുകളിൽ എന്തെല്ലാം ഉണ്ടായിരിക്കണം
[തിരുത്തുക]മാനചിത്രങ്ങൾക്കും ചാർട്ടുകൾക്കും പുറമേ, ഒരു അറ്റ്ലസ്സിൽ ചിത്രങ്ങൾ, സാരണികൾ, പ്രത്യേക വസ്തുക്കളുടെ വിശദീകരണങ്ങൾ, സ്ഥലനാമങ്ങളുടെ പട്ടിക തുടങ്ങിയവകൂടി ചേർത്തിരിക്കും. പേരുകളോടൊപ്പം പ്രസക്തസ്ഥലം ഏതു രാജ്യത്തിന്റെ ഭാഗമാണ് എന്ന വിവരവും അതിന്റെ അക്ഷാംശരേഖാംശങ്ങളും നൽകിക്കൊണ്ടാണ് സ്ഥലസൂചി (index) തയ്യാറാക്കുക.
അറ്റ്ലസ്സുകളെ ലോകമാനചിത്രാവലി (World Atlas),[2] മേഖലാമാനചിത്രാവലി (Regional Atlas)[3] എന്നിങ്ങനെ രണ്ടായി തിരിക്കാം. ഒരു റഫറൻസ് അറ്റ്ലസ്സിൽ[4] ഭൂപടങ്ങൾ, രാജ്യങ്ങളുടെ ഒറ്റയ്ക്കോ കൂട്ടായോ ഉള്ള മാനചിത്രങ്ങൾ, ഉച്ചാവചസൂചി (relief index), പ്രധാനനദികളുടെ നീളം അടിസ്ഥാനമാക്കിയുള്ള താരതമ്യസ്വഭാവം വ്യക്തമാക്കുന്ന ചാർട്ട്, സ്ഥലസൂചി എന്നിവ തീർച്ചയായും അടങ്ങിയിരിക്കും. ഇവയ്ക്കു പുറമേ ഭൂമിയുടെ ഭ്രമണപഥം, സൗരയൂഥം, ഖഗോളം തുടങ്ങിയവയുടെ പ്രതീകാത്മക ചിത്രങ്ങളും ഉണ്ടാവും. ഭൂപ്രക്ഷേപ(map projection)ങ്ങളെ സംബന്ധിച്ച സചിത്രവിശദീകരണങ്ങൾകൂടി ഉൾപ്പെടുത്തേണ്ടതാണ്. രാഷ്ട്രങ്ങളുടെ സ്ഥിതിവിവരങ്ങൾ സൂചിപ്പിക്കുന്നതും ഭൗതികവിവരണങ്ങൾ നൽകുന്നതുമായി രണ്ടു ഭൂപടങ്ങൾ ഉണ്ടാകും. ഓരോ രാജ്യത്തിലെയും ഭൗതികവിവരണവും, രാഷ്ട്രീയ സംവിധാനവും രേഖപ്പെടുത്തിയിട്ടുള്ള മാനചിത്രങ്ങൾ പ്രത്യേകം ഉണ്ടാകേണ്ടതുണ്ട്. മേല്പറഞ്ഞവ കൂടാതെ കാലാവസ്ഥ, ശിലാഘടന, സമ്പദ് വ്യവസ്ഥ, ഭാഷകൾ, ജനങ്ങൾ, മതം, വാർത്താവിനിമയവ്യവസ്ഥകൾ, സസ്യജാലം, പ്രകൃതിവിഭവങ്ങൾ തുടങ്ങിയവയുടെ വിതരണക്രമം പ്രത്യേക മാനചിത്രങ്ങൾ വഴി സ്പഷ്ടമാക്കിയിരിക്കും. ചരിത്രവസ്തുതകളെ കാലാടിസ്ഥാനത്തിൽ അപഗ്രഥിക്കുന്ന ഭൂപടസമാഹാരങ്ങളും പ്രസിദ്ധീകൃതങ്ങളായിട്ടുണ്ട്.
