Jump to content

ദിഗംശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Azimuth എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു അടിസ്ഥാനദിശയും നിരീക്ഷണബിന്ദുവിൽനിന്നും ഒരു വസ്തുവിലേക്കുള്ള ദിശയും തമ്മിലുള്ള കോണീയ അകലത്തിന്റെ തിരശ്ചീനഘടകമാണു് ദിഗംശം (അസിമുത്ത്). സാധാരണ വടക്കുദിക്ക് അടിസ്ഥാനദിശയായും നിരീക്ഷണബിന്ദുവിന്റെ നിരപ്പുതലം (ഉദാ: സമുദ്രോപരിതലം)തിരശ്ചീനതലവുമായി പരിഗണിക്കുന്നു. ദിഗംശം അളക്കുവാൻ ഒരു വടക്കുനോക്കിയന്ത്രം ഉപയോഗിക്കാം.

ഗോളനിർദ്ദേശാങ്കവ്യവസ്ഥകളിൽ, ഒരു നിശ്ചിതസ്ഥാനത്തുനിന്നും നോക്കുമ്പോൾ മറ്റൊരു സ്ഥാനത്തേക്കുള്ള തിരശ്ചീനമായ കോണീയ അകലത്തെയാണു് ദിഗംശം അഥവാ അസിമുത്ത്(azimuth) എന്നു പറയുന്നതു്[1] . ഉദാഹരണത്തിനു്, ഭൂമിയിലെ ഒരു നിശ്ചിതസ്ഥാനത്തുനിന്നും ഒരു വസ്തുവിനെ നോക്കുന്ന ദിശ, ആ സ്ഥാനത്തുനിന്നും ഭൂമിയുടെ ഉത്തരധ്രുവത്തിലേക്കുള്ള ദിശയുമായി നിർണ്ണയിക്കുന്ന കോണളവ് ആ വസ്തുവിന്റെ ദിഗംശം ആകുന്നു.

സാധാരണഗതിയിൽ ഉത്തരദിശയെ അടിസ്ഥാനമാക്കി പ്രദക്ഷിണദിശയിലാണ് അസിമുത്ത് അളക്കുന്നത്. അതുകൊണ്ട് ഈ രീതിയെ നോർത്ത് അസിമുത്ത് എന്നും പറയാറുണ്ട്. എന്നാൽ x അക്ഷത്തിൽ നിന്ന്, അതായത് കിഴക്കുദിക്കിൽ നിന്നിൽ അപ്രദക്ഷിണദിശയിൽ അസിമുത്ത് അളക്കുന്ന ശൈലിയുമുണ്ട്. ഇതിനെ പോളാർ രീതി എന്നുപറയുന്നു.

ഒരു തിരശ്ചീനതലത്തിലേക്കു് പ്രലംബനം (project) ചെയ്ത ദിശയെയാണു് ദിഗംശമായി പരിഗണിക്കുന്നതു്. ദിശയുടെ ഉന്നതി (altitude) ദിഗംശത്തിൽ കണക്കിലെടുക്കുന്നില്ല.

വാസ്തുവിദ്യ, നാവികശാസ്ത്രം, വ്യോമശാസ്ത്രം, ദൂരദർശിനികൾ, റേഡിയോ തരംഗങ്ങൾ ഉപയോഗിച്ചുള്ള ആശയവിനിമയം, ആന്റിനകൾ, ഉപഗ്രഹങ്ങൾ, ഭൂസ്ഥാനനിർണ്ണയം തുടങ്ങി ഖഗോളജ്യോതിശാസ്ത്രം വരെയുള്ള വ്യത്യസ്തമേഖലകളിൽ ദിഗംശം ഒരു പ്രധാന അളവായി ഉപയോഗിക്കുന്നുണ്ടു്.

ഭൂമിയിലെ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നും നിരീക്ഷിക്കുമ്പോൾ ഒരേ വസ്തുവിന്റെ ദിഗംശം തന്നെ വ്യത്യസ്തമായിരിക്കും.

ഒരു നിരീക്ഷണബിന്ദുവിൽ നിന്നും ഒരു വസ്തുവിന്റെ ആപേക്ഷികസ്ഥാനം നിർണ്ണയിക്കാൻ ദിഗംശത്തിനോടൊപ്പം ഉപയോഗിക്കുന്ന മറ്റൊരു കോണളവാണു് ഉന്നതി. ദിഗംശം തിരശ്ചീനമായ കോണളവും ഉന്നതി ലംബമായ കോണളവുമാണു് നൽകുന്നതു്.

പ്രകടനമാതൃക

[തിരുത്തുക]

അസിമുത്ത് എന്ന അളവു മനസ്സിലാവാൻ ഈ രീതി ഉപയോഗിക്കാം. വടക്കോട്ടു തിരിഞ്ഞുനിൽക്കുക. വലതുകൈ തോളുയരത്തിൽ നേരേ മുമ്പിലേക്കു നീട്ടിപ്പിടിക്കുക. ഇപ്പോൾ വലതുകയ്യിന്റെ ചൂണ്ടുവിരലിന്റെ ദിഗംശം 0 ഡിഗ്രിയാണു്. ഇനി കൈ വലതുവശത്തേക്കു് (കിഴക്കുദിശയിലേക്കു്) നീട്ടിപ്പിടിക്കുക. ഇപ്പോൾ ചൂണ്ടുവിരലിന്റെ ദിഗംശം 90 ഡിഗ്രി. ഇതുപോലെ തെക്കു് 180, പടിഞ്ഞാറു് 270 എന്നിങ്ങനെ ദിഗംശങ്ങൾ ലഭിയ്ക്കും. ഇപ്രകാരം ഒരു വട്ടം പൂർത്തിയാക്കി തിരിച്ച് വടക്കുദിക്കിൽ തന്നെ എത്തുമ്പോൾ 360 ഡിഗ്രി (അതായതു് വീണ്ടും 0 ഡിഗ്രി തന്നെ ലഭിയ്ക്കുന്നു.

വീണ്ടും വടക്കുവശത്തേക്കു തിരിഞ്ഞുനിൽക്കുക. കൈ കണ്ണിനൊപ്പം വരുന്ന ദിശയിൽ (45 ഡിഗ്രി) മുകളിലേക്കു നീട്ടുക. ഇപ്പോഴും ദിഗംശം 0 ഡിഗ്രി തന്നെയാണു്. ഇപ്രകാരം കൈ മുകളിലേക്കോ താഴേക്കോ തിരിക്കുമ്പോൾ ദിഗംശത്തിനു വ്യത്യാസം വരുന്നില്ല.

അവലംബം

[തിരുത്തുക]
  1. "Altitude and Azimuth". www.astro.cornell.edu. Archived from the original on 2013-09-10. Retrieved 2013 സെപ്റ്റംബർ 10. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)

ഇതും കാണുക

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ദിഗംശം&oldid=3971380" എന്ന താളിൽനിന്ന് ശേഖരിച്ചത്