ചരിത്രം
[തിരുത്തുക]ഇന്നത്തെ നിലയിൽ അറ്റ്ലസ്സുകൾ രൂപംകൊണ്ടത് വിവിധഘട്ടങ്ങളിലൂടെയാണ്. ബ്രഹ്മാണ്ഡത്തിന്റെയും ഖഗോളത്തിന്റെയും ചിത്രങ്ങൾ ഏറ്റവും ആദ്യം ഉൾപ്പെടുത്തിക്കാണുന്നത് പുരാതന ഗ്രന്ഥങ്ങളായ നാച്ചുറൽ ഹിസ്റ്ററി (Natural History),[5] പോളിഹിസ്റ്റർ (Polyhister) എന്നിവയിലാണ്. എന്നാൽ ഭൂപടങ്ങൾക്കു പ്രചാരം സിദ്ധിച്ചത്, ടോളമിയുടെ ജ്യോഗ്രഫിയ (Geographia)[6] (എ.ഡി. 150)യിലൂടെയായിരുന്നു. പ്രതിപാദ്യം സുവ്യക്തമാക്കുന്നതിനു മാനചിത്രങ്ങളെ ആശ്രയിച്ച ആദ്യത്തെ ഗ്രന്ഥം ജ്യോഗ്രഫിയ ആണ്; മാനചിത്രങ്ങൾ അനുബന്ധമായാണ് ചേർത്തിട്ടുള്ളത്. പുരാതനകാലത്തെ അന്വേഷണ സഞ്ചാരികൾക്കെല്ലാം ഈ ഗ്രന്ഥത്തിലെ മാനചിത്രങ്ങൾ മാർഗദർകങ്ങളായിട്ടുണ്ട്. 1472-ൽ ഗ്രീക്കുഭാഷയിൽ അച്ചടിച്ചു പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന്റെ കാലം എ.ഡി. 150 ആണോയെന്നത് വിവാദവിഷയമാണ്. എട്ടും പതിനഞ്ചും നൂറ്റാണ്ടുകൾക്കിടയിൽ രചിക്കപ്പെട്ടിട്ടുള്ള അറബിഗ്രന്ഥങ്ങളിൽ ടോളമിയെ സംബന്ധിക്കുന്ന സൂചനകൾ കാണാം. എ.ഡി. 415-ൽ പോളസ് ഒറോസിയസ് എഴുതിയ ഡേറിയാമുണ്ഡി എന്ന ഗ്രന്ഥത്തിന്റെ ആധാരം ജ്യോഗ്രഫിയ ആയിരുന്നു. ഗോത്തിലെ ചരിത്രകാരനായ ജോർഡെയിൻ 550-ൽ രചിച്ച ദെ ഓറിജിൻ ആക്റ്റിബസ്ക് ജെറ്ററം (De Origine Actibusque Geterum) എന്ന പുസ്തകത്തിലും ടോളമിയെ സംബന്ധിച്ച പരാമർശമുണ്ട്.
15-ആം നൂറ്റാണ്ടിൽ ഇമ്മാനുവൽ ക്രിസളോറസ് ജ്യോഗ്രഫിയ ലത്തീൻഭാഷയിൽ വിവർത്തനം ചെയ്യാനുള്ള ശ്രമം ആരംഭിച്ചു; പ്രസ്തുത പരിഭാഷ പൂർത്തിയാക്കിയത് ഇമ്മാനുവലിന്റെ പുത്രനായ ജാക്കോബസ് ആൻജെലസ് (1410) ആണ്; ഈ ഗ്രന്ഥത്തിന്റെ ശീർഷകം കോസ്മോഗ്രാഫിയ എന്നായിരുന്നു. ഈ പരിഭാഷയുടെ അടിസ്ഥാനത്തിൽ ജ്യോഗ്രഫിയയുടെ ഒരു പുതിയ കൈയെഴുത്തുപ്രതി നിർമ്മിക്കുവാൻ ഡോമിനസ് നിക്കളാസ് ജർമാനസ് ശ്രമിച്ചു; ജ്യോഗ്രഫിയയിലെ വലിപ്പംകൂടിയ മാനചിത്രം പുസ്തകത്തിന്റെ അളവിലേക്കു സംഗ്രഹിച്ചു എന്നതാണ് ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ സേവനം. ടോളമിയുടെയും ഡോമിനസ്സിന്റെയും ഭൂപടനിർമ്മാണരീതികൾ പിൽക്കാലത്തു പ്രസിദ്ധപ്പെടുത്തിയ അറ്റ്ലസ്സുകൾക്കു മാർഗനിർദ്ദേശകമായി. 1478-ൽ ഫ്രാൻസിസ്കോ ബെർലിൻ ഗിയറേ ജ്യോഗ്രഫിയയുടെ ഇറ്റാലിയൻ പരിഭാഷ പ്രസിദ്ധപ്പെടുത്തി; പാഠത്തിനു യാതൊരു മാറ്റവും വരുത്താത്ത പരിഭാഷാരീതിയാണ് ഫ്രാൻസിസ്കോ സ്വീകരിച്ചത്; എന്നാൽ സ്ഥലസൂചി അക്ഷരമാലാക്രമത്തിൽ അക്ഷാംശരേഖാംശങ്ങൾ സഹിതം തയ്യാറാക്കിയിരുന്നു; ജ്യോഗ്രഫിയയിലെ സ്ഥലസൂചി ഭൂമിശാസ്ത്രപരമായ ക്രമത്തിലായിരുന്നു.
16-ആം നൂറ്റാണ്ടിന്റെ ഉത്തരഘട്ടത്തിൽ ഭൂമിശാസ്ത്രപരമായി ലഭിച്ച നൂതന വിവരങ്ങളെക്കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് ജ്യോഗ്രഫിയയുടെ പരിഷ്കരിച്ച പതിപ്പ് തയ്യാറാക്കുവാനുള്ള ശ്രമം നടന്നു. പ്രസിദ്ധ ഭൂമിശാസ്ത്രജ്ഞനായ വാൾഡ്സീമുള്ളറും റിംഗ്മാനും ചേർന്നാണ് ഇതിനുദ്യമിച്ചത്. 1507-ൽ കോസ്മോഗ്രാഫിയ ഇൻട്രൊഡക്ഷ്യോ (Cosmographia)[7] എന്ന പേരിൽ പുതിയ ഗ്രന്ഥം പ്രസിദ്ധീകൃതമാവുകയും ചെയ്തു. നാലു ഭാഗങ്ങളിലായി തയ്യാറാക്കപ്പെട്ട ഈ ഗ്രന്ഥം വാൾഡ്സീമുള്ളർ പ്രത്യേകം നിർമിച്ച ഒരു ഭൂപടംകൂടി ഉൾക്കൊണ്ടിരുന്നു. അമേരിക്കകൂടി ഉൾപ്പെട്ട ആദ്യത്തെ ഭൂപടം ഇതായിരുന്നു. നൂതന ഭൂഖണ്ഡം കണ്ടെത്തിയ വ്യക്തിയായി വാൾഡ്സീമുള്ളർ പരിഗണിച്ച അമേരിഗോ വെസ്പൂച്ചിയുമായി ബന്ധപ്പെടുത്തിയാണ് പ്രസ്തുത ഭൂഭാഗത്തിന് അമേരിക്ക എന്ന പേരു നൽകപ്പെട്ടത്. ഉത്തര-ദക്ഷിണ ഖണ്ഡങ്ങളായി അമേരിക്കാവൻകരകളെ വേർതിരിച്ചടയാളപ്പെടുത്തിയതും വാൾഡ്സീമുള്ളറായിരുന്നു. പിൽക്കാലത്ത് ഈ നിർദ്ദേശങ്ങൾ അംഗീകരിക്കപ്പെട്ടു.
ആധുനിക അറ്റ്ലസിന്റെ ആദ്യമാതൃക
[തിരുത്തുക]തിയേട്രം ഓർബിസ് ടെറാറം (Theatrum Orbis Terrarum)[8] എന്ന ശീർഷകത്തിൽ ലത്തീൻഭാഷയിൽ തയ്യാറാക്കപ്പെട്ട ഗ്രന്ഥമാണ് ആധുനിക അറ്റ്ലസ്സിന്റെ ആദ്യത്തെ മാതൃക. 1570-ൽ എബ്രഹാം ഓർട്ടീലിയസ് പൂർത്തിയാക്കിയ ഈ അറ്റ്ലസ് 53 മാനചിത്രങ്ങൾക്കു പുറമേ 35 താളുകളിലെ പാഠഭാഗവും ഉൾക്കൊണ്ടിരുന്നു. ഭൂപടത്തിൽ തുടങ്ങി, ഓരോ വൻകരയുടെയും പ്രത്യേക ചിത്രങ്ങളും അതേത്തുടർന്നു പ്രധാന രാജ്യങ്ങളുടെയും, ചെറിയ രാഷ്ട്രീയ വിഭാഗങ്ങളുടെയും മാനചിത്രങ്ങളും ഉൾപ്പെടുത്തിയ പ്രത്യേക ക്രമീകരണരീതിയാണ് ഈ ഗ്രന്ഥത്തിൽ സ്വീകരിച്ചത്. അന്നത്തെ നിലയിൽ ഒരു പുതിയ സംഭാവനയായിരുന്ന ഈ അറ്റ്ലസ്സിന്റെ പതിപ്പുകൾ വിവിധഭാഷകളിൽ പ്രസിദ്ധീകൃതങ്ങളായി. ഓർട്ടീലിയസ്സിന്റെ ചരമത്തിനു (1598) മുൻപുതന്നെ ലത്തീൻ, ഡച്ച്, ജർമൻ, ഫ്രഞ്ച്, സ്പാനിഷ് തുടങ്ങി 28 ഭാഷകളിൽ ഈ അറ്റ്ലസ് പ്രസിദ്ധീകരിച്ചു കഴിഞ്ഞിരുന്നു.
ഓർട്ടീലിയസ്സിന്റെ സമകാലികനായിരുന്ന ജെറാർഡ് മർക്കാറ്റർ ഇക്കാലത്തുതന്നെ സ്വതന്ത്രമായ നിലയിൽ ഒരു അറ്റ്ലസ് നിർമ്മാണത്തിനു ശ്രമം നടത്തി. ഭൂമി സ്വയം സർവേ ചെയ്യുകയും ഭൂപടംവരയ്ക്കുകയും മുദ്രണം ചെയ്യുകയും ചെയ്ത മർക്കാറ്ററുടെ ലക്ഷ്യം മൂന്നുഭാഗങ്ങളുള്ള പുസ്തകരൂപത്തിലുള്ള ഒരു അറ്റ്ലസ് പ്രകാശനം ചെയ്യുകയായിരുന്നു. ഈ ഗ്രന്ഥത്തിന്റെ രണ്ടാംഭാഗമാണ് ആദ്യം പ്രസിദ്ധീകൃതമായത് (1585). ഇതിൽ ഫ്രാൻസ്, ജർമനി, നെതർലൻഡ്സ് എന്നീ രാജ്യങ്ങളുടെ 51 മാനചിത്രങ്ങളും, ലത്തീൻ ഭാഷയിലെ വിശദീകരണങ്ങളും ചേർത്തിരുന്നു. 1590-ൽ Atlus.pngപ്രസിദ്ധീകൃതമായ മൂന്നാം ഭാഗത്തിൽ ഇറ്റലി, സ്ലോവേനിയ, കാൽദിയ, ഗ്രീസ് എന്നീ രാജ്യങ്ങളുടെ 23 മാനചിത്രങ്ങൾ ഉൾക്കൊള്ളിച്ചിരുന്നു. മർക്കാറ്ററുടെ ചരമത്തിനുശേഷം ഒരു വർഷം കഴിഞ്ഞ് (1595) ഇദ്ദേഹത്തിന്റെ പുത്രൻ റുമോൾഡ് ഒന്നാം ഭാഗം പ്രസിദ്ധപ്പെടുത്തി. ഐസ്ലൻഡ്, ധ്രുവപ്രദേശങ്ങൾ, ബ്രിട്ടീഷ് ദ്വീപുകൾ, സ്കാൻഡിനേവിയ, പ്രഷ്യ, ലെവോണിയ, റഷ്യ, ലിത്വാനിയ, ട്രാൻസിൽവേനിയ, ക്രീമിയ, ഏഷ്യ, ആഫ്രിക്ക, അമേരിക്ക തുടങ്ങിയ ഭൂഭാഗങ്ങളുടെ മാനചിത്രങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ആമുഖത്തിൽ അറ്റ്ലസ് എന്ന പുരാണപുരുഷന്റെ വംശപരമ്പരകൂടി നൽകിക്കൊണ്ടാണ് അറ്റ്ലസ് എന്ന ശീർഷകത്തിലുള്ള മർക്കാറ്ററുടെ ഗ്രന്ഥാവലി പ്രസിദ്ധീകരിക്കപ്പെട്ടത്.
അറ്റ്ലസുകസ്സുകളുടെ തുടർ പ്രസിദ്ധീകരണം
[തിരുത്തുക]1602-ൽ പ്രസ്തുത ഗ്രന്ഥത്തിന്റെ മൂന്നുഭാഗങ്ങളും ചേർത്ത് ഒറ്റ വാല്യത്തിലുള്ള പതിപ്പ് പ്രകാശിതമായി. ഇതേത്തുടർന്നു ധാരാളം അറ്റ്ലസ്സുകൾ പുറത്തുവരാൻ തുടങ്ങി. പുതിയ മാനചിത്രങ്ങൾ കൂടി ഉൾപ്പെടുത്തി മർക്കാറ്റർ അറ്റ്ലസിന്റെ വലുതും ചെറുതുമായ രണ്ടു പതിപ്പുകൾ ഹോണ്ടിയസ് പ്രസിദ്ധപ്പെടുത്തി. ജെറാർഡ് ദെ ജോഡ് രചിച്ച സ്പെക്കുലം ഓർബിസ് ടെറാറം (Speculum Orbis Terrarum)[9] 1579-ൽ പ്രകാശിതമായെങ്കിലും അതിനു വലിയ പ്രചാരം സിദ്ധിച്ചില്ല. 1575-ൽ നൂറു മാനചിത്രങ്ങളടങ്ങിയ ഒരു ഇറ്റാലിയൻ അറ്റ്ലസ് പുറത്തുവന്നു. പക്ഷേ, ഇതിന്റെ കർത്താവാരെന്നോ, രചനാകാലം ഏതെന്നോ അറിവുണ്ടായിരുന്നില്ല. ഭൂമിയെ ചുമലിൽ വഹിച്ചു നിൽക്കുന്ന അറ്റ്ലസ്സിന്റെ പടം മുഖചിത്രമായി ചേർത്തിരുന്നുവെന്നത് ഈ ഗ്രന്ഥത്തിന്റെ സവിശേഷതയായിരുന്നു. പിൽക്കാലത്ത് മാനചിത്രാവലികളെ അറ്റ്ലസ് എന്നു വിളിക്കുവാൻ കാരണമായിത്തീർന്നത് ഈ ഗ്രന്ഥമാണെന്ന ഒരഭിപ്രായമുണ്ട്. 1597-ൽ കോർണെലി വിറ്റ്ഫീൽഡ് ആധുനിക ഭൂഖണ്ഡങ്ങളെ ചിത്രീകരിക്കുന്ന 19 മാനചിത്രങ്ങളുടെ ഒരു സമാഹാരം പ്രസിദ്ധീകരിച്ചു. പ്രധാന പട്ടണങ്ങളുടെയും കോട്ടകളുടെയും സംവിധാനരീതികൾ ചിത്രീകരിച്ചിരുന്ന പ്രസ്തുത അറ്റ്ലസ്സിനു വളരെ വേഗം പ്രചാരം സിദ്ധിച്ചു.
വ്യാവസായിക പുരോഗതിയെത്തുടർന്നാണ് ദേശീയ അറ്റ്ലസ്സുകൾക്കു പ്രചാരം സിദ്ധിച്ചത്. ഇംഗ്ലണ്ടും വെയിൽസും ശാസ്ത്രീയമായി സർവേ നടത്തിയശേഷം 35 മാനചിത്രങ്ങൾ തയ്യാറാക്കി പ്രസിദ്ധപ്പെടുത്തിയ (1579) ക്രിസ്റ്റഫർ സാക്സണാണ് ആദ്യത്തെ ദേശീയ അറ്റ്ലസ്സിന്റെ കർത്താവ്. എലിസബത്ത് കന്റെ മേൽനോട്ടത്തിലും പിന്തുണയോടുകൂടിയും തയ്യാറാക്കപ്പെട്ട ഈ അറ്റ്ലസ്സിന്റെ മുഖചിത്രം സ്ട്രാബോയുടെയും ടോളമിയുടെയും നടുവിൽ ഉപവിഷ്ടയായ രാജ്ഞിയുടേതാണ്. 1594-ൽ മോറിസ് ബുഗേറിയൻ ഫ്രാൻസിന്റെ 16 മാപ്പുകളുള്ള ദേശീയ അറ്റ്ലസ് പ്രസിദ്ധീകരിച്ചു.
കാലഘട്ടത്തിലെ മികച്ച അറ്റ്ലസ്
[തിരുത്തുക]ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച അറ്റ്ലസ് ആയി കണക്കാക്കപ്പെടുന്നത് വില്യം ജാൻസൂൺ ബ്ളൂ (1571-1638) രചിച്ച അറ്റ്ലസ് മേജർ (Atlas Major) ആണ്.[10] ലത്തീൻ വിശദീകരണങ്ങളടക്കം 12 വാല്യങ്ങളിലായി മുദ്രിതമായിരുന്ന ഈ ഗ്രന്ഥത്തിന്റെ 1662-ൽ പ്രസിദ്ധീകൃതമായ പുതിയ പതിപ്പ് 600 മാനചിത്രങ്ങൾ ഉൾക്കൊണ്ടിരുന്നു. 1663-ൽ ഇതിന്റെ ഫ്രഞ്ചു പതിപ്പ് പുറത്തുവന്നു.
സാങ്കേതികചിഹ്നങ്ങളും പ്രതിരൂപങ്ങളും ഉപയോഗിച്ച് മാനചിത്രണം നിർവഹിക്കുന്ന ഇന്നത്തെ രീതി വളരെ സാവധാനത്തിലാണ് നിലവിൽ വന്നത്. ചിഹ്നങ്ങളും പ്രതിരൂപങ്ങളും വ്യക്തമായി വരയ്ക്കാനും മുദ്രണം ചെയ്യാനുമുള്ള കലാകാരന്റെ കഴിവും, ഭൂപടശാസ്ത്രജ്ഞന്റെ ഈ വിഷയത്തിലുള്ള താത്പര്യവും അനുസരിച്ചായിരുന്നു പ്രതിരൂപാത്മകചിത്രീകരണത്തിന്റെ പുരോഗതി. എന്നാൽ ചായക്കൂട്ടുകൾ ഉപയോഗിച്ചുള്ള ചിത്രണം തുടക്കം മുതലേ നിലവിൽ വന്നു. ചിത്രത്തിനു വർണപ്പകിട്ടിലൂടെ ആകർഷകത്വം വർധിപ്പിക്കാനും, മാനചിത്രത്തിൽ രേഖപ്പെടുത്തേണ്ട വിശദാംശങ്ങളെ സുവ്യക്തമാക്കുന്നതിനും ചായങ്ങൾക്കു കഴിഞ്ഞിരുന്നുവെന്നതാണ് ഈ രീതി സ്വീകരിക്കുവാൻ മാനചിത്രകാരന്മാരെ പ്രോത്സാഹിപ്പിച്ചത്.
അന്തർദേശീയ-ദേശീയ-മേഖലാ അറ്റ്ലസ്സുകൾ ഇന്നു സുലഭമാണ്. പ്രത്യേക ആവശ്യങ്ങൾക്ക് ഇണങ്ങുന്ന തരത്തിലുള്ള ഭൂപ്രക്ഷേപങ്ങൾ (map projections) ഉപയോഗിക്കപ്പെട്ടുവരുന്നു. നിറങ്ങൾ, ചിഹ്നങ്ങൾ, പ്രതീകങ്ങൾ എന്നിവയുടെ കാര്യത്തിൽ തികച്ചും ശാസ്ത്രീയവും സാർവദേശീയവുമായ സമീപനമാണ് സ്വീകരിക്കപ്പെട്ടുവരുന്നത്. ഭൂപടങ്ങളിൽ നിന്നു വിവരങ്ങൾ ഗ്രഹിക്കുന്നതും, അവയുടെ വ്യാഖ്യാനം നടത്തുന്നതും എത്രയും ലളിതമാക്കിക്കൊണ്ടുള്ള ഒരു പ്രതിപാദനരീതിയാണ് ആധുനിക അറ്റ്ലസ്സുകളിൽ ഉപയോഗിക്കുന്നത്.
പുരാണങ്ങളിൽ
[തിരുത്തുക]ഗ്രീക്കു പുരാണപ്രകാരം ഇയാപ്പേറ്റസിന്റെയും ക്ലൈമീനിന്റെയും പുത്രനും പ്രൊമിത്യൂസിന്റെ സഹോദരനും ആണ് അറ്റ്ലസ്. ആകാശം പശ്ചിമചക്രവാളത്തിലുള്ള തൂണുകളിന്മേൽ പൊങ്ങിനിൽക്കയാണെന്നും ഈ തൂണുകൾക്കു താങ്ങുകൊടുക്കുന്നത് അറ്റ്ലസ് ആണെന്നുമായിരുന്നു പൌരാണികസങ്കല്പം. ചക്രവാളത്തെപ്പറ്റിയുള്ള അറിവു വർധിച്ചതോടെ ഗ്രീക്കുകാർ ആഫ്രിക്കയുടെ വടക്കുപടിഞ്ഞാറു സ്ഥിതിചെയ്യുന്ന ഒരു പർവതനിരയ്ക്ക് അറ്റ്ലസ് എന്നു പേരുനൽകി. ആതിഥ്യമര്യാദ ലംഘിച്ചതിനു ശിക്ഷയായി പെഴ്സിയൂസ് സർപ്പകേശിയുടെ (Medusa) തലകാട്ടി ശിലാകൂടമാക്കി മാറ്റിയ ഒരു രാജാവായും അറ്റ്ലസ് പില്ക്കാലം ചിത്രീകരിക്കപ്പെട്ടു. വേറൊരു വിവരണം അനുസരിച്ച് സിയൂസിനെതിരായുള്ള യുദ്ധത്തിൽ പങ്കെടുത്ത ടൈറ്റാൻമാരിലൊരാളാണ് അറ്റ്ലസ്. ഈ ഘോരാപരാധത്തിനു ശിക്ഷയായി എന്നെന്നേക്കും ആകാശം പൊക്കിപ്പിടിച്ചുകൊണ്ടു നില്ക്കുവാൻ അയാൾ വിധിക്കപ്പെട്ടുവത്രെ.
അവലംബം
[തിരുത്തുക]- ↑ http://www.seekabrew.com/ FalconA's Beer Distribution Map
- ↑ http://go.hrw.com/atlas/norm_htm/world.htm
- ↑ http://www.texmaps.com/victoria-maps/atlasstreet-guide.html Archived 2012-04-22 at the Wayback Machine. Complete coverage of Victoria and the surrounding region.
- ↑ http://www.maps.com/maps.aspx?nav=RM Archived 2012-05-05 at the Wayback Machine. Reference Maps
- ↑ http://www.mnh.si.edu/ Smithsonian Institution National Museum of Natural History NMNH
- ↑ http://www.geographia.com/indx05.htm This site features in-depth travel information on Latin America; everything ...Guyana is one of the lesser-known destinations in South America
- ↑ http://www.columbia.edu/itc/mealac/pritchett/00generallinks/munster/munster.html Cosmographia, by Sebastian Munster, 1544 and later editions
- ↑ http://memory.loc.gov/ammem/gmdhtml/gnrlort.html Ortelius's Theatrum Orbis Terrarum (Theatre of the World) is considered the ...Abraham Ortelius, maker of the Theatrum Orbis Terrarum, is regarded as one of ..
- ↑ http://www.sanderusmaps.com/en/our-catalogue/detail/164762&e=antique-map-of-world-by-de-jode/ Archived 2018-06-13 at the Wayback Machine. Antique maps > world and polar regions > Antique map of World by de Jode
- ↑ "The greatest and finest atlas ever published" The finest and most comprehensive baroque atlas was Johann Blaeu's exceptional Atlas Major, completed in 1662 ...http://www.amazon.com/Atlas-Maior-1665-Joan-Blaeu/dp/3822831255
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.givgraphics.com/Products/PlanetEarth/PlanetEarth.aspx Archived 2012-05-11 at the Wayback Machine.
- http://www.infoplease.com/atlas/
- http://www.worldatlas.com/aatlas/world.htm
- http://www.mapforum.com/01/atlas.htm Archived 2020-07-26 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അറ്റ്ലസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |